കർണ്ണാടകയിൽ മുസ്ലീങ്ങൾക്ക് രണ്ടു കോടി രൂപ വരെയുള്ള കോൺട്രാക്റ്റുകളിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ കുറിച്ച് കേരളത്തിലെ സംഘമനസ്സുകളിൽ ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. കേരള ജനതയുടെ പുരോഗമന ബോധം ദിനം പ്രതി കുത്തിയൊലിക്കുകയും പകരം സംഘ-കോർപ്പറേറ്റ് ബോധം സ്ഥാപിക്കപ്പെടുകയു ചെയ്തു കൊണ്ടിരിക്കുകയാണ് എന്നത് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യും.
ഈ സാഹചര്യത്തിൽ കുറച്ചു കാര്യങ്ങളെങ്കിലും വായനക്കാർ അറിയുന്നത് നല്ലതാണ്.
നാല് ശതമാനം മുസ്ലീങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന കർണ്ണാടകയിൽ 24 ശതമാനം പട്ടിക ജാതി – പട്ടിക വിഭാഗങ്ങൾക്കും 19 ശതമാനം ഓബിസി വിഭാഗങ്ങൾക്കും സംവരണം ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്. ഈ വിഭാഗങ്ങൾ ഏതാണ്ട് മുഴുവനും ഹിന്ദുക്കളാണ്.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പഠനത്തിൽ കർണ്ണാടകയിലെ മുസ്ലീങ്ങളും പെട്ടിരുന്നു.
തീർച്ചയായും കർണ്ണാടകയിലെ മുസ്ലീങ്ങൾ ഉത്തർപ്രദേശിലെയും ബീഹാറിലെയും മുസ്ലീങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട അവസ്ഥയിൽ കഴിയുന്നവരാണ്. ഇതിനർത്ഥം കർണ്ണാടകയിലെ മുസ്ലീങ്ങളുടെ സാമ്പത്തികാവസ്ഥ ഭേദമാണ് എന്നല്ല, മറിച്ച് സംഘപരിവാരങ്ങളുടെയും ഫ്യൂഡൽ മാടമ്പിമാരുടെയും മേഖലകളായ ഉത്തർപ്രദേശിലും ബീഹാറിലും മുസ്ലീങ്ങളുടെ അവസ്ഥ അവിടത്തെ പട്ടികജാതി-പട്ടിക വർഗ്ഗങ്ങളേക്കാൾ മോശമായ അതിദയനീയമായ അവസ്ഥ ആയതു കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.
ചിന്നപ്പ റെഡ്ഡി കമ്മീഷന്റെ കണക്കനുസരിച്ച് 1974-75 ലെ ദാരിദ്ര്യകണക്ക് സമ്പ്രദായം അനുസരിച്ച് നോക്കുമ്പോൾ കർണ്ണാടകയിലെ 56.5 ശതമാനം മുസ്ലീങ്ങളുേം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. 45. 2 ശതമാനം ഹിന്ദുക്കൾ ദാരിദ്ര്യരേഖയ്ക്ക് കീഴെ കഴിയുന്ന സംസ്ഥാനമാണ് ഈ കണക്കെടുക്കുന്ന സമയത്ത് കർണ്ണാടക. മാത്രമല്ല, 58.4 ശതമാനമാണ് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളള പട്ടിക ജാതിക്കാർ എന്നതിനാൽ മുസ്ലീങ്ങളുടെ ദാരിദ്ര്യാവസ്ഥ ഏതാണ്ട് പട്ടിക ജാതിക്കാരുടെ അടുത്തു വരുന്നുണ്ട്.
4.8 ശതമാനം മുസ്ലീങ്ങളാണ് കർണ്ണാടകയിൽ സർക്കാർ സർവ്വീസിലുള്ളത്. ഇത് ദേശീയ ശരാശരിയായ 4.5 ശതമാനത്തിന് അൽപ്പം മുകളിലാണ്. ഇതു മുസ്ലീങ്ങളുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ട്. 12.92 ശതമാനം ജനങ്ങൾ കർണ്ണാടകയിൽ മുസ്ലീങ്ങളാണ് എന്നതു കൂടി പരിശോധിക്കുമ്പോൾ ഈ പ്രാതിനിധ്യം എത്ര ശുഷ്കമാണ് എന്ന് മനസ്സിലാവും.
സച്ചാർ കമ്മിറ്റി കർണ്ണാടകയിലെയും മുസ്ലീങ്ങളുടെ ബാങ്കിങ്ങ് ഇടപാടുകൾ പരിശോധിച്ചിരുന്നു. ഇക്കാര്യത്തിൽ മുസ്ലീം ജനസംഖ്യാനുപാതികമായി തീരെ പിന്നിലാണ് എന്നവർ കണ്ടെത്തി.
