Home » 12ആം പാർട്ടി കോൺഗ്രസ്

12ആം പാർട്ടി കോൺഗ്രസ്

by admin

അധ്യായം 1 - ആമുഖം

1.1    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) റെഡ് സ്റ്റാർ രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയാണ്. മാർക്‌സിസം-ലെനിനിസം-മാവോ സേതുങ് ചിന്തയെ അതിന്റെ പ്രത്യയശാസ്ത്രമായും ഇന്ത്യയുടെ സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള വഴികാട്ടിയായും അത് ഉയർത്തിപ്പിടിക്കുന്നു. തൊഴിലാളിവർഗ സാർവ്വദേശീയത ഉയർത്തിപ്പിടിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തൽവാദ, ഇടത് സാഹസിക പ്രവണതകൾക്കെതിരെ പോരാടുകയും ചെയ്യുന്ന സിപിഐ (എംഎൽ) റെഡ് സ്റ്റാർ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ (സിആർ) ഒന്നിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും ഇന്ത്യൻ ഭരണവർഗങ്ങളുടെയും  പിടിയിൽ നിന്നുള്ള മോചനത്തിന്  വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ തൊഴിലാളിവർഗത്തെയും കർഷകരെയും മർദ്ദിത ജനവിഭാഗങ്ങളെയും  നയിക്കാൻ അത് സ്വയം സമർപ്പിക്കുന്നു. ചൂഷണമോ അടിച്ചമർത്തലോ ഇല്ലാത്ത ഒരു സമൂഹം സ്ഥാപിക്കുന്നതിനായി ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കാനും സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറാനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്.

1.2    കൊളോണിയൽ, യുദ്ധാനന്തര പുത്തൻ കൊളോണിയൽ കാലഘട്ടങ്ങളിൽ തൊഴിലാളികളുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരും അധ്വാനിക്കുന്നവരുമായ ജനങ്ങളുടെയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ ഒരു നൂറ്റാണ്ട് നീണ്ട മഹത്തായ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. എന്നിരുന്നാലും, ഒറ്റപ്പെട്ട സമരങ്ങൾ ഒഴികെ, ഈ ജനകീയസമരങ്ങളിൽ തങ്ങളുടെ നേതൃത്വം സ്ഥാപിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൊതുവെ പരാജയപ്പെട്ടു. കൊളോണിയൽ കാലത്ത്, സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കാൻ പാർട്ടി മുൻകൈ എടുത്തെങ്കിലും, 1920-കളുടെ തുടക്കം മുതൽ, തന്ത്രപരവും അടവുപരവുമായ നിരവധി പിഴവുകൾ കാരണം സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരാൻ അതിനു കഴിഞ്ഞില്ല.  കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ആവശ്യപ്പെട്ടതുപോലെ, ദേശീയ വിമോചന പ്രസ്ഥാനത്തിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വം സ്ഥാപിക്കുന്നതിൽ പരാജയപ്പെടാനുള്ള പ്രധാന കാരണം  ഇന്ത്യൻ സമൂഹത്തിന്റെ സമൂർത്തമായ വിലയിരുത്തലിന് തടസ്സമായ യാന്ത്രിക സമീപനമാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വർഗ്ഗ രൂപവൽകരണത്തിൽ, ജാതി വ്യവസ്ഥയുടെ തനതും ചരിത്രപരവുമായി നിർണ്ണയിക്കപ്പെട്ട അവിഭാജ്യ ബന്ധം തിരിച്ചറിയുന്നതിൽ അത് പരാജയപ്പെട്ടു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർഗസമരവും ജാതി ഉന്മൂലന സമരവും പരസ്പരബന്ധിതമായ പ്രക്രിയകളായി മുന്നോട്ടു കൊണ്ടുപോകാനായില്ല.

1.3    നിരവധി ഉൾപ്പാർട്ടി പോരാട്ടങ്ങളെത്തുടർന്ന്, ജനകീയ ജനാധിപത്യ വിപ്ലവം (പിഡിആർ) മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള അതിന്റെ ആദ്യ പാർട്ടി പരിപാടിയും അടവുനയവും നയപ്രഖ്യാപനവും 1951-ൽ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് സ്വീകരിക്കാനായെങ്കിലും, അപ്പോഴേക്കും പാർട്ടിയിൽ ആധിപത്യത്തിലേയ്ക്ക് വന്നു തുടങ്ങിയ വലതുപക്ഷ ലൈനിനെ തുടർന്ന് പാർട്ടി അതിൽ നിന്നും വ്യതിചലിച്ചു. 1956-ലെ സിപിഎസ് യു വിന്റെ ഇരുപതാം കോൺഗ്രസിന്റെ സമയമായപ്പോഴേക്കും സോവിയറ്റ് നേതൃത്വത്തിന്റെ തിരുത്തൽവാദത്തിലേക്കുള്ള അധഃപതനവും സിപിഐ നേതൃത്വത്തിന്മേലുള്ള അതിന്റെ സ്വാധീനവും ഈ വ്യതിയാനം രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ, ഉൾപാർട്ടി പോരാട്ടം ശക്തമാകുകയും 1964-ലെ സിപിഐയുടെ പിളർപ്പിലേക്കും സിപിഐ (എം) രൂപീകരണത്തിലേക്കും നയിച്ചു. എന്നാൽ, തിരുത്തൽവാദ നിലപാടുകൾക്കെതിരെ നിലപാടെടുക്കാൻ കഴിയാതെ വന്നതും സാർവ്വദേശീയ – ദേശീയ വിഷയങ്ങളിലെ യാന്ത്രിക സമീപനവും 1967 ന്റെ തുടക്കമാകുമ്പോൾ പ്രകടമായ ഭരണവർഗ രാഷ്ട്രീയം ആശ്ലേഷിക്കുന്നതിലേക്ക് സിപിഎം നെ എത്തിച്ചു. ഇത്  കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സംസ്ഥാന സർക്കാരുകളിൽ സിപിഎം ന്റെ നേതൃത്വപരമായ പങ്കാളിത്തത്തോടെ ഭരണവർഗ്ഗ നയങ്ങൾ പിന്തുടരുന്നതിലേക്കെത്തി.

1.4  സിപിഐ.എമ്മിന്റെ പുത്തൻ തിരുത്തൽവാദത്തിനെതിരായ കടുത്ത പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ തുടർച്ചയായി കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്ന മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി കാർഷിക വിപ്ലവ മുന്നേറ്റത്തിനായുള്ള സമരമാരംഭിക്കുകയും അത് 1967 ലെ നക്സൽബാരി ഉയിർത്തെഴുന്നേൽപ്പിലേക്ക് വികസിക്കുകയും ചെയ്തു. ഇത് 1969 ഏപ്രിലിൽ, മാർക്‌സിസം-ലെനിനിസം-മാവോ സേതുങ് ചിന്തയെ അടിസ്ഥാന പ്രത്യയശാസ്ത്രമായി പ്രഖ്യാപിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി (AICCCR) യുടെയും തുടർന്ന് സിപിഐ (എം എൽ ) ന്റെയും രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അക്കാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി)യിൽ ആധിപത്യം പുലർത്തിയിരുന്ന ഇടത് സാഹസിക – വിഭാഗീയ ലൈനിന്റെ സ്വാധീനത്തിൽ, 1970 ലെ പാർട്ടി കോൺഗ്രസ് അംഗീകരിച്ച സിപിഐ (എംഎൽ) പരിപാടി സാമ്രാജ്യത്വത്തിനു കീഴിലുള്ള യുദ്ധാനന്തര പുത്തൻകൊളോണിയൽ പരിവർത്തനത്തെയും സമൂർത്തമായ ഇന്ത്യൻ സാഹചര്യത്തെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. ഇത് ഇന്ത്യൻ സാഹചര്യത്തെ വിപ്ലവത്തിനു മുമ്പുള്ള ചൈനയുടെ അവസ്ഥയിലേക്ക് തെറ്റായി തുലനം ചെയ്യുന്നതിനും ‘അർദ്ധ കൊളോണിയൽ, അർദ്ധ ഫ്യൂഡൽ, ദിര്ഘകാല ജനകീയ യുദ്ധം’ എന്നിവ വരട്ടുവാദപരമായി  ഉയർത്തിപ്പിടിക്കുന്നതിനും കാരണമാക്കി. നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടും, സാർവ്വദേശീയവും ദേശീയവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണയും ഇടതുപക്ഷ സാഹസികതയുടെ സ്വാധീനവും ഭരണകൂട അടിച്ചമർത്തലിന്റെ തീവ്രതയും കാരണം, പ്രസ്ഥാനത്തിന് ജനകീയ / പുത്തൻ ജനാധിപത്യ വിപ്ലവപാതയിലൂടെ മുന്നേറാനായില്ല. 1971 ആയപ്പോഴേക്കും സിപിഐ (എംഎൽ) പല ഗ്രൂപ്പുകളായി ശിഥിലമാകാൻ തുടങ്ങി.



1.5    ഈ തിരിച്ചടികളെത്തുടർന്ന്, ഇടതുപക്ഷ സാഹസികതക്കെതിരെ ബഹുജന ലൈനിന്റെ അടിസ്ഥാനത്തിൽ പാർട്ടി പുനഃസംഘടിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നു. പ്രത്യേകിച്ചും 1977 ലെ അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം, മാവോയുടെ മരണത്തെ തുടർന്ന് മുതലാളിത്ത പാതയിലേക്കുള്ള ചൈനയുടെ അധഃപതനം ഉൾപ്പെടെ, സാർവ്വദേശീയ, ദേശീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമയത്ത്, കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെ വിവിധ ധാരകൾ ഐക്യത്തിനായി നിരവധി ശ്രമങ്ങൾ നടത്തി. കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾക്കിടയിൽ നടന്ന ഈ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പോരാട്ടത്തിനിടയിലാണ് 1979-ൽ കേന്ദ്ര പുനഃസംഘടനാ കമ്മിറ്റി (സിആർസി) രൂപീകരിച്ചത്. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗ നവകൊളോണിയൽ പരിവർത്തനം, പ്രത്യേകിച്ച് ഹരിതവിപ്ലവം സൃഷ്ടിച്ച മുതലാളിത്ത ബന്ധങ്ങൾ കാർഷികമേഖലയിലുണ്ടാക്കിയ വലിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, 1982ലെ  ആദ്യ അഖിലേന്ത്യാ സമ്മേളനത്തിൽ അതിനെ പറ്റി ഒരു സമൂർത്തമായ പഠനം നടത്താൻ തീരുമാനിച്ചു. 1985ലെ പ്ലീനത്തിൽ അവതരിപ്പിച്ച ഈ പഠനം പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഭിന്നതകൾക്കും 1987 -ൽ സിപിഐ (എംഎൽ) റെഡ്ഫ്ലാഗിന്റെ രൂപീകരണത്തിനും കാരണമായി. തുടർന്നുള്ള ദശകത്തിൽ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ സാർവ്വദേശീയ ഐക്യം, ജാതി, പാരിസ്ഥിതിക പ്രശ്നങ്ങൾ, വർഗ-ബഹുജന സംഘടനകൾ കെട്ടിപ്പടുക്കൽ, വർഗസമരത്തിന്റെ ഭാഗമായി പാർലമെന്ററി സമരം ഉൾപ്പെടെ എല്ലാത്തരം സമരരീതികളും പ്രയോജനപ്പെടുത്തൽ എന്നിവയിൽ നേടിയ കൂടുതൽ പ്രത്യയശാസ്ത്ര വ്യക്തത സംഘടനയുടെ വിപുലീകരണത്തിനും 1990-ഓടെ കർണാടകയിലെ ഡിഎസ്എസിന്റെ ഒരു വിഭാഗവുമായി ലയിക്കുന്നതിനും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഗ്രൂപ്പുകളുമായും വ്യക്തികളുമായും ലയിക്കുന്നതിലേയ്ക്കും നയിച്ചു. ഇക്കാലയളവിൽ എല്ലാ പ്രമുഖ കമ്മ്യൂണിസ്റ്റ് വിപ്ലവ സംഘടനകളുമായും ഐക്യത്തിനായി ആവർത്തിച്ച് ചർച്ചകൾ നടത്തിയെങ്കിലും, അവർക്കിടയിൽ ഒരുതരം പ്രത്യയശാസ്ത്ര സ്തംഭനാവസ്ഥ ഉടലെടുത്തതിനാൽ, ഒരു മുന്നേറ്റവും കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ്, സിപിഐ (എംഎൽ) (കനു സന്യാൽ) വിഭാഗവുമായി നടത്തിയ നിരവധി ചർച്ചകളുടെ തുടർച്ചയായി, പാർട്ടി പരിപാടിയുടേയും വിപ്ലവത്തിന്റെ പാതയുടെയും വിഷയത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, യോജിച്ചു പ്രവർത്തിക്കാൻ 2003 ലെ ആറാം അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. തുടർന്ന്, 2005 ലെ ഐക്യ സമ്മേളനത്തിൽ അംഗീകരിച്ച ഐക്യ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ലയനം നടന്നു.  സമയബന്ധിതമായി നടക്കുന്ന മറ്റൊരു യൂണിറ്റി കോൺഫറൻസിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ അത് തീരുമാനിച്ചു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിലും പരസ്പര സമ്മതത്തോടെ ഐക്യ സമ്മേളനം നടത്തുന്നതിലും ഒരു പുരോഗതിയും ഉണ്ടാകാത്തതിനാൽ, ഈ പരീക്ഷണം പരാജയപ്പെടുകയും 2009 ജനുവരിയിൽ അവസാനിക്കുകയും ചെയ്തു.

1.6  ഈ സാഹചര്യത്തിൽ അഖിലേന്ത്യാ സ്പെഷ്യൽ കോൺഫ്രൻസ് 2009 നവംബറിൽ നടന്നു. അന്താരാഷ്ട്ര സാഹചര്യവും നമ്മുടെ കർത്തവ്യങ്ങളും, ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം, പ്രധാന വൈരുദ്ധ്യം, വിപ്ലവത്തിന്റെ പാത എന്നീ നാല് രേഖകൾ സമ്മേളനം അംഗീകരിച്ചു. സാർവ്വദേശീയവും ദേശീയവുമായ സംഭവവികാസങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, ഈ രേഖകൾ ഇന്ത്യൻ ഭരണകൂടത്തെ പുത്തൻകൊളോണിയൽ ആയി ചിത്രീകരിക്കുകയും ഇന്ത്യയ്ക്കായി ജനകീയ / പുത്തൻ ജനാധിപത്യ വിപ്ലവ പാത സ്വീകരിക്കുകയും ചെയ്തു. ഈ രേഖകൾ സ്വീകരിച്ചത് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ലൈൻ കൂടുതൽ വികസിക്കുന്നതിനു കാരണമായി.   2009 ലെ കോൺഫറൻസിൽ ബംഗാളിൽ നിന്നുള്ള സിസിആർ (എം എൽ)  ന്റെ ഒരു പ്രതിനിധി സംഘം നിരീക്ഷകരായി പങ്കെടുക്കുകയും അവരുമായി ഐക്യ ചർച്ചകൾ ഉടൻ ആരംഭിക്കുകയും, തുടർന്ന് സിസിആർ (എം എൽ)   യുമായുള്ള ലയനത്തിൽ എത്തുകയും ചെയ്തു.

1.7.   2011-ൽ ചേർന്ന പാർട്ടിയുടെ ഒമ്പതാം കോൺഗ്രസ് ഒരു പാർട്ടി പരിപാടി അംഗീകരിച്ചു, അത് 1970-ലെ സിപിഐ (എംഎൽ) പാർട്ടി പരിപാടിയിൽ കാതലായ മാറ്റം വരുത്തി. സിപിഐ (എംഎൽ) റെഡ് സ്റ്റാർ ആയി സ്വയം ഉറപ്പിക്കാൻ അത് പാർട്ടിയെ പ്രാപ്തമാക്കി. മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തെ സാർവ്വദേശീയ തലത്തിലും ദേശീയ തലത്തിലും അഞ്ചാമത്തെ പ്രധാന വൈരുദ്ധ്യമായി സ്വീകരിക്കൽ , വർഗസമരവും ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടവും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ചുള്ള ധാരണയെ അടിസ്ഥാനമാക്കിയുള്ള ജാതി ഉന്മൂലന പ്രസ്ഥാനത്തിന്റെ രൂപീകരണം, പുത്തൻ കൊളോണിയലിസത്തെ ക്കുറിച്ചുള്ള ഉയർന്ന സൈദ്ധാന്തിക ധാരണ എന്നിവ 2011-ലെ പാർട്ടി പരിപാടിയിലെ മുന്നേറ്റമായിരുന്നു. ഇത് സംഘടനയുടെ വികാസത്തിന് സംഭാവന നൽകുകയും ബംഗാളിൽ മുമ്പ് സിപിഐ (എംഎൽ) ന്യൂ ഡെമോക്രസിയുടെ ഭാഗമായിരുന്ന സിപിഐ (എംഎൽ) റെഡ്ഫ്ലാഗുമായി ഐക്യത്തിന് ഇത് വഴിയൊരുക്കുകയും ചെയ്തു. സിപിഐ (എം) ന്റെ നവ തിരുത്തൽവാദ ലൈനിനോട് നിരന്തരം പോരാടിക്കൊണ്ട്,  സഖാവ് കൊല്ല വെങ്കയ്യയുടെ നേതൃത്വത്തിൽ നക്സൽബാരി പ്രക്ഷോഭം ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്ന ആന്ധ്രയിലെ എംഎൽസി യുമായുള്ള ലയനത്തിനും ഇത് ഇടയാക്കി. വിവിധ ധാരകളിൽ നിന്നുള്ള നിരവധി സഖാക്കളും വിഭാഗങ്ങളും ഈ പ്രക്രിയയിൽ ചേർന്നു. വർദ്ധിച്ചു വരുന്ന കോർപ്പറേറ്റ് വൽക്കരണത്തിന്റെയും നവഫാസിസത്തിന്റെ ആവിർഭാവത്തിന്റെയും പശ്ചാത്തലത്തിൽ നടന്ന സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ പത്താമത്തെയും പതിനൊന്നാമത്തെയും കോൺഗ്രസുകൾ പാർട്ടിയുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ദിശാബോധത്തിന് കൂടുതൽ വ്യക്തത നൽകി.

