Home » വിഴിഞ്ഞം പദ്ധതി – രണ്ടു ലേഖനങ്ങൾ

വിഴിഞ്ഞം പദ്ധതി – രണ്ടു ലേഖനങ്ങൾ

by Jayarajan C N

വിഴിഞ്ഞം പോർട്ടിനെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായ ഈ അവസരത്തിൽ വിഴിഞ്ഞം പോർട്ട് പദ്ധതിയുടെ ദേശദ്രോഹ വിവക്ഷകളെ സംബന്ധിച്ച് സഖാവ് പി ജെ ജെയിംസ് ‘സഖാവ്’ മാസികയിൽ 2015 ലും 2017 ലുമായി എഴുതിയ രണ്ട് ലേഖനങ്ങൾ ഞങ്ങൾ ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു { 1) വിഴിഞ്ഞം: അദാനിയുടെ കുംഭ വീർപ്പിക്കുന്ന ദേശദ്രോഹ പദ്ധ്തി – ‘സഖാവ്’ മാസിക, സെപ്തംബർ 2015 ; 2) വിഴിഞ്ഞത്തെ എൽഡിഎഫി – യുഡിഎഫ് – ബിജെപി സമവായം – ‘സഖാവ്’ മാസിക, ഒക്ടോബർ 2017}. 8 ഉം 6 ഉം വർഷങ്ങൾക്ക്‌ മുൻപ്‌ എഴുതിയ ലേഖനങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ അതേപടി ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു – ‘സഖാവ്‌’ മാസിക പത്രാധിപ സമിതി

 

വിഴിഞ്ഞം: അദാനിയുടെ കുംഭ വീർപ്പിക്കുന്ന ദേശദ്രോഹ പദ്ധതി

 

മോദി ഭരണം സംജാതമാക്കിയ തീവ്രവലതു സാമ്പത്തിക നയത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ഉമ്മൻ ഭരണത്തെ വരുതിയിലാക്കിയും സിപിഎം നയിക്കുന്ന പ്രതിപക്ഷത്തെ നിശബ്ദരാക്കിയും കോർപ്പറേറ്റ് മീഡിയയുടെ പിന്തുണ ഉറപ്പാക്കിയും ഗൗതം അദാനി അടിച്ചെടുത്ത വിഴിഞ്ഞം തുറമുഖ പദ്ധതി വികസന ത്തിന്റെ മായാജാലം കൊണ്ടുവരുമെന്നാണ് നിക്ഷിപ്ത കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ പ്രചരണത്തിന് വസ്തുതകളുടെ പിൻബലമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

 

നിർദിഷ്ട വിഴിഞ്ഞം പദ്ധതി, ഇപ്പോൾ ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരം നടപ്പാക്കുകയാണെങ്കിൽ, അതു കേരളത്തിന്റെ പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയ്ക്കും കൊടിയ വിനാശം വരുത്തി വെക്കുന്നതോടൊപ്പം സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്ന കട പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. വിഴിഞ്ഞം പ്രദേശത്തെ ആറ് ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ അഭയാർത്ഥികളാകുകയും അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിനു പേർ ജീവിതോപാധികൾക്കായി പലായനം ചെയ്യേണ്ടതായും വരും. 100 ലക്ഷം ടണ്ണോളം കരിങ്കല്ല് കടൽഭിത്തി – പുലിമുട്ട് നിർമ്മാണത്തിനും കെട്ടിട സമുച്ചയങ്ങൾക്കും വേണ്ടി വരുമെന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെയും അയൽ ജില്ലകളിലെയും അവശേഷിക്കുന്ന കുന്നുകൾ പോലും ഇടിച്ചു നിരത്തേണ്ടി വരും. ഇതെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശം കൊടിയ ദുരന്തത്തിലേക്കു കേരളത്തെ തള്ളിവിടും. വല്ലാർപാടത്ത് സംഭവിച്ചതുപോലെ, നിലവിലുള്ള ആഗോള സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി സാമ്പത്തികമായി തികഞ്ഞ പരാജയമായി രേഖപ്പെടുത്തപ്പെടും. ഇതിനിടയിൽ, പ്രധാനമായും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെയും വിഴിഞ്ഞം പ്രദേശത്തിന്റെ ഉടമസ്ഥതയിലൂടെയും അദാനിയുടെ കോർപ്പറേറ്റ് സാമ്രാജ്യം ഇനിയും വികസിക്കും. വിഴിഞ്ഞം ഒരു പ്രത്യേക സാമ്പത്തിക മേഖലയാക്കി പ്രഖ്യാപിക്കപ്പെടുന്നതോടെ, സംസ്ഥാന ഭരണത്തിനോ നിയമ സംവിധാനങ്ങൾക്കോ പോലീസിനോ പ്രവേശനമില്ലാത്ത ഒരു അതിരിക്ത ദേശീയാധികാര (extra- territorial) പ്രദേശമായി വിഴിഞ്ഞം മാറും. ആത്യന്തികമായി ദേശ ദ്രോഹവും ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിയ വിനാശവുമായിരിക്കും വിഴിഞ്ഞത്തിന്റെ ബാക്കിപത്രം. ഈ സന്ദർഭത്തിൽ പ്രസക്തമായ ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 

അദാനി കടന്നുവരുന്നത്

ഒട്ടേറെ പരിമിതികളോടെയെങ്കിലും നിലവിലുള്ള തൊഴിൽ പരിസ്ഥിതി നിയമങ്ങൾ പാലിച്ചും തൊഴിലവസരങ്ങളും ഉല്പാദനവും വികസിപ്പിച്ചും സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയെന്ന സാമ്പത്തികനയം പാടെ കുഴിച്ചുമൂടി, രാജ്യത്തെ തൊഴിൽ – പരിസ്ഥിതി നിയമങ്ങളെല്ലാം ലംഘിച്ച് ഭൂമിയും പ്രകൃതി വിഭവങ്ങളും കൈക്കലാക്കിയും ഓഹരി അവധിവ്യാപാര -ഊഹക്കച്ചവട-റിയൽ എസ്റ്റേറ്റ് മേഖലകൾ വികസിപ്പിച്ചും സമ്പത്ത് സമാഹരിക്കുന്ന കോർപ്പറേറ്റുവൽക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് കേട്ടുകേൾവി പോലുമില്ലാതിരുന്ന അദാനി എന്ന കമ്പനി രംഗത്തുവരുന്നത്. ദേശീയ സമ്പത്തും ജനങ്ങളുടെ നികുതിപ്പണവും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ഭൂമിയും പൊതുമേഖലാ ബാങ്കുകളിലെ ലക്ഷക്കണക്കിന് കോടി രൂപ വരുന്ന നിക്ഷേപങ്ങളും കോർപ്പറേറ്റുകൾക്ക് കൈമാറി അവരെ തടിച്ചു കൊഴുപ്പിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത (public-private-partnership -PPP) പദ്ധതികൾ വ്യാപകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ലോകത്തെ ഏറ്റവും വലിയ പിപിപി കമ്പോളമാക്കി ഇന്ത്യയെ മാറ്റുകയാണ് ബിജെപി സർക്കാരിന്റെ ദൗത്യമെന്ന് അതിന്റെ ബജറ്റ് രേഖകൾ തന്നെ വ്യക്തമാക്കുന്നു. പിപിപി എന്ന ദേശദ്രോഹ ഏർപ്പാടിനോട് വിയോജിപ്പില്ലാത്തതു കൊണ്ടാണ് , അദാനിയുടെ വിഴിഞ്ഞം പദ്ധതിയോട് നിലപാടെടുക്കാൻ കഴിയാതെ നിസ്സംഗരായ കാഴ്ചക്കാരായി നിൽക്കാൻ സിപിഎം നിർബന്ധിതമാക്കപ്പെട്ടത്.

