Home » മുസ്ലീം പള്ളിയ്ക്ക് അമ്പലത്തിന്റെ രൂപ സാദൃശ്യം

മുസ്ലീം പള്ളിയ്ക്ക് അമ്പലത്തിന്റെ രൂപ സാദൃശ്യം

by Jayarajan C N

മഹാരാഷ്ട്രയിലെ എറാൻദോൾ എന്ന ടൗണിൽ ഉള്ള ജുമാ മസ്ജിദ് കുറച്ചുനാൾ അടച്ചിട്ട അവസ്ഥയിൽ കിടക്കുകയായിരുന്നു.

ഒരു സംഘപരിവാര വിഭാഗം കളക്ടർക്ക് മുമ്പിൽ ഒരു പരാതി നൽകി. പരാതി പ്രകാരം ഈ പള്ളി ഇരുന്നയിടത്ത് മുൻപ് ഒരു ജൈന ക്ഷേത്രം ആയിരുന്നുപോലും. പള്ളിക്ക് അമ്പലത്തിന്റെ രൂപസാദൃശ്യം തോന്നിക്കുന്നു പോലും…!

പരാതി കൊടുത്ത് രണ്ടുമാസം കഴിഞ്ഞപ്പോൾ കളക്ടർക്കും തോന്നി അത് ശരിയാണ് എന്ന്…

ജൂലൈ 14 ന് പള്ളി പൂട്ടിയിടാൻ കളക്ടർ ഉത്തരവിട്ടു. അതിൻറെ ഫലമായി നൂറ്റാണ്ടുകളായി നടന്നിരുന്ന വെള്ളിയാഴ്ച പ്രാർത്ഥന ആദ്യമായി നിലച്ചു.

വിഷയം മുംബൈ ഹൈക്കോടതിക്ക് മുന്നിലെത്തി. ഭാഗ്യവശാൽ ക്ഷേത്രത്തിൻറെ രൂപസാദൃശ്യമോ ജൈന ക്ഷേത്രം എന്ന വാദമോ ഹൈക്കോടതിയെ തൽക്കാലത്തേക്ക് ഏശിയില്ല എന്ന് തോന്നുന്നു, കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

രണ്ടാഴ്ച്ചത്തേക്കാണ് കോടതി വിധിയും…. അതായത്, രണ്ട് വെള്ളിയാഴ്ച്ച പ്രാർത്ഥന നടത്താം… പിന്നത്തെ കാര്യം അടുത്ത കോടതി വിധിയിൽ അറിയാം..

ഈ പള്ളി പതിമൂന്നാം നൂറ്റാണ്ടിൽ അലാവുദ്ദീൻ ഖിൽജിയുടെ കാലം മുതലുള്ളതാണെന്നും ഇതിൽ 1861ൽ ആരാധന നടത്തിയതായി രേഖകൾ ഉണ്ടെന്നും ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള എല്ലാ മാപ്പുകളിലും ഇത് പള്ളിയായി സൂചിപ്പിച്ചിട്ടുണ്ടെന്നും ഒക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൗതുകകരമായ കാര്യം ഹിന്ദു പോലെ വലിയ വായിൽ ദേശീയതയും മതേതരത്വവും പ്രസംഗിക്കുന്ന പത്രങ്ങൾ പോലും ഈ പള്ളി ദശാബ്ദങ്ങളോളം പഴക്കമുള്ളതാണ് എന്ന് മാത്രം എഴുതാനാണ് ഇഷ്ടപ്പെട്ടത്.

അതായത് മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണ് എന്ന ഹിന്ദു രാഷ്ട്ര ആശയം നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നർത്ഥം …

1992-93 കാലത്ത് ബാബരി മസ്ജിദ് പൊളിച്ചതിനെ തുടർന്നുള്ള ലഹള മഹാരാഷ്ട്രയിലും വ്യാപകമായിരുന്നു. ഈ സമയത്ത് ഈ പള്ളിയുടെ മുൻ വാതിലുകൾ അക്രമികൾ കേടുവരുത്തിയിട്ടുണ്ട്.

2024ലെതെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾ വിജയം നേടി കഴിഞ്ഞാൽ പിന്നെ ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ മുസ്ലീം പള്ളികൾ അവശേഷിക്കും എന്നത് കാത്തിരിക്കുന്ന ദുരന്തമാണ്…

സി എൻ ജയരാജൻ

You may also like

Leave a Comment