Home » സ്വകാര്യ ഭിന്നശേഷി വിദ്യാലയങ്ങളുടെ നടത്തിപ്പും അവരുടെ വഴിവിട്ട പണമിടപാടുകളെ കുറിച്ചും സമഗ്രാന്വേഷണം നടത്തുക – തുറന്ന കത്ത്

സ്വകാര്യ ഭിന്നശേഷി വിദ്യാലയങ്ങളുടെ നടത്തിപ്പും അവരുടെ വഴിവിട്ട പണമിടപാടുകളെ കുറിച്ചും സമഗ്രാന്വേഷണം നടത്തുക – തുറന്ന കത്ത്

by Jayarajan C N

സ്വകാര്യ ഭിന്നശേഷി വിദ്യാലയങ്ങളുടെ നടത്തിപ്പും
അവരുടെ വഴിവിട്ട പണമിടപാടുകളെ കുറിച്ചും സമഗ്രാന്വേഷണം നടത്തുക.

ഭിന്നശേഷിക്കാരുടെ പുനരധിവാസവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കുക.

കേരള മുഖ്യമന്ത്രിക്ക് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയുടെ തുറന്ന കത്ത് .

 

സർ,
കേരളത്തിലെ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാടിൻ്റെ തിരുവനന്തപുരത്തെ ഡിഫറൻ്റ് ആർട്സ് സെൻ്റർ (DAC) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. മജീഷ്യൻ എന്ന നിലയിൽ ലോകത്താകമാനം അറിയപ്പെടുന്നയാളും ,അനേകായിരം ആരാധകരുള്ള സെലിബ്രറ്റിയുമായിട്ടുള്ള മുതുകാട് ഒരു സുപ്രഭാതത്തിൽ മാജിക്കിൽ നിന്നും മാറി ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് സേവന പ്രവർത്തനത്തിന് ഇറങ്ങുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് DAC ആരംഭിക്കുന്നത്.
അതിൻ്റെ പ്രവർത്തനത്തിനുള്ള മൂലധന സമാഹരണത്തിനായി നേരത്തെ അദ്ദേഹം റജിസ്റ്റർ ചെയ്തിട്ടുള്ള , വിദേശ ഫണ്ടുശേഖരണത്തിനുള്ള അനുമതിയടക്കം ലഭിച്ചിട്ടുള്ള ഒരു ട്രസ്റ്റും അദ്ദേഹത്തിനുണ്ട്.
കേരളത്തിലെ ആയിരക്കണക്കിന് വരുന്ന സ്വകാര്യ ഭിന്നശേഷി വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായി കലാപരമായ പരിശീലനത്തിനുള്ള ഒരു സ്ഥാപനമായി മാത്രം പ്രവർത്തിക്കുന്ന സ്ഥാപമനമാണിതെന്നാണ് മുതുകാട് തന്നെ അവകാശപ്പെടുന്നത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ സംഭാവനകൾ സ്വീകരിക്കുന്നതോടൊപ്പം ഭരണതലത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തി സർക്കാർ ഫണ്ടുകളും അനായാസമായി അദ്ദേഹം കൈക്കലാക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.
ഇങ്ങനെ സാമ്പത്തിക ഞെരുക്കമൊന്നുമില്ലാതെDAC പ്രവർത്തിക്കുമ്പോഴും ഇല്ലാക്കഥകളും ദാരിദ്ര്യവും പറഞ്ഞു കൊണ്ടാണ് മുതുകാട് പ്രവർത്തിക്കുന്നത്.
മാത്രമല്ല ആർട്ട് സെൻ്ററിലെ അഴിമതിയും, കുട്ടികളോടും രക്ഷിതാക്കളോടും ഉള്ള മോശപ്പെട്ട പെരുമാറ്റങ്ങളും ശാസനകളും വളരെ വലുതാണ് എന്നും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന ഒട്ടനവധി സ്ഥാപനങ്ങൾ ഇന്നതിൻ്റെ ലക്ഷ്യത്തിലേക്കല്ല സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യമാണ് പുറത്തുവന്നിട്ടുള്ളത്.
കച്ചവടത്തിൻ്റെയും, കമ്പോളത്തിൻ്റെയും വിനിമയ വ്യവഹാരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹത്തിനകത്ത് ഭിന്നശേഷി കുട്ടികളും ഒരു വിപണി സാധ്യതയായി കാണുന്നവർ ധാരാളം ഉണ്ടീ സമൂഹത്തിൽ.
സെൽഫ് പ്രമോഷനിലൂടെ ഒരാൾ ദൈവ പ്രതീതി മുതുകാട് ഇതിനകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതിലൂടെ സമാഹരിക്കുന്ന കോടികൾ ട്രസ്റ്റിൻ്റെ എക്കൗണ്ടിലേക്ക് ഒഴുകുന്നുണ്ട്. ഏറ്റവും എളുപ്പത്തിൽ ലാഭകരമായി പ്രവർത്തിക്കുന്ന തരത്തിൽ മുതുകാട് DAC യെ വളർത്തിയിട്ടുണ്ട്. ഇന്നദ്ദേഹം നേരിടുന്ന ആരോപണങ്ങളിൽ വലിയ യാഥാർത്ഥ്യങ്ങൾ ഉണ്ടെന്നു വേണം കരുതാൻ.