 

1988 ൽ ചരക്കുവ്യാപാര രംഗത്തെ ഒരു സാധാരണ ഊഹകച്ചവടക്കാരനായി പ്രവർത്തനമാരംഭിച്ച അദാനി ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുന്നത് 1994-ൽ മാത്രമാണ്. എന്നാൽ, കൊളോണിയൽ കാലം മുതൽ ഇന്ത്യയിൽ വളർന്നു വികസിച്ച പേരുകേട്ട പല കുത്തകകളെയും പിന്തള്ളി ഇന്ത്യയിലെ കോർപ്പറേറ്റ് – ശതകോടീശ്വരന്മാരുടെ മുൻ നിരക്കാരനാക്കി അദാനിയെ മാറ്റിയത് കോർപ്പറേറ്റ് പിമ്പുകളും കമ്മീഷൻ ദാഹികളുമായ ഇന്ത്യൻ രാഷ്ട്രീയനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ഒത്താശയോടെ രാജ്യ സമ്പത്ത് അടിച്ചെടുക്കാൻ കഴിഞ്ഞത് ഒന്നുകൊണ്ടുമാത്രമാണ്. വിസ്താര ഭയത്താൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഏതാനും സൂചനകൾ മാത്രമാണ് ഇവിടെ നൽകുന്നത്.

 

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഒരു ദശാബ്ദക്കാലം ലോക കുത്തക പട്ടിക യിലേക്കുള്ള അദാനിയുടെ വളർച്ചയുടെ സുവർണ്ണ കാലമായിരുന്നു. ഫോർബ്സ് മാസിക നടത്തിയ പഠനമനുസരിച്ച്, കൃത്യമായി പറഞ്ഞാൽ 2002 നും 2013 നുമിടയിൽ അദാനിയുടെ കോർപ്പറേറ്റ് സാമ്രാജ്യം 13 ഇരട്ടി (1300 ശതമാനം) കണ്ടാണ് കുതിച്ചുയർന്നത്. ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും ഒരു കൊള്ളിമീൻ പോലെ ഇത്ര ഹ്രസ്വമായ ഒരു കാലയളവിൽ ഇത്രമാത്രം സമ്പത്ത് വർധിപ്പിച്ച ഒരു കോർപ്പറേറ്റ് കമ്പനിയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയാകുന്നതുവരെ മോദി ഉപയോഗിച്ചിരുന്നത് അദാനിയുടെ വിമാനമായിരുന്നു. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഗോവയിൽ വച്ച് നടന്ന അദാനിയുടെ മകന്റെ വിവാഹത്തിന് ഒരു കാരണവരെ പോലെ രണ്ടു ദിവസം മുഴുവൻ അതിൽ സൽക്കാരത്തിനു നേതൃത്വം കൊടുത്തുകൊണ്ട് മോദി സന്നിഹിതനായിരുന്നു. ഇക്കാലയളവിൽ ഗുജറാത്തിലെ കച്ച് ഉൾക്കടലും മുദ്രാ പോർട്ടുമായി ബന്ധപ്പെട്ട 20000 ഏക്കറോളം പ്രദേശങ്ങളും അദാനിയുടെ സ്വന്തമായിക്കഴിഞ്ഞിരുന്നു. ഇതു കൂടാതെ ദരിദ്ര കർഷകരും മീൻപിടുത്തക്കാരുമായ ഗ്രാമീണരുടെ 3000 ഏക്കറോളം ഭൂമി അദാനി കവർന്നെടുക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖല (SEZ) രൂപം കൊണ്ടിരിക്കുന്നത് രാജ്യത്തു നിലവിലുള്ള നിയമം അനുശാസിക്കുന്ന തരത്തിലുള്ള പരിസ്ഥിതി ആഘാത പഠനങ്ങൾ പോലും നടത്താതെയാണ്. അദാനി പോർട്ട്സ് സ്പെഷ്യൽ ഇക്കണോമിക് സോൺ പ്രവർത്തിക്കുന്നത് പരിസ്ഥിതി ആഘാത പഠനങ്ങൾ ഇല്ലാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതി അതിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ, സുപ്രീംകോടതി പ്രവർത്തനാനുമതി അനുവദിക്കുകയും സമയബന്ധിതമായി പരിസ്ഥിതി ക്ലിയറൻസ് നേടിയിരിക്കണമെന്ന് അദാനിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. യുപിഎ ഭരണത്തിന്റെ അവസാന നാളുകളിൽ ഇതിനുള്ള ശ്രമങ്ങൾ അദാനി നടത്തിയെങ്കിലും 2014 ൽ തന്റെ ‘മെന്റർ’ കൂടിയായ മോദി പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. പ്രധാനമന്ത്രിപദം ഏറ്റെടുത്തു രണ്ടുമാസത്തിനുള്ളിൽ, അതായത് 2014 ജൂലൈ മാസം അദാനിക്ക് ആവശ്യമായ പരിസ്ഥിതി ക്ലിയറൻസ് മോദി നൽകുകയുണ്ടായി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയത്തിൽ ചില കേസുകളും മറ്റും നടക്കുമ്പോൾ ഇക്കാര്യം ഓർമ്മവെക്കുന്നത് നന്നായിരിക്കും.

മോദിക്ക് പ്രിയപ്പെട്ടവനായ അദാനിയോട് കോൺഗ്രസ്സ് നേതൃത്വത്തിന് താല്പര്യം കുറയുക സ്വാഭാവികം. സാമ്പത്തിക നയങ്ങളിൽ ഒരേ തൂവൽപക്ഷികളാണെങ്കിലും ഭരണവർഗ്ഗങ്ങൾക്കിടയിലെ വൈരുദ്ധ്യമായി ഇതിനെ കണ്ടാൽമതി. എന്നാൽ, കേരളത്തിലെ ഉമ്മൻചാണ്ടിയാകട്ടെ, ഹൈക്കമാൻഡിനെ മറികടന്നും കോർപ്പറേറ്റ് ബാന്ധവത്തിന് ശ്രമിക്കുന്ന ആളാണെന്ന് ബിജെപി ക്കും മോദിക്കും നേരത്തെ അറിയാം. മോദിയുടെ ഗുജറാത്തിൽ തൊഴിലാളികളെയും പരിസ്ഥിതി പ്രവർത്തകരെയും കൈകാര്യം ചെയ്യുന്നതിനെപ്പറ്റി പഠിച്ചു വരാൻ ക്യാബിനറ്റ് മന്ത്രിമാരെത്തന്നെ അവിടേക്ക് ഉമ്മൻചാണ്ടി പറഞ്ഞു വിട്ടത് കേന്ദ്രഭരണത്തിന്റെ റിമോട്ട് കൺട്രോൾ സോണിയാഗാന്ധി കൈകാര്യം ചെയ്തിരുന്ന കാലത്ത് തന്നെയായിരുന്നല്ലോ. എന്നാൽ, മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും കോൺഗ്രസ് ഹൈക്കമാന്റ് ലോക്കമാന്റായി തരം താഴുകയും ചെയ്തതോടെ മോദിയുമായി ബാന്ധവം സ്ഥാപിക്കാൻ ഉമ്മൻചാണ്ടിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ബജറ്റ് പോലും വിറ്റ് കാശുണ്ടാക്കുന്നത് കലയാക്കി വികസിപ്പിച്ച് അഴിമതിയിൽ പുതഞ്ഞു നാറുന്ന മാണിയെ തന്നെ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയുടെ ചെയർമാനായി മോദി നിയമിച്ചത് കോർപ്പറേറ്റ് വികസനത്തിലും അതുമായി ബന്ധപ്പെട്ട ഇടപാടുകളിലും ബിജെപിയും കോൺഗ്രസും കേരള കോൺഗ്രസുമെല്ലാം പങ്കുകാരാണെന്നതിന്റെ തെളിവാണെന്ന് വീണ്ടും ഇവിടെ ആവർത്തിക്കേണ്ടതില്ല.

