ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ പേഴ്സൺ സുധാ മൂർത്തി ഒരു പ്രതീകമാണ്…
വിദേശത്ത് പോകുമ്പോൾ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ കൂടി കൊണ്ടു പോയി സ്വയം പാചകം ചെയ്യുന്ന , നാട്ടിൽ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം ഭക്ഷണം കഴിയ്ക്കുന്ന “ശുദ്ധ വെജിറ്റേറിയൻ ” ആണ് താൻ എന്ന് ഒരു ഷോയിൽ അവർ പറയുന്നുണ്ട് ….
ഇതിലെന്നാണ് കുഴപ്പം?
ഇതുവരെ പറഞ്ഞതിൽ ഒരു കുഴപ്പമില്ല. പക്ഷേ അവർ അതിന്റെ കൂടെ ഒരു ശുദ്ധ വൃത്തികേടു കൂടി തട്ടിവിട്ടു…
നോൺ വെജിറ്റേറിയൻ ഭക്ഷണം എടുത്തതാണോ എന്നറിയാത്തതു കൊണ്ട് മറ്റൊരാളുടെ സ്പൂൺ പോലും ഉപയോഗിക്കില്ല എന്നവർ പറഞ്ഞു കളഞ്ഞു …
ഇൻഫോസിസ് വലിയ സാങ്കേതിക ശാസ്ത്ര സ്ഥാപനമാണ്. അതിന്റെ ചെയർപേഴ്സൺ സുധാ മൂർത്തി ഒരു എഞ്ചിനീയർ കൂടിയാണ്. സാങ്കേതിക ശാസ്ത്ര മേധാവിത്തം അഥവാ ടെക്നോക്രസി എന്നത് രാജ്യത്തിന്റെ സകലമാന പുരോഗതിയ്ക്കും, പരിഹാരങ്ങൾക്കും വഴി തുറക്കുന്നു എന്ന ആധുനിക കോർപ്പറേറ്റ് ( മുതലാളിത്ത) വാദങ്ങളുടെ പൊള്ളത്തരമാണ് അംബേദ്കറും ഫൂലെ ദമ്പതിമാരും അയ്യങ്കാളിയും അടക്കം സൃഷ്ടിച്ച ഇന്ത്യൻ നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന, ഇത്തരം നവ ബ്രാഹ്മണിക വരേണ്യ വെളിപാടിലൂടെ പുറത്തു വരുന്നത്.
ഇന്ത്യയിൽ 70-75 ശതമാനം ജനങ്ങളും സസ്യേതര ഭുക്കുകളാണ് . ഇവരുടെ വീട്ടിൽ നിന്ന് ഒരു വെജിറ്റേറിയൻ ഭക്ഷണം പോലും സുധാ മൂർത്തി കഴിക്കില്ല എന്നാണവർ പറയുന്നത്.
ശുദ്ധ സസ്യാഹാരികളുടെ ഈ വീമ്പ് പറച്ചിൽ സുധാ മൂർത്തിയിൽ ഒതുങ്ങുന്നില്ല… ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ബോധമാണ് അഥവാ ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് സുധാ മൂർത്തി ഈ സ്പൂൺ പരാമർശത്തിലൂടെ പ്രകടിപ്പിക്കുന്നത് –
അതുകൊണ്ടു തന്നെയാണ് ട്വീറ്ററിൽ “Drunken Journalist ” ചോദിച്ച ചോദ്യം പ്രസക്തമാവുന്നത് ….
പട്ടുസാരി ഉടുക്കുന്ന സുധാ മൂർത്തിയ്ക്ക് പട്ടുസാരി ഉണ്ടാക്കുന്നതെങ്ങിനെയെന്നറിയാമോ എന്നദ്ദേഹം ചോദിക്കുന്നു–
പട്ടു സാരിയും ചുറ്റി ശുദ്ധ വെജിറ്റേറിയനിസവും ജന്തു ഹിംസയെ കുറിച്ചുള്ള വരേണ്യ ഭാഷയും ഉരുവിടുന്നവർ ആദ്യം തങ്ങൾ എത്ര പാവം ജീവികളെ കൊന്നിട്ടാണ് സ്വന്തം വസ്ത്രം തീർത്തിരിക്കുന്നതെന്ന് കൂടി പറഞ്ഞു തരണം…
പ്യൂപ്പ അവസ്ഥയിൽ പട്ടുനൂൽ പുഴുവിന് സ്വയം ചുറ്റും തീർത്ത പട്ടു നൂൽ അതിന്റെ ജീവന്റെ അടുത്ത ഘട്ടം (moth) എത്തുന്നതുവരെ ഉള്ള സുരക്ഷയാണ്. പുറത്തു വരുന്ന പുഴു പട്ടുനൂൽ (കോക്കൂൺ) പൊട്ടിച്ചു കളയും എന്നു പറഞ്ഞ് അതിനെ തിളച്ച വെള്ളത്തിലിട്ട് കൊന്ന്, അതിന്റെ നൂൽ എടുത്ത് പ്രോസസ് ചെയ്തിട്ടാണ് പട്ട് വസ്ത്രമായി മാറുന്നത് ….
വെജിറ്റേറിയൻ ആവുക എന്നത് ഒരു വ്യക്തിപരമായ സ്വകാര്യമായ കാര്യം മാത്രമാണ്. അതിൽ മഹത്തരമായി ഒന്നുമില്ല. അതിന്റെ വാഴ്ത്തിപ്പാടൽ ഇന്ത്യയിൽ വരേണ്യതയുടെ പ്രത്യയശാസ്ത്രം കൂടി ഉൾക്കൊളുന്നുണ്ട്. ഫാസിസത്തിന്റെ വർത്തമാന കാലത്ത് ഇത്തരം ഭാഷാ പ്രകടനങ്ങളെ ശക്തിയുക്തം അപലപിക്കുക തന്നെ വേണം.
സി എൻ ജയരാജൻ