1.ആമുഖം :
- മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിലേക്കെത്തിയത് അദ്ധ്യാനിക്കുന്ന, മർദ്ദിത ജനവിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ വെല്ലുവിളിയാണ്. അങ്ങേയറ്റം വലത്തോട്ടേക്കു കൂടുതൽ തീവ്രതയോടെ പോയി എന്ന് മാത്രമല്ല ഫാസിസത്തിന്റെ കാലൊച്ചകൾ നാൾക്ക് നാൾ ഉച്ചത്തിലായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടാം മോദി ഭരണം അധികാരത്തിലേറിയ ശേഷം ആൾകൂട്ട കൊലപാതങ്ങളും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളും പെട്ടെന്ന് തന്നെ വ്യാപകമായി വളർന്നു. ആസ്സാമിലെ പോലെ മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ പട്ടിക പുതുക്കുന്ന പ്രക്രിയ ആരംഭിച്ചുകൊണ്ട്, പേനതുമ്പിൽ ദശലക്ഷക്കണക്കുനു മനുഷ്യരുടെ പൗരത്വ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പുതിയ വിദ്യാഭ്യാസ കരട് നയം പോലുള്ള നടപടികൾ, യുവതലമുറക്ക് മേൽ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ എന്ന പരിപ്രേക്ഷ്യം അടിച്ചേൽപ്പിക്കുവാനും ജനാധിപത്യത്തിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റേയും കടക്കൽ കത്തിവെക്കാനുമുള്ള മൂടുപടമിട്ട ശ്രമമാണ്. എല്ലാ മേഖലയിലുമുള്ള ഫാസിസവൽക്കരണം കൂടുതൽ ആക്രമണോൽസുകതയോടെ നടന്നുകൊണ്ടിരിക്കുന്നു. കൊടിയ ദേശീയ സങ്കുചിത വാദം പ്രചരിപ്പിക്കപ്പെടുന്നതിലൂടെ വർഗ്ഗീയ ഭ്രാന്തിന്റേയും ഭൂരിപക്ഷ വർഗ്ഗീയ അക്രമങ്ങളുടേയും സംസ്കാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിമത ശബ്ദങ്ങളെ മൊത്തത്തിൽ ഞെക്കിക്കൊല്ലുന്നു. 2024 ഓടെ ഇന്ത്യയെ ഹുന്ദ്രുരാഷ്ട്രമാക്കി പരിവർത്തിപ്പിക്കാനുള്ള ഹീന ശ്രമത്തിലാണ് ആർഎസ്സ്എസ്സ് പരിവാരം. അതോടൊപ്പം കോർപ്പറേറ്റ് വൽക്കരണത്തെ അനുസ്യൂതം തീവ്രതരമാക്കുന്ന മോദിയുടെ നവഉദാര സാമ്പത്തിക നയങ്ങൾ വിശാല ജനവിഭാഗങ്ങളുടെ പാപ്പരീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യവൽക്കരിക്കുവാനും കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്തുവാൻ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള നീക്കങ്ങൾ, അമേരിക്കൻ ഭീഷണിക്ക് മുന്നിലെ നിന്ദ്യമായ കീഴടങ്ങൽ, വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ നിരക്ക്, കർഷകരുടെ ദുരിതങ്ങൾ, വഷളായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി ഇവയെല്ലാം തന്നെ അഭൂതപൂർവ്വമായ ഒരു ദുരന്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ 370 ആം അനുഛേദം എടുത്തുകളഞ്ഞുകൊണ്ടും ജമ്മു-കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടുമുള്ള പുതിയ സംഭവവികാസങ്ങൾ കാശ്മീർ ജനതയുടെ ജനാധിപത്യാവകാശങ്ങൾക്ക് മേലുള്ള രണ്ടാം മോദി ഭരണത്തിന്റെ നേരിട്ടുള്ള കടന്നാക്രമണമാണ്. ജനങ്ങളുടെ വിനിമയ ബന്ധങ്ങളും സഞ്ചാരവുമടക്കം പൗരനു ലഭിക്കേണ്ട എല്ലാ സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തും വിധം സംസ്ഥാനത്ത് 144 ഉം കർഫ്യൂകളും അടിച്ചേൽപ്പിച്ചുകൊണ്ട് സമ്പൂർണ്ണമായ സൈനിക അധീനതയിലാണിപ്പോഴും കാശ്മീർ താഴ്വാരം. ഈ നടപടികൾ കാശ്മീർ പ്രശ്നത്തിന് അന്തർദേശീയ മാനം കൊണ്ട് വന്നപ്പോൾ തന്നെ, ഇത് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് മോദി ആവർത്തിച്ചുകൊണ്ടിരിക്കുന്നു; ഭരണഘടനയിൽ ഇപ്പോഴും അവശേഷിക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് തന്നെ ഇതൊരു ഭീഷണിയാണ്. പാർട്ടി സംഘടന ഫലപ്രദമായി കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുവാനും സിപിഐ (എംഎൽ) റെഡ്സ്റ്റാറിനെ ശക്തമായ ഒരു പാർട്ടിയായി വികസിപ്പിക്കുവാനും നമുക്കു കഴിഞ്ഞെങ്കിൽ മാത്രമേ ശത്രുവിന്റെ ഈ കാവി-കോർപ്പറേറ്റ് ഫാസിസ്റ്റ് കടന്നാക്രമണത്തെ ഫലപ്രദമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും നമുക്ക് കഴിയൂ.
- പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം, വർത്തമാന സാഹചര്യം വിശകലനം ചെയ്ത ശേഷം, “പാർട്ടി സംഘടനയും വർഗ്ഗ/ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിലും ജനകീയ പ്രസ്ഥാനങ്ങളും വർഗ്ഗ സമരവും വികസിപ്പിക്കുന്നതിലും അടിയന്തിരമായി വ്യാപൃതമാകേണ്ടതിന്റെ” പ്രാധാന്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ തുടർച്ചയായി, രണ്ടാം മോദി ഭരണം അധികാരത്തിൽ വന്ന സാഹചര്യം വിശകലനം ചെയ്തുകൊണ്ട് 2019, ജൂണിൽ ചേർന്ന കേന്ദ്രകമ്മറ്റിയുടെ പ്രമേയം ഇങ്ങിനെ ആവശ്യപ്പെടുകയുണ്ടായി: “നവഉദാരീകരണ/കോർപ്പറേറ്റ് വൽക്കരണ നയങ്ങൾ സാർവ്വത്രികമായി ത്രീവ്രതരമാക്കുന്നതിനേയും എല്ലാമേഖലയേയും ഫാസിസവൽക്കരിക്കുന്നതിനേയും ചെറുക്കുന്നതിനായി, കേന്ദ്ര കമ്മറ്റി ഇങ്ങിനെ ആഹ്വാനം ചെയ്തു: ഒന്നാമതായി, എല്ലാ കമ്മ്യൂണിസ്റ്റുകാരേയും ഐക്യപ്പെടുത്തിക്കൊണ്ടും അതിനായി എല്ലാ തട്ടിലുമുള്ള എല്ലാ പാർട്ടി കമ്മറ്റികളേയും പാകപ്പെടുത്തിക്കൊണ്ട്, വർഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്തിക്കൊണ്ട്, സാഹചര്യങ്ങൾക്കനുസൃതമായി എല്ലാ തട്ടിലും എല്ലാ മേഖലകളിലും ജനകീയ പ്രസ്ഥാനങ്ങൾ വികസിപ്പിച്ചുകൊണ്ടും പാർട്ടി സംഘടന കെട്ടിപ്പടുക്കുവാനുള്ള ദൗത്യം പ്രഥമവും പരമപ്രധാനവുമായും ഏറ്റെടുക്കുക…”. പാർട്ടി കെട്ടിപ്പടുക്കുക എന്ന ദൗത്യം പ്രാഥകിക ദൗത്യമായി ഏറ്റെടുക്കാത്തിടത്തോളം മറ്റൊരു ദൗത്യവും പൂർത്തീകരിക്കാനാകില്ല എന്നത് സ്പഷ്ടമായ കാര്യമാണ്. ഫാസിസവൽകരണം അതിശക്തമായിക്കൊണ്ടേയിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ ഈ ദൗത്യം പരമപ്രധാനമായി മാറിയിട്ടുണ്ട്. വർഗ്ഗ/ബഹുജന സംഘടനകളാലും പ്രസ്ഥാനങ്ങളാലും വലയം ചെയ്യപ്പെട്ടതും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും ശക്തവുമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൻ കീഴിൽ മാത്രമേ വർഗ്ഗസമരം വികസിപ്പിക്കുവാനും ജനകീയ പ്രസ്ഥാനങ്ങളെ ആ ദിശയിൽ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാനും സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് ഐക്യമുന്നണി പ്രവർത്തനങ്ങൾക്ക് മുൻകയ്യെടുക്കാനും വികസിപ്പിക്കുവാനും കഴിയൂ.