 

ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ്, അച്യുതാനന്ദൻ ഭരണകാലത്ത് വിഴിഞ്ഞത്തിൽ കണ്ണുവെച്ചു തുടങ്ങിയ അദാനി ഉമ്മൻ ഭരണം അവസാനിക്കുന്നതിനു മുൻപ് കേന്ദ്ര ഭരണത്തിലെ സ്വാധീനമുപയോഗിച്ച് ഡൽഹിയിൽ കെവി തോമസിന്റെ വസതിയിൽ വെച്ച് ഡീലുറപ്പിച്ചത്. പിപിപി മോഡലിനോടും കോർപ്പറേറ്റുവൽക്കരണത്തോടും അടിസ്ഥാനപരമായി ഒരു വിയോജിപ്പുമില്ലാതെ സിപിഎം നേതൃത്വം പദ്ധതിയിൽ സുതാര്യതയില്ലായ്മയും അഴിമതിയും ആരോപിച്ച് ഒതുങ്ങിക്കൊള്ളുമെന്നും ഉമ്മൻചാണ്ടിക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണ് അദാനിക്ക് മാത്രം പങ്കെടുക്കാവുന്നവിധം വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി നഷ്ടമാണെന്നു വരുത്തി തീർക്കുന്ന ടെൻഡർ വ്യവസ്ഥകൾ ഉൾപ്പെടുത്തി ലേലം വിളി നടത്തിയത്. ഇതുവഴി മറ്റുപല കമ്പനികളെയും വിദഗ്ധമായി ഒഴിവാക്കുന്നതിൽ മോദി – ചാണ്ടി – അദാനി ത്രയം വിജയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അദാനിയുടെയും കോർപ്പറേറ്റ് മാധ്യമങ്ങളുടെയും ആസൂത്രിതമായ കരുനീക്കങ്ങളിലൂടെ അപ്രകാരം സ്വന്തം സമ്പത്ത് പലമടങ്ങ് വർദ്ധിപ്പിക്കാവുന്ന വിഴിഞ്ഞം പദ്ധതി അദാനി കൈവശപ്പെടുത്തിയിരിക്കുന്നു.

 

തുടക്കം തന്നെ കൊള്ളയിൽ

മുമ്പു പലതവണ സൂചിപ്പിച്ചിട്ടുള്ളതു പോലെ, 7525 കോടി രൂപ മുടക്കുമുതൽ കണക്കാക്കിയിരിക്കുന്ന വിഴിഞ്ഞം പിപിപി പദ്ധതി വ്യവസ്ഥകൾ സാമ്പത്തിക രംഗത്ത് ഇതുവരെ കേട്ടിട്ടില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ ഒന്നാണ്. ഇതിൽ അദാനിയുടെ മുടക്കു മുതലായി കണക്കാക്കുന്നത് 2454 കോടി രൂപയും; അതായത്, ഏകദേശം 31 ശതമാനം. സർക്കാർ മുടക്കുന്നത് 5071 കോടി രൂപയാണ്. മോദി സർക്കാർ അദാനിക്ക് നൽകുന്ന 818 കോടി രൂപയും കേരള സർക്കാർ നൽകുന്ന 817 കോടിരൂപയും ഉൾപ്പെടുന്ന 1635 കോടി രൂപ ‘ലാഭക്ഷമതാ’ ഘടകം എന്ന നിലയിൽ അദാനിക്ക് ഗ്രന്റായി ലഭിക്കും. അദാനിക്ക് കൊടുക്കുന്ന ഗ്രാന്റും പദ്ധതിക്കു മുടക്കുന്ന തുകയുമടക്കം മൊത്തം പദ്ധതിച്ചെലവിന്റെ 69 ശതമാനം സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളെ പിഴിഞ്ഞെടുത്തോ ബാഹ്യ കേന്ദ്രങ്ങളിൽ നിന്ന് കടമെടുത്തോ കണ്ടെത്തേണ്ടിവരും. ഉമ്മൻ ഭരണം അധികാരത്തിലെത്തുമ്പോൾ 80000 കോടി രൂപയോളമായിരുന്ന കേരളത്തിന്റെ പൊതുകടം ഇപ്പോൾ നേരെ ഇരട്ടിയായി വർധിച്ച് ഒന്നര ലക്ഷം കോടി രൂപയോളമായിരിക്കുന്നു. ഓരോ കേരളീയന്റെയും പ്രതിശീർഷ കടം അരലക്ഷം രൂപയായിരിക്കുന്നു. അദാനിക്കും മറ്റ് കോർപ്പറേറ്റ് കൊള്ളക്കാർക്കും നൽകേണ്ട തുക ലോകബാങ്ക്, എഡിബി തുടങ്ങിയ പുത്തൻ കൊളോണിയൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ കടപ്പത്രങ്ങൾ വിറ്റോ ജനങ്ങളുടെ മേൽ ഫീസും നികുതികളും ചുമത്തിയോ കണ്ടെത്തുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉമ്മൻ ഭരണത്തിന്റെ മുന്നിലില്ല. 10 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ 40 വർഷം കൊണ്ട് ഇപ്പോൾ ഉമ്മൻ ഭരണം മുടക്കുന്ന 5000 ത്തിലധികം കോടി രൂപ രണ്ടേകാൽ ലക്ഷം കോടി രൂപയുടെ കടമായി ഭാവിതലമുറയുടെ ചുമലിൽ വന്നുചേരും. പൊറുക്കാനാവാത്ത അപരാധമാണിത്.

 

എന്നാൽ, അദാനിയെ സംബന്ധിച്ചിടത്തോളം ആവശ്യമുള്ള പണം നൽകാനായി പൊതുമേഖലാ ബാങ്കുകൾ ക്യൂ നിൽക്കുന്നതാണ് നിലവിലുള്ള ബാങ്കിംഗ് വ്യവസ്ഥ. ആസ്ത്രേലിയയിലെ പസഫിക് സമുദ്ര തീരത്തുള്ള ക്വീൻസ് ലാന്റ് പ്രദേശത്ത് ലോകത്തേറ്റവും വലിയ കൽക്കരി ഖനന പദ്ധതി ആരംഭിക്കാനുള്ള ഉടമ്പടി ഒപ്പുവെക്കാൻ മോദിയും അദാനി യും പോയപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയും അനുഗമിച്ചത് 6000 കോടി രൂപ വെറും ഗുഡ്‌വിൽ അടിസ്ഥാനത്തിൽ ബാങ്കിൽ നിന്നും അദാനിക്ക് നൽകാൻ വേണ്ടിയായിരുന്നു. (പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും ആദിവാസി സംഘടനകളുടെയും എതിർപ്പുമൂലം അദാനിയുടെ ആസ്ത്രേലിയൻ പദ്ധതി പുഴുങ്ങി എന്നാണ് അറിയുന്നത്). തന്റെ കോർപ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും അദാനി എടുത്തതിൽ 65,000 കോടി രൂപയോളം കിട്ടാക്കടമായി അവശേഷിക്കുന്നു എന്ന റിപ്പോർട്ടുകളുണ്ട്. പൊതുമേഖലാ ബാങ്കുകൾക്ക് കോർപ്പറേറ്റുകളിൽ നിന്നും കിട്ടാനുള്ള മൂന്നരലക്ഷം കോടി രൂപ കേന്ദ്രസർക്കാർ എഴുതി തള്ളിയ കാര്യം കഴിഞ്ഞ ലക്കം ‘സഖാവി’ൽ സൂചിപ്പിച്ചിരുന്നു. അതേ കോർപ്പറേറ്റുകളെ പാവപ്പെട്ടവരുടെ കടം പിടിച്ചെടുക്കാനുള്ള ക്വട്ടേഷത്തലവന്മാരായി സ്റ്റേറ്റ് ബാങ്ക് കേരളത്തിൽ നിയമിച്ച കാര്യം ചർച്ച യാണല്ലോ. അതായത്, കേരള സർക്കാരിന് പണം നൽകാൻ തയ്യാറല്ലാത്ത പൊതുമേഖലാ ബാങ്കുകൾ അദാനിയെപ്പോലുള്ള കോർപ്പറേറ്റ് കുത്തകകൾക്ക് യാതൊരു ഈടുമില്ലാതെ എത്രകോടി പണം വേണമെങ്കിലും തരപ്പെടുത്തുന്ന ദേശവിരുദ്ധ കാലത്താണ് നമ്മൾ ജീവിക്കുന്നത്.

