മഹാകുംഭമേള ദണ്ഡി യാത്രയെ പോലെ ഇന്ത്യയെ ഉണർത്തി എന്ന് മോദി…
തന്റെ പൂർവ്വികർ ഒരു കാലത്തും സ്വാതന്ത്ര്യസമരം നടക്കുന്നത് വേലിയ്ക്കൽ പോലും പോയി എത്തി നോക്കിയിട്ടില്ല എന്നത് മോദിക്ക് നന്നായി അറിയാം. മോദിയ്ക്ക് ചരിത്രബോധം അശേഷമില്ല എന്നത് സംഘഗുണമായി കാണാവുന്നതുമാണ്…
മഹാകുംഭമേളയുടെ പേരിൽ ഒന്നാം ക്ലാസ്സ് ബിസിനസ്സ് ആയിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്ന് ആദിത്യനാഥന്റെ കുംഭമേള കൊണ്ടുണ്ടായ വരുമാനത്തെ കുറിച്ചുള്ള പ്രസ്താവന കേട്ടാൽ മനസ്സിലാവും.
പക്ഷേ, അതിലടക്കം കുഭമേളയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിലും ഗംഗയും യമുനയും അങ്ങേയറ്റം മലിനമാക്കപ്പെട്ടതിന്റെ തോതിനെ കുറിച്ചും നുണ മാത്രമാണ് ഇവരൊക്കെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ആദ്യം ദേശീയ ഹരിത ട്രിബ്യൂണൽ എന്ന കേന്ദ്ര സർക്കാർ സ്ഥാപനം ഈ കുംഭമേള നടന്ന ഗംഗാജലത്തെ കുറിച്ച് പറഞ്ഞത് നമുക്കൊന്ന് നോക്കാം.
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) 2025-ലെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ഗംഗാജലത്തിന്റെ ശുദ്ധിയെക്കുറിച്ച് കർശനമായ പരാമർശങ്ങൾ നടത്തി. 2025 ഫെബ്രുവരി 16-ന്, ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള NGT-യുടെ പ്രധാന ബെഞ്ച്, ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ (UPPCB) ഇങ്ങനെ വിമർശിച്ചു: “നിങ്ങൾ 500 ദശലക്ഷം ആളുകളെ മലിനമായ മലിനജലത്തിൽ കുളിപ്പിച്ചു, കുളിക്കാൻ യോഗ്യമല്ലാത്ത വെള്ളം, ആളുകൾക്ക് കുടിക്കേണ്ടി വന്നു.” 2025 ഫെബ്രുവരി 3-ന് സമർപ്പിച്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) റിപ്പോർട്ടിനോടുള്ള പ്രതികരണമായിരുന്നു ഈ പ്രസ്താവന. ഗംഗയിലെ ഉയർന്ന അളവിലുള്ള മലത്തിലെ കോളിഫോം ബാക്ടീരിയയും ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡും (BOD) റിപ്പോർട്ടിൽ എടുത്തുപറഞ്ഞു, ഇത് വെള്ളത്തിന്റെ ഗുണനിലവാരം പതിവായി കുളിക്കുന്നതിനുള്ള മാനദണ്ഡങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും സൂചിപ്പിച്ചു. നദിയിലേക്ക് മലിനജലം പുറന്തള്ളുന്നത് വ്യക്തമായിട്ടും, പരിപാടി ആരംഭിക്കുന്നതിന് മുമ്പ് മലിനീകരണം പരിഹരിക്കാൻ എന്തുകൊണ്ട് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ചോദിച്ചുകൊണ്ട് NGT UPPCB-യുടെ അപര്യാപ്തമായ പ്രവർത്തനങ്ങളെയും റിപ്പോർട്ടിംഗിനെയും വിമർശിയ്ക്കുകയും ചെയ്തിരുന്നു.
മേൽപ്പറഞ്ഞതിൽ 500 ലക്ഷം എന്നത് ശുദ്ധ നുണയാണെന്നും പതിനൊന്ന് കോടി പോലും എങ്ങിനെ കണക്കു കൂട്ടിയിട്ടും കിട്ടുന്നില്ലെന്നും അൾട്ട് ന്യൂസിൽ വന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ആളുകൾ കുറവായിട്ട് പോലും ദേശീയ ഹരിത ട്രിബ്യൂണൽ എടുത്ത മാലിന്യക്കണക്ക് എത്ര കണ്ട് ഭീകരമായിരുന്നുവെന്ന് അവർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ കുംഭമേളയെ ആണ് മോദി മഹത്തായ ദണ്ഡിയാത്രയുമായി തുലനം ചെയ്തിരിക്കുന്നത്… എന്തൊരു ദുരന്തമാണ് ഇത്..
