സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പങ്കജ് മിത്തൽ നിയമവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിൽ വേദങ്ങൾ, ഉപനിഷത്തുകൾ, സ്മൃതികൾ, മനുസ്മൃതി, അർത്ഥശാസ്ത്രം തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു..
ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (NLIU) സംഘടിപ്പിച്ച ഒരു നിയമ കോൺക്ലേവിൽ, സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മിത്തൽ പറഞ്ഞ ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു. വായനക്കാർ ഇവ ആദ്യം വായിക്കുക. അതിന് ശേഷം മറ്റൊന്ന് കാണിച്ചു തരാം..
മിത്തൽ പറയുന്നു, “വേദങ്ങൾ, സ്മൃതികൾ, അർത്ഥശാസ്ത്രം, മനുസ്മൃതി, മഹാഭാരതം, രാമായണം തുടങ്ങിയവ കേവലം സാംസ്കാരിക വസ്തുക്കൾ മാത്രമല്ല. അവയിൽ നീതി, തുല്യത, ഭരണം, ശിക്ഷ, സന്ധി, ധാർമിക കടമ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ അടങ്ങിയിരിക്കുന്നു. ഇന്ത്യൻ നിയമ ചിന്തയുടെ വേരുകൾ മനസ്സിലാക്കാൻ ഇവയുടെ പഠനം അനിവാര്യമാണ്.”
ഇന്ത്യൻ വിദ്യാർത്ഥികൾ നീതിയും തുല്യതയും പോലുള്ള തത്വങ്ങളെ പാശ്ചാത്യ ആശയങ്ങളായി കാണരുതെന്നും, അവ ഇന്ത്യയുടെ തനതു നിയമ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും മിത്തൽ പറഞ്ഞു.
ഇനി നമുക്ക് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയ സമയത്ത് ആർഎസ്എസ് അതിന്റെ മുഖ പത്രമായ ഓർഗനൈസറിൽ പറഞ്ഞത് എന്തായിരുന്നുവെന്ന് നോക്കാം…
1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന് ശേഷം, ഓർഗനൈസർ 1949 നവംബർ 30-ലെ ലക്കത്തിൽ ഒരു എഡിറ്റോറിയൽ (ലേഖനം) പ്രസിദ്ധീകരിച്ചു.
ഭരണഘടനയെ വിമർശിച്ചുകൊണ്ട് ആർഎസ്എസ് ഇങ്ങനെ പറഞ്ഞു: “ഭാരതത്തിന്റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള ഏറ്റവും മോശം കാര്യം അതിൽ ഒട്ടും ഭാരതീയത ഇല്ല എന്നതാണ്. ഭരണഘടന തയ്യാറാക്കിയവർ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ, സ്വിസ്സ് തുടങ്ങിയ വിവിധ ഭരണഘടനകളിൽ നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.”
ഇതിനോടൊപ്പം ആർഎസ്എസ് തങ്ങളുടെ പത്രത്തിലൂടെ വീണ്ടും ഇപ്രകാരം പറഞ്ഞു: “നമ്മുടെ ഭരണഘടനയിൽ പുരാതന ഭാരതത്തിന്റെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈകുർഗസിന്റെയോ പേർഷ്യയിലെ സോളന്റെയോ നിയമങ്ങളെക്കാൾ വളരെ മുമ്പ് എഴുതപ്പെട്ടവയാണ്. ഇന്നും മനുസ്മൃതിയിൽ വിവരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നിയമങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയും സ്വാഭാവികമായ അനുസരണവും ഐക്യവും ഉളവാക്കുകയും ചെയ്യുന്നു.”
ചില കാര്യങ്ങൾ വായനക്കാർ ഓർക്കേണ്ടത് പരമ പ്രധാനമാണ്…
1927-ൽ മഹാനായ അംബേദ്ക്കറും അനുയായികളും ചേർന്ന് മനുസ്മൃതി ദഹിപ്പിച്ചതാണ്. ഇതിന് കാരണം മനുസ്മൃതി എന്നത് ബ്രാഹ്മണിക ജാതി ചിന്തകളെ ഉയർത്തിപ്പിടിക്കുകയും അന്നത്തെ ഹീനജാതി സങ്കൽപ്പത്തിലുള്ളതും ഇന്നു ദളിതരടക്കം പേർ ഉൾക്കൊള്ളുന്നതുമായ വിശാല ജനവിഭാഗങ്ങളെ മനുഷ്യരായി പോലും കാണാതിരിക്കുകയും അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ക്രൂരമായ ശിക്ഷികൾ നിർദ്ദേശിക്കുകയും ചെയ്ത നിയമ പുസ്തകമാണ് എന്നതിനലാണ്. അതിനോടൊപ്പം തന്നെ അംബേദ്ക്കർ ഹിന്ദു കോഡ് കരട് ബിൽ അടക്കം ഉള്ള സകലതിലും ഉയർത്തിക്കാണിച്ച സ്ത്രീകളുടെ ദയനീയമായ ദുരിതം നിറഞ്ഞ അവസ്ഥയെ സ്ഥാപിക്കാൻ ശ്രമിക്കുന്ന, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഒന്നാണ് അതെന്നതും കാരണമായിരുന്നു.
ഈ ഗ്രന്ഥത്തെയാണ് ഇരുപത്തി മൂന്നു വർഷങ്ങൾക്ക് ശേഷം മനുസ്മൃതി ദഹിപ്പിച്ച അംബേദ്ക്കറോട് ആർഎസ്എസ് ഭരണഘടനയുടെ ഭാഗമാക്കാൻ ആവശ്യപ്പെട്ടത് എന്നതു നാം കാണണം…
ഇപ്പോൾ അംബേദ്ക്കറുടെ 135- ആം ജന്മവാർഷികം നാം ആഘോഷിക്കുന്ന വേളയിൽ പങ്കജ് മിത്തൽ എന്ന അറുപിന്തിരിപ്പൻ, സംഘപരിവാരം ഇന്ത്യൻ ഭരണഘടനയുടെ മുഖത്ത് കരിവാരിത്തേയ്ക്കാനുള്ള ഹിന ശ്രമം നടത്തിയിരിക്കുന്നു…
ഹിന്ദു രാഷ്ട്രം എന്നത് അംബേദ്ക്കറെ ഇല്ലായ്മ ചെയ്യുന്ന, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ കുഴിച്ചു മൂടുന്ന ഒന്നാണ് എന്നതിനാൽ ഭരണഘടന താമസിയാതെ താറുമാറാവും എന്നത് ഉറപ്പിക്കാവുന്നതാണ്.
സി എൻ ജയരാജൻ