ബാലുശ്ശേരിയിൽ സർക്കാർ എൽ പി സ്കൂളിലെ അധ്യാപികമാർ കിണറ്റിലിറങ്ങി ചെളി കോരി വൃത്തിയാക്കിയതിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കുറിപ്പിട്ടിട്ടുണ്ട്. ആസനത്തിൽ മുളച്ച് പടർന്നു പന്തലിച്ചൊരു ആലിൻകൊമ്പത്ത് ഊഞ്ഞാലുകെട്ടി ആടുന്നൊരു അല്പനെ മാത്രമാണ് ഇത്തരുണത്തിൽ ഉദാഹരിക്കാനാവൂ. സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ ചുമതലപ്പെട്ട വകുപ്പ് കാണിക്കുന്ന പിടിപ്പുകേടിന്റെ ബാക്കിയാണ് കിണറ്റിലിറങ്ങേണ്ടിവന്ന അധ്യാപികമാർ എന്നത് മന്ത്രി തന്റെ സമ്മാനക്കിഴിയിലൂടെ മറച്ചുവെക്കുകയാണ്. കിണറ്റിലിറങ്ങാനുള്ള പരിചയമൊന്നുമില്ലാത്ത അധ്യാപികമാർ അപ്പണിയെടുത്ത് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിലും മന്ത്രി ധീരതയ്ക്ക് അവരുടെ പേരിൽ രണ്ട് പുരസ്കാരം ഏർപ്പെടുത്തുമായിരുന്നിരിക്കും. രണ്ടു മാസം പൂട്ടിയിട്ട സ്കൂളുകളിലെ കുടിവെള്ളലഭ്യതയും അതിന്റെ പരിശോധനയുമൊക്കെ ഉറപ്പുവരുത്താൻ വിദ്യാഭ്യാസവകുപ്പ് ഒരു നടപടിയും എടുക്കാതിരുന്നതുകൊണ്ടാണ് അധ്യാപികമാർക്ക് കിണറ്റിലിറങ്ങേണ്ടി വന്നത്. ശുദ്ധമായ കുടിവെള്ളമില്ലാത്ത സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിൽ പൂക്കത്തിക്കുന്നത് എന്നത് ഒട്ടും കേമത്തമല്ല. ഈയൊരു സംഭവം വെച്ച് കേരളത്തിലെ സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ പൂർണ്ണമായും തള്ളിക്കളയാനൊന്നും ഞാനില്ല. പക്ഷെ യാഥാർത്ഥ്യബോധമില്ലാത്ത വാഴ്ത്തുപാട്ടുകൾക്കിടയിൽ ഒളിച്ചുവെക്കുന്നവയൊക്കെ കണ്ടില്ലെന്നു നടിക്കരുത്.
സ്കൂളുകളിലെ പ്രവേശനോത്സവമൊക്കെ കഴിഞ്ഞു. മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കമുള്ളവർ പൊതുവിദ്യാഭ്യാസത്തിന്റെ പ്രവേശനോത്സവത്തിൽ തങ്ങളുടെ വേഷം ഭംഗിയായി അഭിനയിച്ചു. ശേഷം മുഖ്യമന്ത്രിയുടെ പേരക്കുട്ടി തലസ്ഥാനത്തെ അന്താരാഷ്ട്ര സിലബസുള്ള അന്താരാഷ്ട്ര സ്കൂളിലേക്കും മാർക്സിയൻ സൈദ്ധാന്തികൻ കൂടിയായ വ്യവസായ മന്ത്രിയുടെ മകൾ എറണാകുളത്തെ ഏറ്റവും ചെലവേറിയ സ്വകാര്യ അൺ എയ്ഡഡ് സ്കൂളിലേക്കും പോയി. ആരോഗ്യമന്ത്രിയുടെ മക്കളും സംസ്ഥാന സിലബസ് സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നും ആരോഗ്യകരമായ അകലം പാലിച്ചുകൊണ്ട് മിടുക്കരായി പഠിക്കുന്നു. മറ്റു മന്ത്രിമാർ, എം എൽ എ -മാർ, സംഘടനാ സിംഹങ്ങൾ എന്നിവരിൽ മിക്കവരും അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകളിൽ മക്കളെയും കൊച്ചുമക്കളെയും വിട്ട് കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനാകാതെ വീർപ്പുമുട്ടുന്നവരാണ്.