- പതിനൊന്നാം പാർട്ടി കൊൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്, സൈദ്ധാന്തിക സമരത്തിന്റെ ആവശ്യകത അടക്കം പാർട്ടി സംഘടന കെട്ടിപ്പടുക്കാനാവശ്യമായ വിവിധ വശങ്ങളെ കുറിച്ച് ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്: “(5), എ, 3: … പത്താം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച സൈദ്ധാന്തിക സമരത്തെ സംബന്ധിച്ച പ്രമേയം ചൂണ്ടിക്കാട്ടിയത് പോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന സൈദ്ധാന്തിക വെല്ലുവിളിയുടെ വ്യാപ്തിയെ പരിഗണിക്കുമ്പോൾ, നമുക്കിതുവരെ ചെയ്യാൻ കഴിഞ്ഞത് നന്നേ ചെറിയ അളവ് മാത്രമാണ്…”. പാർട്ടിയുടെ പരിപാടിപരമായ സമീപനവും, വിപ്ലവത്തിന്റെ പാതയും സംഘടനാ ദൗത്യങ്ങളും നിരന്തരം വികസിപ്പിക്കുന്നതിന് സൈദ്ധാന്തിക സമരം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സവിസ്തരം അത് വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ സംഘടനയുടെ ഇപ്പോഴത്തെ ശക്തിയും സംസ്ഥാന കമ്മറ്റികളുടെ പ്രവർത്തനങ്ങളുടെ പൊതുവായ അവലോകനവും – നമുക്ക് മുൻപിലുള്ള വെല്ലുവിളികളുടെ വ്യാപ്തിയെ പരിഗണിക്കുമ്പോൾ അവ തീർത്തും അപ്രസക്തമാം വിധം ചെറുതാണ് – പാർട്ടി സംഘടന കെട്ടിപ്പടുക്കുവാനുള്ള ദൗത്യം ഊർജ്ജസ്വലതയോടെ ഏറ്റേടുക്കേണ്ടതിന്റെ പ്രാധാനം അടിവരയിടുന്നു.
- കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഏകീകരണം: രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് ചൂണ്ടികാട്ടിയത് പോലെ, ഭരണവർഗ്ഗ ശക്തികളെ ചെറുത്ത് തോല്പിച്ചുകൊണ്ട് ജനാധിപത്യ വിപ്ലവത്തിലേക്കും സോഷ്യലിസത്തിലേക്കും മുന്നേറുന്നതിനായി കമ്മ്യൂണിസ്റ്റ് വിപ്ലവ ശക്തികളുടെ ഏകീകരണം മുമ്പന്നത്തേക്കാൾ വർത്തമാന സാഹചര്യം ആവശ്യപ്പെടുന്നുണ്ട്. അഞ്ച് ദശാബ്ദത്തിലധികം നീണ്ട പാർലമെന്ററി അവസരാവാദത്തിന്റെ പ്രയോഗത്തിനു ശേഷമിപ്പോൾ സിപിഐ (എം) നയിക്കുന്ന ഇടത് മുന്നണി കനത്ത നാശം നേരിട്ടിരിക്കുകയാണ്. മറു ദ്രുവത്തിൽ, ഇടത് സാഹസികതയുടെ ധാര ജനങ്ങളിൽ നിന്ന് കൂടുതൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ഈ വ്യതിയാനങ്ങൾക്കെതിരെ പോരാടാനും വർത്തമാന സാർവ്വദേശീയ, ദേശീയ സാഹചര്യങ്ങളുടെ സമൂർത്ത വിശകലനങ്ങൾക്കനുസൃതമായി മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുവാനും മുന്നോട്ട് കൊണ്ട് പോകുവാനും തയ്യാറുള്ള എല്ലാ കമ്മ്യൂണിസ്റ്റ് ശക്തികളേയും ഏകീകരിക്കുവാനുള്ള ആഹ്വാനം നാം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ, രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ വിശദീകരിച്ചത് പോലെ, കഴിഞ്ഞ ഒരു ദശാബ്ദ കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2009 ലെ ഭോപ്പാൽ പ്രത്യേക സമ്മേളനത്തിനു ശേഷം, നാം നിരവധി കമ്മ്യൂണിസ്റ്റ് വിപ്ലവ വിഭാഗങ്ങളും സംഘടനകളുമായി ലയിക്കുകയുണ്ടായി. ഈ പ്രക്രിയ ഇപ്പോഴും തുടരുന്നു. ഇന്ന്, വിശാലമായ ‘ഇടത് ധാര’ക്കകത്തുള്ള ഏതാണ്ടെല്ലാ പാർട്ടികളും സംഘടകളും ഗൗരവമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഉലച്ചലിന് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, അവയിൽ നിരവധി പാർട്ടികൾ റെഡ് സ്റ്റാറുമായി ലയനത്തിലേർപ്പെടാനും ഒരു പുതിയ കമ്മ്യൂണിസ്റ്റ് ധ്രുവീകരണകത്തിനുമുള്ള നല്ല സാധ്യത നിലനിൽക്കുന്നുണ്ട്. ഈ ദിശയിലുള്ള നമ്മുടെ പരിശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണം. ഭാങ്കറിലെ ജനകീയ സമരത്തിന്റെ അനുഭവങ്ങൾ കമ്മ്യൂണിസ്റ്റ് വിപ്ലവ ശക്തികളുമായുള്ള ഐക്യചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സിപിഐ (എംഎൽ) മഹാരാഷ്ട്രയും നമ്മുടെ പാർട്ടിയും തമ്മിൽ, ഈ രണ്ട് സംഘടനകളുടേയും മഹാരാഷ്ട്രയിലെ അംഗങ്ങളുടെ പ്രത്യേക സമ്മേളനത്തിലൂടെ, നവംബർ 10 നു നടന്ന ലയനം വരും നാളുകളിൽ അത്തരം ലയനങ്ങൾക്ക് പ്രചോദനമാകും.
- കമ്മ്യൂണിസ്റ്റ് ശക്തികളെ നമ്മുടെ പാർട്ടിയിലേക്ക് നേടിയേടൂക്കേണ്ട ഈ പ്രശ്നം മൂന്ന് തലത്തിൽ ഏറ്റെടുക്കേണ്ടതുണ്ട്: ഒന്നാമതായി, വിവിധ സംസ്ഥാനങ്ങളിൽ ഇവരുടെ എണ്ണം വളരെ വ്യത്യസ്ഥമാകാമെങ്കിലും, ‘കമ്മ്യൂണിസ്റ്റ് ധാര’യിലുള്ള സംഘടനകളിൽ മുൻപ് പ്രവർത്തിച്ചിരുന്ന നിർവധി പേരുണ്ടാകും. അവരെ നമ്മുടെ പാർട്ടി നിലപാടുകൾ ബോധ്യപ്പെടുത്തി നേടിയെടുക്കാനും പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കണം. രണ്ടാമതായി, പ്രത്യയശാസ്ത്രപരമോ, രാഷ്ട്രീയമോ സംഘടനാപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളാൽ തങ്ങളുടെ മുൻകാല സംഘടനകളിൽ നിന്ന് വിട്ട് പോന്ന സഖാക്കളുടെ നിരവധി ഗ്രൂപ്പുകളുണ്ടാകാം, പ്രത്യേകിച്ച് ഇടത് പക്ഷ പ്രസ്ഥാനത്തിന് ഗണ്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ. അത്തരം ഗ്രൂപ്പുകളെ നേടിയെടുക്കാനുള്ള മുൻകൈ പ്രവർത്തനം ഏറ്റെടുക്കേണ്ടതുണ്ട്. മൂന്നാമതായി, നമ്മുടെ പാർട്ടിയുടെ നിലപാടുകളോട് അടുത്ത് നിൽക്കുന്ന സംഘടനകളെ കണ്ടെത്താനും ദീർഘിച്ച, നിരന്തര ചർച്ചകളിലൂടെ അവരെ നേടിയെടുക്കാനുമുള്ള സജീവ പരിശ്രമം നാം നടത്തേണ്ടതുണ്ട്; ആവശ്യമെങ്കിൽ ഒരു ഏകോപന കമ്മറ്റി രൂപീകരിച്ചുകൊണ്ട് കുറച്ച് നാൾ യോജിച്ച പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതുമാണ്.
