പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർക്കുന്ന പദ്ധതിയാണ് കെ റയിൽ പദ്ധതിയെന്ന് ആവർത്തിച്ചാവർത്തിച്ച് ബോധ്യം വന്നിട്ടും കോടികളുടെ കമ്മീഷൻ ലക്ഷ്യം വെച്ച് മാത്രം കേന്ദ്ര സർക്കാർ പിന്തുണയോടെ കെ.റെയിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന
പിണറായി സർക്കാറിന് ശക്തമായ ജന രോഷത്താൽ വീണ്ടും പിൻമടങ്ങേണ്ടി വരും.
കേരളത്തിൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട സമരമാണിത്.
പാരിസ്ഥിതികമായി അതീവ ഗുരുതരമായ സാഹചര്യത്തെയാണ് കേരളം അഭിമുഖീകരിക്കുന്നതെന്ന് നിരന്തരമുണ്ടാകുന്ന ദുരന്തങ്ങൾ തെളിയിച്ചു കൊണ്ടിരിക്കയാണ്. അതു കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അതി തീവ്ര മഴയായും ഉരുൾ പൊട്ടലായും, വെള്ള പ്പൊക്കമായും എല്ലാം കേരള ജനത അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ തുരങ്ക പ്പാതകളും, വൻകിട ഖനനങ്ങളും തെക്ക്-വടക്ക് കെ.റെയിലും ആകെ തന്നെ കേരളത്തെ തകർത്തെറിയും.
മാത്രമല്ല കേരളം അതീവ ഗുരുതരമായ സമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. നിത്യ നിദാന ചെലവുകൾക്കു പോലും ഭാവി തലമുറകളെ കടക്കെണിയിലേക്ക് വലിച്ചെറിയുകയാണ് സംസ്ഥാന സർക്കാർ . വികസനത്തിൻ്റെ പേര് പറഞ്ഞു സമ്പ്ദ് ഘടനയെ തകർക്കുകയും കോർപ്പറേറ്റുകൾക്ക് സംസ്ഥാനത്തെ തീറെഴുതുകയുമാണ്.
65 ലക്ഷത്തോളം വരുന്ന നിരാലംബരായ സാധാരണ മനുഷ്യരുടെ സാമൂഹൃ പെൻഷൻ കുടിശിക പോലും കൊടുക്കാൻ പണമില്ലന്ന് വിലപിക്കുന്നവർക്ക് കേരളത്തിലെ മൂന്നര കോടി ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയാൻ എന്തുമാത്രം വ്യഗ്രതയാണ് കാട്ടുന്നത് ?
കേരളത്തിലെ ജനങ്ങൾക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാവുന്ന മാർഗം എന്ന നിലയിൽ നിലവിലെ റെയിൽ പാത വികസനം ആവശ്യമായ മാറ്റങ്ങളോടെ പൂർത്തീകരിച്ച് വേഗയാത്ര കൂടി സാധ്യമാക്കുകയുമാണ് ആവശ്യം.
അതിന് പകരമാകട്ടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മോഡി സർക്കാറിൻ്റെ കോർപ്പറേറ്റ് താൽപര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പിണാറായി സർക്കാറിന് ഒപ്പം നിൽക്കുകയാണ് –
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ കെ. റെയിൽ പദ്ധതിയെ എന്തു വിലകൊടുത്തും ചെറുത്തു തോൽപ്പിക്കാൻ സമരരംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയാണ്.
സെക്രട്ടറി,
സി.പി.ഐ (എം എൽ)
റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി.
05/11/2024
എറണാകുളം.