ഫാസിസത്തെ സംബന്ധിച്ച് ബൂർഷ്വാ പക്ഷം മുതൽ മാർക്സിസ്റ്റ് വിശകലനങ്ങളടക്കം നിരവധി വിലയിരുത്തലുകൾ ലഭ്യമാണ്. ഈ പഠനങ്ങൾ പൊതുവെ അംഗീകരിച്ചിട്ടുള്ളത് രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള ക്ലാസ്സികൽ ഫാസിസവും വർത്തമാന കാല ഫാസിസവും തമ്മുലുള്ള പ്രകടമായ വ്യത്യാസമാണ്. ആദ്യത്തേത് പാർലമെന്ററി സംവിധാനത്തിന്റെ രൂപപരമായ നിലനിൽപ്പ് അസാധ്യമാക്കുമ്പോൾ നവലിബറൽ ഫാസിസം അളവിൽ മാറ്റമുണ്ടാകാമെങ്കിലും പാർലമെന്ററി ജനാധിപത്യം ഔപചാരികമായി നിലനിർത്തുന്നു. അതായത്, അധികാരം കൈപ്പിടിയിലൊതുക്കാൻ ഫാസിസ്റ്റുകൾക്ക് തടസ്സമില്ലാത്തിടത്തോളം തെരഞ്ഞെടുപ്പും മറ്റും തുടർന്നുകൊണ്ട് തന്നെ ഫാസിസ്റ്റ് ഭരണക്രമം സാധ്യമാണെന്നത് ഇന്നത്തെ പൊതുസവിശേഷതയാണ്. അതേസമയം, അമേരിക്കയും യൂറോപ്പും മുതൽ എഷ്യാ-പെസഫിക് വരെയുള്ള വിവിധ രാജ്യങ്ങളിൽ ഇന്ന് പ്രകടമായിട്ടുള്ള ഭീകരവാദം, വംശീയ കൂട്ടക്കൊലകൾ, മതന്യൂനപക്ഷങ്ങൾ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ, സ്ത്രീകൾ, ഇതര മർദ്ദിത ജനവിഭാഗങ്ങൾ എന്നിവർക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ, തൊഴിലാളികളെ കൂലിയടിമകളാക്കികൊണ്ടുള്ള അമിത ചൂഷണം, പരിസ്ഥിതി വിനാശം, സൈനികവൽക്കരണം എന്നിവയെല്ലാം ഏറിയും കുറഞ്ഞും ഫാസിസവൽക്കരണത്തിന്റെ പ്രതിഫലനങ്ങളാണ്. എന്നാൽ ഇപ്രകാരം പ്രത്യാഘാതങ്ങളുടെ വിശകലനങ്ങൾക്കപ്പുറം സാമ്രാജ്യത്വത്തിന്റേയും ഫിനാൻസ് മൂലധനത്തിന്റേയും ചലനക്രമങ്ങളുമായി ബന്ധപ്പെട്ട് ഫാസിസത്തെ വിശകലനം ചെയ്യുന്നതിനാണ് മാർക്സിസം ശ്രമിച്ച് പോന്നിട്ടുള്ളത്. അതേസമയം, എല്ലാ സാമൂഹ്യപ്രതിഭാസങ്ങളേയും പോലെ, ഫാസിസവും ഒരു സ്ഥിരമായ സാമൂഹ്യസംവർഗമല്ല. മൂലധന സമാഹരണ പ്രക്രിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി ഫാസിസ്റ്റ് ഭരണക്രമങ്ങൾക്കും സവിശേഷമായ മാറ്റങ്ങൾ കൈവരാവുന്നതാണ്.
ഫാസിസത്തിന്റെ ഉത്ഭവവും വളർച്ചയും
ഫാസിസം യൂറോപ്പിൽ ഉത്ഭവിച്ച സന്ദർഭത്തിൽ അതിനെ ഏകാധിപത്യ മുതലാളിപത്യം എന്ന് വിശേഷിപ്പിക്കനാണ് ലിബറൽ ചിന്തകരും പരിഷ്കരണവാദികളും തയ്യാറായത്. എന്നാൽ, സാമ്രാജ്യത്വത്തെ സംബന്ധിച്ച സമഗ്രമായ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ, ഫാസിസത്തിന്റെ അടിസ്ഥാനം ഏറ്റവും പ്രതിലോമകരമായ ഫിനാൻസ് മൂലധനമാണെന്നും സാമ്രാജ്യത്വത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങൾ അങ്ങേയറ്റം രൂക്ഷമാകുമ്പോഴാണ് ഫാസിസം ഉടലെടുക്കുന്നതെന്നും മാർക്സിസം ചൂണ്ടിക്കാട്ടി. ആഭ്യന്തരവും ബാഹ്യവുമായ സാധാരണ മിച്ചമൂല്യാപഹരണത്തിൽ അന്തർലീനമായ വൈരുദ്ധ്യങ്ങൾ തീഷ്ണമാകുമ്പോൾ ഫാസിസത്തിനുള്ള ഭൗതികസാഹചര്യം രൂപപ്പെടുന്നുവെന്നാണ് അത് വിശകലനം ചെയ്തത്. ഉദാഹരണത്തിന്, കൊളോണിയൽ സാമ്രാജ്യത്വത്തിന്റെ ഉടമകളായിരുന്ന ഇതര യൂറോപ്യൻ ശക്തികളെപോലെയോ, കോളനികളല്ലാതെ തന്നെ ലാറ്റിനമേരിക്കയെ വരുതിയിലാക്കിയ അമേരിക്കയെ പോലെയോ ജർമ്മനിക്കും ഇറ്റലിക്കും ബാഹ്യകൊള്ളക്ക് പരിമിതികളുണ്ടായി. ഈ രണ്ട് ശക്തികളും ഒന്നാം ലോകയുദ്ധത്തിൽ കോളനികൾ നഷ്ടപ്പെട്ട്, ആഭ്യന്തര തൊഴിലാളി സമരങ്ങളടക്കം, നിരവധി സാമൂഹ്യ സംഘർഷങ്ങൾക്ക് വിധേയമായിരുന്നു. ഇക്കാലത്ത്, തൊട്ടടുത്ത സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് ഗവർമെന്റിന്റെ വിജയകരമായ മുന്നേറ്റം സംജാതമാക്കിയ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികളും ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾക്ക് തലവേദനയായി. അതേസമയം, വിപ്ലവകരമായ രാഷ്ട്രീയ മാറ്റത്തിനു നേതൃത്വം കൊടുക്കാൻ കഴിയുന്ന തൊഴിലാളിവർഗ്ഗത്തിന്റെ അഭാവം ജർമ്മനിയിലും ഇറ്റലിയിലും പ്രകടമാവുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് കുത്തക ഫിനാൻസ് മൂലധനവും ബൂർഷ്വാ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള പരസ്പര ലയനത്തിലൂടേയും ഇഴുകിചേരലിലൂടേയും ഫാസിസം ആവിർഭവിക്കുന്നത്.
ചുരുക്കത്തിൽ, സാർവ്വത്രികമായ സാമ്പത്തിക പ്രതിസന്ധിയുടേയും രാഷ്ട്രീയ അസ്ഥിരതയുടെയും സവിശേഷ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് ഫാസിസം രംഗപ്രവേശനം ചെയ്യുന്നത്. വാചടോപങ്ങളിലൂടേയും ജനവികാരങ്ങൾ ഇളക്കിവിട്ടും പരസ്പരവിരുദ്ധമായ പ്രസ്ഥാവനകളിലൂടേയും പ്രസംഗങ്ങളിലൂടേയും സാമൂഹ്യ ദുരിതങ്ങൾക്ക് കാരണക്കാരായി വംശീയ, മത, ദേശീയ ന്യൂനപക്ഷങ്ങളേയും പാർശ്വവൽകൃത വിഭാഗങ്ങളേയും പഴിചാരിക്കൊണ്ടും തുടക്കത്തിൽ അരാഷ്ട്രീയ മദ്ധ്യവർഗ്ഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനാണ് ഫാസിസ്റ്റുകൾ കരുക്കൾ നീക്കിയത്. ഇപ്രകാരം അടിത്തറയൊരുക്കിയതിന്റെ തുടർച്ചയായി, അസംഘടിത തൊഴിലാളികളേയും തൊഴിൽരഹിത യുവാക്കളേയും ക്രമേണ അധീനതയിലാക്കുവാനും ഇറ്റലിയിലേയും ജർമ്മനിയിലേയും ഫാസിസ്റ്റുകൾക്ക് കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി, സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയിലും അരക്ഷിതാവസ്ഥയിലും അതൃപ്തരായ വിശാല ജനവിഭാങ്ങളിലേക്ക് കൂടി കടന്നുകയറാൻ ഫാസിസത്തിനു സാധ്യമായി. അവരെ ആകർഷിക്കാനാകും വിധം തൊഴിലാളികൾക്കുള്ള കൂലിവർദ്ധനവ്, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണം, സർക്കാർ ഇടപെടലുകൾ, സമ്പന്നവർഗ്ഗന്റെ മേൽ വർദ്ധിത നികുതികൾ തുടങ്ങിയ ഗീർവാണങ്ങൾ മുസ്സോളിനിയുടേയും ഹിറ്റ്ലറുടേയും പ്രസംഗങ്ങളിലെ സ്ഥിരം ഇനങ്ങളായിരുന്നു. ഇതോടൊപ്പമാണ്, ചില പ്രത്യേക സാമൂഹ്യവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വെറുപ്പും വ്യാജപ്രചരണങ്ങളും ചിട്ടയായി പ്രചരിപ്പിച്ചത്. ജർമ്മനിയിലാണെങ്കിൽ യഹൂദരേയും കമ്മ്യൂണിസ്റ്റുകളേയും ട്രേഡ് യൂണിയൻ പ്രവർത്തകരേയും കൃത്യമായും രാജ്യശത്രുക്കളായി മുദ്രകുത്തുന്ന പ്രചരണങ്ങളാണ് അരങ്ങേറിയത്. എന്നാൽ അധികാരത്തിലേറിയതോടെ, മുകളിൽ നിന്ന് പാർലമെന്റും ഭരണഘടനയും അട്ടിമറിച്ചതോടൊപ്പം, ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളായി ഉദ്ഗ്രഥിച്ച ഫാസിസ്റ്റ് ഗുണ്ടകളേയും ക്രിമിനൽ ഗ്യാങ്ങുകളേയും (കരിങ്കുപ്പായക്കാർ, തവിട്ട് കുപ്പായക്കാർ) അടിത്തട്ടിൽ ജനങ്ങൾക്കെതിരായി കയറൂരിവിടുകയും ഇതിനെല്ലാം ആവശ്യമായ പണം ഫിനാൻസ് കുത്തകകൾ നിർബാധം ഒഴുക്കുകയും ചെയ്തു.
