മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഗോശാല പണിയുന്നതിനോ നീന്തൽക്കുളം നവീകരികരിക്കാനോ മുഖ്യനും കുടംബത്തിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥ സംഘത്തിനും വിദേശ രാജ്യങ്ങളിൽ ഊരുചുറ്റാനോ അനാവശ്യമായ ഒട്ടേറെ ആർഭാടങ്ങൾക്കായോ പൊതു പണം ധൂർത്തടിക്കാൻ യാതൊരു മടിയും കാണിക്കാത്ത പിണറായി സർക്കാർ ജാതി സർവ്വേ വേണ്ടെന്നു വെക്കുന്നത് സാമ്പത്തിക ഭാരം ഉയർത്തുന്ന വെല്ലുവിളി കൊണ്ടല്ല.
രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്താലാണ്.
തങ്ങൾ അനർഹമായി വെട്ടിപ്പിടിച്ച സമ്പത്തും അധികാരവും നഷ്ടപ്പെടുമോ എന്ന ഭയാശങ്കകളാൽ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ദലിത് – പിന്നോക്ക വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരളത്തിലെ ആദ്യ സർക്കാരിനെതിരെ സവർണ്ണ കൃസ്ത്യൻ – സവർണ്ണ ഹിന്ദു ജാതിമേധാവികൾ നേതൃത്വം നൽകിയ വിമോചന സമരത്തിന് ശേഷം രൂപീകരിക്കപ്പെട്ട രണ്ടാം ഇ എം.എസ് നമ്പൂതിരിപ്പാട് സർക്കാർ മുതലുള്ള എല്ലാ വ്യവസ്ഥാപിത ഇടതു സർക്കാരുകളും UDF നേക്കാൾ നന്നായി വിമോചന സമര ശക്തികളുടെ ഭരണ നടത്തിപ്പുകാരായിത്തീർന്നു. രാജ്യത്തു തന്നെ ആദ്യമായി കേരളത്തിലാണ് സവർണ്ണ സംവരണം നടപ്പാക്കിയത് എന്നതുൾപ്പെടെ അതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
ആദ്യ ഇ.എം.എസ് സർക്കാരിനെതിരെ രംഗത്തു വന്ന അതേ വിമോചന സമര ശക്തികൾ തന്നെയാണ് ഇപ്പോൾ ജാതി സർവ്വേ ക്കെതിരെയും കേരളത്തിൽ രംഗത്തുള്ളത്. അതിനുള്ള കാരണങ്ങളും സമാനമാണ്.
ജാതി സർവ്വേ നടന്നാൽ ഓരോ ജാതി വിഭാഗത്തിന്റെയും എണ്ണം മാത്രമല്ല; അധികാര വിഭവ പങ്കാളിത്തം കൂടി പുറത്തു വരും.
അമിതമായി അധികാര- വിഭവ പങ്കാളിത്തം കയ്യടക്കി വെച്ചിരിക്കുന്നവരുടെ എതിർപ്പ് അതിനാൽ സ്വഭാവികവുമാണ്.
ആ എതിർപ്പുകളെ അവഗണിച്ച് അധികാര – വിഭവ പങ്കാളിത്ത അവകാശങ്ങളെ ജനാധിപത്യവൽക്കരിക്കാനുള്ള മുന്നുപാധിയായ ജാതി സെൻസസ് നടത്തുകയാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
എന്നാൽ മന്ത്രിസഭയിലടക്കം എല്ലാ അധികാരമണ്ഡലങ്ങളിലും തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും അർഹതപ്പെട്ടതിനേക്കാൾ എത്രയോ മടങ്ങ് വെച്ചനുഭവിക്കുന്ന ഒരു സമുദായത്തിന്റെ സംഘടനാ മേധാവി ജാതി സെൻസസിനും ജാതി സംവരണത്തിനും എതിരെ ഒരു പ്രസ്താവന നടത്തിയപ്പോഴെ, അവർക്കു മുന്നിൽ താണു വീണ് കേരളത്തിൽ ജാതി സെൻസസ് നടത്തില്ലന്ന് തീരുമാനിച്ച പിണറായി സർക്കാരിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ല.
സാമൂഹ്യ നീതിയും ജനാധിപത്യവും ഉറപ്പാക്കണമെങ്കിൽ കേരളത്തിലും ജാതി സർവ്വെ അനിവാര്യമാണ്. അത് നടത്തിയേ പറ്റൂ.
എം കെ ദാസൻ