Home » 2023ലും ടെക് മേഖലയിൽ കൂട്ട പിരിച്ചു വിടൽ തുടരുന്നു

2023ലും ടെക് മേഖലയിൽ കൂട്ട പിരിച്ചു വിടൽ തുടരുന്നു

by Jayarajan C N

2023ൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ പോകുന്നു..

മൈക്രോസോഫ്റ്റ് 10000 പേരെയാണ് പിരിച്ചു വിടാൻ പോകുന്നത്..2022 ജൂണിലും ആഗസ്റ്റിലും പിരിച്ചു വിടലുകൾ നടത്തുകയും പുതുതായി ആരെയും എടുക്കാതിരിക്കുകയും ചെയ്ത മൈക്രോസോഫ്റ്റ് ആണ് ഇപ്പോൾ ഇത് ചെയ്യുന്നത്…

അടുത്ത രണ്ടു കൊല്ലങ്ങൾ കടുത്ത വെല്ലുവിളികൾ ഉയർത്തുന്നതാണ് എന്നായിരുന്നു മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2022 നവംബറിൽ ആമസോൺ 10000 പേരെ ലേ ഓഫ് ചെയ്തത് പുനഃസ്സംഘടനയുടെയും ചെലവു ചുരുക്കുന്നതിന്റെയും പേരിലായിരുന്നു. ഇപ്പോൾ 2023 ജനുവരിയിൽ തന്നെ 18000 പേരെ കൂടി ലേ ഓഫ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ഭീമൻ സ്ഥാപനം.

ഈ സ്ഥാപനത്തിലും ഡിമാൻഡ് കുറയുകയും വരുമാനം കുറയുകയും ചെയ്തു എന്നതിനാലാണ് ഇത്തരം നടപടികൾക്ക് തയ്യാറാവുന്നത് എന്നത് നാം കാണണം.

ഇന്ത്യയിൽ ഷെയർചാറ്റ് എന്ന സോഷ്യൽ മീഡിയ സ്ഥാപനം അതിന്റെ തൊഴിൽ ശക്തിയുടെ 20 ശതമാനം വെട്ടിക്കുറയ്ക്കാൻ പോകുന്നതും 2023ൽ തന്നെയാണ്. സാങ്കേതിക വിജ്ഞാനത്തിൽ വളരെ പ്രവീണരും ഈ സ്ഥാപനത്തിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നവരുമായിട്ടുള്ളവരെയാണ് സ്ഥാപനം പിരിച്ചു വിടാൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്.

ഷെയർ ചാറ്റിനോടൊപ്പം മോജ് എന്ന ഒരു വീഡിയോ മീഡിയ സ്ഥാപനത്തെയും നമുക്കറിയാവുന്നതാണ്. ഇതു രണ്ടും നടത്തുന്നത് മൊഹല്ല ടെക്ക് എന്ന ഒരു കമ്പനിയാണ്. 400 പേരെയാണ് ഇപ്പോൾ ഇവയിൽ നിന്ന് പിരിച്ചു വിടാൻ പോകുന്നത്. 2022 ഡിസംബറിൽ 2300 പേരെ പിരിച്ചു വിട്ടതാണ്. 2020ലും ഇത്തരത്തിൽ ഒരു പിരിച്ചു വിടൽ ഉണ്ടായിരുന്നു…

ബൈജുസ് ആപ്പ് 2022 ഒക്ടോബറിൽ 2500 പേരെയായിരുന്നു പിരിച്ചു വിട്ടത്. മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമായ അൺഅക്കാദമി 1500 പേരെ 2022ൽ പിരിച്ചു വിട്ടിരുന്നു.

സ്വിഗ്ഗിയും സൊമാറ്റോയും കഴിഞ്ഞ വർഷം ആളുകളെ പിരിച്ചു വിട്ടിരുന്നു.

നമ്മുടെ വാട്സ് ആപ്പ് മീഡിയയുടെ ഉടമ മേറ്റ എന്ന കമ്പനി കഴിഞ്ഞ വർഷം നവംബറിൽ അതിലെ മൊത്തം ജീവനക്കാരുടെ 13 ശതമാനം പേരെയാണ് പിരിച്ചു വിട്ടത്. 11000 പേരോളം വരും ഇത്..