മേൽ സൂചിപ്പിച്ചത് പോലെ ബൂർഷ്വാ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് പരിവർത്തനത്തെ സംബന്ധിച്ച് സുവ്യക്തമായ നിലപാടാണ് തുടക്കം മുതൽ മാർക്സിസ്റ്റുകൾ കൈകൊണ്ടത്. സമയപരിമിതി മൂലം, ഫാസിസത്തെ സംബന്ധിച്ച വിശദമായ പഠനത്തിന് ലെനിനു കഴിഞ്ഞിരുന്നില്ലെങ്കിലും, മുസ്സോളിനി ഫാസിസം അദ്ദേഹത്തിന്റെ രചനകളിൽ ചർച്ചാവിഷയമായിരുന്നു. വിപ്ലവ പ്രസ്ഥാനത്തിനെതിരെ സാർ ഭരണകൂടം കെട്ടഴിച്ചുവിട്ട പോലീസ് മേധാവികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അർദ്ധസൈനിക വിഭാഗത്തെ ഫാസിസത്തിന്റെ ബീജരൂപമായി ലെനിൻ സൂചിപ്പിക്കുകയുണ്ടായി. എന്നാൽ, മുസ്സോളിനിയും ഹിറ്റ്ലറും അധികാരത്തിലെത്തിയതോടെ, ഫാസിസത്തെ സംബന്ധിച്ച വസ്തുനിഷ്ടമായ വിശകലനം കോമിന്റേൺ മുന്നോട്ട് വെച്ചു. ബൂർഷ്വാ ഭരണകൂടം സർവ്വാധിപത്യപരവും ഭീകരവും ആക്രമണസ്വഭാവത്തോടു കൂടിയതുമായി പരിവർത്തിക്കപ്പെട്ടത് വിശകലനം ചെയ്തുകൊണ്ട് 1935 ലെ കോമിന്റേണിന്റെ ഏഴാം കോൺഗ്രസ്സിൽ ദിമിത്രോവ് അവതരിപ്പിച്ച റിപ്പോർട്ട് ഫാസിസത്തെ ഇപ്രകാരം നിർവ്വചിച്ചു: “സാമ്രാജ്യത്വ മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരമായ, ഏറ്റവും സങ്കുചിത ദേശീയവാദപരമായ, തുറന്ന ഭീകര സ്വേച്ഛാധിപത്യമാണ് ഫാസിസം… ഫാസിസം ഫിനാൻസ് മൂലധനത്തിന്റെ നേരിട്ടുള്ള ഭരണമാണ്. തൊഴിലാളി വർഗ്ഗത്തിനും വിപ്ലവ കർഷക ജനതക്കും ബുദ്ധിജീവികൾക്കുമെതിരായ സംഘടിത കൂട്ടക്കൊലയാണത്. ഏറ്റവും മൃഗീയമായ സങ്കുചിത ദേശീയവാദത്തിന്റെ, ഇതര വിഭാഗങ്ങൾക്കെതിരായ വംശീയ വിദ്വേഷമാണ് ഫാസിസത്തിന്റെ വിദേശനയത്തിലൂടെ പ്രകടമാകുന്നത്.” തീർച്ചയായും ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറയും രാഷ്ട്രീയ ഉപരിഘടനയും ഫിനാൻസ് മൂലധനത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ താല്പര്യങ്ങളൂമായി ഇഴുകിചേർന്നത് വ്യക്തമാക്കുന്നതിനാണ് ഈ നിർവചനം ലക്ഷ്യം വെച്ചത്. ഫാസിസ്റ്റുകൾ അധികാരത്തിലെത്തിയ രാജ്യങ്ങളിൽ ബൂർഷ്വാ പ്രതിപക്ഷം ശിഥിലമാവുകയും കമ്മ്യൂണിസ്റ്റുകാരും ട്രേഡ് യൂണിയനുകളും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ്, ഫാസിസത്തിനെതിരായ ആഭ്യന്തര ചെറുത്ത് നില്പുകൾ അസാധ്യമായ ഘട്ടത്തിൽ കോമിന്റേണിന്റെ മുൻകയ്യിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും ഇതര ബൂർഷ്വാ ഭരണങ്ങളെ പോലും ഉൾകൊള്ളാനായ വിശാല സഖ്യവും രൂപം കൊടുക്കാനായത്.
യുദ്ധാനന്തര ഘട്ടം
രണ്ടാം ലോകയുദ്ധത്തിൽ ഫാസിസ്റ്റ് ശക്തികളുടെ പരാജയവും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും ദേശീയ വിമോചന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലോകജനതക്കിടയിൽ വമ്പിച്ച അംഗീകാരവും സ്വാധീനവും സൃഷ്ടിച്ചു. സാമ്രാജ്യത്വത്തിനാകട്ടെ കൊളോണിയൽ വ്യവസ്ഥ തുടർന്നുകൊണ്ട് പോകാനാകാത്ത സാഹചര്യവും സംജാതമാക്കി. ഈ സന്ദർഭത്തിലാണ്, യുദ്ധാനന്തര ലോകവ്യവസ്ഥ ഫിനാൻസ് മൂലധനത്തിന്റെ തുടർന്നുള്ള കൊള്ളക്കനുസൃതമായി, മൂലധന വ്യാപനത്തിന്റെ രൂപത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സാമ്രാജ്യത്വത്തിന്റെ നേതൃത്വമേറ്റെടുത്ത അമേരിക്ക മുന്നോട്ട് വന്നത്. അപകോളനീകരണത്തിന്റേയും കെയ്നീഷ്യൻ ക്ഷേമരാഷ്ട്രത്തിന്റേയും പുകമറക്കുള്ളിൽ മുൻ കോളനികൾക്ക് മേൽ, ഫിനാൻസ് മൂലധനത്തിന്റെ കൂടുതൽ തീഷ്ണമായ ഒരു പുത്തൻ കോളനിവൽക്കരണ പ്രക്രിയക്കാണ് ഇത് കാരണമായത്. എന്നാൽ, സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൊളോണിയലിസത്തിൽ നിന്ന് പുത്തൻ കൊളോണിയസത്തിലേക്കുള്ള ഈ പരിവർത്തനത്തിന്റെ ആഴത്തിലുള്ള അടിയൊഴുക്കുകൾ വേണ്ടവിധം ഗ്രഹിക്കാൻ കഴിഞ്ഞില്ല. ക്രൂഷ്ചേവിയൻ നേതൃത്വമാകട്ടെ, സാമ്രാജ്യത്വത്തിന്റേയും ഫിനാൻസ് മൂലധനത്തിന്റേയും ആധിപത്യം ദുർബലമായ അവസ്ഥയാണ് പുത്തൻ കൊളോണിയലിസമെന്ന വ്യാഖ്യാനവും നൽകി. എന്നാൽ, യുദ്ധാനന്തര സാമ്രാജ്യത്വ മേധാവിയായി സ്ഥാനമേറ്റ അമേരിക്കയുടെ നേതൃത്വത്തിൽ, നിസ്സഹായരായ ലോക ജനതക്ക് മേൽ കൊള്ളയും കൊലയും വംശഹത്യയും ഭീകരതയും കൂട്ടക്കൊലകളും കൊട്ടഴിച്ച് വിടപ്പെട്ടു.
പുത്തൻ കൊളോണിയലിസം കൊളോണിയസത്തേക്കാൾ സൈനികവൽക്കരണം കുറഞ്ഞ ഘട്ടമെന്നല്ല അർത്ഥമാക്കേണ്ടത്. സോവ്യറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിക്കുമെതിരെ ആവിഷ്കരിച്ച ശീതയുദ്ധത്തിന്റെ അവിഭാജ്യഘടകമെന്നോണം, ലാറ്റിനമേരിക്ക മുതൽ ഏഷ്യ വരെയുള്ള പലരാജ്യങ്ങളിലും പട്ടാള അട്ടിമറിയിലൂടെ നിരവധി ഫാസിസ്റ്റ് ഭരണങ്ങളെ അമേരിക്ക വാഴിക്കുകയുണ്ടായി. അതോടൊപ്പം, സ്വതന്ത്ര ബൂർഷ്വാ ഭരണങ്ങൾ എന്ന പ്രതീതിയുള്ളപ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ, പ്രതിവിപ്ലവ ശക്തികളേയും സംഘടനകളേയും അവയിലേക്ക് സന്നിവേശിപ്പിക്കാനും അമേരിക്കക്ക് കഴിഞ്ഞു. ഇപ്രകാരമുള്ള ഭീകര പ്രസ്ഥാനങ്ങളേയും വലതു ശക്തികളേയും പുത്തൻ കൊളോണിയൽ രാജ്യങ്ങളിൽ വളർന്നു വന്നുകൊണ്ടിരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളേയും വിപ്ലവ ശക്തികളേയും ഇല്ലാതാക്കുന്നതിന് അമേരിക്ക വിദഗ്ദമായി ഉപയോഗിച്ചു. ബ്രസീൽ, അർജന്റീന, ഉറുഗ്വെ, ഇറാൻ, ഗ്രീസ്, തുർക്കി, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ലാറ്റിനമേരിക്ക മുതൽ ഏഷ്യ വരെയുള്ള പല രാജ്യങ്ങളും അതിന്റെ ഭാഗമായി ഭീകര സ്വേച്ഛാധിപത്യ ഭരണങ്ങളെ സൈനിക അട്ടിമറികളിലൂടെ പ്രതിഷ്ടിക്കുന്നതിനും അമേരിക്ക നേതൃത്വം നൽകി. 1940 കളിലും 1950 കളിലും കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭാഗമായി ഉയർന്നുവന്ന മാക്കാർത്തിയിസം ഇപ്രകാരമുള്ള പ്രതിലോമ നീക്കങ്ങൾക്ക് പ്രത്യയശാസ്ത്ര പിൻബലം നൽകി.
