Home » ഫ്രാൻസിൽ പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ വൻ പ്രക്ഷോഭങ്ങൾ

ഫ്രാൻസിൽ പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ വൻ പ്രക്ഷോഭങ്ങൾ

by Jayarajan C N
ഇന്നലെ ഫ്രാൻസിൽ നടന്ന പണിമുടക്ക് നമുക്ക് പാഠങ്ങൾ നൽകുന്നുണ്ട്….
ലക്ഷക്കണക്കിനാളുകളാണ് പെൻഷൻ പ്രായം 62ൽ നിന്നും 64 ആക്കുന്നതിനെതിരെ തെരുവിൽ ഇറങ്ങിയത്…
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
ട്രേഡ് യൂണിയനുകളാണ് അവിടെ പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ മുഖ്യമായും ഈ പ്രക്ഷോഭങ്ങൾ നയിച്ചത്.
(നമ്മുടെ നാട്ടിൽ ആയിരുന്നുവെങ്കിലോ? യുവാക്കൾ പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെയും ജോലി കിട്ടിയവർ അവിടെത്തന്നെ ഇരിയ്ക്കാൻ വേണ്ടി അനുകൂലമായും നിലപാട് എടുക്കും! )
ഫ്രാൻസിൽ യൂണിയനുകൾ ഇത്തരത്തിൽ പെൻഷൻ പ്രായം കൂട്ടരുതെന്ന് പറയുന്നതിന് മറ്റൊരു കാരണമുണ്ട്. അവിടെ പെൻഷൻ എന്നത് അവകാശമാണ്. തൊഴിലാളികൾ ഒരു പ്രായം വരെ ജോലി ചെയ്താൽ അവർക്ക് പെൻഷൻ മേടിച്ച് ജോലിയിൽ നിന്നും സ്വതന്ത്രമായി ഇഷ്ടമുള്ളത് ചെയ്ത് ശിഷ്ടകാലം കഴിയാൻ ഉള്ള അവകാശമുണ്ട് എന്ന് അവിടത്തെ യൂണിയനുകൾ കരുതുന്നു.
ഫ്രാൻസിലെ സാമ്പത്തിക സ്ഥിതിയും ആഗോള തലത്തിൽ ഏതൊരു രാജ്യത്തിന്റെയും കാര്യത്തിലെന്ന പോലെ ഞെരുക്കത്തിലാണ്. അതിന് പരിഹാരമെന്ന പോലെ (ഇവിടെ കേരളത്തിലും ചെയ്യാൻ ശ്രമിച്ചതു പോലെ) ആണ് പെൻഷൻ പ്രായം കൂട്ടാൻ ശ്രമിയ്ക്കുന്നത്. അതുമായി മുന്നോട്ടു പോകുമെന്നാണ് പ്രസിഡന്റ് മക്രോൺ പറയുന്നതും.
തീർച്ചയായും ഇത് ഒരു വലതുപക്ഷ നിലപാടാണെന്നും, ചിക്കാഗോ തെരുവീഥികളിലെ പ്രക്ഷോഭ കാലം മുതൽ തൊഴിലാളികൾ, അഥവാ സാധാരണ ജനങ്ങൾ നേടിയെടുത്ത അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
തൊഴിലാളിയൂണിയനുകളും കൃത്യമായി പറയുന്നത് അതാണ്. തങ്ങൾ പോരാടി നേടിയ അവകാശങ്ങളാണ് പെൻഷൻ ആനുകൂല്യവും നേരത്തേയുള്ള വിരമിക്കലും ഒക്കെ. അല്ലാതെ മാനേജ്മെന്റിന്റെയോ മുതലാളിമാരുടെയോ ഔദാര്യമല്ല എന്നവർ ആവർത്തിക്കുന്നു.
യൂണിയനുകൾ പറയുന്നത് സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ സമ്പന്നന്മാരിൽ കൂടുതൽ നികുതി ചുമത്തണമെന്നാണ്. അല്ലാതെ തൊഴിലാളിയുടെ, സാധാരണ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ നിഷേധിച്ചു കൊണ്ടല്ല എന്നവർ ചൂണ്ടിക്കാട്ടുന്നു.
ഇനി, കേരളത്തിലെ സമരവിരോധികളായ കൂപ മണ്ഡൂകങ്ങളറിയാൻ ഒരു കാര്യം കൂടി എഴുതി അവസാനിപ്പിക്കാം..
ഇന്നലെ അഥവാ വ്യാഴാഴ്ച്ച മാത്രം പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ ഫ്രാൻസിൽ നടന്നത് 200-ലേറെ റാലികളാണ്…ലക്ഷങ്ങളാണ് പങ്കെടുത്തത്…ഇതിന്റെ ഫലമായി വാഹന ഗതാഗതം, മറ്റ് പൊതു സേവനങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം സ്തംഭിച്ചു…
അവകാശങ്ങൾ ചോരയൊഴുക്കി നേടിയെടുത്തതാണ് എന്നത് മറന്ന് കങ്കാണിപ്പണിയ്ക്ക് പോകുന്നവർക്കു കൂടിയുള്ള പാഠമാണ് ഫ്രാൻസിലടക്കം യൂറോപ്പിൽ ആകമാനം നടക്കുന്ന പണിമുടക്കുകൾ….
(എഫ് ബിയിൽ നിന്ന്)

You may also like

Leave a Comment