വ്യവസായ മന്ത്രിയുടെ മകളും മുഖ്യമന്ത്രിയുടെ കൊച്ചുമകനുമൊക്കെ പഠിക്കുന്ന സ്കൂളുകൾ നോക്കൂ. അവിടെ ജനാധിപത്യ വിദ്യാർത്ഥി സംഘങ്ങളില്ല, ഊർജതന്ത്ര ക്ലാസിൽ നിന്നും നേരെ കിണറ്റിലേക്ക് കൂപ്പുകുത്താൻ മിടുക്കുള്ള ഭൈമികളായ അധ്യാപികമാരില്ല, കപ്പിയും കയറും വെച്ച് അവർ ആർക്കിമിഡീസ് കളിക്കില്ല, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേശാഭിമാനിയിൽ ലേഖനങ്ങളായി വരികയും മുഖ്യമന്ത്രിയും സഹപ്രവർത്തകരുമടക്കം പ്രസംഗിച്ചു കൂട്ടുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ജനാധിപത്യ ഗുണങ്ങളില്ല. എന്നിട്ടും ഇവരൊക്കെ മക്കളെയും കൊച്ചുമക്കളെയും എന്തിനാണ് അങ്ങോട്ടേക്ക് വിടുന്നത്? തീർച്ചയായും അവരോട് ഈ ചോദ്യം മക്കൾ ചോദിക്കും. തൊണ്ടയിൽ കുടുങ്ങി നിൽക്കുന്ന സങ്കടത്തിന്റെ മിച്ചമൂല്യം മുഴുവനും ചേർത്തുകൊണ്ടായിരിക്കും അവർ മറുപടി പറയുക. മക്കളെ, സാധാരണക്കാരായ മനുഷ്യരുടെ മക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠിക്കാൻ ഒരു സീറ്റെങ്കിൽ ഒരു സീറ്റ്, ഒരു ബെഞ്ചെങ്കിൽ ഒരു ബെഞ്ച് കൂടുതൽ കിട്ടട്ടെ എന്ന് കരുതിയാണ് ആ സൗഭാഗ്യം നിങ്ങൾക്ക് നിഷേധിക്കുന്നത്. പ്രസ്ഥാനത്തിന് വേണ്ടി നമ്മുടെ കുടുംബം ചെയ്യുന്ന ത്യാഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ ജനം നഷ്ടപരിഹാരമായി യൂറോപ്പിലേക്ക് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്നതും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കാൻ പു ക സ അടക്കം പന്തംകൊളുത്തി പ്രകടനം നടത്തുന്നതും.
ഉയർന്ന ഫീസുള്ള ഒരു സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയവും സർക്കാർ/എയ്ഡഡ് വിദ്യാലയവും തമ്മിലുള്ള വ്യത്യാസം പഠനനിലവാരത്തിന്റെ തർക്കങ്ങളൊക്കെ മാറ്റിവെച്ചാൽ എന്താണെന്ന് മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഓര്ത്തഡോക്സ് മന്ത്രിക്കും പ്രത്യേകിച്ച് ആകുലതയൊന്നുമുണ്ടാകാനിടയില്ലെങ്കിലും സൈദ്ധാന്തികനായ വ്യവസായ മന്ത്രിക്ക് മൂപ്പരുടെത്തന്നെ വായനയിലും പ്രസംഗങ്ങളിലും നിന്നെങ്കിലും ധാരണയുണ്ടാകും. അത് പുതുകാല അയിത്തമാണ്.
ഉദാഹരണത്തിന് വ്യവസായ മന്ത്രിയുടെ മകൾ പഠിക്കുന്ന കൊച്ചിയിലെ സ്കൂൾ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ പഠിക്കുന്ന അന്താരാഷ്ട്ര സ്കൂൾ നോക്കൂ. അവിടെ പട്ടികജാതിക്കാരായ എത്ര സഹപാഠികളുണ്ട്? കുറഞ്ഞ വരുമാനമുള്ള വീടുകളിൽ നിന്നുള്ള എത്ര കുട്ടികളുണ്ട്? (നമ്മുടെ സ്വകാര്യ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും പട്ടിക ജാതി/ വർഗത്തിൽപ്പെട്ട എത്ര അധ്യാപകരുണ്ട് എന്ന ചോദ്യം വേറെയാണ്. അതിന്റെ കണക്കുകൾ മുമ്പെഴുതിയിരുന്നു). ചരിത്രപരമായി അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ കൂട്ടത്തിൽ നിന്നുള്ള കുട്ടികൾ അത്യപൂർവ്വമായി മാത്രമെത്തുന്ന സ്കൂളുകളിലേക്ക് സ്വന്തം മക്കളെയും കൊച്ചുമക്കളെയും പറഞ്ഞുവിടുന്നതിൽ ഒട്ടും നിഷ്ക്കളങ്കതയില്ല. മറ്റ് സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല, നിങ്ങൾത്തന്നെ അവകാശപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകൾ തിങ്ങിനിറഞ്ഞു കിടക്കുമ്പോഴാണിത്.