1970 കളുടെ തുടക്കത്തിൽ, സാമ്രാജ്യത്വത്തിന്റെ അപരിഹാര്യമായ ആഭ്യന്തര വൈരുദ്ധ്യങ്ങൾ സ്റ്റാഗ്ഫ്ലേഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഘട്ടത്തിലേക്ക് കടന്നു. വാസ്തവത്തിൽ ഫാസിസത്തിന് വഴിവെച്ച 1920 കളിലേയും 1930 കളിലേയും ലോക വ്യാപക സാമ്പത്തിക പ്രതിസന്ധിയേക്കാൾ കൂടുതൽ ദീർഘിച്ചതും സങ്കീർണ്ണവുമാണ് ഇപ്പോഴും തുടരുന്ന ഈ പ്രതിസന്ധി. സമ്പദ്ഘടനയിൽ സർക്കാർ ഇടപെട്ടതുൾപ്പടെ ക്ഷേമരാഷ്ട്രം ആവിഷ്കരിച്ചുകൊണ്ടാണ് 1930 കളിലെ പ്രതിസന്ധിയെ മറികടന്നതെങ്കിൽ, 1970 കളിലെ പ്രതിസന്ധിയെ മറയാക്കി ആ ക്ഷേമരാഷ്ട്രം പൂർണ്ണമായും ഉപേക്ഷിക്കാൻ സാമ്രാജ്യത്വത്തിനു കഴിയും വിധം സാർവ്വദേശീയ ഇടതുപക്ഷം പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികൾ നേരിട്ടിരുന്നു. നവഉദാരവാദം എന്നറിയപ്പെട്ട ഈ നയത്തിന്റെ കാതൽ മുരടിക്കുന്ന ഉത്പാദന മേഖലയെ അപേക്ഷിച്ച് ഊഹമേഖലകളിൽ ഊന്നുന്ന കുമിള സമ്പദ്ഘടനയെ കെട്ടഴിച്ചുവിട്ട് അനിയന്ത്രിതമായി ലാഭനിരക്ക് ഉയർത്തി നിർത്തുക എന്നതായിരുന്നു. വാർത്താ വിനിമയവും വിവരസാങ്കേതിക വിദ്യയുമടക്കം സാങ്കേതിക മേഖലകളുടെ എല്ലാ സാധ്യതകളും നവഉദാര കാലത്തെ മൂലധന സമാഹരണത്തിനായി വിന്യസിക്കപ്പെട്ടു. ഊഹമേഖലകളുടെ അഭൂതപൂർവ്വമായ ഈ വികാസം, ഒരു നൂറ്റാണ്ട് മുമ്പ് ലെനിൻ ചൂണ്ടികാട്ടിയ സാമ്രാജ്യത്വത്തിന്റെ ജീർണ്ണതയും പരാന്ന സ്വഭാവവും നവഉദാര കാലത്ത് പലമാനങ്ങളുള്ളതും സങ്കീർണ്ണവുമാക്കി. തുടർന്ന്, നവഉദാരവാദത്തിൽ അന്തർലീനമായ പ്രതിലോമ രാഷ്ട്രീയം താരതമ്യേന പലമടങ്ങ് ഭീതിതമായി. ഫാസിസത്തിന് കൂടുതൽ ശക്തിയോടെ കടന്നുവരാനുള്ള പാശ്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായി, ശീതയുദ്ധം അവസാനിക്കുന്ന സന്ദർഭത്തിൽ ഇസ്ലാമിക ഭീകരത എന്ന പുതിയ ശത്രുവിനെ അമേരിക്ക കണ്ടെത്തുകയും ലോകമെങ്ങും സൈനികവൽക്കരണത്തിന് അതുപയോഗപ്പെടുത്തി ഭീകരതാവിരുദ്ധ യുദ്ധം ആവിഷ്കരിക്കുകയും ചെയ്തു.
ഫാസിസം നവഉദാര ഘട്ടത്തിൽ
മുൻകാല സാമ്രാജ്യത്വത്തിൽ നിന്നും ഗുണപരമായി വ്യത്യസ്ഥമായ ഒട്ടേറെ ഘടകങ്ങൾ, പ്രത്യേകിച്ചും മൂലധന സമാഹരണവുമായി ബന്ധപ്പെട്ട സവിശേഷതകൾ നവഉദാര ഘട്ടത്തിൽ പ്രകടമായിരിക്കേ, ഇന്നത്തെ ഫാസിസം അഥവാ നവഫാസിസം 1930 കളിലെ ‘ക്ലാസിക്കൽ ഫാസിസത്തിന്റെ’ വാർപ്പ് മാതൃകകളാവില്ല. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തിൽ മൂലധനത്തിന്റെ സാർവ്വദേശീയ വൽക്കരണം അഥവാ രാഷ്ട്രാതിർത്തികളെ ഭേദിച്ചുകൊണ്ടുള്ള ഫിനാൻസ് മൂലധനത്തിന്റെ സർവ്വ സ്വതന്ത്ര വ്യാപനം എന്ന പ്രതിഭാസവുമായി ബന്ധപ്പെടുത്തി വേണം വർത്തമാന കാലത്തെ ഫാസിസത്തെ വിലയിരുത്തേണ്ടത്. മൂലധനം സാർവ്വദേശീയവൽക്കരണത്തിന് വർദ്ധമാനമായ തോതിൽ വിധേയമാകുമ്പോൾ, അതിനെതിരായ ചെറുത്തു നിൽപ്പുകളെ ശിഥിലീകരിക്കുന്നതിനും തുണ്ടുവൽക്കരിക്കുന്നതിനും നവഉദാര ശക്തികൾ വിജയിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളി വർഗ്ഗത്തേയും മർദ്ദിത ജനതയേയും സംഘടിപ്പിച്ച് നയിക്കേണ്ട ഇടത്-പുരോഗമന ശക്തികളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ദൗർബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ക്ഷേമരാഷ്ട്രം കയ്യൊഴിഞ്ഞ് താച്ചറിസത്തിലൂടേയും റീഗണോമിക്സിലൂടേയും തുടർന്ന് ആഗോളീകരണത്തിലൂടേയും ഫിനാൻസ് മൂലധനത്തിന്റെ കടന്നാക്രമണം തൊഴിലാളിവർഗ്ഗത്തിനും മർദ്ദിത ജനതകൾക്കും മേൽ അതിതീവ്രമാക്കിയപ്പോൾ, നവഉദാര പ്രക്രിയയെ ശരിയായി വിലയിരുത്താൻ കഴിയാത്തതിനാൽ അതിനെതിരെ ഫലപ്രദമായ ചെറുത്ത് നില്പുകൾ കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. നവഉദാരവാദത്തിന്റെ പ്രത്യയശാസ്ത്രമായ പോസ്റ്റ് മോഡേണിസവും പോസ്റ്റ് മാർക്സിസവും ആവിഷ്കരിച്ച് ജനങ്ങളെ അരാഷ്ട്രീയവൽക്കരിക്കുകയും അതിന്റെ ഭാഗമായി സ്വത്വവാദരാഷ്ട്രീയത്തിലൂടെ മൂലധനത്തിനെതിരായ തൊഴിലാളിവർഗ്ഗത്തിന്റെ ചെറുത്ത് നില്പുകളെ അപ്രസക്തമായി സ്ഥാപിക്കുകയും ചെയ്തപ്പോൾ ഈ ദൗർബല്യം പ്രകടമായി. സാമ്പത്തികാടിത്തറയിലെ മാറ്റങ്ങൾക്കൊപ്പം പ്രത്യയശാസ്ത്ര മണ്ഡലത്തിൽ വ്യാപകമായ ആശയക്കുഴപ്പവും ലോകമെങ്ങും നവഫാസിസ്റ്റ് പ്രവണതകൾക്കും വളക്കൂറുള്ള മണ്ണൊരുക്കി. മുതലാളിത്തത്തിന്റെ തിന്മകൾ ദുരീകരിക്കാനെന്ന വ്യാജേന പോസ്റ്റ് മോഡേണിസം വികസിപ്പിച്ചെടുത്ത പൗരസ്ത്യവാദവും (Orientalism), കീഴാള സംസ്കൃതികൾ എന്ന പേരിൽ നിരവധി അന്ധവിശ്വാസങ്ങളേയും വിജ്ഞാന വിരോധങ്ങളേയും പ്രാചീന ആചാരങ്ങളേയും സ്വത്വങ്ങളേയും പുനരാനയിച്ചതുമെല്ലാം ഫാസിസവൽക്കരണത്തിനനുകൂലമായ അന്തരീക്ഷമൊരുക്കി. മതമൗലികവാദത്തിലും സങ്കുചിത ദേശീയവാദത്തിലും വംശീയവാദത്തിലും ഇതരജന വിദ്വേഷത്തിലും അധിഷ്ടിതമായ പ്രതിലോമ പ്രത്യയശാസ്ത്രങ്ങൾ മുഖ്യധാരയിലേക്ക് കടന്ന് വരികയും ആഗോളമൂലധനത്തിന്റെ സർവ്വവ്യാപിയായ പ്രവർത്തനങ്ങളിൽ നിന്നും ലോകജനതയുടെ ശ്രദ്ധ തിരിക്കുകയുമുണ്ടായി.
