Home » ഒക്ടോബർ 29: വാഗ്ഭടാനന്ദൻ ദിനം.

ഒക്ടോബർ 29: വാഗ്ഭടാനന്ദൻ ദിനം.

by Jayarajan C N

ഒക്ടോബർ 29:
വാഗ്ഭടാനന്ദൻ ദിനം.

ജാതി വ്യവസ്ഥയ്ക്കും വിഗ്രഹാരാധനക്കുമെതിരെ പോരാടിയ നവോത്ഥാന നേതാവായ, വാഗ്ഭടാനന്ദ ഗുരു എന്നപേരിലും അറിയപ്പെട്ടിരുന്ന വാഗ്ഭടാനന്ദൻ മലബാറിലെ ഒരു പ്രാധാന സാമൂഹിക പരിഷ്‌കർത്താവാണ്.

1885 ഏപ്രിൽ 27 ന് ജനിച്ച അദ്ദേഹം 1939 ഒക്ടോബർ 29 ന് അന്തരിച്ചു.
അദ്ദേഹത്തിന്റെ ജനനം കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി എന്ന ഒരു തീയ്യ (ഈഴവ) തറവാട്ടിലായിരുന്നു.

മാതാപിതാക്കൾ: കോരൻ ഗുരുക്കൾ; ചീരു അമ്മ.
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്നതായിരുന്നു ശരിയായ പേര്‌.
സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായർ, എം. കോരപ്പൻ ഗുരുക്കൾ എന്നിവരിൽനിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം.
1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ, ഡോ. അയ്യത്താൻ ഗോപാലന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി, ബ്രഹ്മസമാജത്തോടോപ്പം ചേർന്നു പ്രവർത്തിച്ചു. ബ്രഹ്മസമാജ പ്രാർത്ഥനകൾക്കായി കീർത്തനങ്ങളും ഡോ. അയ്യത്താൻ ഗോപാലന്റെ പത്നിയായിരുന്ന കൗസല്ല്യ അമ്മാളിൻ്റെ ജീവചരിത്രവും രചിച്ചു. ജാതിയും, അനാചാരവും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906 ൽ കോഴിക്കോട്ട് എത്തുകയും ‘ആത്മപ്രകാശിക’ എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു. കേരളത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിരിടുന്നതോടൊപ്പം ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ ‘അദ്വൈത’ദർശനത്തെ സാധാരണ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയെന്ന അതിസാഹസികമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.
ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിച്ച അദ്ദേഹം ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്തു.

1914 മാർച്ചിൽ ‘ശിവയോഗി വിലാസം’ മാസിക ആരംഭിച്ചു. പിന്നീട് 1920 ൽ തിരുവിതാംകൂറിലും മലബാറിലും ‘ആത്മവിദ്യാസംഘം’ അദ്ദേഹം സ്ഥാപിച്ചു, ഇതിലൂടെ മതപരിഷ്കരണമായിരുന്നു മുഖ്യലക്ഷ്യം. ‘ഐക്യനാണയസംഘം’ എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. അതിന് ശേഷം 1921 ൽ ആത്മവിദ്യാസംഘം ‘അഭിനവ കേരളം’ എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗ്ഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്.

ഒരു വാഗ്മിയായ
അദ്ദേഹത്തിന്റെ കഴിവുകൾ കണ്ട് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയാണ് അദ്ദേഹത്തെ “വാഗ്‌ഭടാനന്ദൻ” എന്ന് നാമകരണം ചെയ്തത്. പിന്നീട് ശിവയോഗിയുടെ ചില വീക്ഷണങ്ങളോട് വിയോജിച്ചുകൊണ്ട് അദ്ദേഹം സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചു.

1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളികളുടെ കരാർ സഹകരണ സംഘമായ കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം കേരള നവോത്ഥാന കാലത്ത് 1925-ൽ വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്. ഇപ്പോഴത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നാണ്.

കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങളെ ഇല്ലാതാക്കി. ശിഷ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടെയാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.

മനുഷ്യർക്ക് അറിവുനൽകാൻ പാഠശാലകൾ, ആശയരൂപവത്കരണത്തിനും ആശയ സംവാദങ്ങൾക്കും പ്രബോധന സംഘടന, ആശയവിനിമയത്തിന് പത്രസ്ഥാപനങ്ങൾ, മേലാളരുടെ അടിമത്തത്തിൽനിന്നും മോചനം നേടാനും ഇഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും പരസ്പരസഹായ സഹകരണ സംഘങ്ങൾ, പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും ഹൃദ്യമാവുന്ന പ്രാർഥനകളും ധ്യാനരീതികളും തുടങ്ങി ആത്മീയാചാര്യൻ, കവി, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, തൊഴിലാളി സംരക്ഷകൻ, വിമർശകൻ, തത്ത്വചിന്തകൻ എന്നിങ്ങനെ വാഗ്ഭടാനന്ദനെ ചികഞ്ഞാൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ഗാന്ധിയൻ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് അറിവിന്റെ ആഴങ്ങളിൽനിന്നുള്ള വാക്ചാതുരിയുടെ മുന്നിൽ എതിർത്തവരെ മുഴുവൻ അടിയറവുപറയിച്ച വിജ്ഞാന പോരാളി.

1885 മുതൽ1939 വരെയുള്ള ചെറിയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നൽകിയ സംഭാവനകൾ ഇപ്പോഴും കേരളത്തിൽ കാര്യമായി അഡ്രസ് ചെയ്യപ്പെടുന്നില്ലങ്കിലും സമസ്ത മേഖലകളിലും കൊടികുത്തി വാഴുന്ന ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരാൻ കഴിയുന്ന ശക്തിസ്രോതസാണ്.

എം കെ ദാസൻ

You may also like

Leave a Comment