ആധുനികവും പരിഷ്കൃതവുമായ ഒരു ജനാധിപത്യ സമൂഹത്തിൽ ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന അസമത്വത്തിൻ്റെയും അവഗണനയുടേയും അസ്വാതന്ത്ര്യത്തിൻ്റേയും ,അവകാശ നിഷേധത്തിൻ്റേയും പ്രശ്നങ്ങളെ കണക്കിലെടുത്തു കൊണ്ടാണ് 1975 ൽ യുണൈറ്റഡ് നേഷൻ ഒരു ഭിന്നശേഷി അവകാശ പ്രഖ്യാപനം നടത്തുന്നത്.
തുടർന്ന് 1985 മുതൽ 1992 വരെ ഭിന്നശേഷി വർഷമായും
യു.എൻ പ്രഖ്യാപിക്കുകയുണ്ടായി. അതിനു ശേഷം 2016 ൽ കേന്ദ്ര ഭിന്നശേഷി അവകാശ സംരക്ഷണ നിയമവും നിലവിൽ വന്നു.
നമ്മുടെ ജനസംഖ്യയുടെ 2.21 ശതമാനം ജനങ്ങൾ ഭിന്നശേഷിത്വം അനുഭവിക്കുന്നവരായി ഉണ്ട് എന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ 2015ൽ പ്രസിദ്ധീകരിച്ച സർവ്വെ റിപ്പോർട്ട് പ്രകാരം 794834 പേർ ഭിന്നശേഷിക്കാരുണ്ടെന്ന് കണക്കാക്കുന്നു. ഒരാളുടെ
ബുദ്ധിപരവും ശാരീരികവുമായ അംഗ പരിമിതത്വം അതയാളുടെ മാത്രം വ്യക്തിപരമായ പ്രശ്നമാണെന്ന ചിന്തയും,
മറ്റൊരു തരത്തിൽ ഇതൊരു ആരോഗ്യ പ്രശ്നമാണെന്നും അത് ചികിത്സകൊണ്ട് പരിഹരിക്കേണ്ടതുമാണെന്ന ചിന്തയും രൂഢമൂലമായിരുന്ന കാലത്താണ് ഇതൊരു സാമൂഹ്യ പ്രശ്നമാണെന്നും സാമൂഹിക ചിന്താപദ്ധതികളിലൂടെ ഇവരെ കൂടി ചേർത്തു പിടിക്കുന്ന, ഔന്നത്യത്തിലേക്കുള്ള ബോധപരമായ വാതിൽ തുറക്കുന്നതിന് യു.എൻ അടക്കുള്ള അന്താരാഷ്ട്ര ഏജൻസികൾ വഴിയൊരുക്കുന്നത്.