ഇതുകൂടാതെ, കേരളത്തിലെ പ്രതിപക്ഷ നേതാവ് സ. അച്യുതാനന്ദൻ ചൂണ്ടിക്കാട്ടിയതു പോലെ, ഔദ്യോഗിക കണക്കുപ്രകാരം ആയിരം കോടി രൂപയുടെ വിലയുള്ള ഭൂമി (കമ്പോളവില ഇതിന്റെ പല മടങ്ങാകും) തുടക്കത്തിൽതന്നെ അദാനിയുടെ നിയന്ത്രണത്തിലാകും. നികത്തി എടുക്കാൻ പോകുന്ന സ്ഥലത്തെപ്പറ്റി ഏകദേശ വിവരം മാത്രമെ ലഭ്യമായിട്ടുള്ളൂ. അത് 130 ഏക്കറാണെന്നും അതല്ല, 180 ഏക്കർ ആണെന്നും പറയുന്നു. വിഴിഞ്ഞത്ത് കാലുറപ്പിക്കുന്നതോടെ അദാനി ഗുജറാത്തിൽ ചെയ്തതുപോലെ, കൈവശപ്പെടുത്താൻ പോകുന്ന ഭൂമി ഒട്ടും കുറവായിരിക്കില്ല. ഇപ്പോൾ ഉമ്മൻ സർക്കാർ എടുത്തു നൽകാൻ പോകുന്ന 120 ലധികം ഏക്കറും നികത്തിയെടുക്കാൻ പോകുന്ന ഭൂമിയും ഉൾപ്പെടെ 352 ഏക്കറോളം ഭൂമി പ്രായോഗികമായി അദാനിയുടെ ഉടമസ്ഥതയിലാകും. ഇപ്പോഴത്തെ ന്യായവില അനുസരിച്ച് 3000 കോടി അദാനിയുടെ കയ്യിലായി എന്നു പറയുന്നത് ഈയർത്ഥത്തിലാണ്. എന്നാൽ, ഇപ്പോഴത്തെ ഉടമ്പടിപ്രകാരം മൂന്നിലൊന്നു ഭൂമി റിയൽ എസ്റ്റേറ്റ് കച്ചവടത്തിനുള്ളതാണ്. ഗുജറാത്തിൽ അദാനി നടത്തിയ റിയൽ എസ്റ്റേറ്റ് പരിപാടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അവിടെ ചതുരശ്ര മീറ്ററിന് കൃത്യം 5 സെന്റ്സ് (ഒരു ഡോളർ = 100 സെന്റ്സ്. ഇപ്പോഴത്തെ നിരക്ക് പ്രകാരം 45 സെന്റ്സ് = 30 രൂപ) എന്ന നിരക്കിലാണ് സർക്കാർ അദാനിക്ക് ഭൂമി നൽകിയത്. അദാനിയാകട്ടെ, പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ചതുരശ്രമീറ്ററിന് 11 ഡോളർ (715 രൂപ) എന്ന നിരക്കിൽ അതു മറിച്ചുവിറ്റു. ഈ റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ അദാനിയുടെ ലാഭം 25 ഇരട്ടി വർധിച്ചുവെന്ന് ചുരുക്കം. വിഴിഞ്ഞത്തു ഭൂമി കച്ചവടത്തിലൂടെ അദാനി ആയിരക്കണക്കിനു കോടികൾ അടിച്ചു മാറ്റുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്നുമാത്രമല്ല, ഗ്രാമങ്ങൾ കയ്യേറിയതിന്റെയും കണ്ടൽക്കാടുകൾ തകർത്തതിന്റെയും പേരിൽ ഗുജറാത്തിൽ കേസുകൾ നേരിടുന്ന കമ്പനി കൂടിയാണ് അദാനി. ആസ്ട്രേലിയയിലെ ഗോത്രവർഗ്ഗക്കാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകൾ അദാനി ക്കെതിരെ ഇതേ ആരോപണങ്ങളാണ് ഉയർത്തുന്നത്.

 

ലാഭം വീതം വെക്കൽ

സാങ്കല്പിക കഥയിൽ പോലും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ലാഭം വീതം വെപ്പാണ് ഈ ‘സ്വപ്നപദ്ധതി’ യിലുള്ളത്. മേൽസൂചിപ്പിച്ച വിവരണത്തിൽനിന്നും സ്വന്തം കീശയിൽനിന്നും ഒരു പൈസ പോലും മുടക്കാതെ അദാനിക്ക് വിഴിഞ്ഞത്ത് ആധിപത്യമുറപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാണ്. എന്നാൽ, ഏറെ കൗതുക കരമായ ലാഭവീതം വെപ്പാണ് ഉടമ്പടിയിലുള്ളത്. ആയിരം ദിവസത്തിനുള്ളിൽ തുറമുഖം പ്രവർത്തിച്ചു തുടങ്ങുമെന്നാണ് ഉദ്ഘാടനത്തിൽ പങ്കെടുത്തവരുടെ വായിൽ വെള്ളമൂറവെ അദാനി വിളമ്പിയിരിക്കുന്നത്. കേരള സർക്കാരിനാകട്ടെ,15-ാം വർഷം മുതൽ ലാഭത്തിന്റെ ഒരുശതമാനം ലഭിച്ചു തുടങ്ങും. 15 വർഷം വരെ 100 ശതമാനവും തുടർന്ന് 99 ശതമാനവും ലാഭം അദാനിക്കുള്ളതാണ്. അതായത്, 7525 കോടി രൂപ (ഇത് തുടക്കത്തിലുള്ള മിതമായ കണക്ക്) യിൽ 69 ശതമാനം പ്രത്യക്ഷമായി (ബാക്കി വരുന്ന 31 ശതമാനം അദാനി മുടക്കുന്നുവെന്ന് അവകാശപ്പെടുന്നതും പൊതുസമ്പത്ത് തന്നെയാണ്) മുടക്കുന്ന കേരള സർക്കാരിന് 15-ാം വർഷം മുതൽ ഒരു ശതമാനവും 31 ശതമാനം മുടക്കുമെന്നവകാശപ്പെടുന്ന അദാനിക്ക് 99 ശതമാനവും ലാഭം ഉറപ്പാക്കുന്ന വിചിത്രമായ ഉടമ്പടിയാണിത്. കോർപ്പറേറ്റ് സാമ്പത്തിക വിദഗ്ദ്ധർ ഇതേ സംബന്ധിച്ചും കണക്കെടുപ്പ് നടത്തിയിരിക്കുന്നു. അതിൻപ്രകാരം 15-ാം വർഷം കേരള സർക്കാരിനു കിട്ടുന്ന ഒരു ശതമാനം ലാഭം 93 കോടി രൂപയായിരിക്കും. കാര്യമായ മുടക്കൊന്നും നടത്താത്ത അദാനിക്ക് ആ വർഷം കിട്ടുന്നത് 9207 കോടി രൂപയായിരിക്കും. അവിശ്വസനീയമാണ് ഈ ലാഭവിഹിതമെന്ന് തോന്നാമെങ്കിലും ഉടമ്പടി പ്രകാരം ഇതാണ് സത്യം. ഉമ്മൻ ഭരണം കേരളത്തിനു സമ്മാനിക്കുന്ന മഹത്താ യ വികസനമാണിത്.

