വിദേശതോട്ടം കമ്പനികൾ കയ്യടക്കിയ മുഴുവൻ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കുക:
സി പി ഐ (എം.എൽ) റെഡ് സ്റ്റാർ. സംസ്ഥാന കമ്മിറ്റി.
വ്യാജ രേഖ നിർമ്മാണത്തിലൂടെ ഹാരിസൺ മാനേജ്മെൻ്റ് കയ്യടക്കിയതും നിയമവിരുദ്ധമായി കെ.പി. യഹോനാന് 2005 ൽ കൈമാറ്റം ചെയ്തതുമായ 2263 ഏക്കർ വരുന്ന ചെറുവള്ളി തോട്ട ഭൂമിയുടെ ഉടമസ്ഥതാ കേസ്സിലെ പാലാ കോടതിയുടെ വിധി അങ്ങേയറ്റം അപലപനീയവും കേരളത്തിൻ്റെ ഭാവിതാത്പര്യങ്ങളെ ഹനിക്കുന്ന ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതുമാണ്.
കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും കോടതിവിധി സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട ചില വസ്തുതകൾ ഇവിടെ സൂചിപ്പിക്കുകയാണ്.
വിദേശതോട്ടം കമ്പനികളും അവരുടെ ഇന്ത്യൻ ബിനാമികളും അടക്കമുള്ള തോട്ടം മാഫിയാ നിയമവിരുദ്ധമായി കയ്യടക്കിവെച്ചിട്ടുള്ള ലക്ഷക്കണക്കിന് ഏക്കർ വരുന്ന തോട്ട ഭൂമിയുടെ ഉടമസ്ഥത എന്നേക്കുമായി കേരളത്തിന് നഷ്ടപ്പെടുന്നതിന് കാരണമാകുന്ന വിധിയാണിത്.
കോളോണിയൽ കാലത്ത് തിരുവിതാംകൂർ രാജാവിൽ നിന്നും മറ്റ് നാട്ടു രാജാക്കന്മാരിൽ നിന്നും ജൻമിമാരിൽ നിന്നും തോട്ടം ആവശ്യത്തിനായി പാട്ടവ്യവസ്ഥയിലും, പണ്ടാര പാട്ടവ്യവസ്ഥയിലും കമ്പനികൾ ഏറ്റെടുത്ത ഈ ഭൂമിയുടെ ഉടമസ്ഥത 1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ യഥാർത്ഥത്തിൽ കേരള സർക്കാറിൽ നിക്ഷിപ്തമാകേണ്ടതായിരുന്നു.
ഇത്തരത്തിൽ ഉള്ള ചെറുവള്ളി പാട്ട ഭൂമി നിയമവിരുദ്ധമായി ഹാരിസൺ മാനേജ്മെൻ്റ് കെ.പി യോഹോനാന് നിയമവിരുദ്ധമായി വിൽപന നടത്തുകയുമാണ് ചെയതത്. ഭൂമി കൈവശപ്പെടുത്തുകയും, പിണറായി വിജയനുമായി ഭൂഉടമസ്ഥത നിയമപരമാക്കി മാറ്റാൻ ധാരണയെത്തി പണം കെട്ടിവെച്ച് സർക്കാർ വിമാന താവള ആവശ്യം ഉന്നയിച്ച് ഏറ്റെടുക്കുകയുമായിരുന്നു. (ഇതു തന്നെയായിരുന്നു മുണ്ടക്കൈ – ചൂരൽ മല പുനരധിവാസത്തിനായി സർക്കാർ സ്ഥലം സർക്കാർ പണം കൊടുത്തു വാങ്ങുന്ന വഞ്ചനാപരമായ നടപടിയിലും കണ്ടത് )
പാട്ട ഭൂമിക്ക് ഉടമസ്ഥത സ്ഥാപിച്ചു കൊടുക്കുന്ന പാല കോടതി വിധിയോടെ ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ കയ്യടക്കിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥത
കേരളത്തിന് റദ്ദ് ചെയ്യപ്പെടുകയാണ്.
