നാല് തൊഴിൽ നിയമങ്ങൾക്കെതിരെ നവംബർ 5, 6, 7 തീയതികളിൽ ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കുക.
സഖാക്കളേ!
ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതം വളരെ ദുഷ്‌കരമായി മാറിയതായി ഇന്ന് നാം കാണുന്നു. വില ഉയർന്നുകൊണ്ടിരിക്കുന്നു. കൂലി വിലയുമായി പൊരുത്തപ്പെടുന്നില്ല. തൊഴിലാളികളുടെ യഥാർത്ഥ വേതനം ഇടിയുന്നു. വില വർധിക്കുമ്പോൾ കൂലിക്കൂടുതൽ ലഭിച്ചാലും, തൊഴിലാളികൾക്ക് നേരത്തെയുണ്ടായിരുന്ന സാധനങ്ങളും സേവനങ്ങളും വാങ്ങാൻ കഴിയുന്നില്ല എന്നാണ്ഇതിനർത്ഥം. എയർ ഇന്ത്യ, ഐഡിബിഐ, എൽഐസി തുടങ്ങി റെയിൽവേ വരെ പല വ്യവസായങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുന്നു. ഇതുമൂലം ഈ വ്യവസായങ്ങളിൽ ലഭ്യമായ ജോലികളുടെ എണ്ണത്തിൽ മാത്രമല്ല, ലഭ്യമായ ജോലികളുടെ ഗുണനിലവാരത്തിലും നമുക്ക് നഷ്ടം മാത്രമേ ഉണ്ടാകുന്നുള്ളൂ.. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ മുതലാളിമാർ. ദരിദ്രരായ തൊഴിലാളികളെക്കുറിച്ച് വേവലാതിപ്പെടുന്നതായി സർക്കാർ പറയുന്നുണ്ടെങ്കിലും, മിനിമം വേതനം ഇപ്പോഴും ഉപജീവന നിലവാരത്തേക്കാൾ വളരെ താഴെയാണ് നിശ്ചയിച്ചിരിക്കുന്നത്. യൂണിയനുകളായി സംഘടിക്കാനുള്ള അവകാശവും സമരം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ പ്രതിഷേധിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുകയാണ്. പുതിയ പെൻഷൻ പദ്ധതി തൊഴിലാളികളുടെ ജീവിത സായാഹ്നത്തിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതാക്കുന്ന ഒരു തട്ടിപ്പാണ്.
നിക്ഷേപകർക്ക്, പ്രധാനമായും വിദേശ നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനാണ് ഇതെല്ലാം ചെയ്യുന്നത്. വൻകിട കോർപ്പറേറ്റുകളെ വൻതോതിൽ ലാഭം കൊയ്യാൻ അനുവദിച്ചാൽ ചില ആനുകൂല്യങ്ങൾ മുഴുവൻ ജനങ്ങളിലേക്കും അരിച്ചിറങ്ങും എന്നതാണ് സർക്കാരിന്റെ സിദ്ധാന്തം. ഇത് പൂർണ്ണമായും നുണയാണ്. അംബാനിമാരും അദാനിമാരും മുമ്പെന്നത്തേക്കാളും സമ്പന്നരായി വളരുന്നു, എന്നാൽ സാധാരണക്കാർ ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണ്. അവർക്ക് ഇന്ന് യഥാർത്ഥ ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നില്ല. ഇഎസ്‌ഐ പദ്ധതി അവഗണിക്കപ്പെട്ട് തകർച്ചയിലാണ്. പിഎഫ് ഫണ്ടിൽ നിന്ന് പല വിധത്തിൽ നമ്മളറിയാതെ പണം അപഹരിക്കപ്പെടുന്നു. മൊത്തത്തിൽ, ആരുടെ അധ്വാനത്താൽ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ എത്തിയിരിക്കുന്നുവോ, ആ തൊഴിലാളിയെ ചതച്ച് ചണ്ടിയാക്കാനാണ് അവരുടെ പുറപ്പാട്.