- പാർട്ടി അംഗത്വം : 17 സംസ്ഥാനങ്ങളിൽ നമ്മുടെ പാർട്ടിക്ക് സാന്നിദ്ധ്യമുണ്ടെങ്കിലും 16 സംസ്ഥാനങ്ങളിൽ സംസ്ഥാന സമിതികളോ സംസ്ഥാന സംഘാടക സമിതികളോ ഉണ്ടെങ്കിലും 2018 ലെ നമ്മുടെ അംഗത്വം 4000 ൽ അല്പം കൂടുതൽ മാത്രമാണുള്ളത്. അതിൽ തന്നെ, പാർട്ടി ഭരണഘടനയിൽ വിശദീകരിച്ചത് പ്രകാരമുള്ള പാർട്ടി അംഗങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കാത്തവരാണ് നിരവധി പേർ. ഈ വർഷത്തെ അംഗതം പുതുക്കുന്ന പ്രക്രിയയിൽ, അത്തരം നിർജ്ജീവാംഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഈ ദൗർബല്യം മറികടക്കാൻ ശ്രമിക്കണം, അതിനായില്ലെങ്കിൽ അവരെ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യണം. വിവിധ മേഖലകളിൽ നാം ഏറ്റെടുക്കേണ്ട ബൃഹത്തായ ദൗത്യങ്ങളെ പരിഗണിക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. അതേസമയം, നമ്മുടെ മുൻപിലുള്ള വലിയ ദൗത്യങ്ങളെ മുന്നോട്ട് കൊണ്ട് പോകുവാൻ ഈ അംഗത്വം തികച്ചും അപര്യാപ്തമാണ്. അംഗത്വം വർദ്ധിപ്പിക്കുവാനായി അടിയന്തിര നടപടികൾ ഏറ്റെടുക്കേണ്ടതുണ്ട്. ഇത് നിറവേറ്റാനായി താഴെ പറയുന്ന നടപടികൾ നാം ഏറ്റെടുക്കണം:
- കേന്ദ്രതലത്തിൽ, എല്ലാ വർഗ്ഗ/ബഹുജന സംഘടനകളിലും പ്രസ്ഥാനങ്ങളിലുമായി നാം പാർട്ടി സബ് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും അത്തരം കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്; ചുരുങ്ങിയ പക്ഷം ചില സംസ്ഥാനങ്ങളിലോ ചില മേഖലകളിലോ എങ്കിലും. ഈ കമ്മറ്റികളെ സജീവമാക്കുകയും ഈ കമ്മറ്റികളിലൂടെ എല്ലാ മേഖലകളിൽ നിന്നും പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്യാനുമുള്ള ദൗത്യം സജീവമാക്കുക, പ്രത്യേകിച്ച് ട്രേഡ് യൂണിയനുകളിൽ നിന്നും കർഷകതൊഴിലാളികളിൽ നിന്നും കർഷകരിൽ നിന്നും. ടിയുസിഐ യിലും എഐകെകെഎസ്സിലും എബിഎമ്മിലും ഉള്ള താരതമ്യേന മെച്ചപ്പെട്ട അംഗത്വം പരിഗണിക്കുമ്പോൾ ഈ മേഖലകളിൽ നിന്ന് ധാരാളം അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ കഴിയുന്നതാണ്.
- നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗം 35 വയസ്സിനു താഴെയുള്ളവരാണെങ്കിലും നമ്മുടെ അംഗത്വത്തിൽ യുവാക്കളുടേയും വിദ്യാർത്ഥികളുടേയും എണ്ണം വളരെ പരിമിതമാണ്. ആവർത്തിച്ചുള്ള തീരുമാനങ്ങളെടുത്തിട്ടും വിദ്യാർത്ഥി-യുവജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിലുള്ള നമ്മുടെ ദൗർബല്യമാണ് ഇതിനു കാരണം. ഈ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകുകയും ധാരാളം യുവാക്കളേയും വിദ്യാർത്ഥികളേയും കാൻഡിഡേറ്റ് അംഗങ്ങളായി റിക്രൂട്ട് ചെയ്യേണ്ടതുമുണ്ട്.
- നമ്മുടെ ജനസംഖ്യയുടെ പകുതിയിലേറെയും സ്ത്രീകളാണ്. സ്ത്രീകളുടെ വിമോചനത്തിന് ഊന്നൽ നൽകാതെ വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുവാൻ പാർട്ടിക്ക് കഴിയില്ല. എന്നാൽ നമ്മുടെ പാർട്ടി അംഗത്വത്തിൽ സ്ത്രീകളുടെ അനുപാതവും പാർട്ടി കമ്മറ്റികളിൽ അവരുടെ പ്രാതിനിധ്യവും പരിതാപകരമാണ്. ധാരാളം സ്ത്രീകളെ പാർട്ടി അംഗങ്ങളായി റിക്രൂട്ട് ചെയ്യുന്നതിനും അവരെ രാഷ്ട്രീയവൽക്കരിക്കുന്നതിനും സജീവമാക്കുന്നതിനും ആവശ്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്.
- പതിനേഴാം ലോക സഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് സിപിഐ ക്കും സിപിഐ (എം) നും കനത്ത തകർച്ച നേരിട്ടു എന്നാണ്, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും ത്രിപുരയിലും. കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത്, ഈ പാർട്ടികളിലേയും നിരവധി എംഎൽ സംഘടനകളിലേയും ധാരാളം അംഗങ്ങൾ നിർജ്ജീവമായി. മുൻപ് നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചില സഖാക്കളും നിർജ്ജീവമായിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കിടയിലെ രാഷ്ട്രീയമായി ഉയർന്ന ഘടകങ്ങളെ നമ്മുടെ പാർട്ടി നിലപാടുകളിലേക്ക് നേടിയെടുക്കാനും അവരെ പാർട്ടി അംഗത്വത്തിലേക്ക് കൊണ്ട് വരാനുമായി സജീവമായ പ്രചരണം സംഘടിപ്പിക്കുകയും നിരന്തരമായ ചർച്ചകൾ നടത്തുകയും ചെയ്യേണ്ടതുണ്ട്.
- ഭാങ്കർ പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, അത്തരം വിജയകരമായ ജനകീയ പ്രസ്ഥാനങ്ങളുടെ സമരങ്ങൾ മുഴുവൻ സമയ പ്രവർത്തകരടക്കം ധാരാളം പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ കഴിയുന്ന സ്വർണ്ണ ഖനികളാണെന്നാണ്. ഈ വർഷത്തെ ബംഗാളിലെ പാർട്ടി അംഗത്വത്തിന്റെ വളർച്ചയിൽ അത് പ്രതിഫലിക്കും. അതുപോലെ ജനകീയ സമരങ്ങൾ വികസിക്കുന്ന എല്ലാ മേഖലയിലും സമരം ചെയ്യുന്ന ജനങ്ങളെ പാർട്ടിയോടടുപ്പിക്കാൻ വേണ്ട വിധത്തിലുള്ള ഊന്നൽ നൽകേണ്ടതും അവരിൽ നിന്ന് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതുമാണ്.