അദ്ധ്യായം 2
സാർവ്വദേശീയ സാഹചര്യം

2.1 രണ്ടാം ലോകയുദ്ധത്തിനു ശേഷം, അതുവരെ സാമ്രാജ്യത്വം പിന്തുടർന്ന കൊളോണിയൽ കൊള്ളയുടെ രീതികൾ യുഎസ് സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള പുത്തൻ കൊളോണിയലിസമായി രൂപാന്തരപ്പെട്ടു. കൊളോണിയലിസത്തിന്റേതിൽ നിന്നു ഗുണപരമായി വ്യത്യസ്തമാണ് പുത്തൻ കൊളോണിയൽ കൊള്ളയുടെയും ആധിപത്യത്തിന്റെയും രീതികൾ. മുൻ കൊളോണിയൽ, അർദ്ധ കൊളോണിയൽ, ആശ്രിത രാജ്യങ്ങളുടെ മേലുണ്ടായിരുന്ന പ്രത്യക്ഷ നിയന്ത്രണത്തിനു പകരം, ധനമൂലധനത്തിന്റെ പരിധികളില്ലാത്ത ആഗോള വികാസത്തിനും ആധിപത്യത്തിനും ആവശ്യമായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സാംസ്കാരിക സംവിധാനങ്ങൾ പുത്തൻ അധിനിവേശത്തോടെ നിലവിൽ വന്നു. യുഎൻ, ബ്രെട്ടൺ വുഡ്‌സ് സ്ഥാപനങ്ങൾ, ബഹുരാഷ്ട്രകമ്പനികൾ, ഫണ്ടിംഗ് ഏജൻസികൾ, നാറ്റോ പോലുള്ള സൈനിക കരാറുകൾ, നവകൊളോണിയൽ ലോകത്തെ പരമോന്നത മേധാവിയായ യുഎസ് സാമ്രാജ്യത്വം നിയന്ത്രിക്കുന്ന സൈനിക താവളങ്ങൾ എന്നിവ ആഗോള തലത്തിൽ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ നിർബാധം ശക്തിപ്പെടുത്തുന്നത് ഉറപ്പാക്കി.   കൊളോണിയൽ ഘട്ടത്തിൽ ഫ്യൂഡൽ-മുതലാളിത്ത പൂർവ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നതിൽ നിന്നു വ്യത്യസ്തമായി,  പുത്തൻ കൊളോണിയൽ ആശ്രിതത്വത്തിൻ കീഴിലുള്ള രാജ്യങ്ങളിൽ മുതലാളിത്ത ബന്ധങ്ങൾ വികസിപ്പിച്ചു കൊണ്ടാണ് സാമ്രാജ്യത്വം അതിന്റെ മൂലധന വ്യാപനം പ്രധാനമായും സാധ്യമാക്കിയത്.


2.2 രണ്ടാം ലോക യുദ്ധം നടക്കുമ്പോൾ തന്നെ, 1940-കളുടെ തുടക്കം മുതൽ അമേരിക്കൻ സാമ്രാജ്യത്വം ഈ പുത്തൻകൊളോണിയൽ ക്രമത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ,  സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് (ICM) ഈ പരിവർത്തനത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ അന്നു കഴിഞ്ഞില്ല. 1943-ൽ കോമിന്റേണിന്റെ പിരിച്ചുവിടലും അതിന് ബദൽ രൂപീകരിക്കാൻ മുൻകൈ എടുക്കാതിരുന്നതും ഈ പരിമിതിയുടെ പ്രതിഫലനമായിരുന്നു. സാമ്രാജ്യത്വത്തിന്റെ പുത്തൻകൊളോണിയൽ തന്ത്രം തിരിച്ചറിയാൻ 1947-ൽ രൂപീകൃതമായ കോമിൻഫോമിന് കഴിഞ്ഞുവെങ്കിലും, 1956-ൽ ക്രൂഷ്ചേവ് അത് പിരിച്ചുവിട്ടു. സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തെക്കുറിച്ചുള്ള റിവിഷനിസ്റ്റ് വ്യാഖ്യാനത്തോടൊപ്പം, സാമ്രാജ്യത്വത്തിന്റെ ദുർബലപ്പെടലായി ക്രൂഷ്ചേവ് പുത്തൻകൊളോണിയലിസത്തെ വിശേഷിപ്പിച്ചു. അതേസമയം, മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയാകട്ടെ, മഹത്തായ സംവാദത്തിലൂടെ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്ത്രപരമായ പാത മുന്നോട്ട് വച്ചുകൊണ്ട്, അപ്പോഴേക്കും മുതലാളിത്ത പാത ആശ്ലേഷിച്ചു തുടങ്ങിയിരുന്ന സോവിയറ്റ് നേതൃത്വം പുത്തൻ കൊളോണിയലിസത്തെ വെള്ളപൂശിയത് തുറന്നു കാട്ടുകയുണ്ടായി.


2.3 സോവിയറ്റ് റിവിഷനിസ്റ്റുകൾ “പുത്തൻ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികൾ” ആണെന്ന് വിലയിരുത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, ആഫ്രോ-ഏഷ്യൻ -ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യുദ്ധാനന്തര ധനമൂലധനത്തിന്റെ തീവ്രമായ നുഴഞ്ഞുകയറ്റത്തെ വിശകലനം ചെയ്യുകയും പുത്തൻകൊളോണിയലിസത്തെ “കൊളോണിയലിസത്തിന്റെ കൂടുതൽ വിനാശകരവും പൈശാചികവുമായ രൂപമായി” വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ, കൊളോണിയലിസത്തിൽ നിന്നും പുത്തൻ കൊളോണിയലിസത്തിലേക്കുള്ള പരിവർത്തനം ശരിയായി വിലയിരുത്തിയപ്പോഴും,  പുത്തൻകൊളോണിയൽ ഘട്ടത്തിൽ സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളും അടവുകളും അനാവരണം ചെയ്യുന്നതിന് സിപിസിയുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് ലഭ്യമായ രേഖകൾ വെളിപ്പെടുത്തുന്നത്. സാംസ്കാരിക വിപ്ലവകാലത്ത് ചൈനീസ് പാർട്ടിയിൽ ഇടതുപക്ഷ വിഭാഗീയത ശക്തിപ്പെട്ടതിന്റെ ഭാഗമായി, സാമ്രാജ്യത്വം ദൂർബലമായി എന്ന വീക്ഷണത്തോടൊപ്പം, യുഎസ് സാമ്രാജ്യത്വത്തേക്കാൾ വലിയ ഭീഷണി സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വമാ ണെന്ന തെറ്റായ സങ്കൽപ്പനവും മുന്നോട്ടുവെയ്ക്കപ്പെട്ടു. ഇത് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ലൈനിന് വളരെയധികം ദോഷം ചെയ്തു.


2.4 അതേസമയം, യുഎസ്  നേതൃത്വത്തിലുള്ള സാമ്രാജ്യത്വം അതിന്റെ ബഹുമുഖമായ പുത്തൻകൊളോണിയൽ ആക്രമണം ആരംഭിച്ചപ്പോഴും, എല്ലാ ബലഹീനതകൾക്കിടയിലും, സോവിയറ്റ് യൂണിയന്റെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സോഷ്യലിസത്തിന്റെ ശക്തമായ പുരോഗമന ധാരയുടെ സാന്നിദ്ധ്യം യുദ്ധാനന്തര വർഷങ്ങളിൽ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ സോഷ്യലിസത്തിനെതിരായ പ്രത്യയശാസ്ത്ര ആയുധമായി  ക്ഷേമരാഷ്ട്ര നയം വിഭാവനം ചെയ്യാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തെ നിർബന്ധിതമാക്കിയത് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  പ്രത്യയശാസ്ത്ര-രാഷ്ട്രീയ സാന്നിദ്ധ്യമായിരുന്നു. പക്ഷേ, മൂലധനസഞ്ചയത്തിന്റെ വൈരുദ്ധ്യങ്ങളുടെ തീവ്രത നിമിത്തം സാമ്രാജ്യത്വ പ്രതിസന്ധി സ്റ്റാഗ്ഫ്ലേഷന്റെ രൂപത്തിൽ 1970-കളിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നപ്പോൾ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികൾ മുതലെടുത്തുകൊണ്ട് സാമ്രാജ്യത്വം ക്ഷേമരാഷ്ട്ര നയങ്ങൾ ഉപേക്ഷിച്ച് നവലിബറലിസത്തെ ആശ്ലേഷിക്കുകയാണുണ്ടായത്.


2.5 നവലിബറലിസത്തിന് കീഴിൽ, സാങ്കേതികവിദ്യയിലുണ്ടായ .ഏറ്റവും നൂതനമായ മുന്നേറ്റങ്ങളുടെ പ്രയോഗം കോർപ്പറേറ്റ് – ഊഹമൂലധനത്തിന്റെ അഭൂതപൂർവമായ വിപുലീകരണത്തിന് സാമ്രാജ്യത്വത്തെ പ്രാപ്തമാക്കി. അതോടൊപ്പം ഉത്പാദനത്തിന്റെ സാർവ്വദേശീയവൽക്കരണവും അദ്ധ്വാനത്തിന്റെ ആഗോളതലത്തിലുള്ള പുതിയ തൊഴിൽ വിഭജനവും തൊഴിലാളിവർഗത്തിന്റെ ഭീമമായ ചൂഷണത്തിനും പുതിയ സാങ്കേതിക വിദ്യകൾ വഴി വെച്ചു. പ്രകൃതിയെ കൊള്ളയടിച്ചു കൊണ്ടള്ള മൂലധനത്തിന്റെ ഭ്രാന്തമായ കടന്നാക്രമണത്തിനും നവലിബറലിസം സാക്ഷ്യം വഹിച്ചു, അത് ഭയാനകമായ അളവിലുള്ള പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിക്കുക്കുകയുണ്ടായി. ആവാസവ്യവസ്ഥയിൽ നിന്ന് ജനങ്ങൾ വൻതോതിൽ കുടിയിറക്കപ്പെടുന്നതും തജ്ജന്യമായ അഭയാർത്ഥി പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ നവ ലിബറലിസത്തിലെ  പ്രവണതകളാണ്. മാനവ ചരിത്രത്തിലെ ഒരു വഴിത്തിരിവായ കോവിഡ്-19 മഹാമാരിയുൾപ്പടെ പുതിയ ജന്തുജന്യ വൈറസുകളുടെ ആവിർഭാവത്തിന് പ്രകൃതിയിലേക്കുള്ള കോർപ്പറേറ്റ് മൂലധനത്തിന്റെ കടന്നുകയറ്റമാണ് എന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു.


2.6 പുത്തൻ കൊളോണിയൽ കാലത്തെ സാമ്രാജ്യത്വ പ്രതിസന്ധി നവലിബറൽ നയത്തിലേക്കുള്ള നയം മാറ്റം ആവശ്യമാക്കിയെങ്കിലും, സാർവ്വദേശീയ സാഹചര്യം ഇപ്പോഴും സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ വിപ്ലവത്തിന്റേതുമാണ്. കഴിഞ്ഞ ദശകങ്ങളിലെ നവലിബറൽ ആഗോളവൽക്കരണം സാമ്രാജ്യത്വ ലോക വ്യവസ്ഥയുടെ എല്ലാ പ്രധാന വൈരുദ്ധ്യങ്ങളെയും – അതായത് സാമ്രാജ്യത്വവും മർദ്ദിത രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം, മൂലധനവും അദ്ധ്വാനവും   തമ്മിലുള്ള വൈരുദ്ധ്യം, സാമ്രാജ്യത്വ രാജ്യങ്ങൾക്കും കുത്തക ഗ്രുപ്പുകൾക്കുമിടയിലുള്ള വൈരുദ്ധ്യം, സാമ്രാജ്യത്വ വ്യവസ്ഥയും സോഷ്യലിസ്റ്റ് ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം, 2011 ലെ സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ ഒമ്പതാം കോൺഗ്രസിൽ അംഗീകരിച്ച മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം എന്നിങ്ങനെ എല്ലാ പ്രധാന വൈരുദ്ധ്യങ്ങളും – മൂർച്ഛിപ്പിച്ചിട്ടുണ്ട്. ഈ അഞ്ച് പ്രധാന വൈരുദ്ധ്യങ്ങളിൽ, ഒരു വശത്ത് സാമ്രാജ്യത്വവും മറുവശത്ത് മർദ്ദിത ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം സാർവ്വദേശീയ തലത്തിൽ പ്രധാന വൈരുദ്ധ്യമായി തുടരുന്നു.


2.7  21-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ, ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഉപയോഗിച്ച്, മൂലധന സമാഹരണ പ്രക്രിയയുടെ കൂടുതലുയർന്ന പുനഃസംഘടനയിലേക്കും ഉൽപ്പാദനത്തെ അപേക്ഷിച്ച് ഊഹക്കച്ചവട മേഖലകളുടെ വികാസത്തിലേക്കും നീങ്ങാൻ സാമ്രാജ്യത്വത്തിന് കഴിഞ്ഞു. തൽഫലമായി, ഊഹമൂലധനം അഭൂതപൂർവമായ ആഗോള അസമത്വത്തിനും സമ്പത്തിന്റെ കേന്ദ്രീകരണത്തിനും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പരിസ്ഥിതി നാശത്തിന്റെയും ശക്തിപ്പെടലിനും കാരണമാവുകയും കൃഷിയുടെ കോർപ്പറേറ്റുവൽക്കരണം ഉൾപ്പെടെ എല്ലാ സാമൂഹിക മേഖലകൾക്കും വിധേയമാകുകയും ചെയ്തു. പ്രത്യേകിച്ച്, തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത അതിവേഗം വളരുമ്പോഴും, യഥാർത്ഥ വേതനം കുറച്ചുകൊണ്ട് എല്ലായിടത്തും തൊഴിലാളികളെ ഭീമമായി ചൂഷണം ചെയ്യുന്നത് തുടർന്നു.  ഇതിനിടയിൽ, 2008-ലെ സാമ്രാജ്യത്വ പ്രതിസന്ധി, തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, വംശീയ, മത ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, അഭയാർഥികൾ, മർദ്ദിത വിഭാഗങ്ങൾ എന്നിവരടക്കം വിശാല ജനവിഭാഗങ്ങൾക്കെതിരെ നവ-ഫാസിസം വളർന്നു വരാനുതകുന്ന മാറ്റങ്ങൾ രാഷ്ട്രീയ ഉപരിഘടനയിൽ സ്ഥാപിതമാകുന്ന ദിശയിലും കാര്യങ്ങൾ നീങ്ങി.  മുൻകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കി സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും കോർപ്പറേറ്റ് മൂലധനം ആധിപത്യം  ചെലുത്തുകയും ചെയ്തു.


2.8  21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ സാർവ്വദേശീയ സംഭവവികാസങ്ങളിലൊന്ന്, യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഒരു പ്രമുഖ സാമ്രാജ്യത്വ ശക്തിയായിട്ടുള്ള ചൈനയുടെ രംഗപ്രവേശമാണ്. 1976-ൽ മാവോ സെതൂങ്ങിന്റെ മരണശേഷം, ചൈനയും മുതലാളിത്ത പുനഃസ്ഥാപനത്തിന് വിധേയമായിരുന്നു. തത്ഫലമായി, ചൈനീസ് ജനകീയ റിപ്പബ്ലിക്ക് ഉദ്യോഗസ്ഥ മേധാവിത്വ ഭരണകൂട കുത്തക  മുതലാളിത്തമായി പരിവർത്തിക്കപ്പെട്ടു. സാമ്രാജ്യത്വ ധനമൂലധനവുമായുള്ള  ഉദ്ഗ്രഥനത്തിലൂടെ സാമ്രാജ്യത്വ ശക്തിയായി ചൈന മാറി. ലോകത്തിലെ ഏറ്റവും കൂലി കുറഞ്ഞ തൊഴിലാളികളുടെ ലഭ്യതയും ഡിജിറ്റൽ സാങ്കേതിക വിദ്യകളടക്കം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളിന്മേലുള്ള ആപേക്ഷിക മുകൈയും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളോട്, പ്രത്യേകിച്ച് യുഎസുമായി മത്സരിച്ച് പുത്തൻകൊളോണിയൽ സ്വാധീന മേഖലകൾ വെട്ടിപ്പിടിക്കാൻ ചൈനയെ പ്രാപ്തമാക്കി. ചരക്കുകൾ, മൂലധന കയറ്റുമതി, അസംസ്കൃത വസ്തുക്കളുടെ സ്രോതസ്സുകൾ എന്നിവയ്ക്കായി ആഗോള വിപണികളിലേക്ക് കടന്നുകയറാനുള്ള അതിന്റെ ശ്രമങ്ങൾ ചൈനയെ മറ്റ് സാമ്രാജ്യത്വ ശക്തികളുമായി, പ്രത്യേകിച്ച് യുഎസ് സാമ്രാജ്യത്വവുമായി കടുത്ത വൈരുദ്ധ്യത്തിലേക്ക് നയിച്ചിരിക്കുന്നു.