തൊഴിലാളികളെ അടിച്ചമർത്താനും വൻകിട കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകാനുമുള്ള സർക്കാരിന്റെ ഈ നയത്തിന്റെ കേന്ദ്രബിന്ദു പുതിയ തൊഴിൽ നിയമങ്ങളാണ്. “സ്ഥിരം തൊഴിലാളി” എന്ന ആശയം തന്നെ എന്നെന്നേക്കുമായി നിർത്തലാക്കപ്പെടുന്നുവെന്ന് ഉറപ്പിക്കാനാണ് ഈ കോഡുകൾ നടപ്പിലാക്കുന്നത്. “ഇഷ്ടാനുസരണം പിരിച്ചുവിടുക” (Hire and fire) എന്ന നയത്തിലൂടെ മുതലാളിമാരെ കയറൂരി വിട്ടിരിക്കുകയാണ്. പുതിയ കോഡുകൾ പ്രകാരം ഒരു തൊഴിലാളിക്ക് എപ്പോൾ വേണമെങ്കിലും ജോലി നൽകാനും തൊഴിലുടമയുടെ ഇച്ഛാനുസരണം എപ്പോൾ വേണമെങ്കിലും പറഞ്ഞു വിടാനും അധികാരം ലഭിക്കുന്നു. അവന്റെ വേതനം ഓരോ വ്യക്തിയുമായിട്ടാണ് ചർച്ച ചെയ്യപ്പെടുക, യൂണിയനുകളുമായല്ല. യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം വെട്ടിച്ചുരുക്കുന്നു. തൊഴിലാളികളെ പിരിച്ചുവിടാനും തൊഴിൽ നിഷേധിക്കാനും വ്യവസായങ്ങൾ അടച്ചുപൂട്ടാനുമുള്ള തൊഴിലുടമയുടെ അവകാശം ശക്തിപ്പെടുത്തുകയാണ്. ഇപ്പോൾ, 100-ഓ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്നിടത്തെല്ലാം, പിരിച്ചുവിടലിനും ജോലി വെട്ടിച്ചുരുക്കുന്നതിനും അടച്ചുപൂട്ടലിനും (lay-off, retrenchment or closure) സർക്കാരിന്റെ അനുമതി ആവശ്യമാണ്. പുതിയ കോഡുകൾ നിലവിൽ വരുന്നതോടെ 300 ൽ അധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ. കരാർ തൊഴിലാളികളുടെ അവകാശം വെട്ടിച്ചുരുക്കുന്നു. 20-ഓ അതിലധികമോ കരാർ തൊഴിലാളികൾ ഉള്ളിടത്തെല്ലാം രജിസ്ട്രേഷനും ലൈസൻസും വിശ്രമമുറിയും മറ്റും പോലെ – ഇന്ന് ചില പരിമിതമായ പരിരക്ഷയുണ്ട്. 50 അല്ലെങ്കിൽ അതിൽ കൂടുതൽ കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ ഇനി മുതൽ ഇത് ബാധകമാകൂ.
പുതിയ നിയമങ്ങൾ പാർലമെന്റ് പാസാക്കിയിട്ടുണ്ടെങ്കിലും, വിവിധ സംസ്ഥാനങ്ങൾ അത്തരം നിയമങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്ക് രൂപം നൽകാത്തതിനാൽ പുതിയ തൊഴിൽ നിയമങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനങ്ങൾ ഉടനെ ചട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ, എല്ലാ ചട്ടങ്ങളും ഉണ്ടാക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന തരത്തിൽ പാർലമെന്റിന്റെ നവംബർ സമ്മേളനത്തിൽ, കോഡുകൾ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ പുറപ്പാട്. ഈ വർഷം അവസാനത്തോടെ ഈ പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
തൊഴിലാളിവർഗം ഈ വെല്ലുവിളിക്കെതിരെ പോരാടേണ്ടതുണ്ട്. മിക്കവാറും എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും മറ്റ് വലിയ യൂണിയനുകളും ഈ പുതിയ തൊഴിൽ നിയമങ്ങളെ അപലപിച്ചിട്ടുണ്ട്. അതിനാൽ തൊഴിലാളികളുടെ അവകാശങ്ങൾക്ക് നേരെയുള്ള ഈ ആക്രമണത്തെ ചെറുക്കാൻ യൂണിയ നുകൾക്കതീതമായി നാം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അതിനാൽ ഈ വിഷയത്തിൽ തുറന്ന ചർച്ച നടത്തുന്നതിനായി നാം നവംബർ 5, 6, 7 തീയതികളിൽ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തുന്നു. നാല് ലേബർ കോഡുകളെക്കുറിച്ചുള്ള അവരവരുടെ വീക്ഷണങ്ങളെക്കുറിച്ച് ഈ മൂന്ന് ദിവസങ്ങളിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ എല്ലാ പ്രധാന ട്രേഡ് യൂണിയനുകളെയും ക്ഷണിക്കുകയാണ്. ഈ നിയമങ്ങൾക്കെതിരെ പോരാടുന്നതിന് രാജ്യത്തുടനീളമുള്ള തൊഴിലാളികളുടെ വിശാലമായ ഒരു പൊതുവേദി രൂപീകരിക്കുന്നതിന് അടിത്തറയിടാൻ ഇതിലൂടെ സാധ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
ഈ രാജ്യത്തെ കർഷകർ നമുക്ക് വലിയൊരു മാതൃകയാണ് കാട്ടിത്തന്നിരിക്കുന്നത്. അവരുടെ പോരാട്ടത്തിൽ നിന്ന് നാം പ്രചോദനം ഉൾക്കൊള്ളുന്നു. നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി, നമ്മുടെ നിലനിൽപ്പിന് വേണ്ടി, പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന് നമ്മുടെ കടമ. പ്രതിഷേധത്തിന്റെ ഈ തുടക്കം വൻ വിജയമാക്കാൻ ഞങ്ങളോടൊപ്പം ചേരാൻ എല്ലാ ജനാധിപത്യ സംഘടനകളോടും വ്യക്തികളോടും എല്ലാ തൊഴിലാളികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
✊🏽തൊഴിലാളികൾ ഒന്നിക്കുക
✊🏽തൊഴിലാളി-കർഷക ഐക്യം നീണാൾ വാഴട്ടെ
✊🏽പുതിയ നാല് ലേബർ കോഡുകൾ തുലയട്ടെ
✊🏽പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾക്കായി തെരുവിലിറങ്ങുക, പോരാടുക.
ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ(TUCI) സെൻട്രൽ കമ്മിറ്റി