ദേശീയ വൈദ്യുതി നയം 2022-27 (കരട്) :
ചില വിമർശങ്ങൾ
………
അടുത്ത 5 വർഷത്തേക്കുള്ള നാഷണൽ ഇലക്ട്രിസിറ്റി പ്ലാൻ – 2022-27 ( കരട് ) പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2022 ഡിസംബറിന് മുമ്പ് ജനങ്ങൾക്ക് അഭിപ്രായം പറയാൻ അവസരമുണ്ടെന്നാണ് രേഖ സൂചിപ്പിക്കുന്നത്.
ആവേശഭരിതമായ ചില പ്രഖ്യാപനങ്ങൾക്കപ്പുറത്ത് നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന ഉത്പാദന -വിതരണ രീതികളിൽ നിന്ന് ഭിന്നമായ എന്തെങ്കിലും പുതിയ കാര്യങ്ങൾ ഈ കരട് രേഖ മുന്നോട്ടു വെക്കുന്നില്ലെന്ന് മാത്രമല്ല; കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലും നമ്മുടെ ഊർജ്ജ / വൈദ്യുതി ഉത്പാദന / വിതരണ/ഉപഭോഗ നയത്തിൽ ഒരുവിധത്തിലുള്ള മാറ്റങ്ങൾക്കും അധികൃതർ തയ്യാറല്ലെന്ന പരസ്യ പ്രഖ്യാപനം കൂടിയാണ് ഈ രേഖ.
വൈദ്യുതി ഉൽപ്പാദന സാഹചര്യവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും കാർബൺ വെട്ടിച്ചുരുക്കൽ നയങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങിനെ ആയിരിക്കരുത് എന്നതിനുള്ള ഉദാഹരണം കൂടിയാണിത്.
2022-27-ലെ വൈദ്യുതി ഉൽപ്പാദന പദ്ധതികളെക്കുറിച്ചും 2027-32-ലെ കാലയളവിലേക്കുള്ള കാഴ്ചപ്പാടുകളും കരട് രേഖ വിശദമാക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ അടുത്ത ഒരു ദശാബ്ദക്കാലയളവിൽ ഫോസിൽ ഇന്ധന ഉപഭോഗങ്ങളിൽ നിന്ന് ചെറുതായെങ്കിലും ചുവടു മാറ്റാൻ വൈദ്യുതി ആസൂത്രണ വിദദ്ധർ തയ്യാറല്ലെന്ന് മനസ്സിലാക്കാം.
പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിന്മേലുള്ള ആശ്രിതത്വം ഭീകരമായ തോതിൽ തുടരുമെന്നതിനോടൊപ്പം തന്നെ അതി കേന്ദ്രീകൃതങ്ങളായ രീതിയിലാണ് സൗരോർജ്ജം, കാറ്റാടി പാർക്കുകൾ തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളെ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കാണാം. വൈദ്യുതി ഉത്പാദന മേഖലയിലെ ഈയൊരു നടപ്പു ശൈലി (Business As Usual) അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിലെ നമ്മുടെ ‘ദേശീയ നിർണ്ണീത സംഭാവന’കളെ (National Determined Contribution) സംബന്ധിച്ച പ്രഖ്യാപനങ്ങളെ സ്വയമേവ റദ്ദുചെയ്യുന്നതാണ് ‘
പുതിയ കരട് രേഖ ദേശീയ ഗ്രിഡിലേക്ക് 233,000 മെഗാവാട്ട് (അല്ലെങ്കിൽ 233 ജിഗാവാട്ട്) പുതിയ പ്രസരണ ശേഷി കൂട്ടിച്ചേർക്കാൻ ആസൂത്രണം ചെയ്യുന്നതായി പ്രഖ്യാപിക്കുന്നു. ഇത് ഗുരുതരമായ സാമൂഹിക-പരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണെന്നതിൽ തർക്കമില്ല. രാജ്യത്തിൻ്റെ വൈദ്യുതി ഉത്പാദന മേഖലയെ സൂക്ഷ്മമായി വിലയിരുത്തുന്നവർക്ക് ഇക്കാര്യം ബോധ്യപ്പെടും. മുൻകാല അനുഭവങ്ങളിൽ നിന്ന് അല്പം പോലും പാഠങ്ങൾ ഉൾക്കൊള്ളാതെയാണ് പുതിയ കരട് രേഖ തയ്യാറാക്കിയിരിക്കുന്നത് എന്ന് അതുകൊണ്ടുതന്നെ ഉറപ്പിച്ച് പറയാൻ നമുക്ക് സാധിക്കും.