1995 ൽ പെഴ്‌സൺ വിത്ത് ഡിസബിലിറ്റി ആക്ട് ഇന്ത്യയിൽ ഉണ്ടായതും അത്തരമൊരു പശ്ചാത്തലത്തിലാണ്.
ഭിന്നശേഷി അവകാശ സംരക്ഷണ നിയമം 2016 വീണ്ടും ഈ രംഗത്ത് സൂപ്രധാനമായ ചുവട് വെപ്പായി മാറി. നാഷനൽ ട്രസ്റ്റ് ആക്ട് ,ആർ സി.ഐ ആക്ട്, മെൻ്റൽ ഹെൽത്ത് ആക്റ്റ് അടക്കം നിരവധി നിയമനിർമ്മാണങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.
സർക്കാർ കേന്ദ്രീകൃത ധനസഹായ ,ശാക്തീകരണ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എങ്കിലും കേവല നിയമനിർമ്മാണങ്ങൾ കൊണ്ടും ധനസഹായ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും മാത്രം ഭിന്നശേഷി വിഭാഗങ്ങളുടെ സാമൂഹ്യ പദവി ഉയർത്താൻ കഴിയില്ല. അതിന് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ പ്രായോഗികവുമായ ഇടപെടൽ നിർബ്ബന്ധമാണ്. ഓട്ടിസം ,മൾട്ടിപ്പിൾ ഡിസബിലിറ്റി, ഇൻ്റലക്ച്ച്വൽ ഡിസബിലിറ്റി (MR), സെറിബൾ പാൾസി, തുടങ്ങി അതി തീവ്ര ഭിന്നശേഷി വിഭാഗങ്ങൾ സവിശേഷമായ ശ്രദ്ധയോടെ പരിഗണിക്കപ്പെടേണ്ടവരാണ്.
വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ഉയരത്തിലും ആഴത്തിലും ചിന്തയിലും മറ്റുള്ളവരെപോലെ തന്നെയാണിവരെന്ന ബോധം സാമൂഹ്യ മായിത്തന്നെ ഉയർന്നു വരേണ്ടതുണ്ട്.
അവരുടെ വിദ്യാഭ്യാസവും അതിജീവനവും, പുന:രധിവാസവും ഭരണകൂടത്തിൻ്റെ ചുമതലയായി ഏറ്റെടുക്കുന്ന സമീപനം വളർന്നു വരണം. കേരളം പോലും അത്തരമൊരു വളർച്ച പ്രാപിച്ച സംസ്ഥാനമല്ല.
ഭിന്നശേഷി വിദ്യാലയങ്ങളും വിദ്യാഭ്യാസവും ഇന്ന് സ്വകാര്യ മതസംഘടനകളോ ,ചാരിറ്റി പ്രസ്ഥാനങ്ങളോ, ട്രസ്റ്റുകളോ എൻ ജി ഒ കളോ ആണ് ബഹു ഭൂരിപക്ഷവും നടത്തി കൊണ്ടിരിക്കുന്നത്. ഇൻക്ലൂസീവ് എഡ്യുക്കേഷനെ സംബസിച്ച ചർച്ചകളാണ് ഇന്ന് ഈ രംഗത്ത് സർക്കാർ തന്നെ മുൻകൈ എടുത്തു നടത്തുന്നത്. നിലവിലുള്ള സ്കൂൾ സംവിധാനത്തിനകത്ത് ,അതിൻ്റെ ഭൗതിക സാഹചര്യങ്ങൾ ശാസ്ത്രീയവും, ആധുനികവും, ലോകോത്തരവുമായി വികസിപ്പിക്കാതെ എങ്ങിനെ യാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം ഇൻക്ലൂസീവായി നടപ്പിലാക്കുക എന്ന ചോദ്യം ഉയർന്നു വരുമ്പോൾ കൃത്യമായൊരുത്തരം ഇതുവരെ ഉണ്ടായിട്ടില്ല.
തീവ്ര ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന വലിയ വെല്ലുവിളികളും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. സാമൂഹ്യജീവിതത്തിൻ്റെ എല്ലാ ഇടപെടലുകളിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന, വീട്ടകങ്ങളിലെ കനത്ത മൗനങ്ങളിലേക്ക് ഉറഞ്ഞ് പോകുന്ന പ്രതീക്ഷയറ്റ ജീവിതങ്ങളായി മാറുന്നുണ്ട് രക്ഷിതാക്കൾ. ഇന്നുയർന്നു വരുന്ന ഒരു ചർച്ചകളിലും ഈ പ്രശ്നം വേണ്ടത്ര പരിഗണിക്കപ്പെടുന്നതേയില്ല എന്നതാണ് യഥാർത്ഥ്യം.
