കോർപ്പറേറ്റുകൾ നാട്ടിൽ വന്നാൽ ഇഷ്ടം പോലെ ജോലി കിട്ടും എന്നും അതാണ് വികസനം എന്നും സർക്കാരിന് ഒന്നും നോക്കേണ്ടതില്ല എന്നുമുള്ള ചിന്ത രാജ്യത്ത് വളരെ ആഴത്തിൽ വേരോടിയിട്ടുണ്ട്…
അതിനാൽ ഫോക്സ്കോൺ എന്ന കോർപ്പറേറ്റ് ഇന്ത്യയിലും ചൈനയിലും ഒക്കെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്…
ഈയിടെയാണ് റോയട്ടേഴ്സ് എന്ന വിദേശ മാദ്ധ്യമം തമിഴഅ നാട്ടിലെ ഫോക്സ് കോൺ കമ്പനി വിവാഹം കഴിഞ്ഞ സ്ത്രീകളെ ജോലിയിൽ നിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തത്….
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് നിർമ്മാണ കമ്പനിയാണ് ഫോക്സ്കോൺ എന്ന് കമ്പനി…
ഇവർ പറയുന്നത് സ്ത്രീകൾ കല്യാണം കഴിഞ്ഞാൽ കുട്ടികളുണ്ടാവും , കുടുംബം നോക്കേണ്ടി വരും അത് അവരുടെ പ്രവർത്തനക്ഷമതയെ കുറയ്ക്കും എന്നാണ്…!
സ്ത്രീകൾ ആഭരണം അണിഞ്ഞു വരുന്നതു വരെ തടസ്സമായി അവർ കാണുന്നു..
ഇന്ത്യയ്ക്ക് ആവശ്യം ചൈനയെ മറികടക്കുന്ന ഇലക്ട്രോണിക് ഹബ് ആവണമെന്നാണ്… ഇന്ത്യയുടെ വികസന നയത്തെ സംസ്ഥാനങ്ങൾ വലിയ കാര്യമായി കാണുന്നു… മോദിയെ കുറ്റം പറയുന്നവരും അനുകൂലിക്കുന്നവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. തമിഴ്ന നാട്ടിലെ ശ്രീ പെരുംപുത്തൂരിലാണ് ഫോക്സ്കോൺ ഫാക്ടറി എന്നത് ഒരു ഉദാഹരണം മാത്രമാണ്…
എന്താണ് ചൈനയിലെ അവസ്ഥ എന്നു കൂടി പരിശോധിക്കുമ്പോഴാണ് ചൈനയെ തോൽപ്പിക്കാനുള്ള പോക്ക് എവിടെ എത്തിയ്ക്കും എന്നു മനസ്സിലാക്കിത്തരുക…
ഐ ഫോണുകളുടെ 90 ശതമാനവും നിർമ്മിക്കുന്നത് ചൈനയിലെ ഫോക്സ്കോൺ കമ്പനികളാണ്…
ചൈന ലേബർ വാച്ച് ഫോക്സ്കോണിന്റെ 2020-2023 കാലഘട്ടത്തിലെ പ്രവർത്തനത്തെ കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു..
ഫോക്സ്കോൺ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നേരത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത്രെ…ഉയ് ഗർ, ടിബറ്റൻ, യീ, ഹൂയ് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെ നിർദ്ദാക്ഷിണ്യം അവർ ഒഴിവാക്കി…
ഗർഭിണികളാണ് റിക്രൂട്ട് മെന്റിന് വരുന്നതെങ്കിൽ അപ്പോഴേ തന്നെ ഒഴിവാക്കി…
2010ൽ ചൈനയിലെ ഫോക്സ്കോണിൽ നിരവധി പേർ ആത്മഹത്യ ചെയ്തു. അതിൽ മുഖ്യമായ കാര്യം കുറഞ്ഞ കൂലിയും കടുത്ത തൊഴിൽ അന്തരീക്ഷവുമായിരുന്നു. തൊഴിലാളികളുടെ മനോനില തെറ്റുന്നത് സാധാരണയായി മാറിയിരുന്നു. ചൈനയിലെ ഷെൻസെന്നിലെ ഫോക്സ്കോൺ സിറ്റി തൊഴിലാളികളുടെ ഗതികേടുകളുടെ വിളനിലമായി. തൊഴിലാളികളെ കുത്തിനിറച്ച ഡോർമിറ്ററികൾ മനുഷ്യവിരുദ്ധതയുടെ പ്രതീകങ്ങളാണ്.