അധ്യായം 3
ഇന്ത്യ - ഭൂതകാലം മുതൽ വർത്തമാനകാലം വരെ

3.1 ഏകദേശം 140 കോടി ജനങ്ങൾ അധിവസിക്കുന്ന നമ്മുടെ ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ്. വൈവിധ്യങ്ങളും സങ്കീർണ്ണതകളും ഏറെയുള്ള  ഒരു ബഹുരാഷ്ട്ര, ബഹുവംശ, ബഹുഭാഷാ, ബഹുസംസ്കാര, ബഹുമത രാജ്യമാണത്. സിന്ധു നദീതീരത്ത് ഏകദേശം 6000 വർഷം മുമ്പ് മുതൽ നിലനിന്ന സിന്ധുനദീതട സംസ്കാരം അടക്കമുള്ള മഹത്തായ ഒരു ഭൂതകാലം ഈ രാജ്യത്തിനുണ്ട്.  അതേ സമയം, ദക്ഷിണേന്ത്യയിലെ വിശാലമായ ഭൂപ്രദേശത്തിലുടനീളം നവീന ശിലായുഗ നാഗരികതകൾ പ്രബലമായിരുന്നു. സിന്ധുനദീതട സംസ്കാരത്തിന്റെ അന്ത്യം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ നിരവധി പരികല്‍പനകൾ നിലവിലുണ്ട്. അതിനെത്തുടർന്ന് വന്ന വേദ സംസ്കാരം ഉത്തര-മധ്യ ഇന്ത്യയുടെ മുഴുവൻ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെയും ഉടച്ചുവാർത്തു. നിരവധി വിള്ളലുകളുടെ അനുസ്യൂത പ്രക്രിയ അല്ലാതിരുന്നിട്ടു കൂടി, ഇന്ത്യൻ വർഗസമരത്തിന്റെ ഗതി നിർണയിക്കുന്നതിൽ വേദ നാഗരികതയുടെ പൈതൃകവും തുടർച്ചയും നിർണായകമാണ്.


3.2 തുടക്കത്തിൽ, വേദ സംസ്കാരം വർഗ രഹിതമായിരുന്നുവെന്നു പറയാം. പക്ഷെ, ഉൽപ്പാദന ശക്തികളുടെ വികാസവും അതിനെ തുടർന്നുള്ള മിച്ച ഉൽപ്പാദനവും, വർഗ്ഗവിഭജനത്തിന് വഴിയൊരുക്കി. ഇന്ത്യൻ സമൂഹത്തിന്റെ തനതു സവിശേഷതയെ അടിസ്ഥാനമാക്കി, വർഗ്ഗങ്ങൾ വർണ്ണങ്ങളായി പ്രത്യക്ഷപ്പെട്ടു, വർണവിഭജനത്തിന്റെ സവിശേഷരൂപത്തിലാണ് വർഗ്ഗവിഭജനം പ്രത്യക്ഷമായത്. അങ്ങനെ, പുരാതന ഇന്ത്യയിൽ വർഗസമരത്തിന്റെ രൂപമായി വർണ്ണസമരം ഉയർന്നുവന്നു. പിൽക്കാല വൈദിക കാലഘട്ടത്തിൽ, ബ്രാഹ്മണരും ക്ഷത്രിയരും രാജ്യത്തിന്റെ വിശാലമായ ഭൂപ്രദേശങ്ങളിൽ ഭരണവർഗങ്ങളായി ഉയർന്നുവന്നു. ഈ ഭരണവിഭാഗത്തിന് എതിരായി, വൈശ്യരും ശൂദ്രരും ചേർന്ന മറ്റൊരു കൂട്ടുകെട്ടും ഉയർന്നുവന്നു. വൈശ്യരും ശൂദ്രരും അടങ്ങിയ ഈ കൂട്ടുകെട്ടായിരുന്നു യഥാർത്ഥ ഉത്പാദകരേയും രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നത്. ഈ വർഗ്ഗ വിഭജനത്തിൽ ദൃഢമായി സ്ഥാപിതമായ ഭരണകൂട സംവിധാനം, ആര്യന്മാരുടെ പഴയ രാഷ്ട്രീയ സംഘടനകളായ സഭ, സമിതി എന്നിവയ്ക്ക് പകരമായി ഏകദേശം അഞ്ഞൂറ് വർഷത്തോളം നിലനിന്ന പിൽക്കാല വേദ കാലഘട്ടത്തിൽ ഉയർന്നുവന്നു.

3.3 മൗര്യഭരണത്തിന്റെ പതനത്തോടെ ഈ കാലഘട്ടം അവസാനിക്കുകയും  മനുവാദത്തിലധിഷ്ഠിതമായ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്തു.  ഈ പുതിയ ഭരണസംവിധാനം വർണ്ണ-വിഭജനത്തെ സ്ഥാപനവൽക്കരിക്കുന്നതിനും ജാതി വ്യവസ്ഥയിലേക്കുള്ള അതിന്റെ പരിവർത്തനത്തിനും വഴിയൊരുക്കി. മനുവാദി ഭരണകൂടത്തിന്റെ  പ്രത്യയശാസ്ത്രവും അതിൻ പ്രകാരമുള്ള നിയമവും എല്ലാ സ്ത്രീകളെയും ശൂദ്രരായി കണക്കാക്കി. പ്രാചീന ഇന്ത്യയിൽ ഉടലെടുത്ത ഈ നിഷ്ഠൂരമായ പുരുഷാധിപത്യ ഭരണസംവിധാനം അതിന്റെ സത്തയിൽ ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു. തൽഫലമായി, ജാതി സമരവും ലിംഗസമരവും ഇന്ത്യൻ വർഗസമരത്തിന്റെ രണ്ട് അവിഭാജ്യ ഘടകങ്ങളായി തുടക്കം മുതൽ വികസിച്ചുകൊണ്ടിരിക്കുകയാണ്.


3.4 മധ്യകാലഘട്ടം മുതൽ മുഗളന്മാർ പിന്തുടർന്ന സുൽത്താൻ ഭരണത്തിന്റെ വരവടക്കം തുടർന്നു വന്ന എല്ലാ ഭരണങ്ങളും നിരവധി മാറ്റങ്ങൾക്കിടയാക്കിയെങ്കിലും അവയൊന്നും രാജ്യത്തിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയെ സ്പർശിക്കുകയോ, ഇന്ത്യൻ വർഗസമരത്തിന്റെ അടിസ്ഥാന ഗതിയെ മാറ്റിമറിക്കുകയോ ചെയ്തില്ല. എന്നിരുന്നാലും, ഇന്ത്യയിലെ മുഗൾ ഭരണത്തിന്റെ അവസാന പകുതിയിൽ, തദ്ദേശീയ മുതലാളിത്ത വികാസത്തിന് അടിത്തറ പാകിയ ഗിൽഡ് സമ്പ്രദായത്തിന്റെയും ശക്തമായ വാണിജ്യ മൂലധനത്തിന്റെയും വരവ്, പണ സമ്പദ്‌വ്യവസ്ഥയുടെ വ്യാപനം തുടങ്ങിയവ കേന്ദ്രീകൃത ഭരണകൂടത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു.


3.5  അതേ സമയം, മെർക്കന്റയിൽ കാലം മുതൽക്കുതന്നെ ഇന്ത്യയ്ക്കുമേൽ കൊളോണിയൽ ആധിപത്യം ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രതിനിധീകരിച്ച കൊളോണിയൽ മേധാവികൾ ഇന്ത്യയെ കൊള്ളയടിക്കുന്നതിനുതകും വിധം രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയിൽ മാറ്റം വരുത്താൻ ശ്രമിച്ചെങ്കിലും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇവിടുത്തെ ജാതി വ്യവസ്ഥയിൽ ഇടപെടാതിരിക്കാൻ തുടക്കം മുതലേ ശ്രദ്ധിച്ചു. മണ്ണിൽ പണിയെടുക്കുന്ന യഥാർത്ത കർഷകർക്ക് ഭൂമി കൈവശം വെക്കാനുള്ള അവകാശം പോലും നിഷേധിച്ചുകിട്ടുണ്ടും ഭൂമിയുടെ ശാശ്വതമായ ഉടമസ്ഥാവകാശം ഭൂവുടമകൾക്ക് ഏൽപിച്ചുകൊണ്ടും 1793-ലെ പെർമനന്റ് സെറ്റിൽമെന്റ് ആക്ട് ഉപയോഗിച്ച് ജമീന്ദാരി സമ്പ്രദായം കെട്ടിയേല്പിച്ചു. ഇതോടൊപ്പം, സർക്കാർ ഏജന്റുമാർ കർഷകരിൽ നിന്ന് ഭൂമി കരം ശേഖരിച്ചു പോന്ന മഹൽവാരി, റയത് വാരി സമ്പ്രദായങ്ങളും ബംഗാളിൽ വേരുന്നിയ ജമീന്ദാരി സമ്പ്രദാവുമെല്ലാം ഇന്ത്യയുടെ മേൽ കൊളോണിയലിസത്തിന്റെ സാമൂഹിക അടിത്തറ രൂപപ്പെടുത്തിയ ഭൂബന്ധങ്ങളുടെ പ്രബലമായ ഫ്യൂഡൽ രൂപമായി മാറി.


3.6 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പോർച്ചുഗീസുകാർ തുടക്കമിട്ടതു മുതലുള്ള കൊളോണിയലിസത്തിനെതിരായി, ഇന്ത്യൻ ജനത നടത്തിയ പ്രക്ഷോഭങ്ങളുടെയും കലാപങ്ങളുടെയും പരിസമാപ്തിയായിരുന്നു. പ്ലാസി യുദ്ധത്തിൽ തുടങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകമാനം വ്യാപിച്ച ഈ എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയത് തദ്ദേശീയരായ ഭരണാധികാരികൾ മാത്രമല്ല, കൃഷി, ഗാർഹിക വ്യവസായം, ഉപജീവനം എന്നിവ നശിപ്പിക്കുന്നതിനെതിരെ കോളോണിയലിസ്റ്റുകൾ നടപ്പാക്കിയ നിർബന്ധിത നികുതിപിരിവിനെതിരെ നിലയുറപ്പിച്ച കർഷകരും, ആദിവാസികളും, കരകൗശല വിദഗ്ധരും കൂടി ചേർന്നതായിരുന്നു. ഇത് ആത്യന്തികമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യക്കു മേലുള്ള ആധിപത്യത്തിലേക്ക് നയിച്ചു.

 


3.7 ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ക്രൂരമായി അടിച്ചമർത്തിയതിനു ശേഷം, പ്രാദേശിക രാജാക്കന്മാരെയും ഫ്യൂഡൽ പ്രഭുക്കന്മാരെയും തങ്ങളുടെ വിശ്വസ്ത സഖ്യകക്ഷികളാക്കി മാറ്റിക്കൊണ്ട്, ജാതി-ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ ദൃഢീകരിക്കുന്ന നയം ബ്രിട്ടൻ അനുവർത്തിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടീഷ് വിരുദ്ധ ഐക്യത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, 1857-ന് ശേഷമുള്ള ബ്രിട്ടീഷ് നയം പ്രധാനമായും ഹിന്ദു-മുസ്ലിം വർഗീയ ധ്രുവീകരണത്തിൽ അധിഷ്‌ഠിതമായി ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്നതായിരുന്നു. ബ്രിട്ടീഷ് വ്യാവസായിക മുതലാളിത്തത്തിന്റെ അഭിവൃദ്ധിയുടെ വർഷങ്ങളിൽ, വ്യാപാര, താരിഫ് നയങ്ങളിലൂടെ പരമ്പരാഗതവും ശൈശവാവസ്ഥയിലുള്ളതുമായ  ഇന്ത്യൻ വ്യവസായങ്ങളെ തകർത്ത് ഇന്ത്യയെ അസംസ്കൃത വസ്തുക്കളുടെ ഉറവിടമായും ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വിപണിയായും മാറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. റെയിൽവേ, പോസ്റ്റ്, ടെലിഗ്രാഫ്, പണസംവിധാനം, ബാങ്കുകൾ, വായ്പാ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കെട്ടിപ്പടുക്കുന്നതിനൊപ്പം സൈന്യവും പോലീസും ഉൾപ്പെടെയുള്ള കൊളോണിയൽ ഭരണകൂടത്തിന്റെ ദൃഢീകരണം തുടങ്ങിയവയെല്ലാം ചേർന്ന് സർവ്വതും ബ്രിട്ടീഷ് കൊളോണിയൽ താൽപ്പര്യങ്ങൾക്ക് വിധേയമാക്കുന്നതിലേക്ക് നയിച്ചു. ബ്രിട്ടീഷുകാർ ഇടനിലക്കാരായി വളർത്തിയെടുത്ത വ്യാപാരി വർഗ്ഗം പിന്നീട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുമായി ഉദ്ഗ്രഥിപ്പിക്കാൻ പ്രവർത്തിച്ച ദല്ലാൾ ബൂർഷ്വാ വർഗ്ഗമായി മാറി.  അതോടൊപ്പം, ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കിക്കൊണ്ട്, കൊളോണിയൽ ഭരണകൂടത്തെ സേവിക്കാൻ കഴിവുള്ള ഒരു ദല്ലാൾ ഉദ്യോഗസ്ഥമേധാവി വർഗത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. അതുവരെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന താഴ്ന്ന ജാതികളിലെ ഒരു ചെറിയ വിഭാഗത്തിനും പരിമിതമായ തോതിൽ ആധുനിക വിദ്യാഭ്യാസത്തിലേക്ക് പ്രവേശനം ലഭിച്ചു.


3.8  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തിയതും കമ്പനി ഭരണത്തിൽ നിന്ന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിലേക്കുള്ള മാറ്റവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആദിവാസി കലാപങ്ങൾ അടക്കമുള്ള ജനമുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി. ആധുനിക വിദ്യാഭ്യാസത്തിന്റെയും ബൂർഷ്വാ ജനാധിപത്യ ആശയങ്ങളുടെയും സ്വാധീനം നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ആവിർഭാവത്തിനും കൊളോണിയലിസത്തിനെതിരായ രാഷ്ട്രീയ അവബോധം രാജ്യത്തുടനീളം വ്യാപിക്കുന്നതിനും കാരണമായി. ഈ സാഹചര്യത്തിലാണ് കൊളോണിയൽ ഭരണത്തിനെതിരായ ജനരോഷം നിയന്ത്രിക്കാനും വഴിതിരിച്ചുവിടാനുമുള്ള സുരക്ഷാ വാൽവായി കൊളോണിയലിസ്റ്റുകളുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത്. വളർന്നുവരുന്ന ദല്ലാൾ ബൂർഷ്വാസി, വൻകിട ഭൂപ്രഭുവർഗ്ഗം, ബ്യൂറോക്രറ്റിക് വിഭാഗങ്ങൾ തുടങ്ങിയവ കോൺഗ്രസിന് മേൽ തങ്ങളുടെ സ്വാധീനം ചെലുത്തി. ഇങ്ങനെയൊക്കെയാണെങ്കിലും കോളനി വാഴ്ചയ്‌ക്കെതിരായ ദേശീയ പ്രസ്ഥാനത്തിന്റെ വേദിയായി കോൺഗ്രസ് ക്രമേണ മാറി. കൂടാതെ, കോൺഗ്രസ് രാജ്യത്തുടനീളം അതിന്റെ സ്വാധീനം വ്യാപിപ്പിക്കാൻ തുടങ്ങി. എന്നാൽ അതിന്റെ വർഗ സ്വഭാവം കൊളോണിയൽ ഭരണാധികാരികൾക്കെതിരെ ജനങ്ങളുടെ വിപ്ലവോത്സാഹത്തെ കെട്ടഴിച്ചുവിടുന്നതിൽ നിന്ന് കോൺഗ്രസിനെ തടഞ്ഞു. ബ്രിട്ടീഷ് കോമൺവെൽത്തിനകത്തുള്ള ‘പുത്രികാരാജ്യ പദവി’ യിൽ അത് തൃപ്തരായിരുന്നു.


3.9 തദ്ദേശീയവും പരമ്പരാഗതവുമായ വ്യവസായങ്ങളുടെ നാശത്തിനിടയിൽ, ആധുനിക വ്യവസായങ്ങളുടെ ആവിർഭാവവും സേവന മേഖലകളുടെ വളർച്ചയും 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തൊഴിലാളിവർഗത്തിന്റെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്ക് കാരണമായി. 1907 ലെ ഇന്ത്യൻ ടെക്സ്റ്റൈൽ തൊഴിലാളികളുടെ പണിമുടക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടി. ലെനിൻ പോലും അതിനെ പ്രശംസിക്കുകയുണ്ടായി. ഒക്‌ടോബർ വിപ്ലവം ലോകമെമ്പാടുമുള്ള തൊഴിലാളിവർഗത്തിനും ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കും പുതിയ ഉണർവേകി. അതിന്റെ അനുരണനങ്ങൾ ഇന്ത്യയിലും ഉണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആവിർഭാവവും കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തെ ആവേശഭരിതമാക്കി. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം സ്വീകരിക്കാൻ കോൺഗ്രസിനെപ്പോലും അത് നിർബന്ധിതമാക്കി. 1920-കളുടെ ആദ്യപകുതി, ബ്രിട്ടനോട് ദാസ്യമനോഭാവവും, ഫാസിസത്തോടും നാസിസത്തോടും ഉറ്റ സൗഹൃദവും പുലർത്തിയ ആർഎസ്എസിന്റെ ആവിർഭാവത്തിന് സാക്ഷ്യം വഹിച്ചു. 1920-കളിൽ ഭഗത് സിംഗ് നയിച്ചതു പോലുള്ള വിവിധങ്ങളായ വിപ്ലവധാരകൾ ഉയർന്നുവന്നു. തൊട്ടു കൂടായ്മക്കു വിധേയമായ മർദ്ദിതരുടെ നേതാവെന്ന നിലയിൽ അംബേദ്കർ രാഷ്ട്രീയ രംഗത്തേക്ക് വരികയും, ആർഎസ്എസ് പിന്നീട് ഇന്ത്യൻ ഭരണഘടനയായി നിർദ്ദേശിച്ച മനുസ്മൃതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരസ്യമായി കത്തിക്കുകയും ചെയ്തു.