പരിസ്ഥിതി വിനാശവും ഉപജീവന തകർച്ചയും

പുലിമുട്ടിടുന്നതിനും കടൽ ഭിത്തി നിർമാണത്തിനുമെല്ലാം 100 ലക്ഷം ടണ്ണോളം കരിങ്കല്ല് വേണ്ടിവരുമെന്നാണ് പല കേന്ദ്രങ്ങളും പറയുന്നത്. ചിലർ പറയുന്നത് 70 ലക്ഷം ടൺ കരിങ്കല്ല് മതിയാകുമെന്നാണ്. വാദത്തിനുവേണ്ടി അതു സമ്മതിച്ചാൽ തന്നെയും ഇതിനാവശ്യമായ പാറ എവിടെനിന്നു കണ്ടെത്തും എന്നതാണ് പ്രശ്നം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിൽ നിന്നും പദ്ധതിക്കാവശ്യമായ കരിങ്കല്ല് കണ്ടെത്താനാണ് ഭാവമെങ്കിൽ ക്വാറി മാഫിയകളുടെ എണ്ണത്തിൽ ഇതോടകം ജീവിതം അസാധ്യമായ ജനങ്ങൾ അത് നേരിടുകയെങ്ങനെ എന്നതും വിഷയമാണ്. ഇപ്പോൾ തന്നെ നിരവധി കുന്നുകൾ തകർക്കപ്പെട്ട, അതിന്റെ പേരിൽ കുടിവെള്ളക്ഷാമമടക്കം കടുത്ത പരിസ്ഥിതി നാശം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശമാണ് വിഴിഞ്ഞത്തോടു ചേർന്നുള്ള ഗ്രാമങ്ങൾ. തീരക്കടലിലും തീരദേശത്തും വിഴിഞ്ഞം പദ്ധതി സംജാതമാക്കാൻ പോകുന്ന അപരിഹാര്യമായ വിനാശമടക്കം വിവരണാതീതമായ ഒരു പരിസ്ഥിതി ദുരന്തത്തിലേക്കാണ് വിഴിഞ്ഞം വിരൽചൂണ്ടുന്നത്.

 

ഏകദേശം അര ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പ്രദേശത്തെ കടലിനെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നുണ്ട്. ഇവരുടെ ഉപജീവനത്തിന് ബദൽ സാധ്യതകളോ പുനരധിവാസമോ അസാധ്യമാണ്. പുനരധിവാസമെന്നതു തന്നെ ഒരു തട്ടിപ്പാണെന്നത് വർത്തമാന യാഥാർത്ഥ്യമാണ്. പദ്ധതി നിലവിൽ വരികയും പ്രവചിക്കുന്നതു പോലെ കാർഗോ നീക്കം നടക്കുകയും ചെയ്താൽ, പ്രദേശമപ്പാടെ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നതോടെ അവിടെ നിന്ന് മത്സ്യം പിടിക്കുന്നത് ക്രിമിനൽ കുറ്റമായി മാറും. ഒരു ജനതയെ അഭയാർത്ഥികളും തെരുവ് തെണ്ടികളുമാക്കി മാറ്റുന്ന കോർപ്പറേറ്റ് വികസനത്തിന്റെ നമ്മുടെ കണ്മുന്നിലെ ഉദാഹരണമായി വിഴിഞ്ഞം മാറാൻ പോകുന്നു എന്നതാണ് വിഷയം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട് മൂലംപള്ളിയിലും മറ്റും നടന്ന താരതമ്യേനെ ചെറിയ കുടിയൊഴിപ്പിക്ക ലുകൾ വരുത്തിവെച്ച പ്രദേശവാസികളുടെ ദുരന്തം ഇപ്പോഴും തുടരുകയാണ്. അതിവിപുലമായ സമുദ്ര മേഖലകളും തീരപ്രദേശത്തെ 225 ചതുരശ്ര കിലോമീറ്റർ വരുന്ന അതിവിശാലമായ പ്രദേശവും അദാനി എന്ന കോർപ്പറേറ്റ് ഭീമൻന്റെ ഭരണം നടക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയായി മാറുമെന്നാണ് പറഞ്ഞു കേൾക്കുന്നത്. രാജ്യനിയമങ്ങൾ -തൊഴിൽ, പരിസ്ഥിതി, നികുതി നിയമങ്ങളും ക്രമസമാധാനവും- ബാധകമല്ലാത്ത കോർപ്പറേറ്റ് താവളങ്ങളായാണ് പ്രത്യേക സാമ്പത്തിക മേഖല കരുതപ്പെടുന്നത്. തീർച്ചയായും, ഭീതിജനകമായ ഒരു ദുരന്തത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

 

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകൾ

വിഴിഞ്ഞം തുറമുഖം പൂർത്തീകരിക്കപ്പെടുന്ന പക്ഷം, അതിന്റെ കാർഗോ കൈമാറ്റ സാധ്യതകൾ വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ലെന്ന് കാര്യ ഗൗരവമുള്ളവർ ഇതോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (ഉദാഹരണം സി. ജെ. രാജീവ്: ദുരന്തമാകുന്ന വിഴിഞ്ഞം പദ്ധതി, സഖാവ് 2015, ആഗസ്റ്റ് ലക്കം കാണുക) ഏറെ കൊട്ടിഘോഷങ്ങളോടെ നാലര വർഷം മുമ്പ് ആരംഭിച്ച വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പിപിപി പദ്ധതി യുടെ ‘കറവ’ വറ്റിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെ യും മറ്റും ഇതോടകം പരമാവധി ഊറ്റിയെടുത്തു കഴിഞ്ഞ ഡിപി വേൾഡ് എന്ന കമ്പനി, പ്രസ്തുത പദ്ധതിയിൽ നിന്നു പിന്മാറാനുള്ള താല്പര്യം ദുബായ് സന്ദർശനത്തിനിടയിൽ മോദിയെ അറിയിച്ചിരിക്കുകയാണിപ്പോൾ.

 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ ഓപ്പറേറ്റർ കണ്ടെയ്നർ ട്രാൻസിഷിപ്പ്മെന്റ് ടെർമിനലായി മാറുമെന്നു പറഞ്ഞ് 3,000 കോടി രൂപ മുടക്കു മുതൽ വരുന്ന രാജീവ് ഗാന്ധി പോർട്ട് നാലര വർഷം മുമ്പ് ഡിപിവേൾഡ് എന്ന രാജ്യാന്തര (കാർഗോ മാനേജ്മെന്റിൽ അദാനിയേക്കാൾ അനുഭവ പാരമ്പര്യമുള്ള) സ്വകാര്യ കുത്തകയ്ക്ക് അടിയറ വയ്ക്കുകയും കായലിനു മുകളിലൂടെ നിരവധി കുടുംബങ്ങളെ കുടിയിറക്കി എട്ടര കിലോമീറ്റർ പാളവും ദേശീയ പാതയും നിർമ്മിച്ച ആ പദ്ധതിക്ക് പ്രവർത്തന ശേഷിയുടെ മൂന്നിലൊന്ന് മാത്രമേ ഇതുവരെ കൈവരിക്കാൻ ആയിട്ടുള്ളൂ എന്ന കാര്യം കേരളത്തിലെ ഭരണമുന്നണി മാത്രമല്ല, പ്രതിപക്ഷ മുന്നണിയും ചർച്ച ചെയ്യുന്നില്ല. വല്ലാർപാടം പദ്ധതിയുടെ 1000 കോടി രൂപയിലധികം വില വരുന്ന ഭൂമി 72 കോടി രൂപയ്ക്ക് ചാർട്ടേഡ് ബാങ്കിന് പണയപ്പെടുത്തി ഡിപിവേൾഡ് ആയിരം കോടി അടിച്ചുമാറ്റിയതും മറ്റും ഇതിനിടയിൽ ചർച്ച ചെയ്തതു പോലുമില്ല. ഡിപി വേൾഡ് വിദേശ കോർപ്പറേറ്റ് കമ്പനി നടത്തിപ്പുകാരായതിനാൽ ദുബായിലെയും കൊളംബോയിലെയും സിംഗപ്പൂരിലെയും കാർഗോ കൈമാറ്റത്തിന്റെ ഒരുഭാഗം വല്ലാർപാടത്തേക്കു തിരിയുമെന്നും മറ്റുമുള്ള കൊട്ടിഘോഷങ്ങളുണ്ടായതു മാത്രംമിച്ചം. ഇപ്പോഴത്തെ കണക്കുപ്രകാരം പ്രതിവർഷം ശരാശരി 100 കോടി രൂപ നഷ്ടത്തിലാണ് വല്ലാർപാടം പ്രവർത്തിക്കുന്നത്. അതേസമയം, വല്ലാർപാടം മെയിന്റനൻസിന്റെ ഭാരിച്ച ബാധ്യത മൂലം കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ കടം 400 കോടി രൂപ കവിഞ്ഞുവെന്നും കേൾക്കുന്നു. തുറമുഖത്തെ തൊഴിലാളികൾ പെരുവഴിയിലാകുകയും ചെയ്തിരിക്കുന്നു. വല്ലാർപാടം വൻ പരാജമായിരിക്കുന്ന ഈ വേളയിൽ വല്ലാർപാടത്തിന്റെ കാര്യത്തിൽ നിരത്തിയ സ്വപ്നങ്ങൾ ആവർത്തിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി കേരളത്തെ വികസനത്തിലേക്ക് നയിക്കും എന്ന് പറയുന്നതിന് പിന്നിൽ ദേശവിരുദ്ധ കോർപ്പറേറ്റ് താൽപര്യങ്ങളല്ലാതെ മറ്റെന്താണ്?