ഈ അനുക്കൂല പാശ്ചാത്തലമാണ്, ഇപ്പോൾ ലോകവ്യാപകമായി പല നവഫാസിസ്റ്റ് പ്രസ്ഥാനങ്ങളും ആവിർഭവിക്കുന്നതിനു കാരണമായത്. തീർച്ചയായും ജനങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സുരക്ഷിതത്വമില്ലായ്മയിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന പൊതുമനശാസ്ത്രത്തെ വിദഗ്ദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനകീയ പ്രശ്നങ്ങൾക്ക് ബദൽ വെക്കാനില്ലാത്ത മുഖ്യധാരയിലെ പരമ്പരാഗത പാർട്ടികളിലുള്ള ജനങ്ങളിലെ വിശ്വാസം നഷ്ടപ്പെട്ടതും ഫാസിസ്റ്റു ശക്തികളുടെ വളർച്ചക്ക് ഗതിവേഗം നൽകിയിട്ടുണ്ട്. പൊതുവെ, ജനപ്രീതികരവും കാല്പനികവും ‘സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകൾ’ പോലെയുള്ള പരികല്പനകൾക്കുമനുസൃതമായി ഇതര ജനവിഭാഗങ്ങളോടുള്ള വിദ്വേഷത്തിലധിഷ്ടിതവുമായ പ്രചരണ തന്ത്രങ്ങളാണ് ഫാസിസ്റ്റുകൾ എവിടേയും ഉപയോഗിക്കുന്നത്. സമൂർത്ത ദേശീയ സാംസ്കാരിക സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾക്ക് രൂപത്തിൽ മാറ്റങ്ങളുണ്ടാകാം. ഓരോ രാജ്യത്തിന്റേയും ചരിത്രത്തിനും സവിശേഷതകൾക്കും സംസ്കാരങ്ങൾക്കും അനുസൃതമായി ഭൂരിപക്ഷം വരുന്ന അഥവാ സമാന ഘടകങ്ങളുള്ള ജനങ്ങളിൽ നിന്നും ന്യൂനപക്ഷം വരുന്നതും മതപരമോ വംശീയമോ ഭാഷാപരമോ ആയി അസാദൃശ്യങ്ങളുള്ളതുമായ ആയ പാർശ്വവൽകൃതരായ മർദ്ദിതരേയും ഒഴിവാക്കി നിർത്തുന്നതും ശത്രുക്കളായി അവതരിപ്പിക്കുന്നതും ഫാസിസ്റ്റുകളുടെ പൊതുരീതിയാണ്. ജനങ്ങളെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായി വ്യവസ്ഥാവിരുദ്ധവും സമ്പന്ന വരേണ്യവർഗ്ഗത്തെ പ്രത്യക്ഷത്തിൽ വിമർശിക്കുന്നതുമായ നാട്യങ്ങളും ഫാസിസ്റ്റുകൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ അധികാരത്തിലെത്തുന്നതോടെ, തങ്ങളുടെ വാചടോപത്തിൽ കുടുങ്ങി വോട്ട് ചെയത ഭൂരിപക്ഷം ജനങ്ങളേയും വഞ്ചിക്കുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് എന്നും ഫാസിസ്റ്റുകൾ.
ഈ സാഹചര്യത്തിൽ പ്രത്യേകം എടുത്ത് പറയേണ്ട ഒരു കാര്യം നവഫാസിസ്റ്റുകൾക്കിടയിൽ വ്യാപകമായിട്ടുള്ള പുതിയ ചരിത്ര രചനയെ സംബന്ധിച്ചാണ്. കമ്മ്യൂണിസം രാക്ഷസീയമാണെന്ന തരത്തിലുള്ള വ്യഖ്യാനങ്ങൾ ഈയിടെ യൂറോപ്യൻ പാർലമെന്റിലെ നവഫാസിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളിൽ നിന്നുണ്ടായതും ഇത്തരം വ്യാഖ്യാനങ്ങളുടെ ഭാഗമാണ്. ഫാസിസത്തെ മഹത്വവൽക്കരിക്കുകയും അതിന്റെ ദുഷ്ചെയ്തികൾക്ക് പുകമറയിടുകയും ചെയ്യുന്ന നിഗൂഡപദ്ധതി യൂറോപ്പിലെ നവഫാസിസ്റ്റുകളുടെ മുഖമുദ്രയായിട്ടുണ്ട്. ഉദാഹരണത്തിന്, സ്റ്റാലിനും ചർച്ചിലും റൂസ് വെൽറ്റും തമ്മിലുണ്ടാക്കിയ ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തിനു പകരം ഉണ്ടാകേണ്ടിയിരുന്നത് ഹിറ്റ്ലർ – ചേമ്പർലേൻ – ഹൂവർ സഖ്യമായിരുന്നുവെന്നും അത് സ്റ്റാലിനെതിരായിരിക്കേണ്ടതായിരുന്നു എന്നുമുള്ള മക്കാർത്തിയൻ മാതൃകയിലുള്ള വാദഗതികൾ ഈ പുതിയ ചരിത്രവായനയുടെ ഒരു പരിണിതിയാണ്. രണ്ടാമത്തേത് നടപ്പായിരുന്നുവെങ്കിൽ, 1970 കളിലെ സ്റ്റാഗ്ഫ്ലേഷനിലേക്ക് നയിച്ച ക്ഷേമരാഷ്ട്രത്തിന്റെ ഭാരം യൂറോപ്പിന് ഏറ്റെടുക്കേണ്ടിവരില്ലായിരുന്നു എന്നാണ് നവഫാസിസ്റ്റുകളുടെ നിലപാട്. സമാനമായ രീതിയിൽ ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തെ ഒറ്റുകൊടുത്ത ആർ എസ്സ് എസ്സിന് രാജ്യസ്നേഹത്തിന്റെ പട്ടം ചാർത്തിക്കൊടുക്കാൻ ഒരു ചരിത്ര രചനക്ക് ഹിന്ദുത്വ കേന്ദ്രങ്ങൾ തുടക്കമിട്ടിട്ടുണ്ട്. ബ്രിട്ടീഷ്കാർക്കെതിരായ രാഷ്ട്രീയ സമരം നടത്തിയ ഗാന്ധിയെ അവമതിക്കാനും, ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത സവർക്കർക്ക് രാജ്യസ്നേഹ പട്ടം ചാർത്താനും നടത്തുന്ന നീക്കങ്ങൾ ഈ പുതിയ ചരിത്ര രചനയുടെ ഭാഗം തന്നെയാണ്.
ഇന്ത്യയിലെ ഫാസിസ്റ്റ് പരിവർത്തനം
മേൽ സൂചിപ്പിച്ച ആഗോള പാശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം ഇന്ത്യയിലെ ഫാസിസത്തിന്റെ ആവിർഭാവത്തേയും വികസന പരിണാമത്തേയും നോക്കികാണേണ്ടത്. യൂറോപ്യൻ ഫാസിസം രൂപം കൊണ്ട 1920 കളുടെ മദ്ധ്യത്തിൽ തന്നെയാണ് ആർഎസ്എസ്സും രൂപം കൊള്ളുന്നത്. ഈ ആർഎസ്എസ്സിന്റെ ഒരു രാഷ്ട്രീയോപകരണമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി. ചരിത്ര വസ്തുതകൾ പ്രകാരം യൂറോപ്യൻ ഫാസിസ്റ്റു നേതാക്കളായ ഹിറ്റ്ലറോടും മുസ്സോളിനിയോടും അന്ധമായ ആരാധനയുള്ളവരായിരുന്നു ഇന്ത്യയിലെ ആർഎസ്എസ്സ് സ്ഥാപകർ. ഉദാഹരണത്തിന്, ആർഎസ്എസ്സിന്റെ ആദ്യത്തെ തലവനായിരുന്ന ഹെഗ്ഡേവാറിന്റെ രാഷ്ട്രീയഗുരുവും വഴികാട്ടിയുമായിരുന്ന ബി. എസ്. മുഞ്ചെ 1931 ൽ ഇറ്റാലിയൻ ഫാസിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന മുസ്സോളിനിയെ സന്ദർശിക്കുകയും അയാളുടെ ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എഡുക്കേഷനിൽ ആകൃഷ്ടനാവുകയും ചെയ്തു. ഈ അക്കാദമിയിൽ പരിശീലിപ്പിക്കപ്പെട്ട അർദ്ധ സൈനിക സ്വഭാവമുള്ള തവിട്ടുകുപ്പായക്കാരായ ലുമ്പൻ (lumpen) ഗുണ്ടകളിൽ തല്പരനായതുകൊണ്ടാണ് 1937 ൽ നാസിക്കിൽ മുഞ്ചെയുടെ നേതൃത്വത്തിൽ ബോൺസാലെ സൈനിക സ്കൂൾ സ്ഥാപിക്കുന്നത്. സെന്റ്രൽ ഹിന്ദു മിലിറ്ററി എഡ്യുക്കേഷൻ സൊസൈറ്റിയുടെ പേരിൽ സ്ഥാപിതമായ ഈ സൈനിക സ്കൂളിൽ നിന്നാണ് ഭീകരപ്രവർത്തനങ്ങൾക്കാവശ്യമായ ഹിന്ദുത്വ ഗുണ്ടകളെ പരിശീലിപ്പിച്ചെടുത്തത്. 2008 ലെ മാലേഗാവ് സ്ഫോടനങ്ങളിൽ പങ്കെടുത്ത ഹിന്ദുത്വ ഭീകരസംഘങ്ങൾക്ക് ബോൺസാലെ സ്കൂളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കാർകറെ കണ്ടെത്തുകയുണ്ടായി. ഇപ്പോൾ മോദിയുടെ രണ്ടാം വരവിനെ തുടർന്ന് ഇന്ത്യൻ പട്ടാളക്കാരെ വാർത്തെടുക്കുന്നതിന് ആർഎസ്എസ്സ് സൈനിക സ്കൂൾ ആരംഭിക്കാൻ തീരുമാനമെടുത്തിട്ടുള്ളത് ഈ ബോൺസാലെസ് സ്കൂളിന്റെ തുടർച്ചയാണ്. 2020 ഏപ്രിൽ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാനിരിക്കുന്ന ആർഎസ്എസ്സ് സൈനിക സ്കൂൾ ഇന്ത്യൻ സൈന്യത്തിന്റെ തുറന്ന കാവിവൽക്കരണത്തോടൊപ്പം, ഹിന്ദുത്വ ഫാസിസത്തിന്റെ ഗുണപരമായ ഒരു ഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഹിറ്റ്ലറുടെ ആര്യവംശ ശുദ്ധിയും വെള്ളക്കാരന്റെ മഹത്വവും അതേപടി ഉയർത്തിപ്പിടിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള വിനീത വിധേയത്വം കൈമുതലായിരിക്കുകയും മുസ്ലീം ജനങ്ങളെ ആജന്മ ശത്രുക്കളായി കരുതിപ്പോരുകയും ചെയ്തിട്ടുള്ള ആർഎസ്എസ്സ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും തുടക്കം മുതലേ വിട്ടുനിൽക്കുകയായിരുന്നു. ദീർഘകാലം ഇന്ത്യയുടെ മുഖ്യധാര രാഷ്ട്രീയ മണ്ഡലത്തിനു പുറത്തായിരുന്നു അതിന്റെ സ്ഥാനം. ഗാന്ധി വധത്തിൽ ആരോപണവിധേയരായതോടൊപ്പം, ഭരണഘടനക്ക് പകരം മനുസ്മൃതി മതിയെന്ന് തീർത്ത് പറഞ്ഞ സവർണ്ണ ബ്രാഹ്മണ്യ സംഘടനയായ ആർഎസ്എസ് ജനാധിപത്യത്തിനും സമത്വത്തിനും എക്കാലവും എതിരായിരുന്നു. ഒരു ഭീകര സംഘടനയെന്ന നിലയിൽ മൂന്ന് പ്രാവശ്യം നിരോധിക്കപ്പെട്ട ആർഎസ്എസിനു മുഖം രക്ഷിക്കാൻ അവസരം ഉണ്ടാക്കിയത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ ഇടപെടലായിരുന്നു. ഇതോടെ മുഖ്യധാരയിൽ ബിജെപിക്ക് രൂപം നൽകുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങൾ ശക്തമാക്കുകയും ചെയ്തു. ഇതാകട്ടെ രഹസ്യവും പരസ്യവുമായ ഭീകരപ്രവർത്തനവും, പരസ്യപ്രവർത്തനവും നടത്തുന്ന നൂറുകണക്കിനു സംഘടനകളിലൂടേയും തീവ്രവലത് സാമ്പത്തിക ദർശനത്തിലൂടേയുമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനോടുള്ള വിനീത വിധേയത്തിലൂടെ ഇന്ത്യയുടെ സമസ്ത മേഖലകളിലേക്കും കടന്നുകയറിയ ആർഎസ്എസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായി വളർന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിൽ വമ്പിച്ച കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ പിൻബലത്തിൽ, എണ്ണമറ്റ കാവിസംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും അത് രൂപം നൽകിയിട്ടുണ്ട്.