233,000 മെഗാവാട്ട് അധിക പ്രസരണ ശേഷി സ്ഥാപിക്കുന്നതിന് ആവശ്യമായ വലിയ ഭൂഭാഗങ്ങൾ വഴിതിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട സാമൂഹിക തലത്തിലുള്ള ആശങ്കകൾ, വനവും കൃഷിഭൂമിയും എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് നയിക്കും എന്നതാണ്. പദ്ധതി മേഖലയിലെ ജനങ്ങളുടെ ഉപജീവനം, പരിസ്ഥിതികാഘാതങ്ങൾ എന്നിവ ഒട്ടും പരിഗണിക്കാതെയാണ് വൈദ്യുതോത്പാദനത്തെക്കുറിച്ച് ഈ കാലത്തും ആസൂത്രണ വിദഗ്ദ്ധർ ചിന്തിക്കുന്നത്. ഇടതൂർന്ന പ്രകൃതിദത്ത വനങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും പോലും സമീപ വർഷങ്ങളിൽ നിരവധി ട്രാൻസ്മിഷൻ ലൈനുകൾ നിർമ്മിച്ചിട്ടുള്ള അശ്രദ്ധ ഭാവിയിലും തുടരേണ്ടിവരും, ഇത് പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങളെ (പശ്ചിമഘട്ടം പോലുള്ളവ) നശിപ്പിക്കും.
വൈദ്യുത നിലയങ്ങൾ (കൽക്കരി, ആണവ, അണക്കെട്ട്) സ്ഥാപിക്കുന്നതിന് വനവും കൃഷിഭൂമിയും വഴിതിരിച്ചുവിടുന്നത് അനിവാര്യമായിരിക്കുമ്പോഴും പരമ്പരാഗത സ്രോതസ്സുകളിന്മേലുള്ള അമിതാശ്രയം തുടർന്നു കൊണ്ടുള്ള അധിക പ്രസരണ ശേഷി കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. കാലാവസ്ഥാ പ്രതിസന്ധി, ഭൂമിയുടെ ലഭ്യതക്കുറവ്, ഉപജീവന മാർഗ്ഗം, പാരിസ്ഥിതിക തകർച്ച, വിഭവ ശോഷണം തുടങ്ങിയ വീക്ഷണകോണിൽ നിന്ന് കാര്യങ്ങളെ വിലയിരുത്താനോ മാനദണ്ഡങ്ങൾ നിശ്ചയിക്കുവാനോ നാമിനിയും തയ്യാറാകേണ്ടതുണ്ട്.
വനഭൂമിയിലും വന്യജീവി സങ്കേതങ്ങൾക്കുള്ളിലും വലിയ തോതിലുള്ള പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ, വൻതോതിൽ കാർബൺ ശേഖരണ ശേഷിയുള്ള നിബിഡ വനമേഖലയുടെ നാശത്തിലേക്ക് നയിക്കുന്നു എന്നതാണ്.
മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, “രാജ്യത്തിന്” മൊത്തത്തിൽ, 2014-19 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ പ്രാഥമിക വനത്തിന്റെ നഷ്ടം 120,000 ഹെക്ടറിൽ കൂടുതലായിരുന്നു”; “ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമായി 500-ലധികം പ്രോജക്ടുകൾ 2014 ജൂൺ മുതൽ 2018 മെയ് വരെ നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് ക്ലിയർ ചെയ്തിട്ടുണ്ട്.”