പുത്തൻ വർഗത്തിന്റെ കുട്ടികൾ പഠിക്കുന്ന വൻതുക ഫീസുള്ള സ്കൂളുകളിൽ ഈ പുതുകാല അയിത്തം മറ്റൊരു മാനദണ്ഡത്തിലൂടെ സാധാരണക്കാരായ മനുഷ്യരെ ഒഴിവാക്കുന്നു, അത് സാമ്പത്തിക പ്രാപ്യതയാണ്. പ്രതിമാസം ആയിരക്കണക്കിന്, ചിലതിലൊക്കെ പതിനായിരക്കണക്കിനും ലക്ഷത്തോളവുമായ രൂപ ഫീസുള്ള (മുഖ്യമന്ത്രിയുടെ കൊച്ചുമകന്റെ സ്കൂളിലെ ഫീസെത്രയാണെന്ന് വെറുതെയൊന്ന്വേഷിക്കണം, മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാൻ ജാഥയ്ക്ക് മുദ്രാവാക്യം വിളിച്ച പത്തുപേരുടെ വരുമാനം മതിയാകാതെ വരും) ഇത്തരം സ്കൂളുകൾ ഉറപ്പാക്കുന്നത് ധനികരും അധികാര കേന്ദ്രങ്ങളിലെ ഉന്നതരും അടങ്ങുന്ന കേരളത്തിലെ പുത്തൻ വർഗത്തിന്റെ കുട്ടികൾ മാത്രമാണ് അത്തരം സ്കൂളുകളിൽ വരുന്നതെന്നാണ്. അതായത് സാധാരണക്കാരായ, നമ്മുടെ പ്രസംഗങ്ങളിലെ നിരന്തര സാന്നിധ്യമായ “അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ” മക്കളുമായുള്ള സംസർഗ്ഗ ദോഷം ഒഴിവാക്കിക്കിട്ടും.
പണമുള്ളവർക്ക് മാത്രം പ്രാപ്യമാകുന്ന ഒന്നായി തെരഞ്ഞെടുക്കപ്പെട്ട അധികാരകേന്ദ്രങ്ങളും മാറുന്നത് ഇന്ത്യയിൽ സ്വാഭാവികമായ ഒരു കാര്യമാണ്. അത്തരം ദുരധികാര സ്വാഭാവികതയിൽ അഭിരമിക്കുന്ന ക്ഷുദ്രതയാണ് തങ്ങളുടേതെന്ന് വെളിപ്പെടാതിരിക്കാനുള്ള തട്ടിപ്പും വാചകമടിയും മാത്രമാണ് “സാധാരണക്കാർക്ക് വേണ്ടിയുള്ള” ഈ വിപ്ലവവികസന ഓത്തും വാരവും. ധനികർക്ക് വേണ്ടി നടത്തുന്ന ദർബാറുകൾക്ക് എന്താണ് കുഴപ്പമെന്ന് അവർ ചോദിക്കുന്നത് അതുകൊണ്ടാണ്. കൂടുതൽ കാശുള്ളവർ കൂടുതൽ ബഹുമാനിക്കപ്പെടുന്ന ഒരു പരിപാടിയിൽ അതിനു നടുവിൽ ധനികരുടെ അമ്പാടിയിൽ ലീലാമാധവനായി കേരളത്തിലെ ജനാധിപത്യ സർക്കാരിന്റെ മുഖ്യമന്ത്രി-അയാൾ കമ്മ്യൂണിസ്റ്റുകാരൻ കൂടിയാണെന്ന് പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്- വിളങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സത്യമായും അവർക്ക് അത്ഭുതമുണ്ട്. കാരണം കാശുള്ളവർക്ക് മാന്യമായി ജീവിക്കാനുള്ള ഒരു വ്യവസ്ഥയ്ക്ക് വേണ്ടി വീട്ടിൽ നിന്നുതന്നെ ശ്രമം തുടങ്ങിയ വിപ്ലവ നേതൃത്വത്തിന് ഇതിലൊന്നും യാതൊരു പ്രശ്നവും തോന്നില്ല.