Home » ചെറുവള്ളി വിമാനത്താവളം ജനങ്ങൾക്കു വേണ്ടിയല്ല; കോർപ്പറേറ്റ് വികസനത്തിനാണ്

ചെറുവള്ളി വിമാനത്താവളം ജനങ്ങൾക്കു വേണ്ടിയല്ല; കോർപ്പറേറ്റ് വികസനത്തിനാണ്

by Jayarajan C N

ചെറുവള്ളി വിമാനത്താവളം ജനങ്ങൾക്കു വേണ്ടിയല്ല; കോർപ്പറേറ്റ് വികസനത്തിനാണ് :
സിപിഐ (എം.എൽ) റെഡ് സ്റ്റാർ.
ചെറുവള്ളി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട  നിരവധി  ചർച്ചകളിലൂടെ  അത് കേരളത്തിന് ഒരു തരത്തിലും ഗുണകരമാവില്ലന്ന് വ്യക്തമാക്കപ്പെട്ടിട്ടും കോർപ്പറേറ്റ് മൂലധന ശക്തികൾക്കും തോട്ടം മാഫിയകൾക്കും വേണ്ടി  പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുകയാണ്.
ഇപ്പോൾ തന്നെ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്.  ഇന്ത്യയുടെ ഒരു ശതമാനം ഭൂ വിസ്തൃതിയും 3 ശതമാനം ജനങ്ങളുമാണ് ഇവിടുള്ളത്. കേരളത്തേക്കാൾ ഭൂ വിസ്തൃതിയും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽപ്പോലും ഇത്രയും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്ല.
തിരുവനന്തപുരം വിമാനത്താവളം മാത്രമാണ് ഏറെക്കുറെ മെച്ചപ്പെട്ട വരുമാനം നേടുന്നത്.
കോഴിക്കോടും നെടുമ്പാശ്ശേരിയും നേരിയ ലാഭത്തിൽ പോകുമ്പോൾ ഒടുവിൽ തുടങ്ങിയ കണ്ണൂർ വിമാനത്താവളം ശേഷിയുടെ 13 ശതമാനം മാത്രം വിനിയോഗിക്കപ്പെട്ട് വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ഇനിയൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ലാഭകരമായി പ്രവർത്തിക്കാൻ കേരളത്തിൽ സാദ്ധ്യതയില്ലന്നിരിക്കെ , അമേരിക്കയിൽ സ്ഥിരതാമസക്കാരായ മധ്യതിരുവിതാംകൂറിലെ ഏതാനും സമ്പന്ന- ഇടത്തരം  ‘ വിഭാഗങ്ങളെയും  ഏതാനും വരേണ്യ ഭക്തരെ’യും കണ്ടുകൊണ്ടു് ആയിരക്കണക്കിനു കോടികൾ ചെലവു വരുന്ന ഈ പദ്ധതി ആവിഷ്കരിക്കുന്നത് കേരളത്തെ സംബന്ധിച്ച് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുക.
ഇന്ത്യൻ ഭരണഘടന ലംഘിച്ചും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചും ഹാരിസൺസ് എന്ന ബ്രിട്ടീഷ് കമ്പനി കേരളത്തിലെ വിവിധ ജില്ലകളിലായി നിയമ വിരുദ്ധമായി കൈവശം വെച്ചു പോരുന്ന ഒരു ലക്ഷത്തോളം ഏക്കർ തോട്ട ഭൂമിയിൽ നിന്നാണ് ചെറുവള്ളിയിൽ 2263.18 ഏക്കർ ഭൂമി ബിലീവേഴ്സ് ചർച്ച് എന്ന ‘സുവിശേഷ എൻജിഒ’ ക്ക് വ്യാജ രേഖയുണ്ടാക്കി മുറിച്ചു വിറ്റത്. 2005 ൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ നിയമ വിരുദ്ധ കൈമാറ്റം നടന്നത്. തുടർന്ന്, 2006 മുതൽ ഇതു സർക്കാർ ഭൂമിയാണെന്നും കൈമാറ്റം നിയമ വിരുദ്ധമാണെന്നും കേരള സർക്കാർ കോടതിയിൽ വാദിച്ചു പോരുകയായിരുന്നു.  എന്നാലിപ്പോൾ ,ചെറുവള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാല സബ് കോടതിയിൽ കേസു നിലനിൽക്കേ സർക്കാരിന്റെ ഈ ഉടമസ്ഥാവകാശവാദത്തെ ദുർബലപ്പെടുത്തുന്നതാണ് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ച് ബിലീവേഴ്സ് ചർച്ചിൽ നിന്നും  വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത്.
