Home » ഭാരതിനെ എതിർത്താൽ രാജ്യം വിട്ടു പോകാൻ സംഘപരിവാർ ആവശ്യപ്പെടുന്നു!

ഭാരതിനെ എതിർത്താൽ രാജ്യം വിട്ടു പോകാൻ സംഘപരിവാർ ആവശ്യപ്പെടുന്നു!

by Jayarajan C N

ഭാരതിനെ എതിർത്താൽ രാജ്യം വിട്ടു പോകാൻ സംഘപരിവാർ ആവശ്യപ്പെടുന്നു!

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്നും ഈ മാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിട്ടു പോകാം എന്നും പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് പ്രസ്താവിച്ചിരിക്കുന്നു….

രാജ്യം വിട്ടു പോകണമെന്നേ ദിലീപ് ഘോഷ് പറഞ്ഞിട്ടുള്ളൂ. എങ്ങോട്ട് പോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടില്ല…

ഇങ്ങിനെ ഇവിടെ പറയാൻ കാരണമുണ്ട്…

ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യയും പാക്കിസ്ഥാനുമായി പിരിയും നേരം പുതുതായി രൂപം കൊള്ളുന്ന രാജ്യത്തിന് ഇന്ത്യ എന്ന് പേരിടരുതെന്ന് ആവശ്യപ്പെട്ടത് ജിന്ന ആയിരുന്നു…

ഇത് ജിന്നയിൽ നിന്നും പ്രതീക്ഷിക്കാവുന്നതായിരുന്നു. കാരണം, ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാർ വിളിക്കുന്ന നേരത്ത് ജിന്ന പഴയ ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും വിമോചിപ്പിക്കാൻ വേണ്ടി ശ്രമിച്ച കാലമുണ്ടായിരുന്നു.

അതിനാൽ പഴയ ഇന്ത്യാ രാജ്യം രണ്ടായി പിളരും നേരം ഇന്ത്യ എന്ന പേര് ഒരു രാജ്യം നിലനിർത്തിയാൽ മറ്റേ രാജ്യത്തിന് അതു വരെ ഉണ്ടായിരുന്ന ചരിത്രമൊക്കെ നഷ്ടമാവും എന്ന ഭയം ആ രാജ്യത്തേക്ക് പോകുന്നവർക്കുണ്ടാവുക സ്വാഭാവികമാണ്. അതാണ് ജിന്നയെ ഇന്ത്യ എന്ന പേരിനെതിരെ നിർത്താൻ പ്രേരിപ്പിച്ചത്. തങ്ങളുടെ ചരിത്രം നിഷേധിക്കപ്പെടുമെന്ന് ഭയന്നിട്ടുണ്ടാവണം.

ഏതായാലും ആ കുറവ് നികത്താൻ ഇപ്പോൾ സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടം തയ്യാറെടുക്കുന്നു…ഇന്ത്യ എന്നെ പേര് മാറ്റാൻ പോകുന്നു.. ജിന്നയുടെ പിൻഗാമികൾക്ക് സന്തോഷിക്കാം…

ഇപ്പോൾ ആലോചിക്കാവുന്ന പഴയ ഒരു കാര്യമുണ്ട്…

ജിന്ന പാക്കിസ്ഥാൻ രൂപീകരണത്തിന് വേണ്ടി ഉയർത്തിയ വാദം സ്വാതന്ത്ര്യാനന്തരം ഹിന്ദു ഭൂരിപക്ഷം മുസ്ലീം ന്യൂനപക്ഷത്തെ അടിച്ചമർത്തുമെന്നും അതിനാൽ അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നുമായിരുന്നു…

പക്ഷേ, ഇന്ത്യയിലെ ദേശാഭിമാനികളായ മുസ്ലീങ്ങൾ അതിനെ തള്ളിക്കളഞ്ഞു. അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾ മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വരെയുള്ളതിൽ സജീവമായി നിലകൊണ്ടു….

ഇവിടെ നിന്ന് പോയ നമ്മുടെ അതിർത്തി ഗാന്ധി പാക്കിസ്ഥാനിൽ നിന്ന് നമ്മളോട് പറഞ്ഞത് നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എന്നായിരുന്നു.

ഇപ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങളോട് ഹിന്ദുത്വ കാവി ഫാസിസ്റ്റ് വക്താക്കൾ രാവിലെയും വൈകീട്ടും രാത്രിയും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് പാക്കിസ്ഥാനിൽ പോകാനാണ്…

അതായത്, അന്ന് ജിന്ന പറഞ്ഞതും അന്നുള്ള ഇന്ത്യക്കാർ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞതുമായ നിലപാട് എന്നും ഹിന്ദുത്വ വാദികൾ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു…

ഇപ്പോൾ ജിന്ന എതിർത്ത ഇന്ത്യ എന്ന പേര് അന്നത്തെ സ്വാതന്ത്ര്യ സമര നേതാക്കൾ പിടിച്ചെടുത്തത് ഇപ്പോൾ ഫാസിസ്റ്റ് സർക്കാരിന്റെ വക്താക്കൾ കൈവിടാൻ ഒരുങ്ങുന്നു…

ഒരു വാർത്ത കൂടി കേൾക്കുന്നുണ്ട്…

ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയതായി യുഎൻ സമക്ഷം ഇന്ത്യ അറിയിപ്പ് കൊടുത്താൽ ഇന്ത്യ എന്ന പേര് തങ്ങൾക്ക് വേണം എന്ന് പാക്കിസ്ഥാനിലെ ചില ദേശീയ വാദികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കാരണം, ഇന്ത്യ എന്ന പേരിനാസ്പദമായ സിന്ധു നദീതടം ഇപ്പോൾ പാക്കിസ്ഥാനിലാണ് ഉള്ളത്…

ഇനി ഒരു സംശയം…

ഇന്ത്യ എന്ന പേര് ഫാസിസ്റ്റ് സർക്കാർ കയ്യൊഴിയുകയും ഭാരത് എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നു കരുതുക..

ഇന്ത്യ എന്ന പേര് പാക്കിസ്ഥാൻ സ്വീകരിക്കുകയും ചെയ്തു എന്നും ഭാവനയിൽ കാണുക…

അപ്പോൾ സംഘപരിവാറുകാർ ഇവിടത്തെ മുസ്ലീങ്ങളോട് ഭാരത് വിട്ട് പിന്നെ എങ്ങോട്ട് പോകാനാണ് പറയുക?! ” ഇന്ത്യയിലേക്ക് പോടാ” എന്നോ?!

സംഘപരിവാർ ഭരണം 2024ന് ശേഷം തുടർന്നാൽ ഇവിടെ രാജ്യത്തിന്റെ പേരുകൾ മാത്രമല്ല, രാജ്യം തന്നെ ഇവർ ഇല്ലാതാക്കും എന്നത് ഏവരും ഓർക്കേണ്ടതുണ്ട്….

സി എൻ ജയരാജൻ

You may also like

Leave a Comment