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ പാർട്ടിയെ ഒറ്റയ്ക്ക് നയിക്കാൻ തുടങ്ങിയ ആദ്യകാലത്ത് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ അവരെ വേദിയുടെ താഴെ നിന്ന് കാണാൻ ഒരു നിരക്ക്, വേദിയിൽ കയറി തൊഴാൻ മറ്റൊരു നിരക്ക്, പൂമാല കൊടുക്കാൻ മറ്റൊരു നിരക്ക് ഇങ്ങനെയൊക്കെയായിരുന്നു. ആരാധകരായ വലിയ വ്യവസായികളൊക്കെ രണ്ടും മൂന്നും തവണ പണം കൊടുത്ത് വേദിയിൽ കയറുമായിരുന്നു. ഇതിന്റെ വേറെ ചില വഴികളാണ് അമേരിക്കയിൽ നടക്കുന്നത്. അതൊക്കെ അവിടുത്തെ രീതിയാണ് എന്ന് നോർക്ക അധ്യക്ഷനോക്കെ നമ്മെ പഠിപ്പിക്കുന്നു. ശരിയാണ്, അതാണ് വാസ്തവം. നിങ്ങൾ അധികാരം കൊണ്ട് പുളയ്ക്കുന്നത് ധനികരുടെ നാനാവിധ രീതികളിലാണ്. പണം മാത്രമാണ് എല്ലാവിധ സാമൂഹ്യഇടപാടുകളുടെയും മാനദണ്ഡമെന്ന് നിശ്ചയിക്കുന്നൊരു വ്യവസ്ഥയെ സകല വ്യവഹാരങ്ങളിലേക്കും കടത്തിവിടുകയാണ്. ഒടുവിൽ നിങ്ങളുടെ യുഗപുരുഷനും ജൈവബുദ്ധിജീവിയുമായ നേതാവിന്റെ സാമീപ്യത്തിനും നിങ്ങൾ വില നിശ്ചയിച്ചിരിക്കുന്നു. കൊടുക്കുന്നവർക്കറിയാം അതെങ്ങനെ തിരിച്ചീടാക്കണമെന്ന് എന്നതാണ് പ്രശ്നം. കാരണം അതിന്റെ ചെലവും ഭാരവും മുഴുവൻ വഹിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളും ഇവിടുത്തെ വിഭവങ്ങളുമാണ്.
നോട്ടു നിരോധനവും കോവിഡ് കാലത്തെ പൂട്ടിയിടലുമൊക്കെ വന്നപ്പോൾ നൂറുകണക്കിന് കിലോമീറ്റർ സ്വന്തം നാടുകളിലേക്ക് നടന്നുപോയ മനുഷ്യർ, വഴിയിൽ സ്വന്തം ഉറ്റവർ വീണുപോയതുകണ്ടവർ തുടർന്നുവന്ന തെരഞ്ഞെടുപ്പിലും മോദിക്കും സംഘ്പരിവാറിനും വോട്ട്ചെയ്തു. യാതൊരു മറയുമില്ലാതെ, കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം മക്കളെയും കൊച്ചുമക്കളെയുമൊക്കെ സാധാരണ മനുഷ്യരുടെ സാമീപ്യത്തു നിന്നുപോലും മാറ്റിനിർത്തി പുത്തൻ വർഗത്തിന്റെ വിജയവഴികളിലേക്ക് നയിക്കുന്നവരെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കാനൊക്കെ കുറച്ചുകാലം കൂടി ശുദ്ധാത്മാക്കളായ കുറെപ്പേരും അവസരവാദികളായ വാഴ്ത്തുപാട്ടുകാരും കുറച്ചുകാലം കൂടി കാണും. അപ്പോഴേക്കും വേണ്ടപ്പെട്ടവരൊക്കെ രക്ഷപ്പെടും. മറ്റേ വർഗ്ഗരാഷ്ട്രീയത്തിനൊക്കെ എന്തുപറ്റിയാൽ നമുക്കെന്ത്.
ബ്രിട്ടീഷുകാർ 1943- സെപ്റ്റംബർ 10-നു തൂക്കിലേറ്റിയ സ്വാതന്ത്ര്യ സമരസേനാനി വക്കം അബ്ദുൾഖാദർ പുരസ്കാരം യൂസഫലിക്ക് മുഖ്യമന്ത്രി സമ്മാനിച്ചിട്ടുണ്ട്. പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം സുരേഷ് ഗോപിക്കാണ്.
പ്രമോദ് പുഴങ്കര