Home » വയനാട്ടിലെ തെരഞ്ഞെടുപ്പ്

വയനാട്ടിലെ തെരഞ്ഞെടുപ്പ്

by Jayarajan C N
വയനാട്ടിലെ പോളിങ്ങ് ശതമാനം കുറഞ്ഞതു കൊണ്ട് എന്തു സംഭവിക്കും എന്നതല്ല രാജ്യത്തെ ജനങ്ങളുടെ, വയനാട്ടിലെ ജനങ്ങളുടെ മുന്നിലുള്ള വിഷയം….
അവിടെ പരിസ്ഥിതി രംഗത്തെ വിദഗ്ദ്ധർ കാലങ്ങളായി ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്ന അതീവ ഗുരുതരങ്ങളായ പ്രശ്നങ്ങളുണ്ട്…
അതു അഭിസംബോധന ചെയ്യാൻ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തയ്യാറായിട്ടില്ല. ഇത്തവണയും അതിന്റെ ആവർത്തനമാണ് സംഭവിച്ചിട്ടുള്ളത്…
അവിടുത്ത കർഷകരുടെ പ്രശ്നങ്ങളെന്തെന്നും അതിന് തങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നും പറയാൻ ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും കഴിയുന്നില്ല…
കാരണം, വികസനമെന്ന ഏക പദാവലി ഉയർത്തുന്നതിൽ പരസ്പരം മൽസരിക്കുന്നവരാണ് ഇവരൊക്കെ. ഇതിൽ ഗുണപരമായ വ്യത്യാസങ്ങൾ അവരായിട്ട് നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നില്ല…
കേരളം കണ്ടിട്ടുള്ള പ്രാദേശികമായ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ കഴിഞ്ഞ തവണ ഉണ്ടായത്… അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി റെഡ്സ്റ്റാർ പോലുള്ള ചില കൊച്ചു സംഘടനകളല്ലാതെ മുഖ്യധാരാ കക്ഷികൾ ആരും തന്നെ ഒരു പ്രക്ഷോഭവും നടത്തിക്കാണുന്നില്ല…
മുനമ്പത്തെ വിഷയം എല്ലാ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുന്ന നേരത്തും സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടിട്ട് വാടകയ്ക്ക് താമസിച്ച് മൈലുകൾക്കപ്പുറമുളള ജോലി സ്ഥലത്ത് എത്താൻ കഴിയാതെ കഷ്ടപ്പെടുന്ന വയനാട്ടിലെ ജനവിഭാഗങ്ങളെ ഐക്യപ്പെടുത്താനും സമരം നയിക്കാനും ആർക്കും കഴിയുന്നില്ല….
കേന്ദ്ര സർക്കാർ പത്തു പൈസ തരാതിരുന്നിട്ടും സംഘപരിവാറിന്റെ സംഘടനകൾ വോട്ടും ചോദിച്ച് മുഖ്യധാരാ പാർട്ടിയായി വയനാട്ടിൽ എങ്ങും നടന്നു. അവരുടെ അഭിപ്രായങ്ങൾ മാദ്ധ്യമം മുതൽ ദി വയർ വരെയുള്ളവർ വാർത്തയാക്കി… ജനങ്ങളെ അവർക്കെതിരെ തിരിച്ചു വിടുകയും കേന്ദ്രത്തിൽ ഐക്യപ്പെട്ട് സമരം നടത്തുകയും ഒന്നും ചെയ്യാൻ വേണ്ടിയുള്ള മനസ്സ് പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണിക്കാർക്കോ ഭരണ പ്രതിപക്ഷ പാർട്ടികൾക്കോ ഉള്ളതായി കാണുന്നില്ല…
വയനാട്ടിലെ ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട് തൊവരിമലയിലും മറ്റും സമരം നടക്കുന്ന നേരം അതു നടത്തിയവർക്കും ആദിവാസികൾക്കും എതിരെ മുഖം തിരിച്ചു നിന്ന വിഭാഗങ്ങളാണ് വയനാട്ടിലെയും കേരളത്തിലെയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ… ഒടുവിൽ കോവിഡ് മൂർച്ഛിച്ച് തങ്ങളുടെ സമരം നിർത്തേണ്ടി വന്ന അവസ്ഥയിൽ അവർ പിരിഞ്ഞു പോകുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ, അവകാശങ്ങൾ ചവിട്ടിയരക്കപ്പെട്ട അവസ്ഥ തുടർന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് തുടർന്നു കൊണ്ടിരിക്കുന്നത്….
അതിനാൽ പോളിങ്ങ് കൂടിയാലും കുറഞ്ഞാലും ആരു ജയിച്ചാലും വയനാട്ടിലുള്ളവരോട് വികസനത്തിന്റെ പേരിൽ ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടാകുമെന്ന് കരുതുന്നില്ല….
അവിടെ വിവിധ മേഖലകളിൽ സമരം ചെയ്യുന്ന ജനവിഭാഗങ്ങളോട്, അവരേത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാായാലും ശരി, അവരിൽ മാത്രമാണ് മമത അവശേഷിക്കുന്നത്…
തെരുവിലിറങ്ങി പോരാടാതെ ഒന്നും മുകളിൽ നിന്ന് കെട്ടിയിറക്കിത്തരാൻ പോകുന്നില്ല. ആരും മേടിച്ചു കൊണ്ടു വന്നു തരാനും പോകുന്നില്ല….
ആദിവാസി, ദുരിതബാധിത, കർഷക, പാരിസ്ഥിതിക മേഖലകളിൽ പോരാടുന്നവർ എത്ര കണ്ട് ദുർബ്ബലരായാലും രാഷ്ട്രീയമായി അവരാണ് ശരി എന്ന കരുതാനേ നിവൃത്തിയുള്ളൂ…

You may also like

Leave a Comment