3.10 തുടർന്നുള്ള ദശാബ്ദങ്ങളിൽ തൊഴിലാളിവർഗ സമരങ്ങളുടെയും ഫ്യൂഡൽ വിരുദ്ധ സമരങ്ങളുടെയും കുതിച്ചുചാട്ടം ദൃശ്യമായി. കമ്മ്യൂണിസ്റ്റുകാർ നയിച്ച ഈ സമരങ്ങളിൽ പലതും കൊളോണിയൽ, അർദ്ധ കൊളോണിയൽ, ആശ്രിത രാജ്യങ്ങളിലെ ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചുള്ള കോമിന്റേണിന്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളാൽ സ്വാധീനിക്കപ്പെട്ടതായിരുന്നു. ജാതി ഉന്മൂലനത്തിനുള്ള സമൂർത്ത സമീപനമുൾപ്പെടെ സാമ്രാജ്യത്വ വിരുദ്ധ, ജനകീയ ജനാധിപത്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ട് വച്ചുകൊണ്ട് 1930-ൽ സിപിഐ തയ്യാറാക്കിയ “പ്രവർത്തന രേഖ” (Draft Platform for Action) എന്ന രേഖയും ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. 1930 കളിൽ, കമ്മ്യൂണിസ്റ്റുകാരും അംബേദ്കറും തമ്മിൽ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു, 1930 കളുടെ അവസാനം വരെ ഇരുവരും സംയുക്തമായി നിരവധി തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തു.


3.11 എന്നിരുന്നാലും, കൊളോണിയൽ ഭരണാധികാരികളുടെ പരിരക്ഷയിലും സാമ്പത്തിക സംരക്ഷണത്തിലും അക്കാലത്ത് ഭീമമായ തോതിൽ സമ്പത്ത് കുന്നുകൂട്ടി വളർന്നുവന്ന വൻകിട ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണ വികസിപ്പിക്കുന്നതിൽ സിപിഐ നേതൃത്വം പരാജയപ്പെട്ടു. ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ഉപരിഘടനയിലെ ഒരു പ്രതിഭാസമായി വിലയിരുത്തിക്കൊണ്ടുള്ള യാന്ത്രിക സമീപനവും ജാതി വ്യവസ്ഥ ഇന്ത്യയുടെ സാമൂഹിക രൂപവൽകരണവുമായി എങ്ങനെ ഇഴചേർന്നുവെന്ന് മനസ്സിലാക്കുന്നതിൽ ഉണ്ടായ പരാജയവും,  കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൊഴിലാളിവർഗത്തിന്റെയും മർദ്ദിതരുടെയും പോരാട്ടങ്ങൾ നയിക്കാനും അതുവഴി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്വന്തം നേതൃത്വം സ്ഥാപിച്ചെടുക്കാനും അശക്തരാക്കി. കൊളോണിയൽ അടിച്ചമർത്തലിൽ നിന്നുള്ള മോചനത്തിനായുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ നേതൃത്വം കോൺഗ്രസിനും മുസ്ലീംലീഗിനും അടിയറവെക്കുന്നതിന് സമമായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള അതിന്റെ യാന്ത്രിക സമീപനവും വലിയ ദോഷം ചെയ്തു. തെലങ്കാന-തേഭാഗ-പുന്നപ്ര-വയലാർ സമരങ്ങൾക്ക് സിപിഐ നേതൃത്വം നൽകുകയും ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ നാവിക കലാപത്തിൽ സജീവ പങ്ക് വഹിക്കുകയും ചെയ്തെങ്കിലും മുൻകാല തെറ്റുകൾ തിരുത്താൻ ഒരു ശ്രമവും ഉണ്ടായില്ല.


3.12 അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പായ ‘അപകോളനിവൽക്കരണം’ അടിസ്ഥാനമാക്കി ആഗോള തലത്തിൽ ഗുണപരമായ പരിവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന യുദ്ധാനന്തര പശ്ചാത്തലത്തിൽ, ഔപചാരിക രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മതാടിസ്ഥാനത്തിൽ രണ്ട് രാജ്യങ്ങളായി വിഭജിക്കുന്നതിൽ ബ്രിട്ടീഷ് സാമ്രാജ്യത്വവാദികൾ വിജയിച്ചു. എന്നാൽ, സാമ്രാജ്യത്വത്തിന്റെ കൊളോണിയൽ ഘട്ടത്തിൽ നിന്ന് നവകൊളോണിയൽ ഘട്ടത്തിലേക്കുള്ള പരിവർത്തനത്തിലെ അധികാരക്കൈമാറ്റത്തിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കുന്നതിൽ സിപിഐ വീണ്ടും പരാജയപ്പെട്ടു. 1947 ജൂണിലെ അതിന്റെ പ്രമേയം മൗണ്ട് ബാറ്റൺ പദ്ധതിയെ “ദേശീയ മുന്നേറ്റത്തിനുള്ള പുതിയ അവസരങ്ങൾ” തുറക്കുന്നതായി വിശേഷിപ്പിച്ചു. എന്നാൽ, 1947 സെപ്റ്റംബറിലെ കോമിൻഫോം പ്രമേയത്തെ പിന്തുടർന്ന്, “സാമ്രാജ്യത്വ ഫ്യൂഡൽ-ബൂർഷ്വാ കൂട്ടുകെട്ടിലേക്ക്” രാഷ്ട്രീയ അധികാരം കൈമാറിയതായി ഡിസംബറിൽ അതു വ്യാഖ്യാനിച്ചു. 1951-ൽ പുറപ്പെടുവിച്ച പാർട്ടി രേഖകൾ ഈ വർഗ നിലപാടിനെ പ്രതിഫലിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട്, “സാമ്രാജ്യത്വപാളയം ദുർബ്ബലപ്പെട്ടിരിക്കുന്നു ” എന്ന ക്രൂഷേവിയൻ നിലപാട് അംഗീകരിച്ച 1956 ലെ സിപിഐയുടെ നാലാം കോൺഗ്രസ്, വലിയൊരു നയവ്യതിയാനത്തിലൂടെ “ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിരിക്കുന്നു” എന്ന നിലപാടിലേക്കെത്തുകയുണ്ടായി.

3.13 1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം, സാമ്രാജ്യത്വസേവകരായ ദല്ലാൾ ബ്യൂറോക്രാറ്റിക് ബൂർഷ്വാ-വൻകിട ഭൂപ്രഭു വർഗങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് സർക്കാർ, രാജ്യ ഭേദമെന്യേ എല്ലാസാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്നും വൻതോതിൽ വിദേശ മൂലധനത്തിന്റെ കടന്നു കയറ്റത്തിനായി രാജ്യത്തെ  തുറന്നുകൊടുത്തു. സ്വാതന്ത്ര്യ സമര കാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട “ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്” എന്ന അടിസ്ഥാനത്തിലുള്ള ഭൂപരിഷ്കരണം നടപ്പിലാക്കാൻ അവർ വിസമ്മതിച്ചു; ജമീന്ദാരി സമ്പ്രദായം നിർത്തലാക്കുന്നതുൾപ്പെടെയുള്ള പഴയ ഫ്യൂഡൽ ഭൂബന്ധങ്ങളിൽ  മാറ്റങ്ങൾ വരുത്തുന്ന ഉപരിപ്ലവമായ ചില ഭൂപരിധിനിയമങ്ങളിൽ മാത്രമൊതുക്കി. ഫലത്തിൽ, കർഷകർക്കും മണ്ണിൽ പണിയെടുക്കുന്നവർക്കും ഭൂമി ലഭ്യമാക്കാതെ, പഴയ ജമീന്ദാർമാരും ഫ്യൂഡൽ ഭൂപ്രഭുക്കന്മാരും മുതലാളിത്ത കർഷകരായും ഒരു പുതിയ കാർഷിക ബൂർഷ്വാ വർഗമായും രൂപാന്തരപ്പെടുന്നതിനു വഴിയൊരുക്കി. തുടർന്നുള്ള കാലയളവിൽ ഹരിതവിപ്ലവം നടപ്പാക്കുന്നതിനുള്ള അടിത്തറയായി ഈ വർഗ്ഗം മാറി. പുതിയ കാർഷിക സാങ്കേതിക വിദ്യകൾ, നിവേശങ്ങൾ (inputs), അഗ്രിബിസിനസ് കമ്പോള ശക്തികൾ എന്നിവയടക്കം ഫിനാൻസ് മൂലധനത്തിന്റെ കാർഷികമേഖലയിക്കുള്ള കടന്നുകയറ്റത്തിന് ഇത് വഴിയൊരുക്കി. തൽഫലമായി, ഫ്യൂഡലിസത്തെ സാമൂഹിക അടിത്തറയായി ഉപയോഗിച്ചിരുന്ന മുൻ കൊളോണിയൽ നയം സാമ്രാജ്യത്വത്തിന്റെ നവകൊളോണിയൽ ഘട്ടത്തിൽ അപ്രസക്തമായി.


3.14 യുദ്ധാനന്തരം ആഗോള തലത്തിൽ സാമ്രാജ്യത്വം നടപ്പാക്കിയ കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്ര നയങ്ങൾക്ക് അനുസൃതമായി, നെഹ്‌റുവിയൻ നയങ്ങൾക്ക് കീഴിൽ ഇന്ത്യൻ ഭരണക്രമവും പിന്തുടർന്നത് ആസൂതണം, പൊതുമേഖല, ക്ഷേമ നടപടികൾ തുടങ്ങിയ ഭരണകൂട നേതൃത്വത്തിലുള്ള വികസനമാണ്. എന്നിരുന്നാലും, 1970-കളിൽ സ്റ്റാഗ് ഫ്ലേഷന്റെ (ഉത്പാദന മുരടിപ്പും നാണയപ്പെരുപ്പവും ഒരുമിച്ച് വരുന്ന പ്രതിഭാസം) രൂപത്തിൽ സാമ്രാജ്യത്വ പ്രതിസന്ധി വീണ്ടും പ്രത്യക്ഷപ്പെടുകയും കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്ര നയം ഉപേക്ഷിക്കുകയും നവലിബറലിസത്തെ ആശ്ലേഷിക്കുകയും ചെയ്തതിനെത്തുടർന്ന്, ഇന്ത്യൻ ഭരണകൂടവും നവലിബറൽ നയങ്ങളിലേക്ക്, പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കു ശേഷം, നീങ്ങാൻ തുടങ്ങി. 1990-കൾ മുതലുള്ള ശീതയുദ്ധാനന്തര ഘട്ടത്തിൽ, ഉദാരവൽക്കരണം-സ്വകാര്യവൽക്കരണം-ആഗോളവൽക്കരണം വഴി നവലിബറലിസം ലോകമെമ്പാടും വ്യാപിച്ചപ്പോൾ, ഇന്ത്യൻ ഭരണകൂടവും നെഹ്‌റുവിയൻ നയങ്ങൾ ഔപചാരികമായി ഉപേക്ഷിച്ച് എല്ലാ മേഖലകളിലും ഐഎംഎഫ്-ലോകബാങ്ക്-ഡബ്ല്യുടിഒ തീട്ടൂരങ്ങൾ പിന്തുടരാൻ തുടങ്ങി. വികസനത്തിന്റെ ചാലക ശക്തി, ക്ഷേമദാതാവ് എന്നീ നിലകളിലുള്ള ഭരണകൂടത്തിന്റെ പങ്ക് ഒരു കോർപ്പറേറ്റ് സഹായിയുടെ (facilitator) രൂപത്തിലുള്ള നവലിബറൽ പങ്കിന് വഴിമാറി. ബഹുരാഷ്ട്രകമ്പനികൾക്കും അവയുടെ ജൂനിയർ പങ്കാളികളായ ഇന്ത്യൻ വൻകിട ബൂർഷ്വാസിക്കും, അങ്ങേയറ്റം ഉദാരമായ തൊഴിൽ-നികുതി വ്യവസ്ഥകൾ മുന്നോട്ട് വെച്ചു. ഇവർക്ക് പരിസ്ഥിതിയെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം നൽകി.

 


3.15 ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി കോർപ്പറേറ്റ് സമ്പത്ത് സമാഹരണമെന്ന നവലിബറലിസത്തിൽ അന്തർലീനമായ യുക്തിക്കനുസൃതമായി, 1990-കൾ മുതലുള്ള ഇന്ത്യയിലെ നവലിബറലിസത്തിന്റെ മൂന്ന് ദശാബ്ദങ്ങൾ, ഊഹമൂലധന മേഖലയുടെ വികാസത്തിനും അപവ്യവസായവൽക്കരണത്തിലൂടെ ഉൽപാദന സമ്പദ്‌വ്യവസ്ഥയുടെ ആപേക്ഷിക മുരടിപ്പിനും കാരണമായി. മഹാ ഭൂരിപക്ഷം വരുന്ന തൊഴിലാളികളും അദ്ധ്വാനിച്ചു ജീവിക്കുന്നവരും തൊഴിലാളിവർഗം പോരാടി നേടിയ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട്, ദ്രുതഗതിയിൽ വളരുന്ന അനൗപചാരികവും അസംഘടിതവുമായ മേഖലകളെ ആശ്രയിക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെ പകുതിയോളം ജനങ്ങൾ ഇപ്പോഴും കൃഷിയിലും അനുബന്ധ മേഖലകളിലുമായി ഉപജീവനം കണ്ടെത്തുന്നു. ഡിജിറ്റൈസേഷൻ ഉൾപ്പെടെ സാമ്രാജ്യത്വ നിയന്ത്രണത്തിലുള്ള എല്ലാ നൂതന സാങ്കേതികവിദ്യകളും തൊഴിലാളികളെ അമിതചൂഷണത്തിന് വിധേയമാക്കാനും അവരുടെ കൂട്ടായ വിലപേശൽ ശക്തി ഇല്ലാതാക്കി യഥാർത്ഥ കൂലി കുറയ്ക്കാനുമായി ഉപയോഗിക്കപ്പെടുന്നു.  അതിന്റെ പരിണിതഫലമായി സമ്പത്തു കേന്ദ്രീകരണവും ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും അഴിമതിയും ഭീതിജനകമായ തോതിൽ വളരുന്നതോടൊപ്പം അവയുടെ സാംസ്കാരിക മാനങ്ങളായി ക്രിമിനൽ – മാഫിയാവൽക്കരണമടക്കം സാമൂഹമാകെ വാപകമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്തും വരുമാനവും വർദ്ധമാനമായി ക്കൊണ്ടിരിക്കുന്ന ശതകോടീശ്വരന്മാരിൽ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും, ബഹുരാഷ്ട്ര കമ്പനികൾ അഭൂതപൂർവമായ തോതിൽ സമ്പത്ത് അന്യനാടുകളിലേക്ക് കടത്തിക്കൊണ്ട് പോവുകയും ദേശീയ സമ്പത്ത് വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുന്നു. ബഹുഭൂരിപക്ഷം വരുന്ന പരമദരിദ്രരുടേയും അശരണരുടെയും ലോകത്തിലെ ഏറ്റവും വലിയ ഊഷര ഭൂമിയായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു.


3.16 2014-ൽ ആർ.എസ്.എസ് നിയന്ത്രിക്കുന്ന നവ-ഫാസിസ്റ്റ് മോദി ഗവൺമെന്റ് അധികാരത്തിലേറിയതു മുതൽ, 1990-കൾ മുതൽ പിന്തുടരുന്ന നവലിബറൽ-കോർപ്പറേറ്റു വൽക്കരണം വിനാശകരമാം വിധം തീവ്രവലത്തേക്ക് തിരിഞ്ഞു കഴിഞ്ഞു. ഭരണകൂട നേതൃത്വത്തിലുള്ള വികസനത്തിന്റെ അവശേഷിക്കുന്ന പ്രതീകമായ ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള ആസൂത്രണ കമ്മീഷൻ മോദി ഭരണം പിരിച്ചുവിട്ടു. ഏറ്റവും അഴിമതിക്കാരായ കോർപ്പറേറ്റ് ശതകോടീശ്വരന്മാരുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത ഭീമമായ പണം വെളുപ്പിക്കാൻ, അഴിമതിക്കെതിരായ മിന്നലാക്രമണം എന്ന പേരിൽ നോട്ട് നിരോധനം അടിച്ചേൽപ്പിച്ചു. സാധാരണക്കാരുടെ ധമനികളിൽ അവശേഷിച്ചതും അതിലൂടെ ഊറ്റിയെടുത്തു. അനൗപചാരിക മേഖലകളുടെ ജീവരക്തമായ എല്ലാ ദൈനംദിന പണമിടപാടുകളും നിഷേധിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ സ്തംഭനാവസ്ഥയിലേക്ക് നയിച്ചു. തുടർന്ന് ജിഎസ്ടി നടപ്പാക്കുക വഴി സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ വിഭവസമാഹരണാവകാശം ഇല്ലാതാക്കുകയും നികുതിഭാരം സാധാരണക്കാരുടെ ചുമലിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, ഇന്ത്യൻ കോർപ്പറേറ്റ് നികുതി നിരക്കുകൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ത്തി. ഇതിനെല്ലാം മകുടം ചാർത്തുമാറ്. ഓഹരി വിറ്റഴിക്കൽ എന്ന പേരിൽ എല്ലാ പൊതുമേഖലകളും വിദേശ, നാടൻ കോർപ്പറേറ്റുകൾക്ക് ചുളുവിലക്ക് വിറ്റു തുലക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കൽ പരിപാടി മോദി ഭരണം തുടർന്നുകൊണ്ടിരിക്കുന്നു. നവലിബറൽ കോർപ്പറേറ്റ് വൽക്കരണത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിൽ അഴിമതി ഭരണവ്യവസ്ഥയുടെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.