ലോക ഭിന്നശേഷി ദിനം പോലുള്ള ദിവസങ്ങൾ ആഘോഷക്കൾക്കപ്പുറം ഇത്തരം വിഷയങ്ങളിൽ ഇനിയും പരിഹരിക്കാനുള്ള പ്രശ്നങ്ങളിൽ ഗൗരപ്പെട്ട ചർച്ചകൾ ഉയർത്തിക്കൊണ്ടു വരിയും ജീവിതത്തിൻ്റെ സാമൂഹ്യ പദവിയിൽ ഭിന്നശേഷി വിഭാഗങ്ങൾ ഒറ്റപ്പെട്ടു പോകേണ്ടവരല്ലെന്ന ചിന്ത വളർത്തിയെടുക്കാനും ശ്രമിക്കേണ്ടുന്ന ഉത്തരവാദിത്വ നിർവ്വഹണ ബോധം ഈ രംഗത്ത് പ്രവർത്തിക്കുന്ന പല പ്രസ്ഥാനങ്ങൾക്കും ഇല്ല.മുതുകാടിൻ്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്
ഇന്ന് ഉയർന്നു വന്നിട്ടുള്ള ഗൗരവപ്പെട്ട ആരോപണണളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മുതുകാടിൻ്റെ മാത്രമല്ല മറ്റു ഭിന്നശേഷി സ്കൂളുകളെ കുറിച്ചും ഒരു സോഷ്യൽ ഓഡിറ്റിംഗ് നിർബ്ബന്ധമാണ്.
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഭിന്നശേഷി സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുകയും സർക്കാർ മോണിറ്ററിംഗ് കർശനമാക്കുകയും ചെയ്താൽ ഒരു പരിധി വരെ ഈ രംഗത്തുള്ള കള്ളനാണയങ്ങളെ തിരിച്ചറിയാനും നിലയ്ക്ക് നിർത്താൻ കഴിയും
50 കുട്ടികൾ ഉള്ള ഭിന്ന ശേഷി വിദ്യാലയത്തിന് ഐയ്ഡഡ് പദവി കൊടുക്കാനുള്ള മുൻ UDF സർക്കാർ ഒരുതീരുമാനം എടുത്തിരുന്നു.എന്നാൽ LDF സർക്കാർ അത്തരമൊരു നടപടി വേണ്ടെന്ന് വെക്കുകയായിരുന്നു. ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന പദവിയെക്കുറിച്ചുള്ള പ്രചരണങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ കുട്ടികളുടെ നിലനില്പും പുനരധിവാസവും ,പഠനവും, പരിചരണവുമൊക്കെ മുതുകാടിനെ പോലുള്ളവരുടെ കൈകളിൽ കുരുങ്ങിക്കിടക്കുന്നതും വിവാദങ്ങളിലേക്ക് എത്തുന്നതും.
ഇത്തരമൊരു സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെയും കുടുംബങ്ങളുടെയും കാര്യത്തിൽ സർക്കാർ നിർവ്വഹിക്കേണ്ട കാര്യങ്ങൾ ഇ
ഉത്തരവാദിത്തപൂർവ്വം
നടപ്പാക്കണമെന്നും കേരളത്തിലെ സ്വകാര്യ ഭിന്നശേഷി വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തി അവരുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും പുറത്തു കൊണ്ടുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

എം.പി. കുഞ്ഞിക്കണാരൻ ,
സെക്രട്ടറി, സംസ്ഥാന കമ്മിറ്റി
CPI (ML) റെഡ് സ്റ്റാർ .
08-01-2024
എറണാകുളം
9745338072.

You may also like

Leave a Comment