ഒഡീഷയിലെ ബാലസോറിൽ മൂന്നു വണ്ടികൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിന്റെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം
2011-12 ൽ ഇന്ത്യൻ റെയിൽവെ വികസിപ്പിച്ചെടുത്ത TCAS – Train Collision Avoidance System എവിടെ?
ബാലസോറിലെ ഏറ്റവും മാരകമായ ട്രെയിൻ ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പരിക്കേറ്റവരുടെ ചികിത്സ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമ്പോൾ, നൂറുകണക്കിന് ആളുകളുടെ ദാരുണ മരണത്തിൽ ലോക സമൂഹത്തിൽ നിന്ന് അഗാധമായ അനുശോചനം പ്രവഹിക്കുമ്പൊഴും, റെയിൽവേയുടെ, സമീപകാലത്തെ ഏറ്റവും ഭീകരമായ ട്രിപ്പിൾ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദിസർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്നത് മോദി സർക്കാറായിരുന്നു.
മരണസംഖ്യ ഏകദേശം 300 ഉം പരിക്കേറ്റവരുടെ എണ്ണം 1000-ലധികവും ആണെങ്കിലും, റിസർവ് ചെയ്യാത്ത യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ പ്രയാസമുള്ളതിനാൽ കൃത്യമായ അപകടസംഖ്യ വലുതായിരിക്കാം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോഗികളിലെ തിരച്ചിൽ ഇനിയും പൂർത്തിയായിട്ടുമില്ല.
ബാലസോറിൽ സംഭവിച്ചത് തികച്ചും അവിശ്വസനീയമാണ്. 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി, പാളം തെറ്റിയ കോച്ചുകൾ 12841 ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമോണ്ടൽ എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് അതിന്റെ കോച്ചുകൾ മറിഞ്ഞു. പിന്നീടത് വീണ്ടും ഒരു ഗുഡ്‌സ് ട്രെയിനിന്റെ വാഗണിൽ ഇടിക്കുകയായിരുന്നു. ഇതെല്ലാം സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണിയുടെ അഭാവവും യാത്രക്കാരായ ജനങ്ങളോടുള്ള അനാസ്ഥയുമാണ് സൂചിപ്പിക്കുന്നത്.
2011-12ൽ ഇന്ത്യൻ റെയിൽവേ ഒരു ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം (TCAS-Train Collision Avoidance System) വികസിപ്പിച്ചിരുന്നു. എന്നാൽ അത് ഉചിതമായി വിന്യസിക്കുന്നതിനുപകരം, മോദി സർക്കാർ, അതിന്റെ നിലവിലുള്ള ‘ഇമേജ് മാർക്കറ്റിംഗിന്റെ’ ഭാഗമായി അതിനെ കവാച്ച് (KAVACH) എന്ന് പുനർനാമകരണം ചെയ്യുകയും ഇന്ത്യൻ റെയിൽ ട്രാക്കുകളിൽ വിന്യസിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. കവാച്ച് നടപ്പിലാക്കുന്നതിനുള്ള കരാർ 3 കമ്പനികൾക്ക് നൽകിയിരുന്നുവെങ്കിലും, മൊത്തം 68043 കിലോമീറ്റർ ഇന്ത്യൻ റെയിൽ റൂട്ടിൽ, 1445 കിലോമീറ്റർ (വെറും 2%) റെയിൽവേ ലൈനിൽ മാത്രമാണ് കവാച്ച് ആന്റി-കൊളിഷൻ സിസ്റ്റം നടപ്പിലാക്കിയത്. റെയിൽ വികസനത്തെക്കുറിച്ച് പുരപ്പുറത്ത് കയറി നിന്ന് ആവർത്തിച്ചുള്ള വാചകമടിക്ക് പകരം, കൂട്ടിയിടി വിരുദ്ധ സംവിധാനവും സിഗ്നലിംഗ് സംവിധാനവും ഉണ്ടായിരുന്നെങ്കിൽ, ദാരുണമായ ട്രിപ്പിൾ ട്രെയിൻ അപകടം ഒഴിവാക്കാമായിരുന്നു.
മോദി ഭരണം അധികാരത്തിലേറി ഏഴാം വർഷമായപ്പോൾ, 2022-ൽ, “ഇന്ത്യയിലെ പാളം തെറ്റൽ” എന്ന റിപ്പോർട്ടിൽ സിഎജി ഇന്ത്യൻ റെയിൽവേയിലെ ഒന്നിലധികം പോരായ്മകൾ ചൂണ്ടിക്കാണിച്ചിരുന്നു, അവയിൽ ഏറ്റവും ഗുരുതരമായത് റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആധുനികവൽക്കരണത്തെക്കുറിച്ചുള്ള പതിവ് ഓക്കാനം ഒഴിച്ച് മോദി സർക്കാർ ഈ ദിശയിൽ ഒന്നും ചെയ്തില്ല. തീവ്ര വലതുപക്ഷ ഉദാരവത്കരണത്തിന്റെ ഭാഗമായി പ്രത്യേക റെയിൽവേ ബജറ്റ് പാടേ ഉപേക്ഷിച്ചതും റെയിൽവേ മന്ത്രാലയത്തെ അവഹേളിച്ചതും, സ്വകാര്യവൽക്കരണ-കോർപ്പറേറ്റ് വൽക്കരണ നീക്കവും, പൊതുമേഖലാ ജീവനക്കാരെ സ്വകാര്യ കരാർ തൊഴിലാളികളാക്കി മാറ്റുന്നതും മറ്റും യാത്രക്കാരുടെ സുരക്ഷയെയും, ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമതയെയും
പാടേ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്.
ഇന്ന്, ബാലസോർ ദുരന്തം വെളിപ്പെടുത്തുന്നതുപോലെ, ഗോഡി മാധ്യമങ്ങളുടെ പിന്തുണയോടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദി തന്നെ രാജ്യത്തുടനീളം വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ, ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് തന്നെയാണ് ഇന്നും
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേകളിലൊന്നായ ഇന്ത്യൻ റെയിൽവേ അതിന്റെ ഏറ്റവും ശോച്യാവസ്ഥയിൽ നിലനിൽക്കുന്നത്.
ബാലസോറിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും എല്ലാ രക്ഷാപ്രവർത്തകരോടും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന സാധാരണക്കാരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പൊഴും ബാലസോറിലെ ദാരുണവും ഭയാനകവുമായ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും
മോദി സർക്കാരിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. പൊതുസമൂഹവും മാദ്ധ്യമങ്ങളും മോദി സർക്കാറിനെ ഈ സമയം വിചാരണ ചെയ്യേണ്ടതുണ്ട്.
പി.ജെ. ജയിംസ്
ജനറൽ സെക്രട്ടറി
സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ
ന്യൂ ഡെൽഹി
ജൂൺ 4, 2023