Rest of the World എന്ന മാസിക ചൈനയിലെ ഷെങ്ഷൌവിലെ ഫോക്സ്കോണിൽ നടക്കുന്നതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
രണ്ടു ലക്ഷം തൊഴിലാളികളാണ് ഇവിടെ ഐ ഫോണുകൾ നിർമ്മിക്കുന്നത്…
ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസിലെ സ്പാനർ കൊണ്ടു മുറുക്കുന്ന ജോലി കണ്ടിട്ട് നമ്മൾ ചിരിച്ചിട്ടുണ്ടാവണം… എന്നാൽ കേവലം സ്ക്രൂ മാത്രം മുറുക്കിക്കൊടുക്കുന്ന ജോലി ഒക്കെയായിരിക്കും ഒരു തൊഴിലാളിക്കുണ്ടാവുക. നേരത്തേ പറഞ്ഞ മാസിക കണ്ടെത്തിയത് ഒരു തൊഴിലാളിയുടെ പണി ഒരു ഷിഫ്ര്റിൽ 1200 സ്ക്രൂകൾ മുറുക്കുന്ന പണിയും 600 ഐ ഫോൺ മുറുക്കുന്ന പണിയും ആയിരുന്നു… ഇതിനിടയിൽ ടോയ് ലറ്റിലൊന്നും പോയിക്കൂടാ..
ഇന്ത്യയിൽ ഇത്തരത്തിൽ പണിയെടുക്കുന്ന ഒരു തൊഴിലാളിയ്ക്ക് ശരാശരി കിട്ടുന്നത് പ്രതിമാസം 17000 രൂപയാണ്.
അമേരിക്കയിലെ മൈക്രോൺ ഇതു പോലെ ഒന്ന് ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഒരു പക്ഷേ, ഇതിനേക്കാൾ മോശമായ തൊഴിലന്തരീക്ഷത്തിലായിരിക്കാം…
ഇതൊന്നും ആപ്പിളും ഫോക്സ്കോണും മൈക്രോണും ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടാണ് എന്നു കരുതരുത്… അമേരിക്കയിൽ ഇന്ത്യയിലെ 17000 രൂപയ്ക്ക് ഉള്ള ജോലി ആരെങ്കിലും ചെയ്യണമെങ്കിൽ അവിടത്തെ തൊഴിൽ നിയമങ്ങളനുസരിച്ച് ചുരുങ്ങിയത് 3 ലക്ഷം രൂപായ്ക്ക് തുല്യമായ ഡോളർ നൽകണം….
1976ലെ തുല്യശമ്പള നിയമം അനുസരിച്ച് തുല്യ ജോലിയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യവേതനം കൊടുക്കേണ്ടതാണ്. ഇത് തെറ്റിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് കോർപ്പറേറ്റുകൾ അടക്കമുള്ള സ്വകാര്യ സഥാപനങ്ങളാണ്…
കോർപ്പറേറ്റ് വികസനം എന്നാൽ തൊഴിലാളികളെ കൂടുതൽ ദുരിതങ്ങളിലേക്കാണ് തള്ളി വിടുന്ന പരിപാടിയാണ് എന്ന് ഫോക്സ്കോണിന്റെ ചൈനയിലും ഇന്ത്യയിലും ഉള്ള കമ്പനികൾ കാണിച്ചു തരുന്നുണ്ട്… ഇത്തരം കമ്പനികൾ കൂടുതലായി ഇന്ത്യയിലേക്ക് വരികയാണ്… ഇവരുടെ വക്താക്കളായി ഇവർക്ക് ഇത്തരത്തിൽ തൊഴിലാളികളെ ഏറ്റവും മോശമായ രീതിയിൽ ചൂഷണം ചെയ്യുന്നതിനായി തൊഴിൽ നിയമങ്ങൾ സൃഷ്ടിച്ച് കൂടെ നിൽക്കുകയാണ് സർക്കാരുകൾ…
കോർപ്പറേറ്റ് വികസനം ജനവിരുദ്ധമാണ് എന്ന് ജനങ്ങൾ തിരിച്ചറിയാൻ വേണ്ടി ഫോക്സ്കോണിന്റെ ചരിത്രം കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ട്…
സി എൻ ജയരാജൻ