ഇനി, വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓർക്കേണ്ടതുണ്ട്. അതു താഴെപ്പറയാം…
2006-ൽ വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും നാല് ശതമാനം സംവരണം കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇത് 1990-ലെ ചിന്നപ്പ റെഡ്ഡി കമ്മീഷൻ അടക്കം നിരവധി കമ്മീഷനുകൾ നടത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കപ്പെട്ടത്. മുസ്ലീങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
1994-95 കാലഘട്ടത്തിൽ വീരപ്പ മൊയ്ലി സർക്കാർ ഈ സംവരണം നിയമപരമാക്കിയതാണ്. പിൽക്കാലത്ത് സുപ്രീം കോടതിയുടെ 50 ശതമാന പരിധി ഉറപ്പാക്കിക്കൊണ്ട് ദേവ ഗൗഡ സർക്കാരാണ് ഇത് നടപ്പാക്കുന്നത്. ഇതു പ്രകാരം ഓബിസി സംവരണത്തിലെ കാറ്റഗറി ബി വിഭാഗത്തിൽ ഈ സംവരണം ഉൾപ്പെടുത്തി.
എന്നാൽ സകലമാന കുതിരക്കച്ചവടങ്ങളിലൂടെയും 2023-ൽ അധികാരത്തിൽ വന്ന സംഘപരിവാര സർക്കാർ ഈ നാല് ശതമാനം റദ്ദാക്കുകയും അത് രണ്ടു ശതമാനമായി തരം തിരിച്ച് ലിംഗായത, വോക്കലിഗ വിഭാഗത്തിനായി പുതിയതായി കാറ്റഗറി 2സിയും 2ഡിയും സൃഷ്ടിച്ചു കൊണ്ട് നൽകുകയും ചെയ്തു. മുസ്ലീങ്ങളെ അവർ സാമ്പത്തിക സംവരണമായ 10 ശതമാനത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം കൂടി 50 ശതമാനത്തിന് മുകളിലായതിനാൽ സുപ്രീം കോടതി മുസ്ലീങ്ങൾക്കുൾപ്പെടെയുള്ള നാല് ശതമാനം സംവരണം അടക്കം സകലതും സ്റ്റേ ചെയ്തു. ഇതു വരെ അതിന് തീരുമാനമായിട്ടില്ല.
ഇസ്ലാമോഫോബിയയുടെ ഭാഗമായിട്ടാണ് സംഘപരിവാരങ്ങൾ കർണ്ണാടകയിൽ മുസ്ലീം സംവരണം എടുത്തു കളഞ്ഞതെങ്കിൽ കാക്കിക്കളസം കാണിച്ചു കൊണ്ട് സുപ്രീം കോടതി അതിനെ സാധൂകരിക്കുന്ന സ്റ്റേയാണ് പുറപ്പെടുവിച്ചത്. ഫലത്തിൽ സംഘനീക്കം ലക്ഷ്യം കണ്ടു.
സുപ്രീം കോടതിയുടെ സ്റ്റേ കൊണ്ടു മാത്രം ഇതു വരെയും നാല് ശതമാനം സംവരണം മുസ്ലീങ്ങൾക്ക് പുനഃസ്ഥാപിച്ചു നൽകാൻ കർണ്ണാടക സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അവർ രണ്ടു കോടിയോളം വരുന്ന കോൺട്രാക്റ്റുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നത്.
ചിന്നപ്പ റെഡ്ഡി കമ്മീഷനും സച്ചാർ കമ്മിറ്റിയും ഒക്കെ കർണ്ണാടകയിലെ മുസ്ലീങ്ങളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതിനാൽ അവർ പരിഗണന അർഹിക്കുന്നുണ്ട് എന്നത് അവരുടെ ജനാധിപത്യ അവകാശവുമാണ്.
ഇതിനെ ഇല്ലാതാക്കിയ സംഘപരിവാരങ്ങൾ തന്നെ നടപ്പാക്കിയ സംവരണ പരിഷ്കരണങ്ങൾക്ക് യാതൊരു പഠനങ്ങളുടെയും പിൻബലമില്ല. ഹിന്ദുത്വ പ്രീണനം മാത്രമായിരുന്നു അതിന് പിന്നിൽ ഉണ്ടായിരുന്നത്.
സച്ചാറും ചിന്നപ്പ റെഡ്ഡിയുമൊക്കെ സംവരണങ്ങളേതുമില്ലാത്ത ഹിന്ദു സമുദായങ്ങളിൽ നിന്ന് വന്നവരാണ് എന്നതു കൂടി അവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ കൂടെ ചേർത്ത് വായിക്കുന്നത് കൗതുകകരമായിരിക്കും.
മോദി സേവ ചെയ്യുന്ന രാജ്യത്തെമ്പാടുമുള്ള മാദ്ധ്യമങ്ങൾ ഇക്കാര്യമൊക്കെ മറച്ചു പിടിച്ചു കൊണ്ടിരിക്കുന്നതിനാൽ നിജ സ്ഥിതി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെയൊക്കെ കടമയാണ്.
സി എൻ ജയരാജൻ