3.17  കോർപ്പറേറ്റ് മൂലധനത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കാൻ, കാവി-കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയിൽ നിലനിന്നിരുന്ന 44 തൊഴിൽ നിയമങ്ങൾക്ക് പകരം നാല് ലേബർ കോഡുകൾ ആവിഷ്കരിച്ചു കൊണ്ട് തൊഴിലാളികളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും കവർന്നെടുത്തു. തൊഴിൽ സമയം എട്ട് മണിക്കൂറിലധികമായി വർദ്ധിപ്പിക്കുന്നതും ഇവയിൽപ്പെടുന്നു. വർഷങ്ങളായി നവലിബറൽ നയങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഫലമായി 52 കോടി വരുന്ന ഇന്ത്യൻ തൊഴിലാളിവർഗത്തിൽ 95 ശതമാനവും, അതിവേഗം വളരുന്ന അസംഘടിത/അനൗപചാരിക മേഖലയിലാണ് തൊഴിലെടുക്കുന്നത്. പ്രകൃതിയെ  കൊള്ളയടിക്കുന്നതിന് കോർപ്പറേറ്റുകൾക്ക് തടസ്സമായി നിന്നിരുന്ന എല്ലാ പാരിസ്ഥിതിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. 2020 ലെ പുതിയ വിദ്യാഭ്യാസനയം (NEP-2020) വിദ്യാഭ്യാസത്തിന്റെ കോർപ്പറേറ്റ് – കാവിവൽക്കരണത്തിനായി ആവിഷ്കരിച്ചതാണ്. ലോകത്തെ ചരിത്രപ്രധാനവും ഏറ്റവും നീണ്ടുനിന്നതുമായ കർഷകസമരത്തിലേക്ക് നയിച്ച മൂന്ന് കരിനിയമങ്ങളിലൂടെ, കൃഷി, ഭൂവുടമസ്ഥത, കാർഷിക വിപണനം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഭക്ഷ്യ സുരക്ഷയും കോർപ്പറേറ്റ് അഗ്രിബിസിനസിന്റെ നീരാളിപ്പിടിത്തത്തിൻ കീഴിലാക്കാനുള്ള നീക്കത്തിലേർപ്പെട്ടു. തൽഫലമായി, കൃഷിഭൂമിയിൽനിന്നും കൃഷിയിൽനിന്നു തന്നെയും കർഷകർ പുറന്തള്ളപ്പെടുകയാണ്. കൊവിഡ്-19 മഹാമാരിയെ നേരിടാനെന്ന പേരിൽ, ലോകത്തേറ്റവും കർക്കശവും ബലപ്രയോഗത്തിലൂടെ ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ചതുമായ മോദി സർക്കാരിന്റെ ലോക് ഡൗൺ  ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ അപവ്യവസായകവൽക്കരണത്തിനും തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക മുരടിപ്പിനും ഊഹമൂലധന വികാസത്തിനും സംജാതമായിരിക്കുന്നു. ഈ പ്രതിസന്ധിക്കിടയിലും, ഇന്ത്യൻ ഭരണകൂടത്തിന് ഉയർന്ന മധ്യവർഗത്തിന്റെയും കോർപ്പറേറ്റ് മാധ്യമങ്ങളുടെയും വലിയ പിന്തുണയുണ്ട്.


3.18 അതിനിടയിൽ, ഉൽപ്പാദനത്തിന്റെ സാർവ്വദേശീയവൽക്കരണവും ഊഹ മൂലധനത്തിന്റെ ആഗോള ഉദ്ഗ്രഥനവും, വളർന്നുവരുന്ന ഇന്ത്യൻ കോർപ്പറേറ്റ് ശതകോടീശ്വരന്മാരിൽ പലരെയും സാങ്കേതികവിദ്യയും വിപണിയുമായി ബന്ധപ്പെട്ട് സാമ്രാജ്യത്വത്തോടുള്ള ആശ്രിതത്വം നിലനിർത്തിക്കൊണ്ട് തന്നെ ബഹുരാഷ്ട്ര കമ്പനികളുടെ ജൂനിയർ പങ്കാളികളാകാൻ പ്രാപ്തരാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ നയതീരുമാനങ്ങൾ ഇപ്പോഴും നവകൊളോണിയൽ-നവലിബറൽ സ്ഥാപനങ്ങളുടെ ആജ്ഞകൾക്ക് വിധേയമാണ്. ഇതിന് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളുമുണ്ട്. അന്തർ-സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെയും ആഗോള അധികാര സന്തുലിതാവസ്ഥയിലെ മാറ്റങ്ങളുടെയും, വിപണി, അസംസ്‌കൃത വസ്തുക്കൾ, നിക്ഷേപ മാർഗങ്ങൾ എന്നിവയ്ക്കായി വിവിധ സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള കഴുത്തറപ്പൻ മത്സരത്തിന്റെയും പശ്ചാത്തലത്തിൽ, ഇന്ത്യൻ ഭരണകൂടം സാമ്രാജ്യത്വശക്തികളുമായി വിലപേശാനുള്ള ഗണ്യമായ ശേഷിയും നേടിയിട്ടുണ്ട്. ശീതയുദ്ധാനന്തര നവലിബറൽ കാലത്ത് സോവിയറ്റ് യൂണിയൻ ശിഥിലമായതോടെ, യുഎസ് സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളി എന്ന നിലയിലും അതിന്റെ തന്ത്രപരമായ സഖ്യകക്ഷി എന്ന നിലയിലും, ഇന്ത്യൻ ഭരണകൂടം ദക്ഷിണേഷ്യയിൽ അതിന്റെ വല്യേട്ടൻ കുതന്ത്രങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതാകട്ടെ, ഇന്ത്യൻ ഭരണകൂടം പിന്തുടരുന്ന ഒട്ടു മൊത്തത്തിലുള്ള പുത്തൻകൊളോണിയൽ ആശ്രിതത്വത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളിൽ തന്നെയാണു താനും.

 


3.19 സർവതല സ്പർശിയായ കോർപ്പറേറ്റുവൽക്കരണവും മുകളിൽ നിന്നും കെട്ടിയേൽപ്പിച്ച മുതലാളിത്ത ബന്ധങ്ങളും ഫ്യൂഡൽ അവശിഷ്ട മൂല്യങ്ങൾ ഇല്ലാതാക്കുന്നതിനുപകരം അവയുമായി ഉദ്ഗ്രഥിച്ച്, കൂടുതൽ പ്രാകൃത രൂപങ്ങളിൽ പിന്തിരിപ്പൻ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിന് കാരണമായിരിക്കുന്നു. കാവി-കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം എല്ലാ പ്രാകൃത, ഫ്യൂഡൽ, ജാതീയ, പുരുഷാധിപത്യ ആക്രമണങ്ങളെയും പുതിയതും തീവ്രവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. തൽഫലമായി, ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഇപ്പോഴും കൂടുതൽ അടിച്ചമർത്തലിന് വിധേയരാകുന്നു. പ്രത്യേകിച്ചും, ബ്രാഹ്മണ്യ പ്രത്യയശാസ്ത്രവും സംസ്കാരവും ശക്തിപ്പെടുത്തിയ ജാതീയതയും തൊട്ടുകൂടായ്മയും കോർപ്പറേറ്റുവൽക്കരണവുമായി സമന്വയിപ്പിക്കപ്പെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും ഉൾപ്പെടെ സർവ്വവ്യാപിയായി മാറിയിരിക്കുന്നു. ജനാധിപത്യ വിപ്ലവത്തിന്റെ ഏറ്റവും നിർണായകമായ കടമകളിലൊന്നായ ജാതി ഉന്മൂലനത്തിനായുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാകാൻ ഈ സാഹചര്യം നിർബന്ധിതമാക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും രക്ഷാകർതൃത്വത്തിൽ തഴച്ചുവളരുന്ന എല്ലാ പുരുഷാധിപത്യ സ്ഥാപനങ്ങളെയും ഘടനകളെയും ഇല്ലാതാക്കുക എന്നത് ജനാധിപത്യവൽക്കരണത്തിന്റെ മറ്റൊരു നിർണായക കടമയാണ്.


3.20 അതിനിടയിൽ, ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വികസനം എന്ന നെഹ്‌റുവിയൻ ക്ഷേമരാഷ്ട്ര സമീപനം ഉപേക്ഷിച്ചതും കോർപ്പറേറ്റ് നിർവ്വാഹകൻ (facilitator) എന്ന നിലയിലേക്കുള്ള ഭരണകൂടത്തിന്റെ പരിവർത്തനവും ജാതി-അധിഷ്‌ഠിത ഇന്ത്യൻ സമൂഹത്തിൽ അന്തർലീനമായ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും വർദ്ധിപ്പിക്കുന്നതിന് കാരണമായി. 1980-കളിൽ വന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, അടിച്ചമർത്തപ്പെട്ട താഴ്ന്ന ജാതിക്കാരുടെ ദയനീയമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഭൂപരിഷ്കരണം, സംവരണം, സാമൂഹിക നീതി ഉറപ്പാക്കൽ എന്നിവ ശുപാർശ ചെയ്തിരുന്നു. എന്നാൽ, അവ നടപ്പാക്കുന്നതിനുപകരം, തങ്ങളുടെ ജാതിമത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അനുസൃതമായി അത് പ്രയോജനപ്പെടുത്താനാണ് ഭരണവർഗ പാർട്ടികൾ ശ്രമിച്ചത്. ബ്രാഹ്മണ്യ മനുവാദം എപ്പോഴും ഉയർത്തിപ്പിടിക്കുകയും അതിനാൽ മണ്ഡൽ ശുപാർശകളെ  ശക്തമായി എതിർക്കുകയും ചെയ്ത കാവി ശക്തികൾ അതിനെതിരെ മന്ദിർ പ്രശ്‌നത്തെ മുന്നോട്ട് വെച്ചു കൊണ്ട് സമൂഹത്തിൽ രൂക്ഷമായ ജാതി ധ്രുവീകരണവും ജാതി വിദ്വേഷവും സൃഷ്ടിച്ചു. തത്ഫലമായുണ്ടായ സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങൾ മുതലെടുത്താണ്, “സാമ്പത്തിക സംവരണം”, “ക്രീമി ലെയർ” പോലുള്ള നീക്കങ്ങളിലൂടെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്ന ആശയത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടത്. ഇതോടൊപ്പം പൊതുമേഖലയുടെ വെട്ടിച്ചുരുക്കലും സ്വകാര്യ കോർപ്പറേറ്റ് മേഖലയുടെ വളർച്ചയും മർദ്ദിത ജാതികളുടെ ജനാധിപത്യ അവകാശമായ സംവരണത്തിന്റെ വ്യാപ്തി കൂടുതൽ വെട്ടിക്കുറച്ചു.


3.21 ലോകത്തിലെ ഏറ്റവും ദീർഘിച്ച ചരിത്രമുള്ള, ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആർഎസ്‌എസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നവഫാസിസത്തിന്റെ ആവിർഭാവം നവലിബറലിസത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമാകുന്നത്. 1970-കളുടെ മധ്യത്തിലെ അടിയന്തരാവസ്ഥ മുതലെടുത്ത് രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയുടെയും വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ചതിന്റെയും പശ്ചാത്തലത്തിൽ, ആർഎസ്എസ് പൊതുശ്രദ്ധയിൽ വരികയും ജനസംഘത്തിന്റെ സ്ഥാനത്ത് ബിജെപിയെ പ്രതിഷ്ഠിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്തു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും നവലിബറൽ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യവും ഫലപ്രദമായി ഉപയോഗപ്പെടുത്തി, രാമജന്മഭൂമി പ്രസ്ഥാനം, 1992-ൽ ബാബറി മസ്ജിദ് തകർക്കൽ, 1998-2004 കാലത്ത് ബി.ജെ.പി ഭരണം, 2002ലെ ഗുജറാത്ത് മുസ്ലീം നരഹത്യ, 2014-ൽ മോദി ഭരണത്തിന്റെ ആധിപത്യവും തുടർന്ന് 2019-ലെ തെരഞ്ഞെടുപ്പിൽ മോദിയുടെ രണ്ടാം ഭരണത്തിനുള്ള തകർപ്പൻ വിജയവും തുടങ്ങി നീണ്ട ഒരു പ്രക്രിയയിലൂടെ  ആർഎസ്എസ്  അതിന്റെ  ഫാസിസ്റ്റ് ഭരണം ഇന്ത്യയിൽ സ്ഥാപിക്കുന്നതിൽ വിജയിച്ചു.


3.22 അതിന്റെ പ്രകടനമെന്ന നിലയിൽ, ഭരണഘടനാപരവും ഭരണപരവും വിദ്യാഭ്യാസപരവുമായ എല്ലാ സ്ഥാപനങ്ങളും ഈ ഫാസിസ്റ്റ് പരിവർത്തനത്തിന് അനുയോജ്യമായി കാവിവൽക്കരിക്കപ്പെടുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെ നിർബന്ധിതമായി ഇന്ത്യൻ യൂണിയനിലേക്ക് സംയോജിപ്പിക്കുക, ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം പണിയുക, പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കുക, നിരന്തരമായ നിരവധി ഇടപെടലുകളിലൂടെ വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും കാവിവൽക്കരിക്കുക, ഇന്ത്യൻ ഭരണഘടനയുടെ എല്ലാ ഫെഡറൽ വ്യവസ്ഥകളെയും തുരങ്കം വെയ്ക്കുക, തുടങ്ങിയ നടപടികളിലൂടെ, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ആർഎസ്എസ് നീങ്ങുകയാണ്. ഇന്ത്യയുടെ ബഹു ദേശീയ, ബഹുഭാഷ, ബഹുസംസ്‌കാര, ബഹുവംശ, ബഹുമത സത്തയ്ക്ക് മേൽ ഒരു പാൻ-ഇന്ത്യൻ ഹിന്ദുത്വഏകത്വം അടിച്ചേൽപ്പിക്കുകയും യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകൾ ഉൾപ്പെടെ ആധുനികതയുടെ എല്ലാ മൂല്യങ്ങളെയും നിരാകരിക്കുകയും, ജീർണ്ണിച്ച പാരമ്പര്യവാദത്തെയും പിന്തിരിപ്പത്വത്തെയും വളർത്തുകയും, വിയോജിപ്പുകളെയും വിമതസ്വരങ്ങളെയും രാജ്യദ്രോഹമായി കണക്കാക്കുകയും കമ്മ്യൂണിസ്റ്റുകാരെയും പുരോഗമന-ജനാധിപത്യ ശക്തികളെയും തകർക്കാൻ ലക്ഷ്യം വെയ്ക്കുകയും, എല്ലാറ്റിനുമുപരിയായി കോർപ്പറേറ്റ് ഫിനാൻസ് മൂലധനവുമായി വിട്ടുവീഴ്ചയില്ലാതെ സ്വയം സമന്വയിക്കുകയും ചെയ്തുകൊണ്ട്, ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി ഭരണം ഒരു മാതൃകാ നവ-ഫാസിസ്റ്റ് ഭരണമായി മാറിയിരിക്കുന്നു.


3.23 നവലിബറലിസത്തിന് കീഴിൽ കോർപ്പറേറ്റ്-ഊഹ മൂലധനം പ്രകൃതിയെ തീവ്രമായി കൊള്ളയടിക്കുന്ന ആഗോള പ്രവണതയ്ക്ക് അനുസൃതമായി, ഈ നവലിബറൽ ഘട്ടത്തിൽ ഇന്ത്യയും അഭൂതപൂർവമായ പാരിസ്ഥിതിക വിനാശത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ആഗോള കോർപ്പറേറ്റുകളുടെയും അവരുടെ ഇന്ത്യൻ ജൂനിയർ പങ്കാളികളുടെയും താല്പര്യാർത്ഥം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നൊന്നായി എടുത്തുകളഞ്ഞിരിക്കുൽ. പരിസ്ഥിതി ലോലവും ദുർബലവുമായ പ്രദേശങ്ങൾക്കു ബാധകമായിരുന്ന നിയമങ്ങളുടെ കോർപ്പറേറ്റ് നിയമലംഘനങ്ങളും  ആവാസവ്യവസ്ഥയിൽ നിന്ന് ആളുകളെ വൻതോതിൽ കുടിയിറക്കുന്നതും നിയമവിധേയമാക്കുന്ന പുതിയ പരിസ്ഥിതി സംരക്ഷണ നിയമ ഭേദഗതി അവയിൽ ഏറ്റവും കുപ്രസിദ്ധമാണ്. വിദേശ മൂലധനം ആകർഷിക്കാനുള്ള “ബിസിനസ് സുഗമമാക്കൽ”, “നിക്ഷേപക സൗഹൃദ” നടപടികളിലെ ഒരു പ്രധാന ഇനം പാരിസ്ഥിതികമായി ഹാനികരവും വിഷമാലിന്യകരവുമായ വ്യവസായങ്ങളുടെ ഇറക്കുമതിയോടൊപ്പം കാലഹരണപ്പെട്ട ആണവ നിലയങ്ങൾ രാജ്യത്ത് കൊണ്ടുവന്നു തള്ളുക എന്നതുമാണ്. ആവാസവ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും മുഴുവൻ പ്രശ്നവും കോർപ്പറേറ്റ് മൂലധനത്തിന്റെ കടന്നുകയറ്റവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നിർണായക ഘട്ടത്തിൽ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു വികസന മാതൃകയ്ക്കുള്ള മുൻകൈ പ്രവർത്തനം ജനകീയ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു.