ഭൂമിക്കു നഷ്ടപരിഹാരം നൽകുന്നതിലൂടെ, കോർപറേറ്റ് ഭൂമാഫിയകൾ രേഖകളില്ലാതെ കൈവശപ്പെടുത്തിയ ഭൂമി മുഴുവൻ അവർക്ക് അവകാശപ്പെട്ടതാണെന്ന  സർക്കാർ നിലപാടാകും അത് . ഇതുവഴി, ഹാരിസൺസും കണ്ണൻ ദേവനുമെല്ലാം അധികാരക്കൈമാറ്റം മുതൽ കേരളത്തിൽ നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുള്ള (രാജമാണിക്യം റിപ്പോർട്ടും അതിനു മുമ്പുള്ള നിരവധി കമ്മീഷൻ റിപ്പോർട്ടുകളും രേഖപ്പെടുത്തിയതു പ്രകാരം) അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി  ഈ ദേശ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തിലേക്കു ഏല്പിച്ചു കൊടുക്കാനുള്ള അതിവിദഗ്ധമായ കോർപ്പറേറ്റ് പ്രീണനമാണ് യഥാർത്ഥത്തിൽ വിമാനത്താവളത്തിൻ്റെ മറവിൽ പിണറായി ഭരണം നടത്തുന്നത്.
ഈ വിമാനത്താവള പദ്ധതിയുടെ ടെക്നോ – ഇക്കണോമിക് പഠനം നടത്തിയ ലൂയി ബർഗർ എന്ന കൺസൾട്ടിംങ്ങ് കമ്പനി Foreign Corrupt Practices (FCPA) Act പ്രകാരം 2015 ൽ അമേരിക്കയിൽ 17.1 ദശലക്ഷം ഡോളർ ( 25.65 കോടി രൂപ) പിഴയടക്കേണ്ടി വന്ന കൺസൾട്ടിങ്ങ് സ്ഥാപനമാണ്.
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുമതികൾ നേടിയെടുക്കാൻ കൈക്കൂലി കൊടുത്തതിന് ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഇതു കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഗോവയിലും ഗോഹട്ടിയിലും തട്ടിപ്പുകളുടെ പേരിൽ ലൂയി ബർഗർ നെതിരെ സിബിഐ അന്വേഷണമുണ്ട്.   ‘ശബരിമല വിമാനത്താവള’ പദ്ധതിക്ക് നിലവിലെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് വിവിധ അനുമതികളും തുടർന്ന് ഇപ്പോൾ ഭരണാനുമതിയും നേടാൻ കഴിഞ്ഞതും ഇത്തരത്തിൽ നവഉദാര നയങ്ങളിൽ അന്തർലീനമായ അഴിമതിയിലൂടെ തന്നെയാകും.
വിമാനത്താവളം വന്നാൽ, പ്രദേശ വാസികൾക്ക് മഹാനേട്ടമാണെന്ന് പ്രചരപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ പ്രാദേശിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമോ പ്രവേശനമോ ഇല്ലെന്നു മാത്രമല്ല, അവരുടെ സാമീപ്യം പോലും അസാധ്യമാകുന്ന വിധമാണ്  വിമാനത്താവളങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത് എന്നതാണ് വാസ്തവം.  ചെറുവള്ളിയിലും എരുമേലിയിലും കണ്ണഞ്ചിപ്പിക്കുന്ന വികസനം വരുമെന്നും പതിനായിരം പേർക്ക് വിമാനത്താവളം തൊഴിലവസരങ്ങൾ നൽകുമെന്നും മറ്റുമുള്ള നട്ടാൽ കുരുക്കാത്ത നുണകളാണ് നിക്ഷിപ്ത കേന്ദ്രങ്ങൾ പടച്ചുവിടുന്നത്.
വാസ്തവത്തിൽ, ചെറുവള്ളി എസ്റ്റേറ്റിനോടനുബന്ധിച്ച് കൂലിയടിമകളായി കഴിയുന്ന ലയങ്ങളിലെ തോട്ടം തൊഴിലാളികളുടെയും ദളിത് -ആദിവാസി, ദരിദ്ര ഭൂരഹിതരുടെയും സമ്പൂർണ നിയന്ത്രണത്തിലേക്ക് ചെറുവള്ളിയിലെ ഭൂമി അടിയന്തരമായി കൊണ്ടു വരികയും എല്ലായിനത്തിലും പെട്ട ഭൂമാഫിയകളെയും അവരുടെ രാഷ്ട്രീയ കങ്കാണികളെയും അവിടെ നിന്നു ചവിട്ടി പുറത്താക്കുകയുമാണ് വേണ്ടത്.
അല്ലാതെ എല്ലാ തരത്തിലും കേരളത്തിന് ബാധ്യതയാകാൻ പോകുന്ന ഒരു വിമാനത്താവളമല്ല.
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരളം.
എറണാകുളം
14-04-2025.

You may also like

Leave a Comment