പാലസ്തീൻ വംശീയ ഉന്മൂലനവാദികളെ ഇന്ത്യയിൽ കാലു കുത്താൻ സമ്മതിക്കരുത്…
ജനുവരി 13-14 തീയതികളിൽ ഡൽഹിയിലെ ഇൻഡ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , ശിവ നദാർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന വർക്ക് ഷോപ്പിൽ മുഖ്യ പ്രഭാഷണം നടത്താൻ വിളിച്ചിരിക്കുന്നത് സയണിസ്റ്റ് വർണ്ണ വെറിയനായ റോബർട്ട് ആവ് മാനെയാണ്..
ചിത്രത്തിലുള്ളത് ആവ് മാനാണ്.
ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. നമ്മൾ കൂടി ഇക്കാര്യങ്ങൾ തിരിച്ചറിയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് ഈ പോസ്റ്റ്.
2005-ൽ ഗെയിം സിദ്ധാന്തത്തിലെ സംഭാവനകൾക്ക് നൊബേൽ മെമ്മോറിയൽ സമ്മാനം നേടിയ റോബർട്ട് ആവ്മാൻ, തന്റെ ഗവേഷണം ഉപയോഗിച്ച് പാലസ്തീനിയരുടെ അവകാശലംഘനങ്ങൾ ന്യായീകരിക്കുന്നയാളാണ്.
ആവ്മാൻ ഒരു സയണിസ്റ്റ് ആയി തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലസ്തീനിയരുടെ വംശീയ ഉന്മൂലനത്തെ പിന്തുണയ്ക്കുന്നയാളാണ്. അയൽ രാജ്യങ്ങളിലേക്ക് ഇസ്രായേലിന്റെ വികാസത്തെ അംഗീകരിക്കുന്നയാളാണ്.
ജനീവയിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേൽ ഗാസയിലെ ജനോസൈഡിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതും പാലസ്തീനിയൻ പ്രദേശങ്ങളുടെ അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതുമായ സമയത്ത്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ശിവ് നാദർ സർവ്വകലാശാലയും ആവ്മാനെ ക്ഷണിക്കുന്നത് കുറ്റകരമാണ്.
അന്താരാഷ്ട്ര കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു കൂടി കാണണം.
2005-ൽ ഗാസയിൽ നിന്നുള്ള ഇസ്രായേലിന്റെ പിൻവാങ്ങലിനെ “ഇസ്രായേലികളുടെ വംശീയ ഉന്മൂലനം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ഗ്രേറ്റർ ഇസ്രായേൽ” ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായും ആവ്മാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ പ്രദേശം ഈജിപ്ത്, സിറിയ, ജോർദാൻ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നുവെന്നത് ശ്രദ്ധേയമാണ്.
റോബർട്ട് ആവ്മാൻ ‘പ്രൊഫസേഴ്‌സ് ഫോർ എ സ്ട്രോങ് ഇസ്രായേൽ’ എന്ന ഗ്രൂപ്പിന്റെ അംഗമാണ്. ജൂത ഇസ്രായേലി സമൂഹത്തിന്റെ ആധിപത്യം നിലനിർത്തുന്നതിന് താൽപ്പര്യത്തിൽ പാലസ്തീനിയരുടെ വംശീയ ഉന്മൂലനത്തിന് പരസ്യമായും ആവർത്തിച്ചും ആഹ്വാനം ചെയ്ത ഒരു അക്കാദമിഷ്യൻമാരുടെ ഗ്രൂപ്പ് ആണിത്.
ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാശത്തെ “സ്കോളാസ്റ്റിസൈഡ്” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 1948-ലെ നക്ബ മുതൽ പാലസ്തീനിയൻ അക്കാദമിഷ്യൻമാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള വ്യവസ്ഥിതമായ ആക്രമണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണിത്.
ഇന്ന്, ഗാസയിൽ നിൽക്കുന്ന ഒരു സർവ്വകലാശാല പോലുമില്ല എന്നു നാം കാണണം. ഗാസയിലെ 80% സ്കൂളുകൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് സഹകരണം പാലസ്തീനിയർക്കെതിരായ നയങ്ങളുമായി സാമ്യമുള്ള നയങ്ങളുടെ വേരൂന്നലിന് ഇടയാക്കുന്ന നടപടികളുടെ ഭാഗമായി വേണം ഈ ക്ഷണത്തെ കാണാൻ.
ബ്രാഹ്മണിക ഹിന്ദുത്വ മേധാവിത്തത്തിനായി മുസ്ലീങ്ങളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കുന്ന ഇന്ത്യൻ ഫാസിസം വാസ്തവത്തിൽ ഇസ്രായേലിന്റെ മാതൃകയ്ക്ക് അനുകരണീയമായ പാത പിന്തുടരുന്നവരാണ്.
ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള സഹകരണം ഇന്ത്യ തുടർന്നു കൊണ്ടിരിക്കയാണ്. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുകയും യുഎന്നിൽ ഇസ്രായേലിന് അനുകൂലമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
എന്നാൽ ഇന്ത്യയുടെ ചരിത്രം അതല്ല. വർണ്ണവിവേചനം നിലനിന്ന കാലത്ത് ദക്ഷിണാഫ്രിക്കയെ നമ്മൾ തിരസ്കരിച്ചതാണ്. ഗാന്ധിജി ഇസ്രായേൽ രാഷ്ട്രത്തെ തന്നെ തള്ളിപ്പറഞ്ഞ് ലോകത്തിന് മാതൃകയായതാണ്. ഇന്ത്യ പാലസ്തീൻ ജനതയുടെ നീതിയ്ക്ക് ഒപ്പം നില കൊണ്ട രാജ്യമാണ്.
ശക്തമായ പ്രതിഷേധം ഉയർത്താൻ പുരോഗമന, ജനാധിപത്യ വിദ്യാർത്ഥി, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ തയ്യാറാവണം.
C N Jayarajan