അധ്യായം 4
ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടവും പാതയും

4.1 അധ്യായം 2 ൽ വിശദീകരിച്ചതുപോലെ, ‘അപകോളനിവൽക്കരണ’ ത്തിന്റെ മൂടുപടമിട്ടുകൊണ്ട് സാമ്രാജ്യത്വത്തിന്റെ കൊളോണിയൽ ഘട്ടം ഗുണപരമായി വ്യത്യസ്തമായ പുത്തൻകൊളോണിയലിസത്തിന്റെ  ഒരു പുതിയ ഘട്ടമായി രൂപാന്തരപ്പെട്ടപ്പോൾ , ഈ മാറ്റം ആഗോള ധനമൂലധനത്തിന്റെ അനിയന്ത്രിതമായ ബഹുമുഖ വിപുലീകരണത്തിനും ആധിപത്യത്തിനുമാണ് വഴിതെളിച്ചത്.  ബ്രിട്ടനെ ഏകപക്ഷീയമായി ആശ്രയിക്കുന്ന ഇന്ത്യൻ ദല്ലാൾ ബൂർഷ്വാസിയുടെ അവസ്ഥയിൽ നിന്നും യുഎസിന്റെ നേതൃത്വത്തിലുള്ള ലോക സാമ്രാജ്യത്വ വ്യവസ്ഥയോടുള്ള ബഹുമുഖ ആശ്രിതത്വത്തിലേക്കാണ് ഇത് നയിച്ചത്. സാമ്രാജ്യത്വ മൂലധനത്തിന്റെ ചലന ക്രമങ്ങൾക്കനുസൃതമായി, കൊളോണിയൽ ഉല്പാദന രീതിയിൽ നിന്നുള്ള പരിവർത്തനം, മുതലാളിത്ത പൂർവ ബന്ധങ്ങളുടെ തുടർച്ചയ്‌ക്കൊപ്പം, ഹരിതവിപ്ലവം പോലുള്ള നയങ്ങളിലൂടെ കാർഷികമേഖലയിലേക്കുള്ള മുതലാളിത്ത ബന്ധങ്ങളുടെ നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കി. ജമീന്ദാരി സമ്പ്രദായം പോലുള്ള ജന്മിത്വ ബന്ധങ്ങൾ നിർത്തലാക്കേണ്ടത് ഇതിനാവശ്യമായി വന്നു.


4.2 ഇതോടൊപ്പം, മൂലധനത്തിനും സാങ്കേതിക വിദ്യയ്ക്കുമായി മുഖ്യമായും സാമ്രാജ്യത്വത്തെ ആശ്രയിച്ചപ്പോൾ തന്നെ, പൊതുമേഖലയിൽ ഗവേഷണ- വികസനമടക്കം അടിസ്ഥാന സൗകര്യങ്ങളും സേവന മേഖലകളും കെട്ടിപ്പടുക്കാൻ നെഹ്‌റു സർക്കാരിന്റെ നേതൃത്വത്തിലുള്ള വികസന മാതൃക ഇന്ത്യക്കു സഹായകരമായി. സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ ഒരു സോഷ്യൽ -സാമ്രാജ്യത്വ ശക്തിയായി അധഃപതിക്കുകയും ശീതയുദ്ധത്തിലൂടെ യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള സാമ്രാജ്യത്വ വൈരുദ്ധ്യങ്ങൾ രൂക്ഷമാകുകയും ചെയ്തപ്പോൾ, ഈ വൈരുദ്ധ്യം ഇന്ത്യൻ ഭരണവർഗങ്ങളിലും പ്രതിഫലിച്ചു. പലപ്പോഴും, ഈ അന്തർ-സാമ്രാജ്യത്വ വൈരുദ്ധ്യം 1970-കൾ വരെ രണ്ട് വൻശക്തി ബ്ലോക്കുകൾക്കിടയിൽ   വിലപേശലിനും താല്പര്യസംരക്ഷണത്തിനും ഇന്ത്യൻ ഭരണകൂടം ഉപയോഗിച്ചിരുന്നു. എന്നാൽ, നവലിബറലിസത്തിന്റെ തുടക്കത്തോടെ, ഈ പശ്ചാത്തലം ഇന്ത്യൻ വൻകിട ബൂർഷ്വാസിയെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായും ദക്ഷിണേഷ്യയിലെ തന്ത്രപരമായ സഖ്യകക്ഷിയായും പ്രാദേശിക ശക്തിയായും രൂപാന്തരപ്പെടാൻ പ്രാപ്തമാക്കി. നവലിബറൽ നയങ്ങളിലൂടെ അഭൂതപൂർവമായ തോതിൽ സമ്പത്ത് സമാഹരിക്കാൻ കഴിഞ്ഞ ഇന്ത്യൻ വൻകിട കോർപ്പറേറ്റുകൾക്ക് ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ചുള്ള ആഗോളപ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഇത് സഹായിച്ചു.


4.3 ക്ഷേമ മുതലാളിത്തത്തിന്റെ കാലത്തെ വികസനത്തിന്റെ മുൻ നിര പ്രവർത്തകനെന്ന സ്ഥാനത്തുനിന്ന് നവലിബറലിസത്തിൽ കേവലം കോർപ്പറേറ്റ് – സഹായിയായുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിവർത്തനം കോർപ്പറേറ്റ്-കാവി ഫാസിസത്തിന്റെ ആവിർഭാവത്തോടെ കൂടുതൽ തീവ്രതയാർജ്ജിച്ചു. അതോടെപ്പം ഭരണഘടനയും പാർലമെന്റുമടക്കം ബൂർഷ്വാ ജനാധിപത്യ സംവിധാനങ്ങളെല്ലാം ഉള്ളടക്കം നഷ്ടപ്പെട്ട് കേവലം നോക്കുകുത്തിയായി മാറി. കോർപ്പറേറ്റ്-നവഫാസിസ്റ്റ് അനുകൂല നിയമങ്ങളും തന്ത്രപരമായ തീരുമാനങ്ങളും ചർച്ചകളോ കൂടിയാലോചനകളോ ഉചിതമായ പാർലമെന്ററി സമിതികളുടെ സൂക്ഷ്മപരിശോധനയോ കൂടാതെ തിടുക്കത്തിൽ പാസാക്കുമ്പോൾ പാർലമെന്റ് കാഴ്ചവസ്തുവായി മാറിയിരിക്കുന്നു. തന്ത്രപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ കോർപ്പറേറ്റ്-ബ്യൂറോക്രറ്റിക് ബോർഡ് റൂമുകളിൽ എടുക്കുന്നു, അതേസമയം, എക്സിക്യൂട്ടീവും കോർപ്പറേറ്റ് നോമിനികളായ ബ്യൂറോക്രറ്റുകളും  കേന്ദ്രം മുതൽ പ്രാദേശിക തലങ്ങൾ വരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ മറികടക്കുന്നു. സൈന്യവും സുരക്ഷാ സേനയും പോലീസും ഉൾപ്പെടെയുള്ള എല്ലാ ഭരണനിർവഹണ ഉപകരണങ്ങളും കരി നിയമങ്ങളുടെയും പ്രത്യേക അധികാരങ്ങളുടെയും കോർപ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെയും പ്രതിഷേധക്കാർ, രാഷ്ട്രീയ വിയോജിപ്പു പ്രകടിപ്പിക്കുന്നവർ, പണിമുടക്കുന്ന തൊഴിലാളികൾ, മർദ്ദിത ദേശീയതകൾ, ന്യൂനപക്ഷങ്ങൾ, ദളിതരും ആദിവാസികളും ഉൾപ്പെടെ എല്ലാവരെയും അടിച്ചമർത്തുകയും എല്ലാ ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുകയും ചെയ്യുന്നു. ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെ ബാഹ്യരൂപങ്ങൾ നിലനിൽക്കുമ്പോഴും, സാരാംശത്തിൽ, അധികാര സംവിധാനമപ്പാടെ സാമ്രാജ്യത്വ മൂലധനവുമായി സഹവർത്തിക്കുന്ന കോർപ്പറേറ്റ്-ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉറച്ച പിടിയിലായിരിക്കുന്നു.


4.4 അത്യന്തം ഗുരുതരമായ ഈ സന്ദർഭത്തിൽ, സാമ്രാജ്യത്വവുമായി സഹകരിക്കുകയും ഇന്ത്യയിലെ നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരുമായ കോർപ്പറേറ്റ് വൻകിട ബൂർഷ്വാസിയും ബ്യൂറോക്രറ്റിക് വർഗ്ഗവും ഇന്ത്യൻ ജനതയുടെ ഏറ്റവും വലിയ ശത്രുക്കളാണ്. ഇന്ത്യയിൽ അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഭീകരമായ തലങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയയോടൊപ്പം വൻതോതിലുള്ള സമ്പത്ത് സമാഹരണം നടത്തുന്ന  ഇന്ത്യൻ കോർപ്പറേറ്റുകളിലെ അതിസമ്പന്നർ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളികളായിക്കൊണ്ട് മറ്റ് രാജ്യങ്ങളിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. ഇന്ത്യയുടെ സ്വതന്ത്രവും സുസ്ഥിരവും ജനാധിപത്യ പരവുമായ വികസനത്തിനുള്ള ഏറ്റവും വലിയ തടസ്സം അവരാണ്.


4.5 വൻകിട ബൂർഷ്വാ-ബ്യൂറോക്രറ്റിക് വർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൃഷിയുടെ കോർപ്പറേറ്റുവൽക്കരണത്തിന്റെ ഫലമായി കൊടിയ വിപത്തായി മാറിക്കഴിഞ്ഞ കോർപ്പറേറ്റ് – കാർഷികബിസിനസ് ഭൂവുടമ വർഗ്ഗമാണ്. സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥയുമായി ഉദ്ഗ്രഥഹിച്ചുകൊണ്ട്, ആഗോള കാർഷിക-ബിസിനസ് കമ്പനികളുടെ ജൂനിയർ പങ്കാളികൾ എന്ന നിലയിൽ വളർന്നുവരുന്ന ഈ വിഭാഗം ഭൂമി, കാർഷിക ഉൽ‌പന്നങ്ങൾ, മൊത്തവ്യാപാരവും ചില്ലറവ്യാപാരവും ഉൾപ്പെടുന്ന സംഭരണവും വിപണനവുമടക്കം കാർഷിക മേഖലയപ്പാടെ ആഗോള മൂലധനത്തിന്റെ തീട്ടൂരങ്ങൾക്ക് അധീനപ്പെടുത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നു.


4.6 കാർഷിക മേഖലയിലേക്കും അനുബന്ധ മേഖലകളിലേക്കും കോർപ്പറേറ്റ് മൂലധനം അതിവേഗം കടന്നുകയറുന്നത് ഇന്ത്യൻ കർഷകരുടെ അതിജീവനം ദുഷ്കരമാക്കിയിരിക്കുന്നു. ഇടത്തരം കർഷകരും താഴെയുള്ളവരും മാത്രമല്ല, അഗ്രിബിസിനസ് ബഹുരാഷ്ട്ര കമ്പനികളോടും അവരുടെ ഇന്ത്യൻ പങ്കാളികളോടും മത്സരിക്കാൻ കഴിയാത്ത സമ്പന്നരായ കർഷകർ പോലും ഇതിനെ എതിർക്കാൻ നിർബന്ധിതരാകുന്നു. കാർഷികമേഖലയിൽ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം, ദരിദ്ര, ഭൂരഹിത കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരോട് സമ്പന്നരായ കർഷകർക്ക് പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ടെങ്കിലും, കോർപ്പറേറ്റ് ശക്തികൾ ഇന്ന് ഇന്ത്യൻ കാർഷികമേഖലയുടെ മുഖ്യ ശത്രുവായി മാറിയിരിക്കുന്നുവെന്ന് ശ്രദ്ധേയമായ കർഷക പ്രക്ഷോഭം തെളിയിക്കുന്നു.


4.7 നവലിബറൽ -കോർപ്പറേറ്റുവൽക്കരണവും ആഗോള മൂലധനവുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഉദ്ഗ്രഥനവും കൃഷി, വ്യവസായം, വ്യാപാരം, സേവനങ്ങൾ എന്നിവയിൽ സാമ്രാജ്യത്വ നയങ്ങളുടെ ആധിപത്യവും ദേശീയ ബൂർഷ്വാ വിഭാഗങ്ങളും കോർപ്പറേറ്റ് മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം ശക്തമായി മുന്നോട്ട് കൊണ്ടുവന്നു.  പ്രബലമായ കോർപ്പറേറ്റ്-ബ്യൂറോക്രാറ്റിക് ബൂർഷ്വാ വർഗ്ഗവുമായി ഇഴചേർന്നതാണ് പൊതുവെ ദേശീയ ബൂർഷാ വിഭാഗങ്ങളുടെ അസ്തിത്വമെങ്കിലും, കോർപ്പറേറ്റുവൽക്കരണത്തിന്റെ തീവ്രമാകുന്ന മുറയ്ക്ക് ഇവർ തമ്മിലുള്ള വൈരുദ്ധ്യം വർദ്ധിച്ചു വരുന്ന പ്രവണതയായി മാറിയിരിക്കുന്നു. തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമരങ്ങൾ വികസിക്കുമ്പോൾ, ദേശീയ ബൂർഷ്വാ സ്വഭാവമുള്ള വിഭാഗങ്ങൾ വിപ്ലവമുന്നേറ്റത്തോടൊപ്പം ഐക്യപ്പെടാനുള്ള സാധ്യത വർദ്ധിക്കും.


4.8 ഇടത്തരം കർഷകർ ഉൾപ്പെടെയുള്ള ചെറുകിട ബൂർഷ്വാസി അതിന്റെ വലിപ്പവും വർഗ്ഗ സ്വഭാവവും കാരണം വിപ്ലവത്തിന്റെ ആശ്രയയോഗ്യമായ സഖ്യകക്ഷിയാകാൻ സാധ്യതയുള്ള ഒരു പ്രധാന വർഗ്ഗമാണ്. ഇടതുപക്ഷത്തോടടുത്തു നിൽക്കുന്ന അതിന്റെ പ്രധാന ഭാഗമായ താഴ്ന്ന മധ്യവർഗം, കോർപ്പറേറ്റുവൽക്കരണം അനുദിനം തീവ്രമാക്കുന്ന പാപ്പരീകരണത്തെയും ദുരിതത്തെയും അഭിമുഖീകരിക്കുകയാണ്. തീവ്രവലതുപക്ഷ നയങ്ങളുടെ ഫലമായി, ഈ വിഭാഗത്തിലെ വലിയൊരു ഭാഗം ദരിദ്രവൽകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും തൊഴിലാളികളുടെ അവസ്ഥയിലേക്ക് എത്തകയും ചെയ്തുകൊണ്ടിരിക്കുന്നു. രാഷ്ട്രീയവൽക്കരണത്തിലൂടെയും ഉചിതമായ സംഘടനാ ഇടപെടലുകളിലൂടെയും വിപ്ലവത്തിന്റെ അജണ്ടയിലേക്ക് ഈ വർഗ്ഗത്തെ കണ്ണിചേർക്കാൻ കഴിയും.


4.9 ഭൂരഹിതരും ദരിദ്രകർഷകരും ദളിതരും ആദിവാസികളും മറ്റ് മർദ്ദിത വിഭാഗങ്ങളും ഉൾപ്പെടെയുള്ള കർഷകത്തൊഴിലാളികളാണ് യഥാർത്ഥത്തിൽ മണ്ണിൽ പണിയെടുക്കുന്നവർ. പ്രധാനമായും കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഒതുങ്ങിനിൽക്കുന്നവരും കൃഷി  ജീവിതോപാധിയയിട്ടുള്ളവരുമായ ഇവർ ജനസംഖ്യയുടെ പകുതിയോളം വരും.  കാർഷിക മേഖലയിലെ കോർപ്പറേറ്റുവൽക്കരണവും കോർപ്പറേറ്റ് ഭൂമി കയ്യേറ്റവും കാരണം, കൃഷിയിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ടവർ നഗര കേന്ദ്രങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാവുകയും ചെയ്യുന്ന ഈ വിഭാഗം, ചേരി നിവാസികളുടെയും അനൗപചാരിക തൊഴിലാളികളുടെയും ഗണത്തിലേക്ക് ചേർന്നുകൊണ്ട് ഇന്ത്യൻ തൊഴിൽ സേനയിലെ ഏറ്റവും വലിയ വിഭാഗമായി മാറുകയും ചെയ്തിരിക്കുന്നു. അവരെ സംഘടിപ്പിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ-സംഘടനാ ഇടപെടലുകൾ ആവശ്യമാണ്.


4.10 ഇന്ത്യൻ തൊഴിലാളിവർഗം ലോക തൊഴിലാളിവർഗത്തിന്റെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്നു. അവരിൽ ഭൂരിഭാഗവും അസംഘടിത/അനൗപചാരിക മേഖലകളിലാണ്. ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തുന്ന ഈ പുതിയ തൊഴിൽ വിഭജനം ഈ അനൗപചാരികവൽക്കരണത്തിന് ആക്കം കൂട്ടുകയും  സംഘടിത മേഖലയിൽ നിന്നും തൊഴിലാളികൾ വർദ്ധമാനമായ തോതിൽ കരാർ തൊഴിലിലൂടെയും താത്കാലിക തൊഴിലിലൂടെയും അസംഘടിത മേഖലയിലേക്ക് തള്ളിനീക്കപ്പെടുകയുമാണ്.  ഇന്ത്യയുടെ ജാതി വ്യവസ്ഥയും വൈവിധ്യങ്ങളും അസമാനതകളും തൊഴിലാളിവർഗ ഐക്യം തകർക്കാൻ ഭരണ ഭരണകൂടം ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു.