- അടിത്തട്ട് തലത്തിൽ പാർട്ടി കമ്മറ്റികൾ കെട്ടിപ്പടുക്കുന്നതിനു ഊന്നൽ നൽകുക: ബ്രാഞ്ച്, ലോക്കൽ, ഏരിയ തലത്തിലുള്ള പാർട്ടി കമ്മറ്റികളും അനുഭാവി ഗ്രൂപ്പുകളും അടക്കം അടിത്തട്ടിലെ പാർട്ടി കമ്മറ്റികൾ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കേന്ദ്ര കമ്മറ്റി പലയാവർത്തി ഊന്നി പറഞ്ഞിരുന്നു. പാർട്ടി പൊതു പരിപാടികളിൽ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിൽ നമ്മുടെ ശക്തി കുറഞ്ഞ് വരുന്നതും നാം നിരവധി ജനകീയ സമരങ്ങൾ നടത്തിയിട്ടുള്ള ജില്ലകളിൽ പോലും തെരഞ്ഞെടുപ്പുകളിലെ നമ്മുടെ പ്രകടനം ദുർബലമാകുന്നതിന്റേയുമെല്ലാം പ്രധാന കാരണം അടിത്തട്ടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലുള്ള നമ്മുടെ ദൗർബല്യം തന്നെയാണ്. ത്രിതല പഞ്ചായത്ത് സിസ്റ്റം നടപ്പിലാക്കിയ സമയം മുതൽ ഭരണവർഗ്ഗ പാർട്ടികളും മുഖ്യധാര പാർട്ടികളും തങ്ങളുടെ സീനിയർ കാഡർമാരെ പോലും അടിത്തട്ടിൽ വിന്യസിച്ചുകൊണ്ട് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് വളരെയേറെ പ്രാമുഖ്യവും ഊന്നലും നൽകുന്നുണ്ട്. ഈ പഞ്ചായത്തുകളിലെല്ലാം തന്നെ വലിയ ഫണ്ട് ലഭ്യമായതിനാൽ, മുഖ്യധാര പാർട്ടികളിലെ നേതാക്കന്മാർ അതുവഴി അഴിമതിയെ താഴെതട്ടിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. അടിത്തട്ടിൽ പാർട്ടി കമ്മറ്റികൾ കെട്ടിപ്പടുക്കുന്നതിനും അടിത്തട്ടിലെ സഖാക്കൾക്ക് വേണ്ടത്ര രാഷ്ട്രീയ വിദ്യാഭ്യാസവും രാഷ്ട്രീയമായ മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും വേണ്ടത്ര ഊന്നൽ നൽകിയില്ലെങ്കിൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ ഏതാനും സഖാക്കൾ പോലും അഴിമതി വ്യവസ്ഥയ്ക്ക് വിധേയരാവുകയും അവർ പാർട്ടി വിട്ട് പോവുകയും ചെയ്യും. ഈ നിഷേധാന്മക അനുഭവങ്ങൾ നാം ഗൗരവത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അടിത്തട്ടിൽ പാർട്ടി കമ്മറ്റികൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടത്ര രാഷ്ട്രീയവും സംഘടനാപരവുമായ പ്രാധാന്യം നൽകുക. നമ്മുടെ ജില്ല, ഏരിയ കമ്മറ്റികൾ പ്രവർത്തിക്കുന്ന ജില്ലകളിലും താലൂക്ക്/ബ്ലോക്കുകളിലും നമ്മുടെ പാർട്ടി സാന്നിദ്ധ്യമുള്ള ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും തെരഞ്ഞെടുക്കുക; ഗ്രാമ/നഗര/മുനിസിപ്പൽ വാർഡ് തലങ്ങളിൽ ബ്രാഞ്ച് കമ്മറ്റികളും ഗ്രാമ/നഗര പഞ്ചായത്ത് തലങ്ങളിൽ ലോക്കൽ കമ്മറ്റികളും ശക്തമാക്കുക; നമ്മുടെ വികസന ബദലിന്റേയും ജനാധിപത്യവൽക്കരണത്തിന്റേയും കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തി ജനകീയ പരിപാടികൾ തയ്യാറാക്കുക; മുഖ്യധാര പാർട്ടികൾക്കെതിരെ പോരാടിക്കൊണ്ട് പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ സാധ്യമായിടത്തെല്ലാം ജനകീയ കമ്മറ്റികൾക്ക് രൂപം കൊടുക്കുക. പ്രാദേശിക കമ്മറ്റികളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ, പഞ്ചായത്ത് തല പ്രവർത്തനങ്ങളിൽ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ട് നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ നിലപാടുകൾക്കനുസൃതമായി പഞ്ചായത്തുകളെ പ്രവർത്തന നിരതമാക്കുവാനുള്ള പരിശ്രമങ്ങൾ വഴി വർഗ്ഗ സമരത്തെ നമുക്ക് അടിത്തട്ട് തലത്തിലേക്കെത്തിക്കാൻ കഴിയും (അനുബന്ധം കാണുക)
- സംസ്ഥാന കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക: ഇന്ത്യ പോലുള്ള ബഹുദേശീയ/ബഹുഭാഷ രാജ്യത്ത് വിപ്ലവ പ്രസ്ഥാനത്തെ നയിക്കുകയും പാർട്ടിയെ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യണമെങ്കിൽ സംസ്ഥാന കമ്മറ്റികൾക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കേണ്ടതുള്ളത്. പക്ഷെ, നമ്മുടെ പല സംസ്ഥാന കമ്മറ്റികളും വളരെ ദുർബലമാണ്. പല സംസ്ഥാന കമ്മറ്റികൾക്കും നേരാം വണ്ണമുള്ള ഓഫീസോ ഓഫീസ് പ്രവർത്തനങ്ങളോ ഇല്ല. പല സംസ്ഥാന കമ്മറ്റികളും സംസ്ഥാന പാർട്ടി മുഖപത്രമോ പ്രധാനപ്പെട്ട സംഭവവികാസങ്ങളെ സംബന്ധിച്ച് പാർട്ടി പ്രസ്ഥാവനകളോ ഇറക്കുന്നില്ല. സംസ്ഥാന കമ്മറ്റികളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ താഴെ പറയുന്ന പ്രായോഗിക നടപടികൾ ഏറ്റെടുത്തുകൊണ്ട് ഒരു വശത്ത് ലിബറലിസത്തിന്റെ സ്വാധീനത്തിനെതിരായും മറുവശത്ത് വിഭാഗീയതക്കെതിരായും നാം നിരന്തരം സമരം ചെയ്യേണ്ടതുണ്ട്:
- എത്ര ചെറുതെങ്കിലും ഒരു ഓഫീസ് ഉണ്ടാകുന്നതിനും ഒരു മുഴുവൻ സമയ സഖാവിന്റെ ഉത്തരവാദിത്വത്തിൽ അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും പരമാവധി ഊന്നൽ നൽകുക.
- സംസ്ഥാന മുഖപത്രം ഇറക്കുന്നതിനു പ്രാധാന്യം നൽകുക; സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം വികസിപ്പിക്കുക; പാർട്ടിയുടെ സംസ്ഥാന തല ഫേസ് ബുക്ക് പേജുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളും തുടങ്ങുക; പാർട്ടിയുടേയും വർഗ്ഗ/ബഹുജന സംഘടനകളുടേയും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിറക്കുക.
- സാധ്യമാകുന്നിടത്തെല്ലാം പാർട്ടി സഖാക്കളുടെ സംഘ ജീവിതത്തെ പ്രോൽസാഹിപ്പിക്കുക
- പ്രധാനപ്പെട്ട വിഷയങ്ങളിലുള്ള കേന്ദ്ര കമ്മറ്റിയുടെ പ്രസ്ഥാവനകൾക്കൊപ്പം, സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെ സംബന്ധിച്ചും പത്ര പ്രസ്ഥാവനകൾ ഇറക്കുന്ന രീതി നടപ്പാക്കുക; അംഗങ്ങൾക്കായി ലൈബ്രറിയും പാർട്ടി വിദ്യാഭ്യാസവും സംഘടിപ്പിക്കുക.
- പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി, അനുയോജ്യമായ സമയത്ത് കേന്ദ്ര, സംസ്ഥാന, ജില്ലാ ഫണ്ട് ശേഖരണം ചിട്ടയായി സംഘടിപ്പിക്കുക.
- എല്ലാ തലത്തിലും ലെവി സമ്പ്രദായം ക്രമപ്പെടുത്തുക; ലെവിയും അക്കൗണ്ട് ബുക്ക് രജിസ്റ്ററും ചിട്ടയോടെ രേഖപ്പെടുത്തി സൂക്ഷിക്കുക.
- കേന്ദ്രകമ്മറ്റിയുടെ ചുവടു പിടിച്ച്, സമയക്രമത്തിൽ സംസ്ഥാന കമ്മറ്റികൾ/സംസ്ഥാന സംഘാടക സമിതികൾ ജില്ലാ കമ്മറ്റികൾക്ക് പാർട്ടി സർക്കുലാറുകളയക്കുകയും കേന്ദ്ര കമ്മറ്റിക്ക് സംസ്ഥാന റിപ്പോർട്ടുകളയക്കുകയും ചെയ്യുക.