 

2008-ലാരംഭിച്ച ലോക സാമ്പത്തിക മാന്ദ്യം അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായി ചരക്കുഗതാഗതം വൻ തോതിൽ ഇടിഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സ്റ്റീൽ, ചെമ്പ്, റബർ, പെട്രോളിയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ മാന്ദ്യത്തിലാണ്. തൊഴിലില്ലായ്മയും അപവ്യവസായവൽക്കരണവും ശക്തിപ്പെടുമ്പോഴും ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും നിയന്ത്രണം കൈയടക്കിയും ഊഹ മേഖലകൾ വികസിപ്പിച്ചും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയും കോർപ്പറേറ്റുകൾ അവരുടെ ലാഭവും സമ്പത്തും പല മടങ്ങു വർദ്ധിപ്പിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, ഭൂമി കവർന്നെടുക്കലിലും പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിലും ഊഹ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതുമായ കുത്തകകൾ മാത്രമാണ് തഴച്ചുവളരുന്നത്. പഴയ ഗണത്തിൽപ്പെടുന്ന കുത്തകകളുടെ സ്ഥാനത്ത് അദാനി, അംബാനി പോലുള്ള ഇന്ത്യൻ കോർപ്പറേറ്റുകളുടെ നവ ഉദാരീകരണ കാലത്തെ അസാധാരണമായ വളർച്ച ഈ പശ്ചാത്തലത്തിൽ തിരിച്ചറിയേണ്ടതുണ്ട്. ഇവർ നടത്തുന്നത് വികസനമല്ല, വിനാശമാണ്. അതിനു കൂട്ടുനിൽക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ജനദ്രോഹികളും ദേശദ്രോഹികളുമാണ്. ജനപക്ഷ വികസനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഈ രാഷ്ട്രീയ തിരിച്ചറിവ് കൂടിയേ തീരൂ.

(‘സഖാവ്’ സെപ്തംബർ 2015)

 

വിഴിഞ്ഞത്തെ എൽഡിഎഫ്-യുഡിഎഫ് -ബിജെപി സമവായം

 

വിഴിഞ്ഞം: അദാനിയുടെ കുംഭവീർപ്പിക്കുന്ന ദേശദ്രോഹ പദ്ധതി എന്ന തലക്കെട്ടിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ചുള്ള വിശദമായ ഒരു ലേഖനം 2015 സെപ്തംബർ ലക്കം സഖാവിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഒന്നൊഴിയാതെ ശരിവെക്കുന്നതാണ് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവേളയിൽ വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോർട്ട്.

 

ആവർത്തന വിരസത ഒഴിവാക്കുന്നതിനുവേണ്ടി പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് വീണ്ടും കടക്കാതെ, എടുത്തു പറയേണ്ടതായ ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ നിർമ്മാണച്ചെലവ് 7525 കോടി രൂപയെന്നത് യഥാർത്ഥ ചിലവിന്റെ ഇരട്ടിയോളം വരുമെന്നും പിപിപി പദ്ധതികളിൽ സർക്കാർ ഗ്രാന്റായി അനുവദിക്കുന്ന തുക കൂടുതൽ അടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അന്നു തന്നെ വിമർശനം ഉയർന്നിരുന്നു. 7525 കോടി രൂപയിൽ സംസ്ഥാന സർക്കാർ 5071 കോടി രൂപ മുടക്കുമ്പോൾ പദ്ധതി നടത്തിപ്പുകാരനായ അദാനി 2454 കോടി രൂപയാണ് മുടക്കുന്നത്. അതേസമയം, 40 കൊല്ലത്തെ ലാഭം ഏതാണ്ട് മുഴുവനായും അദാനിക്കുള്ളതാണ്. പദ്ധതിക്കാവശ്യമായ 5000 കോടി വിലവരുന്ന 500 ഏക്കർ ഭൂമി കൂടി അദാനിയുടെ നിയന്ത്രണത്തിലാകുന്നു. ഇതു പണയപ്പെടുത്താനുള്ള അവകാശവും അദാനിക്കു വിട്ടുകൊടുത്തിരിക്കെ, പദ്ധതി തുടങ്ങുന്നതിനു മുമ്പേ പദ്ധതി ചെലവിൽ സ്വന്തം വിഹിതമായ തുകയേക്കാൾ കൂടിയ പണം (ഏകദേശം 3000 കോടി രൂപ) ഭൂമി പണയപ്പെടുത്തി അദാനിക്ക് അടിച്ചു മാറ്റാം. ഇതു കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രാൻറായി 1685 കോടി രൂപ അദാനിക്ക് നൽകും. പോർട്ട് വികസനത്തിന്റെ ഭാഗമായി അവശേഷിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ പാർക്ക് ചെയ്യുന്നതിന് യൂസർ ഫീ ഇനത്തിൽ വൻതുക അദാനിക്ക് പിരിച്ചെടുക്കാം.

 

എല്ലാറ്റിനുമുപരി, ഇതര പിപിപി പദ്ധതികളുടെ കാര്യത്തിലെന്നപോലെ, യാതൊരു ഈടുമില്ലാതെ പൊതുമേഖലാ ബാങ്കുകൾ പദ്ധതി നടത്തിപ്പിനാവശ്യമായ പണം അദാനിക്ക് വായ്‌പ നൽകും. ഇത്തരം പരിപാടികളിലൂടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് ഒരു ലക്ഷം കോടി രൂപയോളം കിട്ടാക്കടം അദാനി മാത്രം വരുത്തി വെച്ചിട്ടുണ്ട്. ചുരുക്കത്തിൽ, പദ്ധതി നടപ്പാക്കുന്നതിനു മുമ്പുതന്നെ വിവിധ രൂപങ്ങളിൽ ആയിരക്കണക്കിനു കോടി രൂപ അദാനിയുടെ പോക്കറ്റിലെത്താനുള്ള സാധ്യതകൾ വിഴിഞ്ഞം പദ്ധതി മുന്നോട്ടു വെയ്ക്കുന്നു. സംസ്ഥാന സർക്കാരാകട്ടെ, കടം വാങ്ങുകയോ, നികുതി പിരിക്കുകയോ ചെയ്തു മാത്രം 5071 കോടി രൂപ കണ്ടെത്തേണ്ടിയും വരും. അദാനിക്ക് നല്കുന്നതുപോലെ പൊതുമേഖലാ ബാങ്കുകൾ സംസ്ഥാന സർക്കാരിന് വായ്പ നൽകാനുള്ള ഒരു സാധ്യതയും ഇന്നു നിലവിലില്ല.