ഭൂ ഉടമസ്ഥത അടിസ്ഥാനപരമായി നിർണ്ണയിക്കുന്നത് രേഖ സെറ്റിൽമെൻ്റ് രേഖയാണെന്നിരിക്കെ, സെറ്റിൽമെൻ്റ് രേഖകകളിൽ ഒരിടത്തു പോലും പേര് രേഖപ്പെടുത്താത്ത 2005 ലെ അനധികൃത വിൽപനയേയും ഹാരിസൺസിൻ്റെ അനധികൃത കൈവശങ്ങളെയും അംഗീകരിക്കുകയാണ് കോടതി വിധിയിലൂടെ ചെയ്തിരിക്കുന്നത്.
സർക്കാർ ഇതുവരെ ഉടമസ്ഥത സ്ഥാപിക്കാൻ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം – സർക്കാരിന്റെ ഉടമസ്ഥതയിൽ ഇരിക്കുന്ന ഭൂമിക്ക് എന്തിന് ഉടമസ്ഥത സ്ഥാപിക്കണം എന്ന ചോദ്യത്തിന് കോടതിയാണ് ജനാധിപത്യ സമൂഹത്തോട് മറുപടി പറയേണ്ടതു് – 2005ലാണ് വ്യാജ ഉടമസ്ഥതയുണ്ടാക്കിയ ഭൂമി ഹാരിസൺസ് കെ. പി. യോ ഹോന്നാന് കൈമാറ്റം ചെയ്യുന്നത്.
ഇതിന തുടർന്നു സ്പെഷ്യൽ ഓഫീസറെ നിയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ അന്നത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഭൂ ഉടമസ്ഥത തെളിയിക്കാൻ സിവിൽ കോടതിയിൽ പോകണമെന്ന മേൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ ഉടമസ്ഥതാ കേസ്സ് ഫയൽ ചെയ്യുന്നത്.
പണ്ടാരം വക ഭൂമി എന്നത് കേരളത്തിലെ ഒരു ഭൂവുടമ സമ്പ്രദായമായിരുന്നു. പണ്ടാരം എന്ന വാക്കിന്റെ അർത്ഥം തന്നെ “ഭരണാധികാരിയുടെ സ്വത്ത്” എന്നാണ്. പണ്ടാരം വക ഭൂമി സമ്പ്രദായം കേരളത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ അവസാനിച്ചിരുന്നു. ഇതോടെ പണ്ടാരപാട്ട വ്യവസ്ഥയും പാട്ട കരാറും ദുർബ്ബലപ്പെട്ടു. ഇത്തരം ഭൂമിയുടെ മുഴുവൻ ഉടമസ്ഥതയും ഇന്ത്യൻ സ്വാതന്ത്ര്യ നിയമ (Indian Independence Act)ത്തിലുടെ സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ഉടമസ്ഥതയിലേക്കു വരികയാണുണ്ടായത്.
പാട്ട ക്കരാറിനെ ഭൂ ഉടമസ്ഥതാ രേഖയായി പരിഗണിക്കുന്ന പാല കോടതിവിധി കോർപ്പറേറ്റ് കുത്തകളെയും ടാറ്റ – ഗോയങ്കെ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന ശക്തികൾക്കും അവരെ സംരക്ഷിക്കുന്ന ഭരണ വർഗ്ഗങ്ങളുടേയും താത്പര്യം സംരക്ഷിക്കുകയും ജനങ്ങളുടെയും സംസ്ഥാനങ്ങളുടേയും താത്പര്യങ്ങളെ ഹനിക്കുകയും ആണ് ചെയ്യുന്നത്.
വിദേശതോട്ടം കമ്പനികൾ കയ്യടക്കിയ ലക്ഷക്കണക്കിന് ഏക്കർ വരുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണ്.
