2022 ഒക്‌ടോബറിലെ ദേശീയ തെരഞ്ഞെടുപ്പ് ‘അട്ടിമറിക്കപ്പെട്ടു’ എന്ന് അവകാശപ്പെട്ട്, ബ്രസീലിന്റെ മുൻ പ്രസിഡന്റും നിയോഫാസിസ്റ്റ് ബോൾസോനാരോയുടെ അനുയായികളായ ആയിരക്കണക്കിന് തെരുവ് ഗുണ്ടകൾ ജനുവരി 8 ന് രാജ്യത്തിന്റെ പാർലമെന്റിലും പ്രസിഡൻഷ്യൽ പാലസിലും സുപ്രീം കോടതിയിലും അതിക്രമിച്ച് കയറി.
ആഗോള മാധ്യമങ്ങൾ പ്രചരിപ്പിച്ച വീഡിയോകൾ പ്രകാരം, അവർ കലാസൃഷ്ടികൾ നശിപ്പിക്കുകയും പാർലമെന്റിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. പ്രസിഡണ്ട് ലുല ഡ സിൽവ തന്നെ ആരോപിക്കുന്നതുപോലെ, വെറും കാഴ്ചക്കാരായി നിന്ന പോലീസിന്റെ ഒത്താശയോടെയാണ് ബോൾസോനാരോ അനുകൂല ഫാസിസ്റ്റ് ഗുണ്ടകൾ സംസ്ഥാനത്തെ പരമോന്നത എക്സിക്യൂട്ടീവ് ഓഫീസുകൾ ആക്രമിച്ചത്.
നിയോഫാസിസ്റ്റ് ട്രംപിന്റെ പരാജയം പ്രഖ്യാപിച്ച 2020 ലെ യുഎസ് തെരഞ്ഞെടുപ്പിന്റെ സർട്ടിഫിക്കേഷൻ തടയാനുള്ള അവരുടെ ശ്രമത്തിൽ ഫാസിസ്റ്റ് കലാപകാരികൾ 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിൽ ഇരച്ചുകയറിയതിനെ ഇത് ഓർമ്മപ്പെടുത്തുന്നു.
നേരത്തെ, ആയിരക്കണക്കിന് ‘ബോൾസോനാരിസ്റ്റുകൾ’ അല്ലെങ്കിൽ ബോൾസോനാരോയുടെ അക്രമാസക്തരായ അനുയായികൾ ചുറ്റും കറങ്ങുന്നതും സൈനിക ബാരക്കുകളിൽ ഒത്തുകൂടി അധികാരം പിടിക്കാൻ ബ്രസീലിയൻ സൈന്യത്തോട് ആഹ്വാനം ചെയ്യുന്നതും കാണാമായിരുന്നു.
സാരാംശത്തിൽ, അവർ യഥാക്രമം മുസ്സോളിനിയുടെയും ഹിറ്റ്‌ലറുടെയും ചെങ്കുപ്പായക്കാർ, തവിട്ട് കുപ്പായക്കാർ എന്നിവ പോലെയുള്ള അർദ്ധസൈനിക ഫാസിസ്റ്റ് സംഘങ്ങളോട് സാമ്യമുള്ളവരായിരുന്നു. ഇപ്പോൾ യുഎസിലെ ഫ്ലോറിഡയിൽ സുരക്ഷിതമായി സ്ഥിരതാമസമാക്കിയ ബോൾസോനാരോ, കലാപത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്ക് നിഷേധിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്ര നിരീക്ഷകരുടെ അഭിപ്രായത്തിൽ, ബ്രസീലിൽ നടന്ന ‘അട്ടിമറി’യുടെ രാഷ്ട്രീയ ഉത്തരവാദിത്തം ബോൾസോനാരോയ്ക്കാണ്.
തീർച്ചയായും, ബോൾസോനാരോയെ പിന്തുണയ്ക്കുന്നവരുടെ അട്ടിമറി ശ്രമത്തെക്കുറിച്ച് ലോക നേതാക്കളുമായി ചേർന്ന് മോദി നടത്തിയ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണ്. എന്നിരുന്നാലും, ട്രംപും ബോൾസോനാരോയും മോദിയും തമ്മിലുള്ള സാമ്യം കൂടുതൽ ശ്രദ്ധേയമാണ്, ഈ മൂവരും അന്താരാഷ്ട്ര മാധ്യമങ്ങൾ ‘ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ടവർ’ ആയി കണക്കാക്കുന്നു. കാരണം അതാത് രാജ്യങ്ങളിലെ മൂർത്തമായ സാഹചര്യത്തെ ആശ്രയിച്ച്, മൂവരുടെയും നേതൃത്വത്തിലുള്ള ഭരണകൂടങ്ങളെ സാധാരണ നവഫാസിസ്റ്റുകളായും ഭൂരിപക്ഷവാദത്തിൽ വേരൂന്നിയ തീവ്ര വലതുപക്ഷ നവലിബറലിസത്തിന്റെ അടിസ്ഥാന വാഹകരായും വിശേഷിപ്പിക്കപ്പിക്കുന്നു. ട്രംപിന്റെയും ബോൾസോനാരോയുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ ക്രിസ്ത്യൻ സുവിശേഷീകരണമായിരുന്നെങ്കിൽ, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അത് മനുവാദ-ഹിന്ദുത്വവുമാണ്.
