അമേരിക്കൻ വിധേയത്വം ഒരിക്കൽ കൂടി ഇന്ത്യ വെളിപ്പെടുത്തുന്നു….
ഇന്നത്തെ പത്രങ്ങൾ നോക്കിയാൽ ട്രംപ് എന്ന ലോക ഭീകരന്റെ നയങ്ങൾക്കെതിരെ കാനഡയും ചൈനയും മെക്സിക്കൊയും പ്രതികരിച്ചിരിക്കുന്നതു കാണാം… ഈ രാജ്യങ്ങൾ അമേരിക്കയുടെ, ട്രംപിന്റെ, വാണിജ്യ ഭീഷണികൾ തള്ളിക്കളയുകയായിരുന്നു ചെയ്തത്. തുടർന്ന് ട്രംപ് അവരുടെ സാധനങ്ങൾക്ക് മേൽ നികുതി ഉയർത്തുകയായിരുന്നു…
കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയിരിക്കുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനങ്ങൾ ഉയരുന്നു..
ചൈന അന്താരാഷ്ട്ര കോടതികളെ സമീപിക്കാൻ ഒരുങ്ങുന്നു…
മെക്സിക്കൊ പ്രസിഡന്റ് അമേരിക്കയുടെ മുന്നിൽ തല താഴ്ത്തുന്ന പ്രശ്നമില്ല എന്ന് പ്രഖ്യാപിക്കുന്നു…
അതേ സമയം, അമേരിക്കയുടെ മുന്നിൽ നല്ല കുട്ടിയായി, ആശ്രിതത്വം പ്രകടമാക്കിക്കൊണ്ട് ഇന്ത്യ മുട്ടു മടക്കുന്ന രംഗം നമുക്ക് കാണാനാവും..
അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ചുമത്തുന്ന പരമാവധി നികുതി 150 ശതമാനത്തിൽ നിന്നും ഇന്ത്യ 70 ശതമാനമായി കുറച്ചിരിക്കുന്നു…
ഇന്ത്യയെ കുറിച്ചുള്ള മോശം കാഴ്ചപ്പാട് (bad optics) മാറ്റാൻ വേണ്ടി ചെയ്തതാണ് എന്ന് ഒരു കൂസലുമില്ലാതെ ഇന്ത്യൻ ഭരണകൂടം നമ്മളോട് പറയുന്നുമുണ്ട്…
ഇപ്പോൾ ഇന്ത്യ ഒരു പട്ടിക അഥവാ ഫാക്റ്റ് ഷീറ്റ് തയാറാക്കിയിട്ടുണ്ട്…. .
അത് ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഇനങ്ങൾക്ക് ഡ്യൂട്ടി 7.5 ശതമാനത്തിൽ താഴെയാണ് എന്ന് അമേരിക്കയെ ബോദ്ധ്യപ്പെടുത്താനാണ്…!
വിദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ നിശ്ചയിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനാണ്. ട്രംപ് കണ്ണു മിഴിച്ച് കാണിക്കുന്ന നേരത്ത് അതിൽ വിട്ടുവീഴ്ച്ച ചെയ്യുകയെന്നാൽ ഇന്ത്യ എന്ന രാജ്യത്തിന്റെ നവ കൊളോണിയൽ വിധേയത്വം അത്ര കണ്ട് ദയനീയമാണ് എന്നർത്ഥം…
ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുന്നു എന്നൊക്കെയുള്ള വാചകമടികളോടൊപ്പം കാനഡ, ചൈന, മെക്സിക്കൊ എന്നീ രാജ്യങ്ങളും ഇന്ത്യയും അമേരിക്കൻ ഭീഷണികളോട് എപ്രകാരമാണ് പ്രതികരിച്ചത് എന്നതും കൂടി കൂട്ടി വായിക്കുമ്പോൾ നാം എവിടെ നിൽക്കുന്നു എന്നതിന്റെ യഥാർത്ഥ ചിത്രം പിടി കിട്ടും.
സി എൻ ജയരാജൻ