കഴിഞ്ഞ വർഷം നവംബർ തുടങ്ങുമ്പോഴേയ്ക്കും ഇലോൺ മസ്ക് ട്വീറ്ററിലുണ്ടായിരുന്ന 90 ശതമാനം ഇന്ത്യക്കാരെയും പിരിച്ചു വിട്ടിരുന്നു. ആഗോളതലത്തിൽ മൊത്തം ജീവനക്കാരിൽ പകുതിയോളം, ഏതാണ്ട് 3500 പേരെ ഇലോൺ മസ്ക് പിരിച്ചു വിട്ടിരുന്നു.

പ്രശസ്തമായ അഡോബ് എന്ന കമ്പനിയും 100 പേരെ പിരിച്ചു വിട്ടിട്ടുണ്ട്.

സിസ്കോ സിസ്റ്റംസ് അവരുടെ തൊഴിൽ ശക്തി 5 ശതമാനം വെട്ടിക്കുറയ്ക്കുന്നു..

നമുക്കറിയാവുന്ന കമ്പ്യൂട്ടർ കമ്പനി എച്ച് പി വരുന്ന മൂന്നു കൊല്ലങ്ങളിൽ 6000 തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് കാരണമായി അവർ പറയുന്നത് കമ്പ്യൂട്ടറിന്റെ ചെലവ് കുറഞ്ഞിരിക്കുന്നു എന്ന അമ്പരപ്പിക്കുന്ന വസ്തുതയാണ്.

കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവുകക്ഷ ഉണ്ടാക്കുന്ന സീഗേറ്റ് കമ്പനി 3000 പേരെയാണ് പിരിച്ചു വിടുന്നത്.

ഗുഗിളും ആപ്പിളുമൊക്കെ പുതുതായി ആളുകളെ എടുക്കുന്നതിൽ വൻ നിയന്ത്രണം ഏർപ്പെടുത്തുന്നതായിട്ടാണ് വാർത്തകൾ വരുന്നത്..

മേൽപ്പറഞ്ഞത് ചില പ്രസിദ്ധ കമ്പനികളുടെ കാര്യം മാത്രമാണ്. ഇതൊരു പൊതു പ്രവണതയായിട്ടാണ് കാണേണ്ടത് എന്നതിനാൽ മറ്റു നിരവധി കമ്പനികളിലും സമാനമായ തൊഴിൽശക്തി വെട്ടിക്കുറവ് സംഭവിച്ചിട്ടുണ്ടാകും എന്നതിൽ സംശയമില്ല…

കോർപ്പറേറ്റുകൾ മുന്നോട്ടു വെയ്ക്കുന്ന വികസന സങ്കൽപ്പങ്ങളുടെ ദൌർബ്ബല്യങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വക്താവ് ചൂണ്ടിക്കാണിച്ചത് വരും കൊല്ലങ്ങളിൽ ഉണ്ടാകാൻ പോകുന്ന മാന്ദ്യത്തെ കുറിച്ചായിരുന്നു. എച്ച് പി കമ്പനിയും ഇത് ആവർത്തിച്ചിരിക്കുന്നു. ആമസോൺ പോലുള്ള ലോകോത്തര ഭീമൻ കമ്പനി ഇത്തരത്തിൽ ആളുകളെ വെട്ടിക്കുറയ്ക്കുമ്പോൾ ലോകത്തെ വികസിപ്പിക്കുന്ന ഇത്തരം നയങ്ങളിൽ ശക്തമായ പാളിച്ചകൾ ഉണ്ടെന്നത് വ്യക്തമാക്കുന്നുണ്ട്.

വികസനമെന്ന കേവല മുറവിളികൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം കോർപ്പറേറ്റുകൾ തന്നെ ചൂണ്ടിക്കാട്ടുന്ന ആഗോള മാന്ദ്യവും തുടർന്നുണ്ടാകുന്ന തൊഴിൽച്ചുരുക്കവും തൊഴിലില്ലായ്മയും അതുണ്ടാക്കാൻ പോകുന്ന സാമൂഹിക രാഷ്ട്രീയ ദുരന്തങ്ങളും നാം ഗൌരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്

(എഫ് ബിയിൽ നിന്ന്)

You may also like

Leave a Comment