ദണ്ഡി യാത്ര നടന്നത് ഗുജറാത്തിൽ ആണ്. ഗുജറാത്തുകാരനായ മോദിക്ക് എന്നിട്ടും അതിനെ കുറിച്ച് യാതൊരു ബോധവുമില്ല എന്നത് എത്ര കണ്ട് ദയനീയമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ത്യക്കാരന്റെ ഭക്ഷണത്തിലെ അനിവാര്യഘടകമായ ഉപ്പ് ഇന്ത്യക്കാർക്ക് ഉണ്ടാക്കാനോ വിതരണം ചെയ്യാനോ പറ്റാത്ത തരത്തിൽ ബ്രിട്ടീഷുകാർ ചുമത്തിയ ഭീമ നികുതിയ്ക്ക് എതിരെ നിയമം ലംഘിച്ചു കൊണ്ട്, തികച്ചു അഹിംസാ മാർഗ്ഗത്തിലൂടെ ഗാന്ധിയും അനുയായികളുേം കഷ്ടി ഒരു മാസം നീണ്ടു നിന്ന യാത്ര നടത്തി ഒടുവിൽ ഉപ്പു കുറുക്കിയത് ചരിത്രത്തിലെ ഐതിഹാസികവും ആവേശകരവുമായ സംഭവമാണ്.
ഗാന്ധി നടന്നത് ഏതാണ്ട് നാനൂറ് കിലോമീറ്റർ ആയിരുന്നു. കൂടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട എൺപതോളം അനുയായികളും ഉണ്ടായിരുന്നു. എന്നാൽ വഴിയിൽ വെച്ച് ആയിരങ്ങൾ യാത്രയിൽ പങ്കു ചേർന്നു.
ബ്രിട്ടീഷുകാരുടെ കരിനിയമത്തെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിക്കൊണ്ട് ഗാന്ധിയും കൂട്ടരും ഉപ്പു കുറുക്കിയപ്പോൾ ഇന്ത്യ മുഴുവൻ നിയമ ലംഘനത്തിന്റെ അലടയികൾ പ്രതിദ്ധ്വനിച്ചു. ലോകമെമ്പാടും അന്നത്തെ പരിമിതമായ ആശയവിനിമയ സങ്കേതങ്ങൾക്കുള്ളിൽ നിന്നു പോലും ബ്രിട്ടീഷ് സാമ്രാജ്യത്വം പാടെ അപമാനിതമായി..
തുടർന്ന് രാജ്യം മുഴുവൻ ബ്രിട്ടീഷ് പോലീസിന്റെ നരനായാട്ട് ആയിരുന്നു. അറുപതിയനായിരത്തിൽ പരം പ്രവർത്തകർ നിയമം ലംംഘിച്ചതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടു. എന്നിട്ടും ചെറുത്തു നിൽപ്പ് പോരാട്ടം, ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരട്ടങ്ങൾ അനുദിനം വളരുകയായിരുന്നു.
ഉപ്പ് എന്ന വസ്തു ഇന്ത്യക്കാരുടെ ചെറുത്തു നിൽപ്പിന്റെ ശക്തമായ പ്രതീകമായി മാറുകയായിരുന്നു.
ഇവിടെ ഓർക്കേണ്ട ഒരു കാര്യം ഈ പോരാട്ടം ഇന്ത്യയുടെ സ്വാശ്രിത ബോധത്തെയും അതിന് വേണ്ടിയുള്ള ഇന്ത്യക്കാരുടെ ഐക്യത്തെയും ആണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്നതാണ്.
അമേരിക്കയ്ക്ക് മുന്നിൽ സ്വന്തം മേക്ക് ഇൻ ഇന്ത്യ എന്ന പരിപാടി പോലും അടിയറ വെച്ച്, ട്രംപിനെ വാഴ്ത്തിപ്പാടി, തങ്ങളുടെ സാമ്രാജ്യത്വ പാദസേവാ പാരമ്പര്യം തുടർന്നു കൊണ്ടിരിക്കുന്ന മോദിയ്ക്കും ഫാസിസ്റ്റ് സംഘങ്ങൾക്കും ഇന്ത്യൻ ചരിത്രവിഹായസ്സിലെ ഈ ഉജ്ജ്വല നക്ഷത്രത്തെ തിരിച്ചറിയാതെ പോകുന്നത് സ്വാഭാവികം മാത്രമാണ്.
അതേ സമയം, ഇത്തരം വൃത്തി കെട്ട താരതമ്യങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും മഹാത്മാഗാന്ധിയെയും അപമാനിക്കുന്ന ഒന്നാണ് എന്നു കണ്ടു കൊണ്ട് ശക്തമായി ഇതിനെ അപലപിക്കേണ്ടതുണ്ട് -C N.Jayarajan