മുഖ്യധാരയിൽ പ്രവേശനമില്ലാതിരുന്ന അവസ്ഥയിൽ നിന്നും 1970കളുടെ മധ്യത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പ്രധാന ഘടകങ്ങളിലൊന്നായി ആർഎസ്എസ് കടന്നുവരുന്നത്, സാമ്രാജ്യത്വം നവഉദാരവൽക്കരണം ആശ്ലേഷിച്ച ചരിത്രസാഹചര്യത്തിൽ കൂടിയാണെന്നതും പ്രാധാന്യമർഹിക്കുന്നു. സാമ്രാജ്യത്വം അഭിമുഖീകരിച്ച അതീവ ഗുരുതരമായ പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യയും അക്കാലത്ത് അഭൂതപൂർവ്വമായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയും രാജ്യത്തെ എല്ലാ സാമൂഹ്യ വൈരുദ്ധ്യങ്ങളും തീഷ്ണമാവുകയും ചെയ്തിരുന്നു. തീർച്ചയായും ഇന്ത്യൻ ദല്ലാൾ ഭരണകൂടത്തിന്റെ ഈ പ്രതിസന്ധിയോടുള്ള പ്രതികരണം എന്ന നിലക്കാണ് 1975 ലെ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ നോക്കിക്കാണേണ്ടത്. സോവിയറ്റ് യൂണിയനോടുള്ള ഇന്ദിരാഗാന്ധിയുടെ അക്കാലത്തെ ആഭിമുഖ്യം നിമിത്തം കമ്മ്യൂണിസ്റ്റ് വിരുദ്ധത ജന്മസ്വഭാവമായുള്ള തീവ്ര-വലത് ആർഎസ്എസ്സിന് അമേരിക്കൻ പിന്തുണയോടെ അടിയന്തിരാവസ്ഥാ വിരുദ്ധ കാമ്പയിൻ നടത്താൻ കഴിഞ്ഞു. അതേസമയം, അടിയന്തിരാവസ്ഥ അവസാനിക്കുകയും 1980ൽ ഇന്ദിരാഗാന്ധി തിരിച്ച് അധികാരത്തിൽ എത്തുകയും ചെയ്തതോടെ, അമേരിക്കൻ തിട്ടൂരങ്ങൾക്ക് പൂർണ്ണമായി കീഴടങ്ങുംവിധം അതിഭീമമായ ഒരു ഐഎംഎഫ് വായ്പ കർശനമായ തീവ്രവലത് ഉപാധികളോടെ സ്വീകരിക്കാൻ അവർ നിർബന്ധിതരായി. ഇപ്രകാരമുള്ള ഇന്ത്യൻ ഭരണവ്യവസ്ഥയുടെ ആത്യന്തം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് ബിജെപിയ്ക്ക് രൂപം കൊടുത്തുകൊണ്ട് ഇന്ത്യൻ ഭരണകൂടാധികാരം പിടിക്കുന്നതിനുള്ള ചടുല നീക്കങ്ങൾക് ആർഎസ്എസ് മുന്നിട്ടിറങ്ങിയത്. തുടർന്ന് വന്ന ഘട്ടത്തിൽ കോഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളെ വിദഗ്ദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് താരതമ്യേന കുറഞ്ഞൊരു കാലത്തിനുള്ളിൽ ആർഎസ്എസ് രാഷ്ട്രീയ അധികാരം പിടിച്ചെടുത്തത്.
തീർച്ചയായും സുപ്രധാനമായ നിരവധി നാഴികകല്ലുകളാൽ അടയാളപ്പെടുത്തപ്പെട്ടവയാണ് ആർഎസ്എസ്സിന്റെ അധികാരത്തിലേയ്ക്കുള്ള ഈ പാത. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുശേഷം തുടക്കമിട്ട രാമജന്മഭൂമി പ്രസ്ഥാനം, 1992 ൽ ബാബറി മസ്ജിദ് തകർക്കൽ, 1990കളുടെ അവസാനം വാജ്‌പേയി നയിച്ച ബിജെപി ഭരണം, 2002ലെ ഗുജറാത്ത് കൂട്ടക്കൊല, 2014ലെ ഒന്നാം മോദി ഭരണം, 2019ലെ കൂടുതൽ കരുത്തോടെ മോദിയുടെ രണ്ടാം വരവ് എങ്ങിനെ അവ കൃത്യമായി തിരിച്ചറിയാവുന്നതാണ്. രണ്ടാം മോദി ഭരണത്തോടെ ഇന്ത്യയിലെ ഫാസിസവൽകരണം ഗുണപരമായ ഒരു ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുന്നതിന് ആവശ്യമായ ഭരണഘടനാപരവും ഭരണപരവുമായ എല്ലാ നിലമൊരുക്കലും പൂർത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിൻപ്രകാരം, മോദി നേതൃത്വം കൊടുക്കുന്ന കോർപ്പറേറ്റ് കാവി ഭരണം 370-ആം വകുപ്പ് റദ്ദ് ചെയ്ത് കാശ്മീരിനെ സൈനികമായി ഉദ്ഗ്രദിക്കുന്നതിന് പുറമെ ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദുകോഡ് അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കവും നടന്നുവരുന്നു. ഇതിനെല്ലാം പുറമെയാണ് ആസ്സാം മോഡൽ പൗരത്വപട്ടിക ദേശവ്യാപകമാക്കിയും പൗരത്വഭേദഗതി നിയമങ്ങളിലൂടെയും മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരോ, പൗരത്വമി്ല്ലാത്തവരോ ആക്കുന്നതും അതുവഴി നാലുകോടിയോളം പേരെ തടങ്കൽ പാളയത്തിലാക്കാനുള്ള ഹീനനീക്കവും മോദി ഭരണം ആവിഷ്‌കരിച്ചിട്ടുള്ളത്. അതോടനുബന്ധിച്ച് കോർപ്പറേറ്റ്, കാവി ഫാസിസത്തിന്റെ തനതു സവിശേഷതകളായ മുസ്ലീം ജനങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും എതിരായ കടന്നാക്രമണം, മർദ്ദിത ജാതികളെ നിർബന്ധിതമായി ഹിന്ദുത്വബ്രാഹ്മണ്യത്തിന് കീഴ്‌പെടുത്തൽ, ആധുനികതയുടെയും ശാസ്ത്രീയ -യുക്തി ചിന്തയുടെയും നിരാകരണം, പ്രാകൃത ആചരങ്ങളും വിജ്ഞാന വിരോധവും പ്രോത്സാഹിപ്പിക്കൽ, വിയോജിക്കുന്നതുപോലും രാജ്യദ്രോഹകുറ്റമാക്കൽ, താരാരാധനയും വരേണ്യതയും വളർത്തിയെടുക്കൽ, കമ്മ്യൂണിസ്റ്റ് വിരുദ്ധത, സർവോപരി കോർപ്പറേറ്റ് ഫിനാൻസ് മൂലധനത്തോടുള്ള സമ്പൂർണ്ണവിധേയത്വം എന്നിവയെല്ലാം പ്രകടമായിക്കൊണ്ടിരിക്കുന്നു
അതേസമയം, ആർ എസ് എസിനെ ഇന്ത്യയുടെ ഭരണകൂടാധികാരത്തിലേക്കെത്തിച്ച കാൽനൂറ്റാണ്ടുകാലത്തെ നവ ഉദാരപ്രക്രിയയെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വം സുഗമമാക്കിയത് സുപ്രധാനമാണെന്ന് നാം തിരിച്ചറിയണം. 1980ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ തന്നെ സംഘപരിവാറിനോടുള്ള മുൻ നിലപാട് തിരുത്തുന്നതിന്റെ പരസ്യപ്രതികരണമെന്നോണം ആർഎസ് എസ് തലവൻ ദേവരശ് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് അധികാരമേറ്റെടുത്ത രാജീവ് ഗാന്ധിയാണ് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസം നടത്തുന്നതിന് ഹിന്ദുത്വശക്തികൾക്ക് അനുവാദം നൽകിയത്. 1984 മുതൽ ധർമ്മ സൻസദ്, ബജ്രംഗ്ദൾ, ദുർഗ്ഗാവാഹിനി തുടങ്ങിയ തീവ്രഹിന്ദുത്വസംഘടനകളിലൂടെ കാവിശക്തികൾ രാജ്യമാസകലം വർഗ്ഗീയവിഷം ചീറ്റിയും വർഗീയകലാപങ്ങൾ സംഘടിപ്പിച്ചും അയോധ്യ വിമോചനക്യാമ്പയിന് തുടക്കമിട്ടപ്പോൾ കേന്ദ്രഭരണം കൈയ്യാളിയിരുന്ന കോൺഗ്രസ് കാഴ്ചക്കാരനായി നിൽക്കുകയും ഹിന്ദുവികാരത്തെ തങ്ങൾക്ക് അനുകൂലമായി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന് അടിത്തറ പണിയാനുള്ള വിശ്വഹിന്ദുപരിഷത്തിന്റെ രാമശിലാ സമാഹരണത്തിന് കോൺഗ്രസ് ഭരണം എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതിന്റെ തുടർച്ചയായി 1989ൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ അനുവാദം നൽകുകയും ചെയ്തു. 