എന്നാലിപ്പോൾ, കേരള നിയമസഭയിൽ സമർപ്പിച്ചിരിക്കുന്ന സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് പദ്ധതി പ്രാബല്യത്തിലായാൽ അദാനിക്ക് 80000 കോടി രൂപയുടെ അധിക ലാഭമുണ്ടാകുമ്പോൾ സംസ്ഥാനം കനത്ത സാമ്പത്തിക ബാധ്യതയിലാകുമെന്നാണ്. സാധാരണ പിപിപി പദ്ധതികളുടെ കരാർ കാലാവധി 30 വർഷമായിരിക്കെ, വിഴിഞ്ഞത്ത് അദാനിക്ക് 40 വർഷമാണ് നൽകിയിരിക്കുന്നത്. ഈ പത്തു വർഷം കൊണ്ടുമാത്രം അദാനിക്ക് 29217 കോടി രൂപയുടെ അധിക നേട്ടമുണ്ടാകുമെന്ന് സിഎജി കണ്ടെത്തിയിരിക്കുന്നു. കരാറിൽ 20 വർഷം കൂടി കാലാവധി നീട്ടിനൽകാൻ വ്യവസ്ഥയുള്ളതിനാൽ അദാനിക്ക് 61,095 കോടി അധികലാഭം കിട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു. അദാനി മുടക്കുമുതലും പലിശയും ലാഭവുമെല്ലാം നേടിയാലും 67 ശതമാനം പണം മുടക്കുന്ന സംസ്ഥാന സർക്കാരിന് വരുമാന വിഹിതം കിട്ടിത്തുടങ്ങുക 2031 മുതൽ മാത്രമാണ്. വരുമാന വിഹിതം സംസ്ഥാനത്തിന് ഒരു ശതമാനമായി നിശ്ചയിച്ചതും പതിനഞ്ചാം വർഷം മുതൽ വിഹിതം നൽകിയാൽ മതിയെന്നതും കരാറിൽ ഉൾപ്പെടുത്തിയത് രാജ്യ താൽപര്യത്തിനു നിരക്കുന്നതല്ല. മത്സ്യബന്ധന തുറമുഖത്തിനു വേണ്ടിവരുന്ന 1463 കോടി രൂപ സംസ്ഥാന സർക്കാർ മുടക്കുമ്പോൾ അതിന്റെ യൂസർ ഫീ പിരിക്കുന്നത് അദാനിയാണ്. കരാറുകാരന് (അദാനിക്ക്) അന്യായമായ ആനുകൂല്യം ലഭിക്കത്തക്ക വ്യവസ്ഥ കരാറിൽ ഉണ്ടാക്കി. മറ്റു പിപിപി പദ്ധതികളിലൊന്നും ഉൾപ്പെടാത്ത അസാധാരണമായ വ്യവസ്ഥകൾ കരാറിലുണ്ട്. എല്ലാ ആസ്തികളും പണയം വെക്കാൻ കരാറുകാരന് അധികാരം നൽകി. നൂറു കിലോമീറ്റർ ചുറ്റളവിൽ മറ്റു തുറമുഖം വന്നാൽ കാലാവധി നീട്ടി നൽകുമെന്ന വ്യവസ്ഥ കരാറിൽ ഉൾച്ചേർത്തു. 51 കിലോമീറ്റർ അകലെ കുളച്ചൽ തുറമുഖം വരുമെന്നത് വ്യക്തമായിരുന്നിട്ടും, ഇക്കാര്യം ഒഴിവാക്കിയില്ല. ചുരുക്കത്തിൽ, കരാർ സ്വകാര്യ പങ്കാളി അർഹിക്കാത്തതും സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായതുമായ വ്യവസ്ഥകളോടെയാണന്ന് സിഎജി അടിവരയിടുന്നു. ഭരണഘടനാ സ്ഥാപനമായ സിഎജി യുടെ റിപ്പോർട്ടിന്റെ കരട് കഴിഞ്ഞ ഒക്ടോബറിൽ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഭരണ-പ്രതിപക്ഷ മാന്യന്മാർ ബോധപൂർവ്വം അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

 

വസ്തുത ഇതാണ്. വല്ലാർപാടം കണ്ടെയ്നർ തുറമുഖം മൂന്നു വർഷം പിന്നിട്ടിട്ടും സ്ഥാപിത ശേഷിയുടെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ലോക സാമ്പത്തിക മാന്ദ്യം, ഉല്പാദനത്തിന്റെ സാർവദേശീയ വൽക്കരണം സംജാതമാക്കിയ പുതിയ ഘടകങ്ങൾ (ഉൽപ്പാദനത്തെ പല ഘടകങ്ങളായി തിരിച്ച് പല രാജ്യങ്ങളിൽ ഉത്പാദിപ്പിക്കാനും ഇന്ത്യ പോലെ കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഉല്പാദനം പറിച്ചു നടുന്നതിനുമുള്ള അവസരം, പുറം കരാർ വ്യാപകമായത്, പ്രത്യേക സാമ്പത്തിക മേഖലകളുടെ ആവിർഭാവം തുടങ്ങിയവ) കടൽമാർഗ്ഗമുള്ള ചരക്കു ഗതാഗതത്തിന് വൻതോതിൽ ഇടിവു വരുത്തിയതും ചരക്കു കടത്തലിന് വ്യോമമാർഗ്ഗം കൂടുതലായി ഉപയോഗിക്കുന്നതും തുറമുഖങ്ങളുടെ ലാഭകരമായ പ്രവർത്തനത്തിന് തടസ്സമായിട്ടുണ്ട്.

 

രണ്ടുവർഷം മുമ്പ്, വിഴിഞ്ഞം കരാർ ഒപ്പിടുമ്പോൾ വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകൾ വരെ അടുക്കുമെന്ന് നട്ടാൽ കുരുക്കാത്ത പെരും കള്ളമാണ് ഉമ്മൻ ഭരണവും കേരളത്തിലെ കോർപ്പറേറ്റ് മാധ്യമങ്ങളും, വിശിഷ്യാ, അദാനിയുടെ ഉച്ചിഷ്ടം പറ്റിയ മാധ്യമശിങ്കങ്ങളും പ്രചരിപ്പിച്ചത്. ലോകത്താകെയുള്ള 5000- ഓളം കണ്ടെയ്നർ ടെർമിനലുകളിൽ പലതും നഷ്ടത്തിലോടുമ്പോഴാണ്, ഒരു ഉളുപ്പുമില്ലാതെ ഈ പ്രചരണമഴിച്ചു വിട്ടത്. പറഞ്ഞു വരുന്നത്, ഗുജറാത്തിലെ മുദ്ര പോർട്ടിലും മറ്റും അദാനി നേട്ടമുണ്ടാക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെയാണ് എന്ന വസ്തുത തിരിച്ചറിയണമെന്നാണ്. ഇന്ത്യയിലെ ഒട്ടുമിക്ക പിപിപി പദ്ധതികളുടെയും ആകർഷണം ഭൂമിയും പ്രകൃതിവിഭവങ്ങളും ബാങ്കുകളിലെ പൊതു പണവുമാണ്. മോദിയുടെ ഗുജറാത്ത് ഭരണകാലത്ത് ഇപ്രകാരമുള്ള പൊതുസമ്പത്തു കൊള്ളയിലൂടെ പത്ത് വർഷം കൊണ്ട് 13 ഇരട്ടി (1300 ശതമാനം) കണ്ടാണ് അദാനിയുടെ സമ്പത്ത് കുതിച്ചുയർന്നത്. വിഴിഞ്ഞത്തും അദാനി ലക്ഷ്യമിടുന്നത് ഈ ഗുജറാത്ത് മോഡലിന്റെ ആവർത്തനമാണ്. അതുകൊണ്ടാണ്, തുറമുഖ വികസനത്തിൽ തല്പരരായ, അനുഭവസമ്പത്തുള്ള കമ്പനികൾക്ക് വിഴിഞ്ഞത്ത് താല്പര്യം കുറഞ്ഞത്. 51 കിലോമീറ്റർ അകലെ കുളച്ചൽ തുറമുഖം കൂടി യാഥാർഥ്യമാകുന്നതോടെ, വിഴിഞ്ഞം ഒരു തുറമുഖമെന്നതിനുപരി അദാനിയുടെ ഒരു ടൗൺഷിപ്പ് എന്ന നിലയ്ക്കാവും പ്രാധാന്യം കൈവരിക.

