സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ.
അദാനി സർക്കാരിന് നൽകാനുള്ള 180 കോടിയിൽ അധികം നഷ്ടപരിഹാര തുക ആദ്യം നൽകട്ടെ, പിന്നല്ലേ സമരം മൂലമുണ്ടായ നഷ്ടപരിഹാരം നൽകുന്നത്.
സമരം കാരണം പദ്ധതി പൂർത്തീകരിക്കാൻ കാലതാമസം നേരിടുമെന്നും സമരകാലയളവിൽ ഉണ്ടായ 100 കോടി രൂപയുടെ നഷ്ടം രൂപതയും മത്സ്യതൊഴിലാളികളും നൽകണമെന്നുമാണ് അദാനി വിഴിഞ്ഞം പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആവശ്യപ്പെടുന്നത്. ആദ്യം, അദാനി വിഴിഞ്ഞം പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിന് നൽകാനുള്ള 180 കോടിയിൽ അധികം വരുന്ന നഷ്ടപരിഹാര തുക നൽകട്ടെ, എന്നിട്ടല്ലേ സമരം കാരണമുള്ള നഷ്ടപരിഹാരം.
2015 ആഗസ്റ്റിൽ വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിടുമ്പോൾ പറഞ്ഞത് 1,000 ദിവസത്തിനുള്ളിൽ പദ്ധതി പൂര്‍ത്തിയാക്കും എന്നും 2018 സെപ്റ്റംബർ 1നു ഒന്നാംഘട്ടനിർമാണം പൂർത്തീകരിക്കുമെന്നുമാണ്. കരാർ പ്രകാരമുള്ള നിർമ്മാണ കാലയളവ് കഴിഞ്ഞു ആദ്യഘട്ടം പൂർത്തീകരിച്ചില്ലെങ്കിൽ ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വെച്ചു നഷ്ടപരിഹാരം നൽകണമെന്നുമാണ് കരാർ. 2018 സെപ്റ്റംബർ 1നു ഒന്നാം ഘട്ടനിർമാണം പൂർത്തീകരിക്കാൻ കഴിയാത്തതിന് അദാനി കാരണം പറഞ്ഞത് ഓഖിയെയാണ്. ഓഖിയല്ല കാരണം എങ്കിൽ കൂടി പാറയുടെ ലഭ്യതയും കൂടി കണക്കാക്കി 2019 ഡിസംബർ മൂന്നു വരെ സർക്കാർ അവസാന സമയപരിധി നൽകി. അതും പൂർത്തീകരിക്കാൻ അദാനിയ്ക്കായില്ല. പോർട്ട് നിർമ്മാണത്തിനു പാറ ലഭ്യത ഇല്ലായെന്നത് ശുദ്ധനുണയും സമയപരിധി നീട്ടിക്കിട്ടാനുള്ള അദാനിയുടെ തന്ത്രവുമാണ്. നിർമ്മാണത്തിന് ആവശ്യമായ പാറ കേരളത്തിന്റെ തെക്കൻ ജില്ലയിൽ നിന്നു സുലഭമായി ലഭിക്കുന്നുണ്ട്. ഇത് സർക്കാരിന് ബോധ്യപ്പെട്ടത് കൊണ്ടാണ് ലോക്ക്ഡൗണ്‍ കാലയളവില്‍ പോർട്ട് നിർമ്മാണത്തിന്റെ പണിമുടങ്ങിയ 34 ദിവസം ഒഴിവാക്കികൊണ്ട് സർക്കാർ അന്തിമ സമയപരിധി അദാനിയ്ക്ക് നൽകിയത്.
അദാനി പോര്‍ട്സ് ചെയര്‍മാനും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിൽ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമായില്ല. അതുകൊണ്ടാണ് ഇപ്പോൾ നഷ്ടപരിഹാരം ഈടാക്കാൻ ആര്ബിട്രേഷന് നടപടികള്‍ സർക്കാർ ആരംഭിച്ചത്. എന്നാൽ ആര്ബിട്രേഷന് നടപടികളെ അംഗീകരിക്കാൻ അദാനി വിഴിഞ്ഞം പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറായല്ല. എന്നുപറഞ്ഞാൽ നഷ്ടപരിഹാരം സർക്കാരിന് നൽകില്ല.
വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിന് ആവശ്യമായി വരുന്ന 7,525 കോടി രൂപയില്‍ 1,635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം 3,436 കോടി രൂപയുമാണ്. 2,454 കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്. അതും അദാനിയല്ല മുടക്കുന്നത്. സർക്കാർ പൊന്നും വില നൽകി വാങ്ങിയ പദ്ധതിഭൂമിയിൽ 360 ഏക്കർ ഭൂമി സ്വതന്ത്ര കരാറിൽ സർക്കാർ അദാനിയ്ക്ക് നൽകിക്കഴിഞ്ഞു. ഇതിന്റെ ഈടിൽമേൽ 3000 കോടി രൂപ ലോൺ നൽകാമെന്ന് എസ്.ബി.ഐ. ഏറ്റിട്ടുമുണ്ട്. അതായത്, 7525 കോടി പദ്ധതിതുകയിൽ അദാനി ഒരു രൂപ പോലും മുടക്കേണ്ട ആവശ്യമില്ല.
സർക്കാരിന്റെ ഉടമസ്ഥയിലുള്ള പോർട്ടിന്റെ പ്രവർത്തന അധികാരം 40 വർഷത്തേയ്ക്ക് അദാനിയ്ക്കാണ്. നിർമ്മാണം കഴിഞ്ഞു 15 വർഷം കഴിയുമ്പോൾ ലാഭത്തിന്റെ ഒരു ശതമാനം സർക്കാരിന് ലഭിക്കും. അതുകഴിഞ്ഞു ഓരോ വർഷം കഴിയുമ്പോഴും ഒരു ശതമാനം വീതം കൂടും. പ്രത്യേകം മനസ്സിലാക്കേണ്ടത് ലാഭത്തിന്റെ ഒരു ശതമാനമാണ് സർക്കാരിന് ലഭിക്കുക. വിഴിഞ്ഞം പദ്ധതി ഒരു കാരണവശാലും ലാഭകരമായിരിക്കില്ല എന്നാണു ഫീസിബിലിറ്റി പഠിച്ച ഏർനെസ്റ്റ് ആന്റ് യംഗ് ഉൾപ്പെടെയുള്ള മൂന്നു കമ്മീഷനും റിപ്പോർട്ട് നൽകിയത്. അപ്പോൾ ഏത് ലാഭത്തിന്റെ ഏത് വിഹിതമാണ് സർക്കാരിന് ലഭിക്കുക ? ചുരുക്കത്തിൽ സർക്കാരിനും മത്സ്യതൊഴിലാളികൾക്കും കേരളത്തിനും നഷ്ടം മാത്രം ഉണ്ടാക്കുന്ന ഒരു വലിയ തട്ടിപ്പ് പദ്ധതിയാണ് വിഴിഞ്ഞം പോർട്ട് പദ്ധതി.
വിഴിഞ്ഞം തുറമുഖ പദ്ധതിയല്ല, ആഗോള താപനമാണ് തീരശോഷണത്തിനു കാരണമെന്നാണ് സർക്കാർ പറയുന്നത്. ‘വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വടക്കൻ തീരങ്ങൾ മാത്രം എന്തുകൊണ്ടു വലിയ തോതിൽ നഷ്ടപ്പെടുന്നത് ?’, ആഗോളതാപനത്തതിന് അങ്ങനെ ഒരു തെരഞ്ഞടുപ്പ് ഉണ്ടോ ? എന്ന മത്സ്യതൊഴിലാളികളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയുന്നില്ല. അതിജീവനത്തിനും ഉപജീവനത്തിനും, ആവാസവ്യവസ്ഥയും കടലും തീരവും സംരക്ഷിക്കാൻ സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾക്കൊപ്പം നിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിന് അഭിവാദ്യങ്ങൾ.
കെ സന്തോഷ് കുമാർ