1980കളുടെ മധ്യം മുതൽ കാവിശക്തികളുടെ ശക്തിസമാഹരണത്തിനായി മറുനാടൻ ഹിന്ദുത്വവാദികളെ ഐക്യപ്പെടുത്തുന്നതിനായി നിരവധി അന്താരാഷ്ട്രസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയപ്പോഴും മൃദുഹിന്ദുത്വവാദിയായ കോൺഗ്രസ് അവർക്ക് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. മണ്ഡൽ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, അദ്വാനിയുടെ രഥയാത്ര ബീഹാറിൽ തടയുമ്പോഴേയ്ക്ക് കോൺഗ്രസ് ഭരണത്തിന്റെ അറിവോടെതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗ്ഗീയകലാപങ്ങൾ അപരിഹാര്യമായ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചു കഴിഞ്ഞിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാന തെരഞ്ഞടുപ്പുകളിൽ ബിജെപി വൻഭൂരിപക്ഷം നേടിയത് അതിന്റെ പ്രതിഫലനമായിരുന്നു. തീർച്ചയായും ഇന്ത്യയിലെ നെഹ്‌റുവിയൻ നയങ്ങൾക്ക് അന്ത്യം കുറിച്ച് പൂർണ്ണമായ നവഉദാര വൽക്കരണത്തിലേയ്ക്ക് ചുവടുമാറ്റം നടത്തിയ റാവു-മന്മോഹൻ സിംഗ് ഭരണം തന്നെയാണ് ബാബറി മസ്ജിദ് തകർക്കുന്നതിന് ഹിന്ദുത്വശക്തികൾക്ക് സുരക്ഷാകവചം ഒരുക്കിക്കൊടുത്തതെന്നത് യാദൃശ്ചികമായിരുന്നില്ല. ഈ സമയമാകുമ്പോഴേയ്ക്ക് ഭരണകൂടാധികാരം പിടിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ഉപകരണമായി രാമനെ ആർഎസ്എസ് പരിവർത്തിച്ചു കഴിഞ്ഞിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ മോദിക്ക് അമേരിക്ക പത്തുവർഷക്കാലം വിസ നിഷേധിച്ചിട്ടുപോലും ഏതാണ്ട് അതേ കാലത്ത് പത്ത് വർഷം തുടർച്ചയായി ഇന്ത്യയെ ഭരിച്ച യുപിഎ സർക്കാർ അതിന്റെ മൃദുഹിന്ദുത്വ സമീപനം നിമിത്തം നരഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ ഫലപ്രദമായ ഒരു നടപടിയും
കൈകൊണ്ടില്ല. വളരെ ചുരുക്കത്തിൽ മൃദുഹിന്ദുത്വ സമീപനങ്ങളിലൂടെ കോൺഗ്രസ് സ്വയം അതിന്റെ ശവക്കുഴി തോണ്ടിയപ്പോൾ ആർഎസ്എസും ബിജെപിയും പ്രതിനിധാനം ചെയ്ത തീവ്ര ഹിന്ദുത്വം അന്തിമ വിജയം കരസ്ഥമാക്കുകയാണുണ്ടായത്.
ഇന്ത്യൻ ഫാസിസത്തെ തീർച്ചയായും ഇവിടുത്തെ ചരിത്രസാഹചര്യവും ഇന്ത്യയുടെ സമൂർത്ത രാഷ്ട്രീയ പരിവർത്തനവും പരിഗണനയിലെടുത്തുകൊണ്ട് വിലയിരുത്തേണ്ടതുണ്ട്. ഏതൊരു സാമൂഹ്യപ്രതിഭാസവും വികസിക്കുമ്പോഴും ആ പ്രദേശത്തെ സാമൂഹ്യ രൂപവത്ക്കരണങ്ങൾക്കും അവിടുത്തെ തനതു സവിശേഷതകൾക്കും അനുസൃതമായിട്ടായിരിക്കും അനുഭവപ്പെടുകയെന്നത് പ്രാഥമിക മാർക്സിസ്റ്റ് പാഠമാണ്. കോർപ്പറേറ്റ് ഫിനാൻസ് മൂലധനത്തിന്റെ സർവ്വാധിപത്യമാണ് ഫാസിസത്തിന്റെ അടിത്തറയെന്നത് അതിന്റെ സാർവത്രികസ്വാഭാവമാണ്. എന്നാൽ നിർദ്ദിഷ്ട സാഹചര്യങ്ങൾക്കും കാലദേശ വ്യതിയാനങ്ങൾക്കും അനുസൃതമായി അതിന്റെ രൂപങ്ങളിൽ മാറ്റമുണ്ടാകും. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നില്ലെങ്കിൽ ഫാസിസത്തിനെതിരായ ജനകീയ
സമരം വികസിപ്പിക്കുന്നതിനെ ദോഷകരമായി ബാധിക്കും.
ഉദാഹരണത്തിന് കോമിന്റേർണിന്റെ 7-ആം കോൺഗ്രസിലെ സമാപന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ദിമിത്രോവ് തന്നെ ചൂണ്ടിക്കാട്ടിയത് കൊളോണിയൽ അർദ്ധകൊളോണിയൽ രാജ്യങ്ങളിൽ ഫാസിസത്തിന്റെ
വികാസം സാമ്രാജ്യത്വരാജ്യങ്ങളിൽ നിന്ന് മൗലീകമായി വ്യത്യസ്തമായിരിക്കുമെന്നാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് “ഈ രാജ്യങ്ങളിൽ മുതലാളിത്തരാജ്യങ്ങളായ ജർമ്മനിയിലേയും ഇറ്റലിയിലേയും തരത്തിലുള്ള ഫാസിസത്തിന് ഒരു പ്രസക്തിയുമില്ല“ എന്നാണ്. മറിച്ച്, പിന്നോക്കരാജ്യങ്ങളിലെ സമൂർത്ത സാമ്പത്തികരാഷ്ട്രീയ ചരിത്ര സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരിക്കും അവിടങ്ങളിൽ ഫാസിസം ആവിർഭവിക്കുക. ഈ സാഹചര്യത്തിൽ ഹിന്ദുത്വ ഫാസിസത്തെ ഇവിടത്തെ
ദേശീയ സാഹചര്യമായിട്ടുള്ള കോർപ്പറേറ്റ് ഫിനാൻസ്
മൂലധനത്തിന്റെ ഉദ്ഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി നിലപാടെടുക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീർച്ചയായും ആർ.എസ്.എസ്. പ്രക്ഷേപിക്കുന്ന ആക്രമണ ഹിന്ദുത്വദേശീയത ഒരു ഹിന്ദു മതരാഷ്ട്ര രൂപീകരണത്തെ ലക്ഷ്യമാക്കിയുള്ളതാണ്. ആർ.എസ്.എസിന്റെ ദേശീയത
ബൂർഷ്വാ ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ആക്രമണയുദ്ധമടക്കം നടത്തിയ നാസിഫാസിസത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അതായത്, ഹിന്ദുത്വഫാസിസം സാമ്രാജ്യത്വത്തിന് പാദസേവചെയ്യുന്ന, ദേശീയതാത്പര്യങ്ങളെ ഒറ്റുകൊടുക്കുന്ന കപട ദേശീയതയാണ് പേറുന്നത്. കൊളോണിയൽ – പുത്തൻകൊളോണിയൽ അടിച്ചമർത്തലിനും കൊള്ളയ്ക്കും വിധേയമായതിന്റെ ദീർഘചരിത്രമുള്ള ആഫ്രോ-ഏഷ്യൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയതയും രാജ്യസ്‌നേഹവും കൊളോണിയൽ സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുമായി ഇഴുകിചേർന്നതാണ്. ഒന്നുകൂടി വിശദമാക്കിയാൽ സാമ്രാജ്യത്വവിരുദ്ധത ഈ രാജ്യങ്ങളിലെ ദേശീയതയിൽനിന്നും ഇഴ പിരിച്ചെടുക്കാനാകാത്തതാണ്. കൊളോണിയൽ കാലത്തോ, യുദ്ധാനന്തര പുത്തൻകൊളോണിയൽ കാലത്തോ അപ്രകാരമുള്ള ഒരു സ്വതന്ത്ര ദേശീയ മുതലാളിത്ത വികാസത്തിനായി ആർ.എസ്.എസ്. നിലപാടെടുത്തതിന്റെ ഒരു സൂചനപോലുമില്ല. നേരെ മറിച്ച് കൊളോണിയൽ കാലത്തെ ബ്രിട്ടീഷ് പാദസേവയിലൂടെയും പുത്തൻ കൊളോണിയൽ കാലത്തെ അമേരിക്കൻ പാദസേവയിലൂടെയും തുറന്നു കാട്ടപ്പെട്ടിട്ടുള്ളത് അനുസരിച്ച് തുടക്കം മുതൽ ദേശീയതയെ ഒറ്റുകൊടുത്ത ചരിത്രമാണ് ആർ.എസ്.എസിന്റേത്. ഇന്ത്യയിലിന്ന് അതിന്റെ നിയന്ത്രണറ്റ്തിലുള്ള ഭരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്ര വലത് സ്വഭാവമുള്ള നവഉദാര കോർപ്പറേറ്റ് വൽക്കരണം അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള വിനീത വിധേയത്വത്തിന്റെ അടിസ്ഥതിലുള്ളതാണ്. അതിന്റെ സാംസ്കാരിക ദേശീയത ആഗോള ഫിനാൻസ് മൂലധനത്തെ സേവിക്കുന്നതിനുള്ള ഒരു പുകമറ മാത്രമാണ് ആർ.എസ്.എസ്. ഈ കപട ദേശീയതയ്ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധസ്വഭാവമുള്ള പുരോഗമനപരവും ജനാധിപത്യപരവുമായ യഥാർത്ഥ ദേശീയതയാണ് ഫാസിസ്റ്റ് വിരുദ്ധസമരത്തിൽ ഉയർത്തിപ്പിടിക്കേണ്ടത്. പുരോഗമന
ജനാധിപത്യപരവും മതേതര സ്വഭാവമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഈ ദേശീയതയിൽ ഊന്നിവേണം ഇന്ന് തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീകളുടെയും ദലിത് ആദിവാസി ജനതകളുടെയും മതന്യൂനപക്ഷങ്ങളുടെയും മറ്റെല്ലാ മർദ്ധിതരുടെയും
ഫാസിസ്റ്റ് വിരുദ്ധഐക്യനിര പടുത്തുയർത്തേണ്ടത്.
