കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ വച്ച് അമ്പലവയൽ നെല്ലാറച്ചാലിലെ ഗോത്ര വർഗ്ഗ വിഭാഗത്തിൽ പെട്ട പുതിയ പാടിയിൽ ഗോകുൽ (17 വയസ്) ദുരൂഹമായി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആദിവാസി ഭാരത് മഹാ സഭ (ABM ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.
പൊലീസ് കസ്റ്റഡിയിലായിരുന്ന ഗോകുലിൻ്റെ മരണത്തിൽ കൽപ്പറ്റ പൊലീസിനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ല. അറിവിൽ പെട്ടിടത്തോളം ഗോകുലിൻ്റെ പേരിൽ ഒരു പരാതി ലഭിച്ച അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ പോലും കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഗോകുലിനെ കയ്യിൽ കിട്ടിയാൽ പുറം ലോകം കാണിക്കില്ല എന്ന കടുത്ത ഭീഷണി ഉയർത്തുകയുണ്ടായെന്ന് ഗോകുലിൻ്റെ അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു.
തനിക്കെതിരെയുള്ള പരാതിയെക്കുറിച്ച് കുടുംബാംഗങ്ങളിൽ നിന്നും അറിഞ്ഞതിന് ശേഷം പുതിയ പാടിയിൽ ചന്ദ്രൻ്റെയും ഓമനയുടെയും18 വയസ് പൂർത്തിയാകാത്ത മകൻ തൻ്റെ കൂട്ടുകാരിയുമായി കോഴിക്കോട് വനിതാ സെല്ലിൽ ഹാജരാകുകയായിരുന്നു. വനിതാ സെല്ലിൽ കസ്റ്റഡിയിലെടുത്തു എന്നു പറയുന്നിടത്ത് തന്നെ പൊലീസിൻ്റെ ഭാഗത്ത് നടപടിക്രമങ്ങളുടെ വീഴ്ച്ച വന്നിട്ടുണ്ട്.
ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഗോത്രാചാരം അനുസരിച്ച് ഋതുമതിയായ പെൺകുട്ടികൾ വിവാഹിതരാവാറുണ്ട്. വരന് 18 വയസ് പൂർത്തിയാകണമെന്ന് നിർബന്ധവുമില്ല. എന്നാൽ ഇതൊരു പരാതിയായി പൊലീസ് സ്റ്റേഷനിലെത്തിയാൽ പോക്സൊ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതോടുകൂടി ഇരകളാക്കപ്പെടുന്നത് ഗോത്രാചാരപ്രകാരം വിവാഹിതരാകുന്നവരും അവരുടെ കുടുംബക്കാരുമാണ്. ഇത്തരം കേസുകളില്‍ കോടതികള്‍ വസ്തുതകൾ തിരിച്ചറിഞ്ഞ് അനുഭാവപൂർവ്വം പരിഗണിക്കാത്തത് കാരണം വയനാട്ടിലും, അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലെ ജയിലുകളിലും നിരവധി പേർ കഴിയുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കർശനമായി തടയുന്നതിന് വേണ്ടി രൂപകൽപന ചെയ്ത ഈ നിയമത്തെപ്പറ്റി വേണ്ടത്ര ധാരണയില്ലാതെ ഗോത്രാചാര പ്രകാരം വിവാഹിതരാകുന്ന ഗോത്രവിഭാഗങ്ങൾക്ക് തീരാവേദനയായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആദിവാസി മേഖലകളില്‍ പോക്സോയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണങ്ങൾ കാര്യമായി ഒന്നും നടക്കുന്നില്ല. നിയമത്തെക്കുറിച്ച് സാക്ഷരതയില്ലാതെ വിവാഹിതരാകുന്ന ദമ്പതികളെ അനുകമ്പയില്ലാതെ നിയമപാലകർ വേട്ടയാടി തുറുങ്കിലടക്കുന്നത് വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിൽ ഇതൊരു സാമൂഹ്യ പ്രശ്നമായി നിലനിൽക്കുന്നുണ്ട്.
അടിയന്തിരമായി സംസ്ഥാനത്തെ ശിശുക്ഷേമ വകുപ്പും മനുഷ്യാവകാശ കമ്മീഷനും ജനാധിപത്യ വിശ്വാസികളും ഈ വിഷയത്തിൽ ഗൗരവതരമായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിനൊപ്പം പൊലീസിൻ്റെ ഭാഗത്ത് നിന്നും ഇത്തരം വിഷയങ്ങളിൽ പരിപൂർണ്ണമായ കാര്യക്ഷമത ഉണ്ടാക്കാനുള്ള ഇടപെടലുകളും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗോകുലിൻ്റെ മരണത്തിനിടയാക്കിയ പൊലീസ് ഭാഗത്തു നിന്നുള്ള വീഴ്ച്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികൾ ക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
ടി. ആർ. ചന്ദ്രൻ
സംസ്ഥാന കൺവീനർ,
ആദിവാസി ഭാരത് മഹാസഭ (ABM )
Mob: 7994527014
ഒണ്ടൻ പണിയൻ,
ചെയർമാൻ ,
ആദിവാസി ഭാരത് മഹാ സഭ
(ABM )
വയനാട് ജില്ല