Home » ഞാൻ ഈ ഒരെഴുത്തു മാത്രം എഴുതുന്നു….

ഞാൻ ഈ ഒരെഴുത്തു മാത്രം എഴുതുന്നു….

by Jayarajan C N

“ഞാൻ എന്നും നക്ഷത്രങ്ങളെ നോക്കുമായിരുന്നു… എനിയ്ക്ക് ഒരു എഴുത്തുകാരനാവാനായിരുന്നു ആഗ്രഹം…. കാൾ സാഗനെപ്പോലെ ഒരു ശാസ്ത്ര രചയിതാവ്…

എന്നാൽ ഒടുവിൽ … ഞാൻ ഈ ഒരെഴുത്തു മാത്രം എഴുതുന്നു…..”

നമ്മളെയൊക്കെ വിഷാദത്തിന്റെയും വികാരത്തിന്റെയും നടുക്കടലിലേയ്ക്ക് തള്ളി വിട്ട ആ എഴുത്ത് ബാക്കി വെച്ചിട്ടായിരുന്നു രോഹിത് വെമൂല സ്വന്തം പ്രാണനെടുത്തത്…

ശാസ്ത്രത്തെ, നക്ഷത്രങ്ങളെ , പ്രകൃതിയെ താൻ സ്നേഹിച്ചിരുന്നുവെന്നും പ്ര കൃതിയിൽ നിന്ന് ഏറെക്കാലമായി ബന്ധം വേർപെടുത്തിയതറിയാതെ മനുഷ്യരെയും താൻ സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു…

തങ്ങളുടെ സ്നേഹം കൃത്രിമമാണെന്നും വികാരങ്ങൾ രണ്ടാം തരമാണെന്നും വിശ്വാസങ്ങൾ നിറം പിടിപ്പിച്ചതാണെന്നും മുറിവേൽക്കാതെ സ്നേഹിക്കുക എന്നത് ദുഷ്ക്കരമാണന്നും കൂടി രോഹിത് വെമൂല എഴുതിയിരുന്നു..

ഇപ്പോൾ ഇതൊക്കെ പറയാൻ കാരണമുണ്ട്…

രോഹിത് വെമൂല അംബേദ്ക്കർ വിദ്യാർത്ഥി സംഘടനയിൽ അംഗമായിരുന്നു.

അദ്ദേഹം ഒരു പി എച്ച് ഡി വിദ്യാർത്ഥി ആയിരുന്നു എന്നത് മറക്കരുത്…

ദളിതരുടെ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമായി സംഘപരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പിയുമായി കലഹങ്ങൾ ഉണ്ടാവുക സ്വഭാവികമാണല്ലോ…

എന്നാൽ അതിൽ ഒരുത്തനെ ആക്രമിച്ചു എന്ന പേരിൽ വെമൂല അടക്കം അഞ്ചു പേരെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പുറത്താക്കി.

അഞ്ചു പേരും കുറ്റം നിഷേധിച്ചു..

തുടർന്നു നടന്ന അന്വേഷണത്തിൽ അവർ കുറ്റക്കാരല്ല എന്ന് വിധി എഴുതി..

എന്നാൽ 2015 ഡിസംബർ മാസം ആദ്യത്തെ തീരുമാനം റദ്ദാക്കി.. അവർ വീണ്ടും കുറ്റക്കാരായി…

ആ ഡിസംബർ മാസത്തിൽ തന്റെ ഒടുവിലത്തെ കത്തിന് മുൻപ് വെമൂല മറ്റൊരു കത്ത് അന്നത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് എഴുതിയിരുന്നു…

എല്ലാ ദളിത വിദ്യാർത്ഥികളുടെയും മുറികളിലേക്ക് “ഓരോ നല്ല കയർ ” മേടിച്ചു കൊടുക്കാൻ ആയിരുന്നു ആ കത്തിൽ വൈസ് ചാൻസലറോട് നിർദ്ദേശിച്ചിരുന്നത്…!

അന്ന് ഈ വിഷയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഒരു ഫാക്കൽട്ടി അംഗത്തെയാണ് ഇപ്പോൾ കലാമണ്ഡലം വൈസ് ചാൻസലറായി കേരള സർക്കാർ നിയമിച്ചിരിക്കുന്നത്!

ഈ നിയമന വാർത്ത കണ്ടപ്പോൾ വിഷമത്തോടെ ഓർത്തു പോയതാണ്…

ഒരിക്കലും മറക്കില്ല !

സി എൻ ജയരാജൻ

You may also like

Leave a Comment