4.11 ഇന്ത്യൻ തൊഴിലാളിവർഗത്തെ രാഷ്ട്രീയവൽക്കരിക്കുകയും അണിനിരത്തുകയും വിപ്ലവത്തിന്റെ നേതൃശക്തിയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ അധികാരത്തിനായുള്ള പരിപാടിയിൽ ഏറ്റവും പ്രധാനമാണ്. തൊഴിലാളി – കർഷക സഖ്യത്തിലൂന്നി, ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന മധ്യവർഗ്ഗവും ദേശീയ ബുർഷ്വാസിയുമായും ഐക്യപ്പെട്ട് ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതാണ് ഇതിന്റെ ആദ്യ ചുവടുവെപ്പ്. നിലവിലുള്ള പിന്തിരിപ്പൻ ഭരണകൂടത്തിന് പകരം ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിനും ജനകീയ ജനാധിപത്യ കടമകൾ പൂർത്തീകരിക്കുന്നതിനും  സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിലേക്കും ഇത് വഴിയൊരുക്കും. സത്തയിൽ, ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടവും പാതയും ഇതാണെന്ന് സംക്ഷിപ്തമായി പറയാം.

 


4.12 ഈ കാഴ്ചപ്പാടിൽ നിന്നു വേണം ഇന്ത്യയിലെ പ്രധാന വൈരുദ്ധ്യങ്ങൾ വിലയിരുത്തപ്പെടേണ്ടത്. ഇന്നത്തെ പ്രധാന വൈരുദ്ധ്യങ്ങൾ ഇവയാണ്:


നവലിബറൽ സാമ്രാജ്യത്വവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം;
മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം;
മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം;
കോർപ്പറേറ്റ്-വൻകിട ഭൂവുടമ വർഗങ്ങളും വിശാല കർഷക ജനസാമാന്യവും തമ്മിലുള്ള വൈരുദ്ധ്യം;
ഭരണവർഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം.


ഇതിൽ സാമ്രാജ്യത്വ-കോർപ്പറേറ്റ് ബ്യൂറോക്രാറ്റിക് ബൂർഷ്വാ-ഭൂപ്രഭു വർഗങ്ങളുടെ സഖ്യവും  വിശാലജനവിഭാഗങ്ങളും തമ്മിലുള്ളതാണ് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ വൈരുദ്ധ്യം.


4.13 മുഖ്യ വൈരുദ്ധ്യത്തിന്റെ പരിഹാരം മറ്റ് വൈരുദ്ധ്യങ്ങളുടെ പരിഹാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നവ-ഫാസിസ്റ്റ് പശ്ചാത്തലത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളിവർഗവും കർഷകരും ചൂഷിതരും എല്ലാ മർദ്ദിതരുമടങ്ങുന്ന  ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണിക്ക് ഭരണവർഗങ്ങളിലെ വിവിധ വിഭാഗങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങളെ അടവുപരമായി പ്രയോജനപ്പെടുത്തി രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്ന ദിശയിൽ മുന്നേറാൻ കഴിയണം. തൊഴിലാളിവർഗത്തിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെ കാർഷികവിപ്ലവ കടമകൾ പൂർത്തീകരിക്കാനാകുംവിധം കാർഷിക സമരങ്ങളുമായി സംയോജിപ്പിച്ച് എല്ലാത്തരം സമരരൂപങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി മുന്നേറുക എന്നതാണ് ഇതിനർത്ഥം. വിപ്ലവ ബഹുജന ലൈൻ  ഉയർത്തിപ്പിടിച്ച്, എല്ലാ സമര രൂപങ്ങളും ഉപയോഗപ്പെടുത്തിയും സംഘടനകളുമായി യോജിച്ചും, ഇന്ത്യൻ ഭരണകൂടത്തെ തൂത്തെറിയുന്നതിനും രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നതിനുമായി രാജ്യവ്യാപക ജനകീയ പ്രക്ഷോഭത്തിന് തൊഴിലാളിവർഗത്തെയും എല്ലാ വിപ്ലവവർഗങ്ങളെയും വിഭാഗങ്ങളെയും അണിനിരത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുക്കണം.


അധ്യായം 5
ജനകീയ ജനാധിപത്യ പരിപാടി

5.1 വിവിധ ദേശീയതകളെ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും ജനകീയ ജനാധിപത്യ ഭരണകൂടം. വിവിധ ദേശീയതകളുടെ ഭാഷാപരവും വംശപരവും സാംസ്കാരികവുമായ അവകാശങ്ങളും അഭിലാഷങ്ങളും ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാകും ഇത് രൂപം കൊള്ളുക. എല്ലാ തലങ്ങളിലുമുള്ള ജനകീയ സമിതികളിൽ നിന്നും തൊഴിലാളികളെയും കർഷകരെയും മർദ്ദിത ജനവിഭാഗങ്ങളേയും ജനാധിപത്യ ശക്തികളെയും പ്രതിനിധീകരിച്ച് സാർവത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണഘടനാ അസംബ്ലി അത്തരമൊരു ഭരണഘടന തയ്യാറാക്കും. അത് ജനങ്ങൾക്കും എല്ലാ ജനാധിപത്യ സംഘടനകൾക്കും, അവരുടെ അവകാശങ്ങൾക്കായി സംഘടിക്കുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുന്നതിനുമുള്ള അവകാശമുൾപ്പടെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഉറപ്പു നൽകും.


5.2 പ്രാദേശിക തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ തലങ്ങളിലും വിപ്ലവ സമരങ്ങളിൽ നിന്ന് ഉയർന്നുവരുന്ന തൊഴിലാളികളുടെയും കർഷകരുടെയും മർദ്ദിത ജനവിഭാഗങ്ങളുടെയും വിവിധ കമ്മിറ്റികൾക്ക് അധികാരം കൈമാറിക്കൊണ്ട്, എല്ലാ അധികാരങ്ങളും ജനങ്ങൾക്ക് എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അത്തരമൊരു ഭരണഘടന. എല്ലാ തലങ്ങളിലുമുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവരുടെ ഉത്തരവാദിത്വം നിറവേറ്റും വിധം തിരിച്ചുവിളിക്കാനുള്ള അവകാശം ഇത് ഉറപ്പു നൽകും . കൂടാതെ, എക്സിക്യൂട്ടീവും നിയമനിർമ്മാണ അധികാരവും തമ്മിലുള്ള വിഭജനം ഇല്ലാതാക്കുകയും ചെയ്യും. ജുഡീഷ്യറി, അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ ജനങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വിധേയമായി തിരഞ്ഞെടുക്കപ്പെടും.


5.3 യൂണിയന്റെയും സംസ്ഥാനങ്ങളുടെയും തലത്തിൽ, പ്രസിഡന്റിനെ ജനകീയ കോൺഗ്രസ് തിരഞ്ഞെടുക്കും. ജനകീയ കോൺഗ്രസ് രൂപപ്പെടുത്തിയ നിയമങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി പ്രസിഡന്റ് പ്രവർത്തിക്കും. ജനകീയ ജനാധിപത്യ ഭരണകൂടത്തിന് സാമൂഹ്യ ഉത്പാദനവും  ജനകീയതാല്പര്യങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഒരു ജനകീയ സൈന്യം ഉണ്ടായിരിക്കും. നിലവിലെ ഭരണസംവിധാനത്തിലെ പോലീസിനും സുരക്ഷാ സേനയ്ക്കും പകരം പ്രാദേശിക ഭരണകൂടത്തിന് കീഴിലുള്ള ജനകീയ സേനയുണ്ടാക്കും; ജനങ്ങളുടെ ശാക്തീകരണമാകും അതിന് ദിശാബോധം നൽകുക.


5.4 ബഹുരാഷ്ട്ര കമ്പനികളുടെയും കോർപ്പറേറ്റ് ശക്തികളുടെയും കൈവശമുള്ള എല്ലാ സാമ്രാജ്യത്വ-കോർപ്പറേറ്റ് മൂലധനവും ഭൂമിയും സ്വത്തുക്കളും കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്നതാവും ജനകീയ ഭരണഘടന. സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം സുഗമമാക്കുന്നതിന് എല്ലാ തലങ്ങളിലുമുള്ള സഹകരണ, പൊതുമേഖലകളുടെ വികസനവും എല്ലാ ഉൽപാദന ഉപാധികളുടെയും സാമൂഹിക ഉടമസ്ഥതയും ഇത് ഉറപ്പാക്കും.


5.5 ജനകീയ ജനാധിപത്യ ഭരണകൂടം സാമ്രാജ്യത്വരാജ്യങ്ങളോടുള്ള കടങ്ങൾ റദ്ദു ചെയ്യകയും ജനകീയ താല്പര്യങ്ങൾക്കു വിരുദ്ധമായ, എല്ലാ വിദേശകടങ്ങളും അസമത്വ ഉടമ്പടികളും കരാറുകളും അവസാനിപ്പിക്കുകയും ചെയ്യും. ഐഎംഎഫ്, ലോക ബാങ്ക്, ലോക വ്യാപാര സംഘടന തുടങ്ങിയ നവ-കൊളോണിയൽ സ്ഥാപനങ്ങളിൽ നിന്ന് അത് പിൻവാങ്ങുകയും രാജ്യത്തെ എല്ലാ ഊഹമൂലധ പ്രവർത്തങ്ങളും സാമ്രാജ്യത്വ ഫണ്ടിംങ്ങും അവസാനിപ്പിക്കുകയും ചെയ്യും. സമത്വത്തിലും സൗഹാർദ്ദത്തിലും സാഹോദര്യത്തിലും അധിഷിതമായ സാർവ്വദേശീയ ബന്ധങ്ങൾക്കായി അത് പരിശ്രമിക്കുകയും എല്ലാ തരത്തിലുമുള്ള സാമ്രാജ്യത്വ ചൂഷണത്തിൽ നിന്നും ഇടപെടലിൽ നിന്നും ഭീഷണിപ്പെടുത്തലിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയും ചെയ്യും.


  1. 6 സാമ്രാജ്യത്വത്തിന്റെ ഇന്ത്യൻ ജൂനിയർ പങ്കാളികളുടെയും ബ്യൂറോക്രറ്റിക് ബൂർഷ്വാ വർഗത്തിന്റെയും കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിമാരുടെയും എല്ലാ സംരംഭങ്ങളും സ്വത്തുക്കളും കണ്ടുകെട്ടും. ഇന്നത്തെ കോർപ്പറേറ്റ് മൂലധനത്തിന്റെ വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന, ഉൽപ്പാദനത്തെ അപേക്ഷിച്ച് ഊഹമേഖലകളുടെ വികാസം കണക്കിലെടുത്ത്,  അത് തുടച്ചുനീക്കുന്നതിന് ജനകീയ ജനാധിപത്യ ഭരണകൂടം ഉചിതമായ നടപടികൾ കൈക്കൊള്ളും. അഴിമതിക്കും മാഫിയ പ്രവർത്തനങ്ങൾക്കുമുള്ള എല്ലാ വഴികളും അത് മുകൾ മുതൽ താഴെ വരെ വേരോടെ പിഴുതെറിയുന്നതാണ്. അഴിമതിക്കാർ വിദേശനികുതി സങ്കേതങ്ങളിൽ സ്വരൂപിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരും. മഠങ്ങളിലെയും മതസ്ഥാപനങ്ങളിലെയും കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടുകെട്ടും. സാമ്പത്തിക കുറ്റവാളികളെ നിയമപ്രകാരം നേരിടും.


5.7 കൃഷിയുടെ എല്ലാത്തരം കോർപ്പറേറ്റുവൽക്കരണവും  അവസാനിപ്പിക്കും. “ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്” എന്നതിന്റെ അടിസ്ഥാനത്തിലുള്ള വിപ്ലവകരമായ ഭൂപരിഷ്കരണം നടപ്പിലാക്കും. കാർഷികമേഖലയിലെ എല്ലാ മുതലാളിത്ത പൂർവ്വ ബന്ധങ്ങളും നിർത്തലാക്കും. വിദേശ-ഇന്ത്യൻ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളും ഫാമുകളും ഏറ്റെടുക്കുകയും പൊതു/സഹകരണ ഉടമസ്ഥതയിൽ കൊണ്ടുവരികയും നിർദ്ദിഷ്ട സാഹചര്യത്തിനനുസരിച്ച് കൃഷി ചെയ്യുകയും ചെയ്യും. എല്ലാത്തരം അടിമവേലയും പലിശയും കാർഷികമേഖലയിലെ ഇടനിലക്കാരെയും നിർത്തലാക്കും. ദേശീയ ഭക്ഷ്യസുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കിക്കൊണ്ടും മറ്റ് മേഖലകളെ അനുയോജ്യമായി ബന്ധിപ്പിച്ചുകൊണ്ടും ജൈവ-പാരിസ്ഥിതിക സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കൃഷി വികസിപ്പിക്കും.


5.8 എല്ലാ മേഖലകളിലും ക്രമാനുഗതമായി ആഴ്ചയിൽ അഞ്ച് ദിവസം, ആറ് മണിക്കൂർ പ്രവൃത്തി ദിനം നടപ്പിലാക്കും. ജീവിക്കാനാവശ്യമായ മിനിമം വേതനം പുനർനിർവചിച്ച് നടപ്പിലാക്കും. എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുകയും തൊഴിൽരഹിതരായ എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുകയും ചെയ്യും. എല്ലാ തരത്തിലുമുള്ള കരാർ – അടിമപ്പണിയും അവസാനിപ്പിക്കും. തൊഴിലാളി വർഗത്തിന്റെ ജനാധിപത്യാവകാശമെന്ന നിലയിൽ സംഘടിക്കാനും കൂട്ടായ വിലപേശലിനും സമരം ചെയ്യാനുമുള്ള അവകാശം ഉറപ്പാക്കും.


5.9 സമഗ്രമായ ദേശീയ വ്യവസായ നയം നടപ്പിലാക്കി, വൻകിട- ഇടത്തരം- ചെറുകിട വ്യവസായങ്ങൾക്കിടയിലും നഗര-ഗ്രാമ പ്രദേശങ്ങൾക്കിടയിലും ആരോഗ്യകരവും സന്തുലിതവുമായ ബന്ധം വികസിപ്പിക്കുകയും രാജ്യത്തുടനീളമുള്ള വികസനത്തിലെ അസമത്വം ഒഴിവാക്കുകയും ചെയ്യും. വിദേശ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിൽ നിന്ന് മുക്തമാകുവാൻ തദ്ദേശീയ ശാസ്ത്ര ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. ബാങ്കിംഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സേവന മേഖലയെ കൃഷിയും വ്യവസായവുമായുള്ള ശരിയായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കുകയും എല്ലാത്തരം ഊഹക്കച്ചവട ബിസിനസുകളും തടയുകയും ചെയ്യും. ജനങ്ങളുടെയും രാജ്യത്തിന്റെയും മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ പരിഗണിച്ച് അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കും.


5.10 സാർവത്രിക പൊതുവിതരണ സംവിധാനം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യപരിരക്ഷ, എല്ലാവർക്കും പാർപ്പിടവും തൊഴിലും എന്നിവ ഉറപ്പാക്കും. സമഗ്രമായ കായിക നയം രൂപപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. മുതലാളിത്ത പാതയിലേക്കുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അധഃപതനത്തിന്റെ ഇതുവരെയുള്ള അനുഭവം അനുഭവ പാഠങ്ങളുടെ അടിസ്ഥാനത്തിൽ, സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്കാരത്തെയും ചിന്താരീതിയെയും വിപ്ലവകരമായി മാറ്റിത്തീർക്കുന്നതിനു വേണ്ടിയുള്ള സമരം  വിപ്ലവ പൂർവ്വ കാലഘട്ടത്തിൽ തന്നെ ഏറ്റെടുക്കുകയും തൊഴിലാളിവർഗ്ഗ ജനാധിപത്യത്തിന് കീഴിൽ അത് വികസിപ്പിക്കുകയും ചെയ്യും.


5.11 എല്ലാ കരിനിയമങ്ങളും റദ്ദാക്കും. എല്ലാ തലങ്ങളിലും ഭരണത്തിന്റെയും സമൂഹത്തിന്റെയും ജനാധിപത്യവൽക്കരണം ഉറപ്പാക്കും. പൊതുനന്മയ്ക്ക് വിധേയമായി ആളുകളുടെ സ്വകാര്യത ഉറപ്പാക്കും. വധശിക്ഷ നിയമ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കും.


5.12 മനുഷ്യത്വരഹിതമായ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിനായി ജനകീയ ജനാധിപത്യ ഭരണകൂടം ശക്തമായ നടപടികൾ കൈക്കൊള്ളും. എല്ലാത്തരം തൊട്ടുകൂടായ്മയും ജാതി-അടിച്ചമർത്തലും ജാതി-വിവേചനവും ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും തുടച്ചുനീക്കും. എല്ലാ ജാതി-ആചാരങ്ങളെയും പിന്തിരിപ്പൻ സ്ഥാപനങ്ങളെയും അമർച്ച ചെയ്യുകയും അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കർശന ശിക്ഷക്ക് വിധേയമാക്കുകയും ചെയ്യും. എല്ലാ ജാതി-വിവേചനങ്ങളും തുടച്ചുനീക്കുന്നതുവരെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഉറപ്പാക്കും, ഉചിതമായ ഭരണപരവും സാംസ്കാരികവുമായ  ഇടപെടലുകൾക്കൊപ്പം ദളിത് ജനവിഭാഗങ്ങളുടെയും മർദ്ദിത ജാതി വിഭാഗങ്ങളുടെയും ഉന്നമനത്തിനുതകുന്ന ദൃഢമായ  നടപടികളെടുക്കുകയും ‘ഭൂമി  മണ്ണിൽ പണിയെടുക്കുന്നവർക്ക്’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭൂവിതരണത്തിൽ അവർക്ക് മുൻഗണന നൽകുകയും ചെയ്യും.