- ജില്ലാ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക: അടിത്തട്ടിലെ പാർട്ടി കമ്മറ്റികളെ സംസ്ഥാന കമ്മറ്റികളുമായി ബന്ധപ്പെടുത്തുന്ന ജില്ലാ കമ്മറ്റികൾക്ക്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി ഘടനയിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കേണ്ടതുള്ളത്. അതിനൊരു ഓഫീസും സുപ്രധാന വിഷയങ്ങളിൽ പത്ര പ്രസ്ഥാവനകളിറക്കുന്നതടക്കമുള്ള സ്ഥിരമായി ഓഫീസ് പ്രവർത്തനങ്ങളും ആവശ്യമാണ്. ഏരിയ കമ്മറ്റികളുടേയും അതിനു കീഴിലുള്ള താഴെതട്ടിലെ ഘടകങ്ങളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതും ജില്ലാ കമ്മറ്റികളാണ്. ജില്ലയിലെ സ്ഥിരമായി ലെവി ശേഖരണവും പാർട്ടി പത്രത്തിന്റേയും പ്രസിദ്ധീകരണങ്ങളുടേയും പ്രചരണവും അതിന്റെ മുൻകയ്യിൽ നടത്തപ്പെടേണ്ടതുണ്ട്. ലെവി കണക്കുകളും അക്കൗണ്ട് ബുക്കും അനുയോജ്യമായ രീതിയിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ട്. ഒരു വശത്ത് താഴെ കമ്മറ്റികളിലേക്ക് പാർട്ടി സർക്കുലാറുകളും മറുവശത്ത് സംസ്ഥാന കമ്മറ്റിക്ക് ലിഖിതമായ റിപ്പോർട്ടുകളും സമയക്രമത്തിൽ സ്ഥിരമായി അയക്കേണ്ടതുണ്ട്.
- പാർട്ടി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക: (മുകളിൽ പരാമർശിച്ച) പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് വിശദീകരിച്ചത് പോലെ, ആവർത്തിച്ചുള്ള പരിശ്രമങ്ങൾക്ക് ശേഷവും സംസ്ഥാന തലങ്ങളിലും ജില്ലാ തലങ്ങളിലും അതിനു താഴെയും പാർട്ടി വിദ്യാഭ്യാസത്തിന് വേണ്ടത്ര ഊന്നൽ നൽകപ്പെടുന്നില്ല. 2010 മുതൽ കേന്ദ്ര തലത്തിൽ പാർട്ടി സ്കൂളുകൾ സ്ഥിരമായി നടത്തെപ്പെടുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കേന്ദ്ര പാർട്ടി സ്കൂൾ പേപ്പറുകളെല്ലാം വിവർത്തനം ചെയ്യുന്നതടക്കം താഴെ തട്ടുകളിൽ പാർട്ടി സ്കൂളുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഈ ദൗർബല്യം മറികടക്കാനാവശ്യമായ അടിയന്തിര നടപടികൾ എല്ലാ സംസ്ഥാന കമ്മറ്റികളും ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്ത് വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഫാസിസവൽക്കരണത്തിന്റേയും ‘ഇടത് ധാരക്ക്’ അകത്തുള്ള അന്യവർഗ്ഗ ചിന്തകൾ ഇടത് പ്രസ്ഥാനങ്ങളിൽ വിള്ളലുകളുണ്ടാക്കുന്ന പ്രശ്നങ്ങൾ സംജാതമായിക്കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ സ്ഥിരമായി പാർട്ടി ക്ലാസ്സുകൾ സംഘടിപ്പിച്ചുകൊണ്ടുള്ള പാർട്ടി വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. സഖാക്കൾക്ക് ആവശ്യമായ അടിസ്ഥാന മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും ഈ സാഹചര്യം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിലേക്ക് സംസ്ഥാന കമ്മറ്റികളുടെ വളരെയേറെ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.
- എല്ലാ തലങ്ങളിലും കമ്മ്യൂണുകൾ വികസിപ്പിക്കേണ്ട പ്രശ്നം: സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം മുതലേ തന്നെ, എല്ലാ തട്ടുകളിലുമുള്ള പാർട്ടി കേന്ദ്രങ്ങളിൽ സംഘ ജീവിതം വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ തിരുത്തൽവാദ സ്വാധീനം ആധിപത്യത്തിൽ വരാനാരംഭിക്കുന്നതിനു മുൻപ്, 1950 കൾ വരെ, സിപിഐ യും സംഘ ജീവിതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു. പാർട്ടി വിദ്യാഭ്യാസവും കമ്മ്യൂണിസ്റ്റ് സംസ്കാരവും പാർട്ടി പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് പാർട്ടി കേഡർമാർക്ക് ഈ സംഘ ജീവിതം സഹായകരമായിരുന്നുവെന്ന് കഴിഞ്ഞ കാല അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അപൂർവ്വം ചില സ്ഥലങ്ങളിലൊഴിച്ച് നാം അത്തരം സംഘജീവിത ശൈലി പരിശീലിക്കുന്നില്ല എന്നതുകൊണ്ടും, നമ്മുടെ ഒട്ട് മിക്ക സഖാക്കളും ഇപ്പോൾ അണുകുടുംബ ജീവിത ശൈലി പിന്തുടരുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്തവരാണെന്നതുകൊണ്ടും പുതിയ പല സഖാക്കൾക്കും പഴയകാല ചരിത്രത്തെ കുറച്ച് ധാരണകളില്ല എന്നതുകൊണ്ടും വിശാലതലത്തിൽ നാം അത്തരം സംഘ ജീവിത ശൈലി പ്രയോഗിക്കാൻ തുടങ്ങുന്നതിനു മുൻപേ, അതിനെ കുറിച്ച് എല്ലാ തട്ടുകളിലും ഒരു ചർച്ച് തുടങ്ങി വെക്കേണ്ടതുണ്ട്. അത് മുകളിൽ നിന്ന് അടിച്ചേൽപ്പിക്കാൻ പറ്റുന്ന ഒന്നല്ല. അതിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രാധ്യാന്യത്തെ പറ്റി സഖാക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്, പുതുതായി പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന സഖാക്കൾ സ്വമേധയാ അത്തരം സംഘ ജീവിത ശൈലി തെരഞ്ഞെടുക്കുന്ന തരത്തിൽ കമ്മ്യൂണുകളിലെ ജീവിതത്തിന്റെ പ്രാധ്യാന്യത്തെ പറ്റി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിശാല തലത്തിൽ അതിനു തുടക്കമിട്ടാൽ, ഒരു പ്രക്രിയയിലൂടെ കമ്മ്യൂണുകളുടെ ക്രമീകരണങ്ങളെ കുറിച്ചുള്ള സൈദ്ധാന്തികവും സംഘടനാപരവുമായ വശങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. മനുവാദ ജാതിവ്യവസ്ഥയുടേയും നവഉദാര കാഴ്ചപ്പാടുകളുടേയും സംസ്കാരത്തിന്റേയും വ്യക്തിഅധിഷ്ടിത, ഉദ്യോഗസ്ഥ പ്രമാണിത്ത-ഉപഭോഗ സംസ്കാരങ്ങളുടേയും സ്വാധീനം സമൂഹത്തിൽ രൂഡമൂലമായതിനാൽ തന്നെ, അവയുടെ സ്വാധീനം പാർട്ടിക്കുള്ളിലും കടന്ന് വന്നേക്കാം. അതുകൊണ്ട് തന്നെ, മുൻപെന്നെത്തേക്കാളുപരി, നമുക്കെല്ലാവർക്കുമറിയാവുന്ന ‘സാമൂഹികാസ്തിത്വം ബോധത്തെ നിർണ്ണയിക്കു’മെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്വാധീനങ്ങളെ ചെറുക്കുന്നതിന് സംഘജീവിതം സഖാക്കൾക്ക് സഹായകരമാകും. ഈ പ്രശ്നത്തെ സംബന്ധിച്ച് ഗൗരവമായ ചർച്ചക്ക് നമുക്ക് തുടക്കമിടാം.