ഇന്ത്യൻ ഫാസിസത്തെ കൂടുതൽ വിഷലിപ്തവും അപകടകരവുമാക്കുന്നത് ഏറ്റവും പ്രതിലോമകരമായ ബ്രാഹ്മണിക് ഹിന്ദുത്വ മേധാവിത്വത്തിലൂന്നിയ
അതിന്റെ പ്രത്യയശാസ്ത്രപരമായ ഊന്നലാണ്. അതിൻ പ്രകാരം, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും പൗരാവകാശങ്ങളോ ജനാധിപത്യ അവകാശങ്ങളോ ഇല്ലാത്ത മർദ്ദിത ജാതികളിലും കീഴ് ജാതികളിലും ഉൾപ്പെട്ട ‘അധമ‘ന്മാരാണ്. മോദി ഭരണത്തിൽ ദലിതർക്കും ഇതര മർദ്ദിത ജാതിയിൽപ്പെട്ടവർക്കുമെതിരെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഏറ്റവും ഹീനമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരസ്യമായി തല്ലിക്കൊല്ലൽ, കൂട്ടബലാത്സംഗങ്ങൾ, ദുരഭിമാന കൊലകൾ, ഉന്നത ഗവേഷണസ്ഥാപനങ്ങളിൽപോലും ദലിതർക്കെതിരെ നടക്കുന്ന കൊലകൾ തുടങ്ങിയ വിവിധ രൂപങ്ങളിൽ ഈ അതിക്രമങ്ങൾ ഇന്ന് പ്രകടമാണ്. ഒരു ഭാഗത്ത് സ്വന്തം വോട്ടുബാങ്ക് ഉറപ്പിക്കുന്നതിന് സ്വത്വരാഷ്ട്രീയം വിദഗ്ദമായി ഉപയോഗപ്പെടുത്തുന്ന ആർ.എസ്.എസ്, മറുഭാഗത്ത് വിശാല ഹിന്ദുത്വത്തിലേയ്ക്ക് താഴ്ന്ന ജാതികളെ നിർബന്ധിതമായി ഉദ്ഗ്രഥിക്കുന്ന പണിയും നടപ്പാക്കി വരുന്നു. അതായത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തോടൊപ്പം കാവിശക്തിളുടെ ഭൂരിപക്ഷ അജണ്ടയ്ക്കനുസൃതമായി ജാതി പാർട്ടികളെയും സംഘടനകളെയും അപനിർമ്മിക്കുന്ന ഏർപ്പാടും സജീവമാക്കുന്നുണ്ടെന്നർത്ഥം. ആയതിനാൽ ഇന്ത്യയുടെ സവിശേഷസാഹചര്യത്തിൽ ജാതി ഉന്മൂലനം അടക്കം ഉചിതമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ ഇടപെടലുകൾക്കൊപ്പം കോർപ്പറേറ്റ് മൂലധനാധിപത്യത്തിനെതിരായ വിട്ടുവീഴ്ചയി്ല്ലാത്ത പോരാട്ടം ഏറ്റെടുത്തുകൊണ്ടേ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയൂ. ഒന്നു കൂടി വിശദമാക്കിയാൽ, ഫാസിസത്തിനെതിരെ രാഷ്ട്രീയ – സാമ്പത്തിക – സാമൂഹിക – സാംസ്‌കാരിക മണ്ഡലങ്ങളിൽ നടക്കേണ്ട ഇടപെടലുകൾ ഇന്ത്യയുടെ സമൂർത്ത സാഹചര്യങ്ങളെ ശാസ്ത്രീയമായ വിശകലനം ചെയ്തുകൊണ്ടായിരിക്കണം.
1930 കളിൽ, രണ്ട് സാമ്രാജ്യത്വ രാജ്യങ്ങളായ ഇറ്റലിയും ജർമ്മനിയും ഫാസിസം ആശ്ലേഷിച്ചപ്പോൾ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന് പ്രത്യയശാസ്ത്ര – രാഷ്ട്രീയ നേതൃത്വം നൽകാൻ കോമിന്റേണും സോവിയറ്റ് യൂണിയനുമുണ്ടായിരുന്നു. എന്നാൽ ഇന്ന് യൂറോപ്യൻ ഫിനാൻസ് മൂലധനത്തിന്റെ രക്ഷാകർതൃത്വത്തിൽ അവിടെ ഏകദേശം 10 നവനാസി പാർട്ടികൾ അധികാരത്തിലിരിക്കുന്നു. അവരാകട്ടെ തൊഴിലാളി വർഗത്തിനും അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമെതിരെ ഒരു അഖിലയൂറോപ്യൻ ഫാസിസ്റ്റ് സഖ്യത്തിനും രൂപം കൊടുത്തുകഴിഞ്ഞു. അതോടൊപ്പം യൂറോപ്യൻ ഫാസിസം ഉദയം ചെയ്ത യുദ്ധപൂർവ്വ ഘട്ടത്തെ അപേക്ഷിച്ച്, വർത്തമാന നവഉദാരഘട്ടത്തിൽ ഫിനാൻസ് മൂലധനം സാർവദേശീയവത്കരണത്തിന് വിധേയമായിരിക്കുന്നു. തൻനിമിത്തം, മൂലധന സമാഹരണവുമായി ബന്ധപ്പെട്ട ജീർണതയും പരാന്നസ്വഭാവവും ഊഹമേഖലയുടെ വികാസവും പ്രതിലോമപരതയും സൈനികപരതയും അടിച്ചമർത്തലുമെല്ലാം നിരവധി മടങ്ങ് ശക്തമാകുകയും പുതിയ മാനങ്ങൾ ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു. നേരെ മറിച്ച് പ്രത്യയശാസ്ത്ര – രാഷ്ട്രീയ ദൗർബല്യങ്ങളാൽ, ഇടതു പക്ഷത്തെ സംബന്ധിച്ചേടത്തോളം ഇന്നത്തെ ഫാസിസ്റ്റ്ഭീഷണിയെ വസ്തുനിഷ്ടമായി അപഗ്രഥിക്കുന്നതിനും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും പരിമിതികൾ നേരിടുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകൾ വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ ഇവിടെയും ഫാസിസ്റ്റ് വിരുദ്ധസമരത്തിന്റെ നേതൃശക്തിയായി മാറുന്നതിന് ഇനിയും ഇടത്പക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധസമരത്തിലെ നേതൃത്വത്തെയും ഫാസിസ്റ്റ് വിരുദ്ധമുന്നണിയിലെ ഘടകശക്തികളെ സമ്പന്ധിച്ചും വ്യക്തത ആവശ്യമാണ്. കോമിന്റേൺ ഏഴാം കോൺഗ്രസിൽ ദിമിത്രോവിന്റെ നിരീക്ഷണങ്ങൾ ഈ സന്ദർഭത്തിൽ വളരെ പ്രസക്തമാണ്. ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ സാമ്രാജ്യത്വ ബൂർഷ്വാസി ഉൾപ്പെടുന്നതിനെ സംബന്ധിച്ച് സന്ദേഹങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. സാമ്രാജ്യത്വ ബൂർഷ്വാസി നേരിട്ട അതീവഗുരുതരമായ പ്രതിസന്ധി മറികടക്കുന്നതിനാണല്ലോ ഫാസിസം ആവിർഭവിച്ചത്. മറ്റൊരുകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്, സോഷ്യൽ ഡോമോക്രാറ്റുകളുടെ വർഗ്ഗസഹകരണ സമീപനത്തെ സംബന്ധിച്ചായിരുന്നു. ബൂർഷ്വാ ഭരണകൂടങ്ങളുമായി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയ്ക്ക് സഖ്യമുണ്ടാക്കേണ്ടിവന്നതിന്റെ ദൗർബല്യം സ്റ്റാലിനും അംഗീകരിച്ചിട്ടുണ്ട്. സ്റ്റാലിന്റെ അഭിപ്രായം, ഫിനാൻസ് മൂലധനത്തിന് കീഴിൽ നടക്കുന്ന മൂലധനസമാഹരണത്തിന്റെ സവിശേഷത ബൂർഷ്വാ ജനാധിപത്യം സ്ഥായിയായി നിലനിർത്തുന്നതല്ലെന്നായിരുന്നു. ഫിനാൻസ് ദുഷ്പ്രഭുത്വവുമായുള്ള ബാന്ധവം നിമിത്തം സോഷ്യൽ ഡെമോക്രസിയെ ഫാസിസത്തിന്റെ ‘മിതവാദ ഘടക’മായി കാണേണ്ടതുണ്ടെന്ന വിമർശനവും സ്റ്റാലിൻ മുന്നോട്ടുവെയ്ക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം, ഹിറ്റ്ലർ ഫാസിസത്തിന്റെ ഭീകരാനുഭവങ്ങൾ കണ്മുന്നിൽ ഉണ്ടായിട്ടും, അമേരിക്കൻ പുത്തൻ അധിനിവേശ ക്രമത്തിന്റെ ഭാഗമായി വിവിധരാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച സൈനിക സ്വേച്ഛാധിപത്യഭരണങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ സ്റ്റാലിന്റെ വിലയിരുത്തൽ ശരിയായിരുന്നുവെന്ന് കാണാം.