രണ്ടു ദശാബ്ദക്കാലമായി ചർച്ചാവിഷയമായിരുന്നിട്ടും പ്രാവർത്തികമാകാതിരുന്ന വിഴിഞ്ഞത്തിന്റെ കാര്യത്തിൽ അദാനിയുമായി ഉമ്മൻചാണ്ടി ധാരണയായത് ഈ പശ്ചാത്തലത്തിലാണ്. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് ഇതിലുൾപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 2011-ൽ അധികാരത്തിലെത്തിയതു മുതൽ വിഴിഞ്ഞം വികസനത്തിന്റെ ലാസ്റ്റ് ബസ്സ് ആണെന്ന പ്രചരണം ആസൂത്രിതമായി ഉമ്മൻചാണ്ടി അഴിച്ചു വിടുകയുണ്ടായി. അതേസമയം, സാമ്പത്തികമായി വിജയിക്കില്ലാത്ത പദ്ധതിയിൽ ടെൻഡർ വ്യവസ്ഥകൾ പ്രകാരം കരാർ ഒപ്പിടാൻ പലരും വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് മറ്റു കമ്പനികളെ ഒഴിവാക്കി അദാനിയുമായി സംസ്ഥാനത്തെ കുളംതോണ്ടുന്ന കരാറിൽ ഉമ്മൻചാണ്ടി എത്തിച്ചേർന്നത്. 2014 വരെ ഉമ്മൻചാണ്ടിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ ഒരു കാരണം മോദിയുടെ ഉറ്റ സുഹൃത്തായ അദാനിയുമായുള്ള ബന്ധം കോൺഗ്രസ് ഹൈക്കമാൻഡിന് ഇഷ്ടപ്പെടാത്തതു കൊണ്ടായിരുന്നു. എന്നാൽ മോദി അധികാരത്തിലെത്തുകയും ഹൈക്കമാൻഡ് വെറും ‘ലോക്കമാൻഡ്’ ആകുകയും ചെയ്തതോടെ ഡൽഹിയിൽ കെ വി തോമസിന്റെ വസതിയിൽ വെച്ചാണ് അദാനിയുമായി ഉമ്മൻചാണ്ടി ഡീൽ ഉറപ്പിച്ചത്. ഇതെല്ലാം വ്യക്തമായി അറിയാവുന്ന പിണറായി വിജയൻ വിഴിഞ്ഞം കരാർ പുനഃപരിശോധിക്കുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകിക്കൊണ്ടാണ് 2016 ലെ തെരഞ്ഞെടുപ്പു കാമ്പയിൻ നടത്തിയതും അധികാരത്തിലെത്തിയതും. എന്നാൽ, മുഖ്യമന്ത്രിയായതോടെ വികസനത്തിന്റെ ‘ലാസ്റ്റ് ബസ്സ് ‘ ആണ് വിഴിഞ്ഞമെന്ന ഉമ്മൻചാണ്ടിയുടെ പല്ലവി പിണറായിയും ആവർത്തിക്കുന്നതാണ് കാണുന്നത്.

 

ഇതു യാദൃശ്ചികമല്ല, കേന്ദ്രത്തിൽ നരേന്ദ്രമോദി അടിച്ചേല്പിച്ചു കൊണ്ടിരിക്കുന്ന പിപിപി പദ്ധതികൾ തന്നെയാണ് പിണറായി സർക്കാരും ഉയർത്തിപ്പിടിക്കുന്ന വികസന മാതൃക. ഇതുവഴി സംജാതമാകുന്ന വമ്പിച്ച കോർപ്പറേറ്റ് സമ്പത്ത് സമാഹരണത്തെ വികസനമായി കൊണ്ടാടുന്ന പിണറായി അദാനിക്കു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. അദാനിക്ക് 80000 കോടി രൂപയുടെ വഴിവിട്ട നേട്ടമുണ്ടാകുമെന്ന് സിഎജി കണക്കാക്കുന്ന, മൊത്തം 7525 കോടി രൂപ ചിലവ് തിട്ടപ്പെടുത്തിയ ഒരു പദ്ധതി ഇനി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് ഇടതുമേനി നടിക്കുന്നവർ എത്തിച്ചേരുമ്പോൾ, കേരളം അകപ്പെട്ടിരിക്കുന്ന അതീവഗുരുതരമായ രാഷ്ട്രീയാപചയമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. വികസനമല്ല, കോർപ്പറേറ്റ് കൊള്ളയാണ് പിപിപി പദ്ധതികളെന്ന് അദാനിയുടെയും അംബാനിയുടെയുമെല്ലാം അടുത്ത കാലത്തെ കുത്തനെയുള്ള വളർച്ചയിൽ നിന്ന് ഇന്ത്യയിൽ വ്യക്തമായിക്കഴിഞ്ഞിട്ടുള്ളതാണ്. ഭരണകൂടവും കോർപറേറ്റുകളും തമ്മിൽ വികസനമെന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന വിഹിതവും അവിഹിതവുമായ ഇടപാടുകളാണ് അഴിമതി. വാസ്തവത്തിൽ, കോർപ്പറേറ്റ് കൊള്ളയിൽ അധിഷ്ഠിതമായ പിപിപി പദ്ധതികൾക്കകത്ത് വീണ്ടും നടക്കുന്ന വഴിവിട്ട ഇടപാടുകളാണ് സാധാരണ സിഎജി റിപ്പോർട്ടുകളിലൂടെ പുറത്തുവരാറുള്ളത്, മറിച്ച് പിപിപി പദ്ധതികളിലൂടെ രാജ്യത്ത് നടക്കുന്ന കോർപ്പറേറ്റ് കൊള്ള നിയമവൽക്കരിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇവിടെയാണ്, സിഎജി റിപ്പോർട്ട് വന്നു കഴിഞ്ഞിട്ടും 2019 ൽ അദാനിയുടെ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുമെന്ന പിണറായി സർക്കാരിന്റെ വാശി ദുരൂഹമായിരിക്കുന്നത്.

പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇപ്രകാരമുള്ള റിപ്പോർട്ട് നിയമനിർമ്മാണ സഭയിൽ വെച്ചാലുണ്ടാകുന്ന കോലാഹലം ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് വ്യക്തമാക്കപ്പെട്ട ഇക്കാര്യത്തിൽ എൽഡിഎഫും, യുഡിഎഫും, ബിജെപിയും എത്തിച്ചേർന്ന നെറികെട്ട സമവായമാണ് നിയമസഭയിൽ കണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും അദാനിയുടെ ചെലവിലാണ് മത്സരിച്ചതെന്ന് ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അദാനി എന്ന കോർപ്പറേറ്റ് മാഫിയയ്ക്ക് മുമ്പിൽ കോൺഗ്രസിനും ബിജെപിക്കുമൊപ്പം സിപിഎം ഉം കുമ്പിടുന്ന അപമാനകരമായ ഈ സ്ഥിതിവിശേഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളല്ലാതെ കേരളത്തിന്റെ മോചനത്തിന് മറ്റൊരു വഴിയുമില്ലെന്ന് തിരിച്ചറിയുക.

(‘സഖാവ്’ മാസിക എഡിറ്റോറിയൽ, ജൂൺ 2017)

You may also like

Leave a Comment