- ഉപസംഹാരം: രണ്ടാം മോദി ഭരണം അധികാരത്തിൽ വരികയും ഫാസിസവൽക്കരണം തീവ്രതരമാക്കുകയും ചെയ്തതോടെ നമ്മുടെ രാജ്യത്തിലെ സമൂർത്ത സാഹചര്യങ്ങൾ ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും നമ്മുടെ സമരങ്ങൾ ശക്തിപ്പെടുന്ന മുറക്ക്, നാം സ്വാഭാവികമായും ഭരണകൂട അടിച്ചമർത്തലിനു വിധേയമാകും, അതിനെ നേരിടാൻ നാം തായ്യാറെടുക്കേണ്ടതുമുണ്ട്. വിശാല ജനവിഭാഗങ്ങളെ പാർട്ടിയുമായി ബന്ധപ്പെടുത്തുന്ന പരസ്യ പ്രവർത്തനങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന രീതി നാം തുടരുമ്പോൾ തന്നെ, ഏത് സാഹചര്യത്തേയും നേരിടാൻ പാകത്തിൽ, വർഗ്ഗസമരത്തെ നിരന്തരം വികസിപ്പിക്കുമ്പോഴും പാർട്ടിയെ സുരക്ഷിതമായി നിർത്തിക്കൊണ്ട് നിയമവിധേയവും നിയമവിരുദ്ധവുമായ, പരസ്യവും രഹസ്യവുമായ എല്ലാ മാർഗ്ഗങ്ങളേയും ഉപയോഗിക്കാൻ പാർട്ടി കമ്മറ്റികളെ പ്രാപ്തമാക്കുന്ന തരത്തിൽ പാർട്ടി കമ്മറ്റി സംവിധാനത്തേയും സംഘടനാ പ്രവർത്തനങ്ങളേയും പരുവപ്പെടുത്തേണ്ടതുണ്ട്. പഴയകാല പാളിച്ചകളേയും വർത്തമാന കാല ദൗർബല്യങ്ങളേയും മറികടന്നുകൊണ്ട്, പാർട്ടി കെട്ടിപ്പടുക്കാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി സർവ്വശക്തിയും സംഭരിച്ച് നമുക്ക് മുന്നേറാം.
അനുബന്ധം: അടിത്തട്ടിൽ പാർട്ടി കെട്ടിപ്പടുക്കുന്ന പ്രവർത്തനം ത്രിതല പഞ്ചായത്ത് സംവിധാനവുമായി ബന്ധപ്പെടുത്തുന്നതിനെ പറ്റി
- ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലെ കമ്മറ്റികളടക്കമുള്ള അടിത്തട്ടിലെ പാർട്ടി കമ്മറ്റികൾ കെട്ടിപ്പടുക്കുന്നതിൽ ഊന്നുന്ന പാർട്ടി സംഘടന കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളെ, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. 2013 ലെ കേന്ദ്ര പാർട്ടി സ്കൂളിൽ ‘പഞ്ചായത്ത് തല തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിനോടുള്ള നമ്മുടെ സമീപനം’ എന്ന പേപ്പർ നാം ചർച്ച ചെയ്തതാണ്. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ മേഖലയിൽ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ നമുക്കായിട്ടില്ല. അത് മാത്രമല്ല, പഞ്ചായത്ത് സംവിധാനത്തിലെ വിപ്ലവകരമായ പങ്കാളിത്തത്തെ അടിത്തട്ടിലെ പാർട്ടി സംഘടന കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുകയും നമ്മുടെ സഖാക്കളെ അതിനനുസൃതമായി സജ്ജരാക്കുകയും ചെയ്യുന്നതിൽ നാം പരാജയപ്പെടുകയോ അല്ലെങ്കിൽ അക്കാര്യങ്ങളിലുള്ള നമ്മുടെ ദൗർബല്യമോ കാരണം പഞ്ചായത്ത് സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഒട്ടുമിക്ക സഖാക്കളും വ്യവസ്ഥാപിത അഴിമതിയുടെ സംസ്കാരത്തിന് വിധേയരാവുകയും അവർ പാർട്ടി വിട്ടുപോവുകയും ചെയ്തു.
- ഈ സന്ദർഭത്തിൽ, ഭാങ്കർ ജനകീയ സമിതിക്ക് കീഴിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് സവിശേഷ പ്രാധാന്യമർഹിക്കുന്നു. ജനകീയ സമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ ബൂത്ത് പിടിച്ചെടുത്തും എതിരാളികളെ മൽസരിക്കാനനുവദിക്കാതെയും തൃണമൂൽ കോൺഗ്രസ്സ് 10 സീറ്റുകൾ പിടിച്ചെടുത്ത പോളാർഹത് പഞ്ചായത്തിലെ 5 സീറ്റിൽ മാത്രമേ തൃണമൂൽ ഗുണ്ടകളുടെ സായുധ ആക്രമണത്തെ നേരിട്ട് നാം മൽസരിച്ചുള്ളൂ എങ്കിലും അവിടങ്ങളി 90% വോട്ടിന്റെ പിന്തുണയോടെ അഞ്ച് സീലിറ്റും നാം വിജയിക്കുകയുണ്ടായി. ഭാങ്കർ കരാറിൽ ഒപ്പിടുമ്പോൾ, പ്രശ്നബാധിത ജനവിഭാഗങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനു പുറമെ, പ്രശ്നബാധിത പ്രദേശത്തെ ജനങ്ങൾക്കായി നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകണമെന്ന സമിതിയുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. പക്ഷെ ഇപ്പോൾ, സർക്കാർ അംഗീകാരം നൽകിയ മറ്റ് പഞ്ചായത്ത് പദ്ധതികൾക്കൊപ്പം ഈ പദ്ധതികളും തൃണമൂൽ കോൺഗ്രസ്സിന്റെ ആധിപത്യത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടി അവർ മുഴുവൻ പഞ്ചായത്ത് സമിതിയേയും വിളിച്ചുകൂട്ടിയിരിക്കുകയാണ്. ഇത് മുൻകാലത്ത് നടന്ന സംഭവങ്ങൾക്ക് സമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുമെന്നതിനാൽ നാം വിജയിച്ചിടങ്ങളിലെ നമ്മുടെ നിയന്ത്രണം തുടർന്നും നിലനിർത്തുന്നതിനുള്ള തെരുവിലെ സമരത്തോടൊപ്പം നിയമ പോരാട്ടവുമായും ഭാങ്കർ സമിതി മുന്നോട്ട് പോവുകയാണ്. ഈ രീതിയിൽ പഞ്ചായത്ത് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ഭാങ്കർ മുന്നേറ്റത്തിന്റെ നേട്ടങ്ങൾ സ്വാംശീകരിക്കാനുള്ള സമരത്തിലാണ് നാം. നേതൃ സഖാക്കളുടെ നിരന്തര ശ്രദ്ധയും ഇത് അവിടെ ആവശ്യപ്പെടുന്നുണ്ട്. ഈ രീതിയിൽ, ആ മേഖലയിലെ നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ സ്വാധീനം നിലനിർത്തുവാനും വികസിപ്പിക്കുവാനുമുള്ള പരിശ്രമത്തിലാണ് പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റി. സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി മറ്റ് പ്രദേശങ്ങളിലും / സംസ്ഥാനങ്ങളിലും പിന്തുടരേണ്ട നല്ലൊരു മാതൃകയാണിത്.
- അത്തരം നിരവധി സമരങ്ങളെ പഞ്ചായത്ത് സംവിധാനവുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചുകൊണ്ടും അതിലൂടെ ജനകീയാടിത്തറ വികസിപ്പിച്ചുകൊണ്ടും അതിന്റെ നേട്ടങ്ങളെ സ്വാംശീകരിക്കാൻ കഴിയാതെ പോയ ഒട്ടനവധി മുൻകാല അനുഭവങ്ങളുടെ പാഠങ്ങൾ നമുക്ക് മുൻപിലുണ്ട്. വളരെ പെട്ടെന്ന് തന്നെ സമര നേട്ടങ്ങളെല്ലാം നഷ്ടപ്പെടുകയോ അതിന്റെ ഒരു ചെറിയ തുടർച്ച പോലും ഇല്ലാതാവുകയോ ചെയ്തു. നിരവധി ദശാബ്ദങ്ങൾ നീണ്ട പരമ്പരാഗത കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയടക്കം പാർലമെന്ററി പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്, ത്രിതല പഞ്ചായത്ത് അടക്കമുള്ള പാർലമെന്ററി സംവിധാനങ്ങളെ വർഗ്ഗസമരത്തിന്റെ ഭാഗമായി വിപ്ലവകരമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയെല്ലാം നിഷേധാത്മക ഫലത്തിലേക്കായിരിക്കും നയിക്കുക എന്നാണ്. ഈ പാശ്ചാത്തലത്തിലാണ്, എത്ര ചെറിയതാണെങ്കിലും കരാറൊപ്പിട്ടതിനു ശേഷമുള്ള ഭാങ്കർ സമിതിയുടെ ഇപ്പോഴത്തെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളെ നോക്കികാണേണ്ടത്.