നവ ഉദാരകാലത്തെ ഫാസിസ്റ്റ് കടന്നാക്രമണം നടക്കുന്നത് കോർപ്പറേറ്റ് മൂലധനത്തിന്റെ നടത്തിപ്പുകാരായ സാമ്രാജ്യത്വ ബൂർഷ്വാസിയും ദല്ലാൾ ബുർഷ്വാസിയും കോർപ്പറേറ്റ് വൽക്കരണത്തിന്റെ മാപ്പ്സാക്ഷികളായ സോഷ്യൽ ഡെമോക്രാറ്റുകളും കൂടുതൽ ജീർണ്ണീക്കുകയും ഉപരിഘടനയിലെ പ്രത്യയശാസ്ത്ര സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ അത് പ്രകടമാകുകയും
ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്. ഈ സവിശേഷസാഹചര്യത്തിൽ, ഫാസിസ്റ്റ് വിരുദ്ധമുന്നണിയിലെ സ്ഥായിയായ സുഹൃത്തുക്കളെ ശത്രുക്കളിൽ നിന്ന് കൃത്യമായി വേർതിരിക്കാനും സോഷ്യൽ ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗങ്ങളെ കൂടി നേടിയെടുക്കാനും കഴിയുന്ന ശ്രദ്ധാപൂർവ്വമായ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കാൻ കമ്മ്യൂണിസ്റ്റുകാർ ബാധ്യസ്ഥരാണ്. ഫാസിസ്റ്റ്ഭരണത്തിനെതിരെ നാനാരൂപങ്ങളിൽ ജനങ്ങൾ മുന്നോട്ട് വരുന്നുണ്ട്. എന്നാൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസാകട്ടെ ശിഥിലീകരണത്തിന്റെ പാതയിലാണ്. കോൺഗ്രസിനൊപ്പം ഇതര ഭരണവർഗ്ഗ പാർട്ടികളും സോഷ്യൽഡെമോക്രാറ്റിക് നേതൃത്വവും ഫാസിസത്തിന് അടിസ്ഥാനമായിട്ടുള്ള
കോർപ്പറേറ്റ്വൽക്കരണ പക്ഷത്തേയ്ക്ക് ചുവടുമാറ്റം നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാല അനുഭവങ്ങളിൽനിന്നും പാഠങ്ങൾ പഠിക്കുന്നതോടൊപ്പം ഇന്ത്യയുടെ സമൂർത്ത സാഹചര്യങ്ങളെയും വർത്തമാന ലോകയാഥാർത്ഥ്യങ്ങളെയും വസ്തുനിഷ്ടമായി വിലയിരുത്തിക്കൊണ്ട് മാത്രമേ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റം കെട്ടിപ്പടുക്കാനാകൂ. ഉദാഹരണത്തിന്, മതം അതിൽതന്നെ ഫാസിസ്റ്റാണെന്ന വാദഗതി നമുക്ക് അംഗീകരിക്കാനാവില്ല. അതേ സമയം എല്ലായിടത്തും ഭൂരിപക്ഷമതത്തെ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയാക്കുന്നതിൽ ഫിനാൻസ് മൂലധനം വിജയിക്കുന്നതായും കാണാനാകും. അമേരിക്കയിൽ ഇവാൻജലിസവും പശ്ചിമേഷ്യയിൽ രാഷ്ട്രീയ ഇസ്ലാമും ഇന്ത്യയിൽ ഹിന്ദുത്വവും ദക്ഷിണപൂർവ്വേഷ്യയിൽ ബുദ്ധിസവും ഉദാഹരണങ്ങളാണ്. ഇക്കാരണത്താൽ, മതന്യൂനപക്ഷങ്ങൾകെതിരായ ഫാസിസ്റ്റ് അടിച്ചമർത്തൽ ഇന്നൊരു വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ്. അക്കാരണത്താൽ, എല്ലാ മതങ്ങളിലേയും തീവ്രവാദ – മത – മൗലികവാദ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, മർദ്ദിത – മതന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഫാസിസ്റ്റ് വിരുദ്ധജനാധിപത്യ ശക്തികളുടെ
കടമയാണ്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ, പൗരത്വ ഭേദഗതി ബില്ലിലൂടെയും മറ്റും ഫാസിസ്റ്റുകൾ തെരഞ്ഞ്പിടിച്ച് ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയാണ് എന്ന കാര്യം ഗൗരവപൂർവ്വം കാണേണ്ടതുണ്ട്.
അപ്രകാരം, പാർട്ടിയുടെ പതിനൊന്നാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ തുടർച്ചയായും രണ്ടാം മോദി ഭരണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടും കോർപ്പറേറ്റ് – കാവി ഫാസിസത്തിനെതിരായ സമരത്തിൽ പോരാടുന്ന ഇടത് ശക്തികളുടെ വിപ്ലവകരമായ ഐക്യത്തിനാണ് കേന്ദ്രസ്ഥാനം. ഫാസിസത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരെ ഫലപ്രദമായ ചെറുത്തുനില്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിപ്പടുക്കുന്ന ജനകീയ മുന്നേറ്റങ്ങളുടേയും വർഗ്ഗബഹുജനപ്രസ്ഥാനങ്ങളുടെയും അടിത്തറയിലേ പോരാടുന്ന ഇടത് ശക്തികളുടെ ഇപ്രകാരമുള്ള ഒരു മുൻകൈ വളർത്തികൊണ്ടുവരാനാകൂ. ഈ പക്രിയയുടെ തുടക്കമെന്ന നിലയിൽ, ഒരു പൊതു മിനിമം പരിപാടി ആവിഷ്കരിക്കുന്ന ദിശയിൽ പോരാടുന്ന ഇടത് സംഘടനകളുമായി ഒരു തുറന്ന ചർച്ചയ്ക്ക് കേന്ദ്രകമ്മറ്റി മുൻകൈ എടുത്തിട്ടുണ്ട്. സമൂർത്തസാഹചര്യങ്ങൾക്കനുസൃതമായി അഖിലേന്ത്യാ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലും പാർലമെന്ററിപ്രവർത്തനങ്ങളും പാർലമെന്റേതര പ്രവർത്തനങ്ങളും ഏറ്റെടുത്തുകൊണ്ടുള്ളതാകണം ഈ ഇടപെടൽ. ഫാസിസത്തിനെതിരായ ജനപപക്ഷത്ത് നിന്നുള്ള ബദൽ മുന്നോട്ടുവെയ്ക്കാൻ കഴിയുന്ന രാഷ്ട്രീയ മുൻകൈയ്ക്ക് മാത്രമേ, അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വിശാലമായ ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് നേതൃത്വം കൊടുക്കാനാകൂ. പുരോഗമന ജനാധിപത്യശക്തികളുമായി ഇപ്രകാരം ഐക്യപ്പെടുന്നതിന്റെ
തുടർച്ചയായി, ജനകീയ ആവശ്യങ്ങളുടെയും നിർദ്ദിഷ്ടസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അടവുപരമായ പ്രശ്‌നാധിഷ്ടിത സഖ്യങ്ങളിൽ മറ്റു വിഭാഗങ്ങളുമായി ചേർന്ന് സമരങ്ങളിൽ ഏർപ്പെടുന്നതിനുള്ള ശ്രമവും ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. നമ്മുടെ സ്വതന്ത്ര രാഷ്ട്രീയ ഇടപെടലിനുള്ള മണ്ഡലം ഇത് തുറന്നിടുമ്പോൾ തന്ന, ഫാസിസ്റ്റ് വിരുദ്ധ സ്വഭാവമുള്ള കൂടുതൽ കൂടുതൽ ശക്തികളെ നേടിയെടുക്കുന്നതിനും ഭരണവർഗ്ഗങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങൾ ഉപയോഗപ്പെടുത്തി കോർപ്പറേറ്റ് കാവിപക്ഷത്ത് നിൽക്കുന്ന ഏറ്റവും പ്രതിലോമഘടകങ്ങളെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്നതിനും ഈ ഇടപെടൽ സഹായകമാകും. കോർപ്പറേറ്റ് കാവി ഫാസിസത്തെ ചെറുത്തു പരാജയപ്പെടുത്തുന്നതിലും യഥാർത്ഥ ജനാധിപത്യം ജനങ്ങൾ നേടിയെടുക്കുക എന്ന ദീർഘകാല ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ഈ സമീപനം ആവശ്യമാണ്.