5.13 എല്ലാത്തരം ലിംഗ വിവേചനങ്ങളും നിർത്തലാക്കും. പുരുഷാധിപത്യവും അതിന്റെ എല്ലാത്തരത്തിലുള്ള പ്രകടനങ്ങളും മത-ജാതി അടിസ്ഥാനത്തിലുള്ള സ്ത്രീപീഡനങ്ങളും അവസാനിപ്പിക്കും. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുമുള്ള വിവേചനങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കും. പെൺ ശിശുഹത്യ തടയും. എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് സമത്വവും സ്വത്തവകാശവും, തുല്യ ജോലിക്ക് തുല്യ വേതനവും ഉറപ്പാക്കുകയും സാമൂഹികമായി ഉല്പാദനപരമായ തൊഴിൽ എല്ലാ സ്ത്രീകൾക്കും ഉറപ്പ് വരുത്തുകയും ചെയ്യും. പുരുഷാധിപത്യ, മത-ജാതി അധിഷ്ഠിത കുടുംബ വ്യവസ്ഥയുടെ സ്ഥാനത്ത് പരസ്പര സ്നേഹം, ബഹുമാനം, സമ്മതം എന്നിവയെ അടിസ്ഥാനമാക്കി ലിംഗഭേദമില്ലാതെ പങ്കാളികളുടെ ദാമ്പത്യ ജീവിതം ജനകീയ ഭരണകൂടം ഉറപ്പാക്കും.


5.14 എല്ലാ കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്തും. കുട്ടികളുടെ മാനസികവും ശാരീരികവുമായ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കും. ബാലവേല ഉൾപ്പെടെയുള്ള കുട്ടികൾക്കു മേലുള്ള എല്ലാത്തരം ചൂഷണങ്ങളും ഇല്ലാതാക്കും. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉചിതമാം വിധം ഉറപ്പാക്കും.


5.15 എല്ലാ ദേശീയതകൾക്കും സ്വയം നിർണ്ണയാവകാശം ഉറപ്പാക്കും. ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് വിവിധ ദേശീയതകളുടെ ഐക്യത്തിനായി പരിശ്രമിക്കുന്നത് ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അവരുടെ സ്വമേധയാ ഉള്ള സമ്മതത്തിലൂടെയും ഫെഡറൽ തത്വങ്ങളെ അടിസ്ഥാനമാക്കിയുമാണ്. ജമ്മു-കാശ്മീർ, വടക്കു കിഴക്കൻ പ്രശ്നങ്ങൾ എന്നിവയടക്കം എല്ലാ ദേശീയ പ്രശ്നങ്ങളും സ്വയം നിർണ്ണയാവകാശത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കും. സംസ്ഥാനങ്ങളുടെ യൂണിയൻ എല്ലാ ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് ജനങ്ങളുടെ മൗലികാവകാശമായി മാതൃഭാഷയിൽ വിദ്യാഭ്യാസം ഉറപ്പാക്കും.

5.16 ആദിവാസികൾക്കു മേലുള്ള എല്ലാത്തരം ചൂഷണവും അടിച്ചമർത്തലും നിർത്തലാക്കും. പ്രകൃതി-വന വിഭവങ്ങളുടെ മേലുള്ള അവരുടെ അവകാശം സംരക്ഷിക്കും. വികസന പദ്ധതികളുടെ പേരിൽ അവരെ കുടിയിറക്കുന്നത് അവസാനിപ്പിക്കും. പൂർണ്ണ അധികാരങ്ങളോടും ജനാധിപത്യ അവകാശങ്ങളോടും കൂടി ആവശ്യമുള്ളിടത്തെല്ലാം ആദിവാസി സ്വയംഭരണ കൗൺസിലുകൾ സ്ഥാപിക്കും.


5.17 ഭരണകൂടത്തിന്റെ യഥാർത്ഥ മതേതര സ്വഭാവം ഉറപ്പാക്കും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും ഇല്ലാതാക്കി, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിനുള്ള മതമൗലികവാദ ശക്തികളുടെ എല്ലാ ശ്രമങ്ങളും ചെറുക്കും. രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും സാമൂഹ്യ ജീവിതത്തിലും മതം ഇടപെടുന്നത് തടയും. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, എന്നിത്യാദികൾ ഉൾപ്പടെ പൊതുമണ്ഡലത്തിൽ മതസ്ഥാപനങ്ങൾ ഇടപെടുന്നത്  തടയും. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി മതനിരപേക്ഷവും ജനാധിപത്യപരവും പുരോഗമനപരവുമായ പൊതു സിവിൽ കോഡ് വികസിപ്പിക്കും.  വ്യക്തികളുടെ സ്വകാര്യ വിഷയമെന്ന നിലയിലാകും മതത്തോടുള്ള സമീപനം.   ഭരണകൂടവും മതവും തമ്മിലുള്ള വേർതിരിവ് അർത്ഥമാക്കുന്ന മതേതര തത്വം ജനകീയ ജനാധിപത്യ ഭരണകൂടം കർശനമായി നടപ്പിലാക്കും.


5.18 ജനകീയ ജനാധിപത്യ ഭരണകൂടം പ്രകൃതിയുമായി ഇണങ്ങുന്ന ഒരു വികസന പരിപ്രേക്ഷ്യം ഉറപ്പാക്കും. കോർപ്പറേറ്റ് മൂലധനം ഭൂമിയുടെ പരിസ്ഥിതിയിന്മേൽ ഇതിനകം വരുത്തിക്കഴിഞ്ഞ ഭീകരമായ ദ്രോഹത്തിന്റെ പശ്ചാത്തലത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക ദുരന്തം ഒഴിവാക്കുന്നതിനുമായി സമൂർത്തമായ പദ്ധതികൾ ആവിഷ്കരിക്കും. അതിൻ പ്രകാരം, ജനപക്ഷ-പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകയ്ക്കായി യത്നിക്കും.


5.19 എല്ലാവർക്കും പ്രാപ്യമായ മതേതര, ലിംഗസൗഹൃദ, ജനാധിപത്യ, ശാസ്ത്രീയ വിദ്യാഭ്യാസം നടപ്പിലാക്കും.  കോർപ്പറേറ്റ് – കാവിവൽക്കരണ ദിശയിൽ വിദ്യാഭ്യാസ രംഗത്തുണ്ടായ എല്ലാ നീക്കങ്ങളും അടിമുടി നീക്കം ചെയ്യും. എല്ലാ കുട്ടികൾക്കും അവരുടെ മാതൃഭാഷയിൽ സാർവത്രികവും സൗജന്യവും ഏകീകൃതവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുകയും എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യും. എല്ലാ ഉപരിവർഗ്ഗ സ്കൂളുകളും മത-ജാതി ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന സ്കൂളുകളും നിർത്തലാക്കുക, വിദ്യാഭ്യാസ മേഖലയിലെ എല്ലാ വിവേചനവും അവസാനിപ്പിക്കുക, എന്നത് ജനകീയ ജനാധിപത്യ ഭരണകൂടത്തിന്റെ കടമയായിരിക്കും.


5.20 ഫ്യൂഡൽ, സാമ്രാജ്യത്വ സാംസ്കാരിക മൂല്യങ്ങളുടെ സ്വാധീനത്തിനെതിരെ പോരാടിക്കൊണ്ട് ജനങ്ങളുടെ ജനാധിപത്യപരവും ലിംഗസൗഹൃദപരവുമായ സംസ്കാരം വികസിപ്പിക്കും. എല്ലാ മേഖലകളിലും ശാസ്ത്രീയ വീക്ഷണം പ്രോത്സാഹിപ്പിക്കും. സാമ്രാജ്യത്വവും അതിന്റെ പിണിയാളുകളും സാംസ്കാരിക ഉപരിഘടനയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ജനങ്ങളെ തങ്ങളുടെ കൊള്ളയ്ക്കും ആധിപത്യത്തിനും വിധേയമാക്കുന്നതിനാൽ, മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം  മുതലാളിത്ത, മുതലാളിത്ത -പൂർവ്വ മൂല്യങ്ങൾ പുന:സ്ഥാപിച്ച സാഹചര്യത്തിൽ, മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഇതുവരെയുള്ള അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാംസ്കാരിക വിപ്ലവത്തിന്റെ പ്രസക്തിക്ക്, ഒരു തുടർപ്രക്രിയ എന്ന നിലയിൽ, വലിയ പ്രാധാന്യം നൽകും.


5.21 സമത്വത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും അടിസ്ഥാനത്തിൽ അയൽരാജ്യങ്ങളുമായി എല്ലാ മേഖലകളിലും സൗഹൃദബന്ധം സ്ഥാപിക്കും. എല്ലാ അതിർത്തി തർക്കങ്ങളും സൗഹൃദ ചർച്ചകളിലൂടെ പരിഹരിക്കും.


5.22 തൊഴിലാളിവർഗ സാർവ്വദേശീയത ഉയർത്തിപ്പിടിക്കും. അന്താരാഷ്ട്ര തലത്തിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളുടെ ഐക്യത്തിനായി പരിശ്രമിക്കും. ലോകമെമ്പാടുമുള്ള പുരോഗമന, സാമ്രാജ്യത്വ വിരുദ്ധ ശക്തികളോട് ഐക്യപ്പെടും. സാമ്രാജ്യത്വത്തിനെതിരെ, പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിനും അതിന്റെ പിണിയാളുകൾക്കുമെതിരെ, വിപ്ലവശക്തികളുമായി സാഹോദര്യബന്ധം സ്ഥാപിക്കും. യുഎസ് നേതൃത്വം നൽകുന്ന, എല്ലായിടത്തും നാശം സൃഷ്ടിക്കുന്ന  ആക്രമണങ്ങൾക്കും ആധിപത്യ നീക്കങ്ങൾക്കുമെതിരെ സജീവമായി പോരാടും.


5.23 ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കും. രണ്ടാം ലോകയുദ്ധാനന്തര ഘട്ടത്തിൽ യുഎൻ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും ഏജൻസികളും നവകൊളോണിയൽ കൊള്ളയും മേധാവിത്വവും തീവ്രമാക്കുന്നതിനുള്ള ഉപകരണങ്ങളായി പ്രവർത്തിക്കുന്നതിനാൽ, ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് തൊഴിലാളിവർഗ സാർവ്വദേശീയതയുടെ തത്വങ്ങളെ അടിസ്ഥാനമാക്കി, ജനകീയ ജനാധിപത്യ രാജ്യങ്ങളുടേയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടേയും  ജനകീയ ജനാധിപത്യ സാർവ്വദേശീയ ബദൽ  കേന്ദ്രങ്ങൾ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങൾ ആരംഭിക്കും. 


അധ്യായം 6 - ഉപസംഹാരം:

ജനകീയ ജനാധിപത്യ വിപ്ലവ കടമ പൂർത്തീകരിക്കുക, സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറുക!

6.1 നവലിബറൽ സാമ്രാജ്യത്വം അതിരൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, അതിന്റെ മുഴുവൻ ഭാരവും ലോകജനതയുടെ ചുമലിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന വേളയിൽ, ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കുന്നതിനും ഇന്ത്യയിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറുന്നതിനുമായി സിപിഐ (എംഎൽ) റെഡ് സ്റ്റാർ അതിന്റെ പുതുക്കിയ പാർട്ടി പരിപാടി മുന്നോട്ട് വയ്ക്കുന്നു.  ഈ പ്രതിസന്ധിയുടെ ബഹി:സ്ഫുരണമെന്ന നിലയിൽ, ഒരു വശത്ത് മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ തീവ്രമാകുകായും, മറുവശത്ത്, സാമ്രാജ്യത്വ വ്യവസ്ഥയിൽ അന്തർലീനമായ എല്ലാ വൈരുദ്ധ്യങ്ങളും മൂർഛിക്കുകയും ചെയ്യുമ്പോൾ മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം ഒരു പാരിസ്ഥിതിക മഹാദുരന്തത്തിന്റെ വക്കോളമെത്തി നിൽക്കുകയാണ്. വസ്തുനിഷ്ഠ സാഹചര്യങ്ങൾ വിപ്ലവത്തിന് ഏറ്റവും അനുകൂലമാണെങ്കിലും, ആത്മനിഷ്ഠ ശക്തികളും സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൊതുവിലും, എല്ലാ രാജ്യങ്ങളിലെയും വിപ്ലവ പാർട്ടികളും ഗുരുതരമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികളും പിന്നോട്ടടികളും നേരിടുകയാണ്.

6.2 ഇന്ത്യയിലും, കൊളോണിയൽ കാലഘട്ടത്തിലും യുദ്ധാനന്തര നവകൊളോണിയൽ ഘട്ടത്തിലും നിരവധി വൻ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടും, ഇന്ത്യൻ സാഹചര്യത്തെ സമൂർത്തമായി വിശകലനം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൃത്യമായ ഒരു പരിപാടിയും ശരിയായ പാതയും മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല.  നക്സൽബാരി മുന്നേറ്റത്തിലേക്ക് നയിച്ച 1964-67 കാലഘട്ടത്തിലെ പ്രത്യയശാസ്ത്ര പോരാട്ടത്തിന് തിരുത്തൽവാദത്തോട് കണക്ക് തീർക്കാൻ കഴിഞ്ഞെങ്കിലും, ഇടതുപക്ഷ സാഹസികതയുടെ സ്വാധീനത്താൽ, ഇന്ത്യൻ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനത്തെ അടിസ്ഥാനമാക്കി വിപ്ലവത്തിന്റെ പരിപാടിയും പാതയും വികസിപ്പിക്കുന്നതിൽ സിപിഐ (എംഎൽ) പരാജയപ്പെടുകയാണുണ്ടായത്. നവ ഫാസിസ്റ്റ് -കാവി ഭരണകൂടത്തിന്റെ അധികാരാരോഹണമുൾപ്പെടെയുള്ള ദൂരവ്യാപകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നിർണായക ഘട്ടത്തിലും, ഇടതുപക്ഷ ശക്തികൾക്കിടയിലെ പ്രത്യയ ശാസ്ത്ര-രാഷ്ട്രീയ ദൗർബല്യങ്ങളും ആശയക്കുഴപ്പവും ഉചിതമായ വിപ്ലവപാത വികസിപ്പിച്ചെടുക്കുന്നതിനും ഒരു ഏകീകൃത സംഘടന കെട്ടിപ്പടുക്കുന്നതിനും തടസ്സമായി നിൽക്കുന്നു.  ഇത്തരത്തിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുമ്പോഴും, ഇന്ത്യൻ സാഹചര്യത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്തുന്നതിലേക്കും അതിനനുസരിച്ച് ജനകീയ ജനാധിപത്യ വിപ്ലവം വികസിപ്പിക്കുന്നതിലേക്കും വിവിധ കമ്മ്യൂണിസ്റ്റ് വിപ്ലവ വിഭാഗങ്ങൾ അടുത്തുകൊണ്ടിരിക്കുന്നുണ്ട് എന്ന ശുഭസൂചകമായ വസ്തുത നമ്മുടെ മുന്നിലുണ്ട്.

6.3 ഈ സന്ദർഭത്തിൽ, ഇന്ത്യൻ സാഹചര്യത്തിന്റെ സമൂർത്തമായ വിശകലനത്തെ അടിസ്ഥാനമാക്കി വർഗ, ജാതി, ലിംഗഭേദ  മേഖലകളിലെ സമരങ്ങളെ അവിഭാജ്യമായി ബന്ധിപ്പിച്ചുകൊണ്ടും സിപിഐ (എംഎൽ) റെഡ് സ്റ്റാർ മുന്നോട്ടു വെക്കുന്ന കരട് പാർട്ടി പരിപാടി, എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും ഏകീകരണത്തിനും അഖിലേന്ത്യാ തലത്തിൽ ഒരു ശക്തമായ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ്. കമ്മ്യൂണിസത്തിലേക്കുള്ള സോഷ്യലിസ്റ്റ് പരിവർത്തനത്തിന്റെ സാക്ഷാത്കാരത്തിനായി, ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പൂർത്തീകരണത്തിലേക്കും, അതുവഴി സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കും   മുന്നേറുന്നതിന് പുതിയ ഊർജം നൽകിക്കൊണ്ടും, അഖിലേന്ത്യാ തലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനഃസംഘടനയുടെ ചരിത്രപരമായ ദൗത്യം വേഗത്തിലാക്കുന്നതിനു ഇത് സഹായിക്കും.



 

(പാർട്ടിയുടെ എല്ലാ തലങ്ങളിലും പാർട്ടി അനുഭാവികൾക്കും സുഹൃത്തുക്കൾക്കുമിടയിലും ചർച്ച ചെയ്യുന്നതിനായി പാർട്ടിയുടെ കേന്ദ്രകമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ഈ കരട് രേഖ 2022 സെപ്റ്റംബർ 24 മുതൽ 29 വരെ നടക്കുന്ന 12-ാം പാർട്ടി കോൺഗ്രസ് അന്തിമമാക്കും.)

സിപിഐ (എംഎൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മറ്റി

You may also like

Leave a Comment