- വർത്തമാന നവഉദാരീകരണത്തിനു കീഴിൽ, സാമ്രാജ്യത്വവും അതിന്റെ ദല്ലാളുകളായ ഇന്ത്യൻ ഭരണവർഗ്ഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളെ എങ്ങിനെയാണോ തങ്ങളുടെ നവകൊളോണിയൽ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അതേ രീതിയിൽ തന്നെയാണ് പഞ്ചായത്ത് തല ഭരണ സംവിധാനങ്ങളേയും അവർ ഫലപ്രദമായി ഉപയോഗിക്കുന്നത്. ബിജെപി, കോൺഗ്രസ്സ്, മറ്റ് പ്രാദേശിക പാർട്ടികൾ, സിപിഐ (എം) ന്റെ നേതൃത്വത്തിലുള്ള പാർട്ടികൾ തുടങ്ങിയ ഭരണവർഗ്ഗ പാർട്ടികളെല്ലാം തന്നെ പ്രാദേശിക ഭരണ സംവിധാനങ്ങളോടുള്ള ഈ നവഉദാരീകരണ സമീപനത്തിന്റെ പ്രയോക്താക്കൾ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് തലത്തിൽ ഒരു സീറ്റിലാണെങ്കിൽ പോലും നമ്മുടെ സഖാക്കൾ തെരഞ്ഞെടുക്കപ്പെട്ടാൽ അതിനുള്ളിൽ എങ്ങിനെയാണ് നമ്മുടെ സമരം തുടർന്നു വികസിപ്പിച്ച് മുന്നോട്ട് പോകേണ്ടതെന്നതിനെ പറ്റി ഒരു വർഗ്ഗ സമീപനം പോരാടുന്ന ഇടത് ശക്തികളുടെ ഭാഗത്ത് നിന്ന് മുന്നോട്ട് വെക്കേണ്ടത് അനിവാര്യമാണ്. സാമ്രാജ്യത്വ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന “പങ്കാളിത്ത ജനാധിപത്യം”, “പങ്കാളിത്ത വികസനം”, “ശാക്തീകരണം” തുടങ്ങിയ ലേബലുകളുടെ മറവിൽ മുകളിൽ നിന്ന് താഴേക്ക് അടിച്ചേൽപ്പിക്കുന്ന വികേന്ദ്രീകരണത്തെ തുറന്ന് കാട്ടേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിലെ അത്തരത്തിലുള്ള വികേന്ദ്രീകരണങ്ങൾ ജനങ്ങളുടെ യഥാർത്ഥ രാഷ്ട്രീയാധികാരത്തെയല്ല ലക്ഷ്യം വെക്കുന്നതെന്നും മറിച്ച് പഞ്ചായത്ത് സംവിധാനങ്ങളെ അതിന്റെ ഉപകരണങ്ങളാക്കി മാറ്റികൊണ്ട് ധന മൂലധനത്തിന്റെ ആഗോള കേന്ദ്രീക്രണത്തെ ശക്തിപ്പെടുത്തുന്നതിലേക്കാണ് അത് വഴിവെക്കുന്നതെന്ന് തുറന്ന് കാട്ടേണ്ടതുണ്ട്.
- ലോക ബാങ്കിനെ പോലുള്ള നവകൊളോണിയൽ ഏജന്റുകളുടെ തീട്ടൂര പ്രകാരം, ക്ഷേമരാഷ്ട്രം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി, മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർവ്വഹിച്ചിരുന്ന ഏതാണ്ടെല്ലാ സാമൂഹ്യ സുരക്ഷാ, വികസന ദൗത്യങ്ങളും പണ ക്ഷാമം നേരിടുന്നതിനാൽ വർദ്ധമാനമായ തോതിൽ ലോകബാങ്ക്, എഡിബി പോലുള്ള സാമ്പത്തിക വായ്പാ ഏജൻസികളെ ആശ്രയിക്കേണ്ടി വരുന്ന പഞ്ചായത്ത് സമിതികളുടെ ചുമലിലേക്ക് ചാർത്തുകയുണ്ടായി. അതേസമയം, സാമ്പത്തിക ഭാരം പഞ്ചായത്തുകളുടെ മേൽ നിക്ഷേപിച്ചെങ്കിലും, ഇപ്പോൾ സംസ്ഥാന സർക്കാറുകളുടെ ചുമതലയിലുള്ള ഭൂനികുതിയുടെ സമാഹരണമടക്കമുള്ള അവകാശങ്ങൾ പ്രാദേശിക ഭരണത്തിന് കൈമാറിയിട്ടുമില്ല. വികേന്ദ്രീകരണത്തെ കുറിച്ചുള്ള നിരവധി വാക്ധോരണികൾക്കിടയിലും പ്രാദേശിക ഭരണത്തിലെ ഉദ്യോഗസ്ഥ മേധാവിത്ത സംവിധാനത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. പഞ്ചായത്ത് സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളിൽ യഥാർത്ത അധികാരം ഇന്നും നിക്ഷിപ്തമല്ല. ഗ്രാമീണ, ബ്ലോക്ക്, ജില്ലാ തല പഞ്ചായത്ത് സംവിധാനങ്ങളിൽ സാമ്പത്തിക-ഭരണ നിർവ്വഹണ പരമായ എല്ലാ അധികാരങ്ങളും എക്സിക്യുട്ടീവ് ഓഫീസറിലോ സെക്രട്ടറിയിലോ ആണ് നിക്ഷിപ്തമായിരിക്കുന്നത്ത്. ചുരുക്കി പറഞ്ഞാൽ, വിഭവ സമാഹരനത്തിനും ഭരണ നിർവ്വഹണത്തിനുമുള്ള ഒരു അധികാരവും തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശിക ഭരണ സമിതിയിൽ നിക്ഷിപ്തമല്ല.
- ഈ വശങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി, നിലവിലെ അധികാര ഘടനയേയും ഉടമസ്ഥതാ ബന്ധങ്ങളേയും അടിസ്ഥാനപരമായി മാറ്റുന്നതിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വർഗ്ഗ സമരവുമായി അനിവാര്യമായും ബന്ധപ്പെടുത്തുന്ന താഴെ നിന്നും മുകളിലേക്കുള്ള വികേന്ദ്രീക്കരണത്തിന്റെ ഒരു ജനകീയ ബദൽ നാം മുന്നോട്ട് വെക്കേണ്ടതുണ്ട്.
- ജനങ്ങളുടെ രാഷ്ട്രീയാധികാരത്തിനെ പ്രാഥമിക കേന്ദ്രങ്ങളാക്കി പ്രാദേശിക ഭരണ സംവിധാനത്തെ മാറ്റിതീർക്കുന്നതിനെ പറ്റിയുള്ള പ്രത്യയശാസ്ത്ര വ്യക്തതയോടേയും അതിനനുസൃതമായ ഒരു രാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലും പഞ്ചായത്ത് തല തെരഞ്ഞെടുപ്പുകളിൽ നമ്മുടെ പാർട്ടി സജീവമായി പങ്കെടുക്കേണ്ടതുണ്ട്. അതിനായി, ‘കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി പുനർ വിതരണം നടത്തുന്നതിനു വേണ്ടിയും ഭൂമാഫിയ കയ്യടക്കിയിരിക്കുന്ന ഭൂമി കണ്ട് കെട്ടുന്നതിനു വേണ്ടിയും അത്തരം ഭൂമികളും മിച്ചഭൂമിയും ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും വേണ്ടിയുള്ള സന്ധിയില്ലാത്ത സമരങ്ങളോടും, ആവാസ വ്യവസ്ഥയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരായ പ്രക്ഷോഭങ്ങളോടും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന മറ്റ് നിരവധി നവകൊളോണിയൽ പദ്ധതികൾക്കെതിരായ പ്രക്ഷോഭങ്ങളോടും പഞ്ചായത്ത് തല തെരഞ്ഞെടുപ്പുകളിലെ പങ്കാളിത്തത്തെ അനിവാര്യമായും ബന്ധപ്പെടുത്തേണ്ടതുണ്ട്.