നിരവധി ദലിത് – ആദിവാസി സംഘടനകളുടെയും , സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിൻ്റെയും ഭൂസമര സമിതിയുടേയും നേതൃത്വത്തിൽ , മുത്തങ്ങ,ചെങ്ങറ , അരിപ്പ , മേപ്പാടി, വടശ്ശേരിക്കര തുടങ്ങിയ ഭൂ സമരങ്ങളെ തുടർന്നാന്ന് ബ്രട്ടീഷ് കമ്പനികൾ അനധികൃതമായി കയ്യടക്കിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിരവധി കമ്മീഷനുകൾക്കും സമിതികൾക്കും രൂപം കൊടുക്കാൻ സർക്കാർ നിർബ്ബന്ധിതമാകുന്നതും കോടതികളുടെ ഇടപെടലുകൾ ഉണ്ടാകുന്നതും. നിവേദിത പി. ഹരൻ, സജിത് ബാബു തുടങ്ങിയ കമ്മീഷൻ റിപ്പോർട്ടുകൾക്ക് ശേഷം ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് വിദേശതോട്ടം കമ്പനികൾ അനധികൃതമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന 5.25 ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം കേരള സർക്കാറിന് അവകാശപ്പെട്ടതാണന്നും നിയമനിർമ്മാണത്തിലൂടെ ഈ കമ്പനികൾ കയ്യടക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്നും
സ്പെഷ്യൽ ഓഫീസർ ആയി ഉമ്മൻ ചാണ്ടി സർക്കാർ നിയമിച്ച ഡോ. എം.ജി രാജമാണിക്യം സർക്കാറിന് റിപ്പോർട്ട് നൽകിയതും. ഈ റിപ്പോർട്ട് അവഗണിക്കുകയും ഭൂമി നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കുന്നതിനു യാതൊരു ശ്രമവും നടത്താൻ തയാറാകാതെ പത്തുവർഷം മുമ്പ് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ സുശീല ഭട്ടിനെ ഗവർന്മേണ്ട് പ്ലീഡർ സ്ഥാനത്ത് നിന്ന് നീക്കുകയും രാജമാണിക്യം റിപ്പോർട്ട് അവഗണിക്കുകയും ചെയ്തതിൻ്റെ ദുരന്ത ഫലമാണ് പാലാ കോടതി വിധിയിലുടെ സംജാതമായിട്ടുള്ളത്.
തോട്ട മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കാൻ സർക്കാർ അടിയന്തിരമായും തയാറാകണം. ഭൂപരിഷ്കരണ നടപടികളുടെ ഭാഗമായി ,ഭൂമി ഏറ്റെടുക്കാനും കേരളത്തിൻ്റെ, കാർഷിക-കാർഷികാനുബന്ധ വികസനത്തിനും ദലിത്- ആദിവാസികൾ ഉൾപ്പെടെ ഭൂരഹിത ജനതയുടെ ഭൂരാഹിത്യം പരിഹരിക്കാനും തോട്ടങ്ങൾ പുനസംഘടിപ്പിക്കുന്നതിലൂടെ തൊഴിലാളി താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി തോട്ടം മാഫിയകൾ കയ്യടക്കിയ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കാൻ നിയമനിർമ്മാണം നടത്തണം. സർക്കാർ അപ്പീൽ പോകുക എന്ന പരിഹാസ്യതക്കപ്പുറം ,
സർക്കാറിൻ്റെ കോർപ്പറേറ്റ് – മാഫിയ താത്പര്യങ്ങൾ കയ്യൊഴിഞ്ഞു തോട്ടം മാഫിയകൾ കയ്യടക്കിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കുവാനുള്ള ഇച്ഛാശക്തിയാണ് കാട്ടേണ്ടത്.
തോട്ടം കുത്തകളിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്താനും പ്രക്ഷോഭരംഗത്തിറങ്ങാനും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി മുഴുവൻ പുരോഗമന-ജനാധിപത്യ ശക്തികളോടും ആവശ്യപ്പെടുന്നു.
എം.പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി,
20/01/26
എറണാകുളം