കരട് പദ്ധതി തന്നെ ധാരാളം നയ പ്രസ്താവനകൾ, ആഗോള അനുഭവങ്ങൾ, ബന്ധപ്പെട്ട നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ഡാറ്റ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്, ഇത് പരമ്പരാഗത സാങ്കേതിക ഊർജ്ജ സ്രോതസ്സുകളെ തുടർച്ചയായി ആശ്രയിക്കുന്ന വൈദ്യുതി മേഖലയിലെ നടപ്പു ശൈലി നയം തെറ്റാണെന്ന് സ്വയമേവ വ്യക്തമാക്കുന്നുണ്ട്.
ഉദാഹരണത്തിന്: കരട് പദ്ധതിയുടെ സെക്ഷൻ 6.0 പറയുന്നു: “സാമൂഹികവും സാമ്പത്തികവുമായ വികസനത്തോടൊപ്പം മനുഷ്യക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന്, സുസ്ഥിര വികസനം കൈവരിക്കുന്നതിന് വൈദ്യുതി വിതരണം സുരക്ഷിതവും പരിസ്ഥിതിയിൽ കുറഞ്ഞ പ്രത്യാഘാതം ചെലുത്തേണ്ടതുമാണ്. നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ പുനരുപയോഗ ഊർജ്ജം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ശുദ്ധവും ഒഴിച്ചുകൂടാനാവാത്തതുമാണ്, സാങ്കേതിക വികാസം കാരണം ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള സ്രോതസ്സുകളുമായി ഇവ കിട പിടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ അത്യന്താപേക്ഷിതമാണ്.
സെക്ഷൻ 5.10 പ്രകാരം ഇന്ത്യയിലെ വിവിധ വൈദ്യുതി ഉൽപ്പാദന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ചില “സാമ്പത്തിക പാരാമീറ്ററുകൾ” ഡ്രാഫ്റ്റ് പ്ലാൻ തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്. മൂലധന ചെലവ്, അല്ലെങ്കിൽ O&M ചെലവ്, അല്ലെങ്കിൽ നിർമ്മാണ സമയം എന്നിവയിലായാലും, ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളിലും ഏറ്റവും ഉയർന്നതാണ് ആണവോർജ്ജത്തിന്റെ മൂലധന ചെലവ്. കൽക്കരി, ആണവോർജ്ജം എന്നിവയെ അപേക്ഷിച്ച് സൗരോർജ്ജവും കാറ്റും (കടൽത്തീരത്ത്) വളരെ മികച്ച ചിലവും ഗുണവും ഉള്ളതായി കാണിക്കുന്നു. കൂടാതെ, ലസാർഡിന്റെ ലെവലൈസ്ഡ് കോസ്റ്റ് ഓഫ് എനർജി അനാലിസിസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സോളാർ, വിൻഡ് പ്ലസ് എനർജി സ്റ്റോറേജ് സൗകര്യങ്ങളുടെ ലെവലൈസ്ഡ് ചെലവ് മത്സരാധിഷ്ഠിതമോ അല്ലെങ്കിൽ പുതിയ കൽക്കരി, ആണവ എന്നിവയേക്കാൾ മികച്ചതോ ആകാം. പുനരുപയോഗ ഊർജത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ പരിവർത്തനം (energy transition) സൂചിപ്പിക്കുന്നതോ ആയ ഒന്നും കരട് പദ്ധതിയിൽ ഇല്ലെന്ന് വ്യക്തമാണ്..
പുതുതായി പുറത്തിറക്കിയ കരട് രേഖ ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടില്ല എന്നത് വലിയ ആശങ്കയുളവാക്കുന്നുണ്ട്.
ഇത്തരം യുക്തിരഹിതമായ നയങ്ങളുടെ/ കീഴ്വഴക്കങ്ങളുടെ പശ്ചാത്തലത്തിൽ, നമ്മുടെ പ്രകൃതി വിഭവങ്ങളുടെ നാശത്തിന്റെ നിശ്ശബ്ദ കാഴ്ചക്കാരായി തുടരാൻ പൗരസമൂഹത്തിന് കഴിയുമോ? സമീപഭാവിയിൽ നമ്മുടെ കമ്മ്യൂണിറ്റികൾക്കുണ്ടാകുന്ന അപകടസാധ്യതകളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ നമുക്ക് കഴിയേണ്ടതില്ലേ?
കെ. സഹദേവൻ,
(With the input of Dr. Shankar Sharma)