- തൊഴിലാലികളും കർഷകരും മറ്റെല്ലാ മർദ്ദിത വർഗ്ഗങ്ങളും വിഭാഗങ്ങളും വിശാല ജനതകളും താഴെ തട്ടിലുള്ള രാഷ്ട്രീയാധികാരം കയ്യടക്കുന്നതിനെയാണ് യഥാർത്ഥ അധികാര വികേന്ദ്രീകരണം കൊണ്ട് അർത്ഥമാക്കേണ്ടത്. രാജ്യത്തിനു മേലുള്ള സാമ്രാജ്യത്വ ആധിപത്യം തകർക്കുന്നതുമായും ‘മുകളിൽ നിന്ന് താഴേക്ക്’ കെട്ടിയേൽപ്പിക്കുന്ന ഇന്നത്തെ വികേന്ദ്രീകരണത്തിലൂടെ നിലനിർത്തപ്പെടുന്ന ഉടമസ്ഥതാ ബന്ധങ്ങളെ അടിസ്ഥാനപരമായി മാറ്റുന്നതുമായും ഇത് അനിവാര്യമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സാമ്രാജ്യത്വ ധന മൂലധനാധിപത്യത്തേയും നിലവിലെ വർഗ്ഗബന്ധങ്ങളേയും മാറ്റിമറിച്ചു കൊണ്ട്, ‘താഴെ തട്ടിൽ നിന്ന് മുകളിലേക്കുള്ള’ അധികാരവികേന്ദ്രീകരണത്തിന്റെ ഒരു ജനകീയ ബദൽ മാറ്റിസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഭൂമിയുടെ യഥാർത്ഥ അവകാശികളായ മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതർക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതടക്കം ഉടമസ്ഥതാ ബന്ധങ്ങളെ അടിമുടി മാറ്റിപ്പണിയേണ്ടത് ഈ പ്രക്രിയയുടെ സർവ്വപ്രധാനമായ ഒരു ഘടകമാണ്. പഞ്ചായത്തുകളുടെ വികേന്ദ്രീകരണത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമുള്ള വാചാടോപങ്ങൾക്കിടയിലും തങ്ങളുടെ അധികാര പരിധിയെ ഉല്ലംഘിച്ചുകൊണ്ട് ഇന്ത്യൻ ഭരണകൂടം ഒട്ടനവധി നവകൊളോണിയൽ പദ്ധതികൾ ജനങ്ങളെ അന്ധകാരത്തിൽ നിർത്തികൊണ്ട് അവർക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. ബഹുരാഷ്ട്ര കുത്തകകളും പഞ്ചായത്തുകളും തമ്മിലുള്ള ഒട്ടനവധി കോടതി കേസുകളിൽ, ജനങ്ങളുടെ അവകാശത്തിനെതിരായി ബഹുരാഷ്ട്ര കുത്തകകളുടെ നവകൊളോണിയൽ കൊള്ളയെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് മിക്ക കേസുകളിലും കോടതി എടുത്തത്.
- വിവിധ സംസ്ഥാനങ്ങൾ പിന്തുടരുന്ന നവഉദാരീകരണ വികേന്ദ്രീകരണത്തിന്റെ മാതൃകകൾ പാർട്ടി തള്ളിക്കളയുന്നു. “പാരീസ് കമ്മ്യൂണി”ന്റേയും “സോവിയറ്റു”കളുടേയും “ജനകീയ കമ്മ്യൂണുക”ളുടേയും അനുഭവങ്ങളിൽ നിന്ന് നാം പാഠങ്ങൾ ഉൾകൊള്ളണം. അവയിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളുകയും ഇന്ന് നിലനിൽക്കുന്ന സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി അവയെ പ്രയോഗിക്കുന്നതിനു നാം പരിശ്രമിക്കുകയും വേണം. വർഗ്ഗ/ബഹുജന സംഘടനകളുടെ സമരങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം, തെരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ പ്രദേശത്തേയും രാഷ്ട്രീയമായി മുന്നേറിയ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് ആ പ്രദേശത്തിനായി ഒരു ജനകീയ ബദൽ വികസന അജണ്ട തയ്യാറാക്കുകയും അത് ജനങ്ങൾക്ക് മുന്നിൽ വെക്കേണ്ടതുമാണ്. പഞ്ചായത്ത് തല തെരഞ്ഞെടുപ്പുകളുടെ സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി ഭൂമി, പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, തൊഴിൽ, ആരോഗ്യ പരിപാലനം തുടങ്ങിയ സവിശേഷമായ ആവശ്യങ്ങൾ ഉൾപ്പെടുത്തി പാർട്ടി പരിപാടിയുടെ വ്യക്തമായ ദിശയുടെ അടിസ്ഥാനത്തിൽ മാതൃകാ പ്രകടന പത്രികകൾ എല്ലാ സംസ്ഥാന കമ്മറ്റികളും തയ്യാറാക്കേണ്ടതാണ്. അതിനെ അടിസ്ഥാനപ്പെടുത്തി, നാം മൽസരിക്കാൻ തീരുമാനിക്കുന്ന പ്രദേശത്തെ ഗ്രാമ/നഗര പഞ്ചായത്തുകളിലെ പാർട്ടി കമ്മറ്റികളോ ജനകീയ കമ്മറ്റികളോ ആ പഞ്ചായത്തിലേക്കായി ഒരു ബദൽ പരിപാടി തയാറാക്കേണ്ടതാണ്. അതോടൊപ്പം, പഞ്ചായത്ത് സമിതികളെ ഉപയോഗപ്പെടുത്തി വർഗ്ഗസമരത്തെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിൽ സംഘടനാപരമായ മുൻകൈ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തേണ്ടതുണ്ട്.
- ഉപസംഹാരം: സഖാക്കളെ, നമ്മുടെ പാർട്ടിയുടെ സാന്നിദ്ധ്യവും പ്രാദേശിക സമരങ്ങളിലൂടെ നേടിയെടുത്ത ബഹുജന ബന്ധങ്ങളും ഉള്ളിടത്ത് അടിത്തട്ട് തലത്തിൽ പാർട്ടി കെട്ടിപ്പടുത്തുകൊണ്ട് പാർട്ടിയെ ഒട്ട് മൊത്തത്തിൽ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെ, അടിത്തട്ട് തലത്തിൽ നാം ബഹുജനാടിത്തറ വികസിക്കുക മാത്രമല്ല; അടിത്തട്ട് തലത്തിൽ ജനങ്ങളുടെ രാഷ്ട്രീയാധികാരത്തിനായുള്ള വർഗ്ഗ സമരം വികസിപ്പിക്കുന്നതിന് വേണ്ട അമൂല്യമായ പാഠങ്ങൾ നമുക്ക് ലഭിക്കുക കൂടി ചെയ്യും. “പാരീസ് കമ്മ്യൂണും” “സോവിയറ്റു”കളും “ജനകീയ കമ്മ്യൂണുക”ളും ഒക്കെയുണ്ടെങ്കിലും അടിത്തട്ടിൽ കമ്മ്യൂണിസ്റ്റുകാർ കഠുത്ത സമരം നേരിട്ട രാജ്യങ്ങളിലാണ് വിപ്ലവങ്ങൾ നടന്നതും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലേറിയതുമെന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ബഹുജനാടിത്തറ വികസിപ്പിക്കുക എന്ന അടിയന്തിര ലക്ഷ്യം മാത്രമല്ല, അടിത്തട്ട് തലത്തിൽ ജനങ്ങളുടെ രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിനും സമൂഹത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്ക് മുന്നേറാനുള്ള ദീർഘ കാലാടിസ്ഥാനത്തിലുള്ള ലക്ഷ്യത്തിന്റേയും വസ്തുതകളെ മനസ്സിലാക്കികൊണ്ട് ത്രിതല പഞ്ചായത്ത് തലത്തിലെ നമ്മുടെ പ്രവർത്തനങ്ങളെ വളരെ ഗൗരവത്തോടെ നാം ഏറ്റെടുക്കേണ്ടതുണ്ട്.