വ്യക്തിത്വത്തിന്റെ ആരാധനയെ ശക്തിപ്പെടുത്തുന്നതിൽ വിദഗ്ദ്ധരായ ബോൾസോനാരോയോടും ട്രംപിനോടും മോദിക്കുള്ള അടുപ്പം അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്ത് പ്രകടമാണ്. 2019 മെയ് മാസത്തിൽ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ബോൾസോനാരോ മുഖ്യാതിഥിയായിരുന്നു. അതുപോലെ, 2020 ഫെബ്രുവരിയിൽ കൊവിഡിനെക്കുറിച്ച് വ്യാപകമായ ആശങ്കകൾ ഉണ്ടായ നേരത്തു തന്നെ ട്രംപ് ഇന്ത്യ സന്ദർശിച്ചു. ഈ രണ്ട് അവസരങ്ങളിലെയും ഔദ്യോഗിക ഇന്ത്യൻ പ്രതികരണം മൂന്ന് നവഫാസിസ്റ്റ് ഭരണകൂടങ്ങൾ തമ്മിലുള്ള അടുത്ത അടുപ്പവും ഏകീകരണവും വെളിപ്പെടുത്തുന്നതായിരുന്നു.
ബോൾസോനാരോയുടെ ഫാസിസ്റ്റ് ഗുണ്ടകൾ നടത്തിയ ‘അട്ടിമറി’യെ അപലപിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്നും നേതാക്കൾ രംഗത്തെത്തിയിരിക്കുന്ന നേരത്ത്, നമ്മുടെ രാജ്യത്തെ ഭരണത്തിന്റെ കടിഞ്ഞാൺ ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ RSS ന്റെ കൈയിലാണ് എന്നത് ചിന്ത്യമാണ്. നമ്മുടെ രാജ്യത്തെ ഇന്നത്തെ നവഫാസിസ്റ്റ് അവസ്ഥയെക്കുറിച്ച് നമുക്ക് കണ്ണടയ്ക്കാനാവില്ല.. വാസ്തവത്തിൽ, ബോൾസോനാരോയുടെയും ട്രംപിന്റെയും ഇവാഞ്ചലിക്കൽ “സ്റ്റോം ട്രൂപ്പർമാർ” ആർഎസ്എസുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണ് എന്നതാണ് വസ്തുത. സംഘപരിവാർ നൂറുകണക്കിന് രഹസ്യവും തുറന്നതുമായ സംഘടനകളിലൂടെ, സമൂഹത്തിന്റെ മുഴുവൻ സൂക്ഷ്മ, സ്ഥൂല മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.. സംഘപരിവാർ ഇന്ത്യയിലെ തെരുവിനെയും രാജ്യ ഭരണാധികാരത്തെയും നിയന്ത്രിക്കുന്നു. . ജുഡീഷ്യറി ഉൾപ്പെടെയുള്ള സിവിൽ അഡ്മിനിസ്ട്രേഷനിൽ മാത്രമല്ല, സൈന്യത്തിലും അതിന്റെ കരങ്ങൾ വ്യാപിച്ചിരിക്കുന്നു. വലിയ കോർപ്പറേറ്റ് ശക്തിയുടെ പിന്തുണയോടെ, സാമ്പത്തിക ദിശാബോധത്തിൽ തീവ്ര വലതുപക്ഷമായതിനാൽ, ഓൺലൈനിലും ഓഫ്‌ലൈനിലും കോർപ്പറേറ്റ് മാധ്യമങ്ങളുടെ മേൽ അതിന് നിയന്ത്രണമുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, ബൗദ്ധിക മേഖലകളിലുള്ള അതിന്റെ സ്വാധീനവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കയുടെ മൂർത്തമായ ചരിത്രസാഹചര്യങ്ങൾ അനുസരിച്ച്, ട്രംപിനെയും ബോൾസോനാരോയെയും പോലെയുള്ള ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേറ്റ് മൂലധന ശക്തി പ്രതീകങ്ങൾ നവഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായി സുവിശേഷീകരണത്തെ ആശ്രയിക്കുമ്പോൾ, നമ്മുടെ രാജ്യത്ത് പ്രവർത്തിയ്ക്കുന്നത് അതിന്റെ ഇന്ത്യൻ പ്രതിരൂപവും ഏറ്റവും മനുഷ്യത്വരഹിതമായ ബ്രാഹ്മണ ജാതി വ്യവസ്ഥയാണ്, 1949-50 കാലഘട്ടത്തിൽ ഇന്ത്യയുടെ ഭരണഘടനയായി ആർഎസ്എസ് മുന്നോട്ടുവച്ച മനുസ്മൃതിയാണ് ഇതിന്റെ അടിസ്ഥാന ഗ്രന്ഥം. മനുസ്മൃതി പ്രകാരം, ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ പ്രധാന ഭാഗമായ ദളിതരും സ്ത്രീകളും മനുഷ്യത്വമില്ലാത്തവരാണ്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള അതിന്റെ ഭ്രാന്തമായ വേഗതയിൽ, മുസ്‌ലിംകൾക്ക് പൗരത്വ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ‘രണ്ടാം തരം പൗരന്മാരായി’ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, 2024-ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിൽ നിർണായകമാകും, അതിന് ശേഷമുള്ള വർഷം ആർഎസ്എസിന്റെ നൂറാം വാർഷികമാണ്. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ, എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളും ഇന്ത്യയിലെ എല്ലാ അദ്ധ്വാനിക്കുന്ന, അടിച്ചമർത്തപ്പെട്ട ജനങ്ങളോടൊപ്പം ചേർന്നു കൊണ്ട് തെക്കേ അമേരിക്കയുടെ ശക്തികേന്ദ്രവും ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവുമായ ബ്രസീലിലെ വർത്തമാന സംഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. .
പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
ന്യൂ ഡെൽഹി
10/01/2023