കേരള നിയമനിർമ്മാണ സഭയുടെ അന്തസ് സംരക്ഷിക്കുക.
പ്ലാച്ചിമട ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക
കേരള നിയമസഭ 11 വർഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നിയമമായി മാറാത്തത് കേരള നിയമസഭയുടെ നിയമനിർമ്മാണ അവകാശത്തിൽ കേന്ദ്ര ഗവ നടത്തിയ കയ്യേറ്റമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും നിയമനിർമ്മാണാവകാശം ഉയർത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ് സംരക്ഷിക്കാൻ കേരളത്തിലെ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും ഈ കൺവെൻഷൻ ആവശ്യപ്പെടുന്നു. .
മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ വാട്ടർ ആക്ടിന്റെ 43 ,47 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികൾ കണ്ടു കെട്ടുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ സമ്പൂർണ്ണ നഷ്ടപരിഹാരം നൽകുന്നത് വരെ സർക്കാർ താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്നും ഭൂഗർഭ ജലത്തിൻ്റെ സംരക്ഷണത്തിന് ഗ്രാമസഭയ്ക്ക് അധികാരം നൽകുന്ന വിധത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ഭരണഘടന നിയമനിര്മ്മാണ സഭകള്ക്ക് നല്കിയിട്ടുളള നിയമനിര്മ്മാണത്തിനുളള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില് ബഹുരാഷ്ട്ര കുത്തകകള് ഇന്ത്യന് ജനാധിപത്യത്തില് സ്വാധീനശക്തികളായി മാറിയിരിക്കുന്നു. ഇതിന് തെളിവാണ് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കൊക്കോള ദുരിതാശ്വാസവും നഷ്ടപരിഹാരവും സ്പെഷ്യല് ട്രൈബ്യൂണല് ബില്ലിന്റെ ദുരവസ്ഥ.
വിദഗ്ദ്ധ സമിതി വിശദമായ പഠനത്തിന് ശേഷമാണ് നിയമനിര്മ്മാണത്തിന് ശുപാർശ നൽകിയത്. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാര്ഷിക ഉല്പ്പാദന ത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങള് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് തുടര്ന്നുണ്ടായ സാമൂഹ്യപ്രശ്നങ്ങള്, സാമ്പത്തിക പ്രശ്നങ്ങള് എന്നിവ സമിതി വസ്തുനിഷ് 0മായി വിലയിരുത്തി. കൊക്കക്കോള കമ്പനിയുടെ പ്രവര്ത്തനം മൂലം ഭൂഗര്ഭ ജലവിതാനത്തില് വലിയ കുറവുണ്ടായി,നിലവിലെ നിയമവ്യവസ്ഥകള് ലംഘിച്ച് കമ്പനി പ്രവര്ത്തിച്ചു, ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാര്ഷിക ഉല്പ്പാദനം ഗണ്യമായി കുറച്ചു, ക്ഷീരകര്ഷകർക്കും കോഴി വളര്ത്തുന്നവര്ക്കും ഭീമമായ നഷ്ടമുണ്ടായി, പൊതു ജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികള്ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകള് കിലോമീറ്ററോളം നടക്കേണ്ട തരത്തില് ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോര്ട്ട് സമര്പ്പിച്ചത്. 216.26 കോടിയുടെ നഷ്ടമാണ് സമിതി തിട്ടപ്പെടുത്തിയത്.
ഏറ്റവും വിചിത്രമായ ഒരു നടപടിക്രമമാണ് കേന്ദ്ര സര്ക്കാര് ഈ വിഷയത്തില് സ്വീകരിച്ചത്. നഷ്ടപരിഹാരം കൊടുക്കാന് ബാധ്യതപ്പെട്ട ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിനുവേണ്ടിയായിരുന്നു ബില്ലിന്മേല് തുടര് നടപടി സ്വീകരിക്കാതെ അംഗീകാരം നിഷേധിച്ചത്. നിയമനിർമ്മാണ സഭക്കു മേലുളള എക്സിക്യൂട്ടീവിന്റെ കടന്നാക്രമണമാണ് ബില്ലിൻ്റെ കാര്യത്തിൽ ഉണ്ടായത്.
ബില്ലിന് അനുമതി ലഭിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാർ ആത്മാര്ത്ഥമായ സമീപനം സ്വീകരിച്ചില്ല. കേരള നിയമസഭയുടെ നിയമനിര്മ്മാണ അധികാരത്തെ പോലും എക്സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കുവാന് കഴിയുന്ന തരത്തില് ബഹുരാഷ്ട്ര കുത്തകകള് കരുത്താര്ജ്ജിക്കുന്ന കാലത്ത് അതിനെ ചെറുക്കാൻ സംസ്ഥാന നിയമസഭയുടെ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയും. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന ഗവൺമെന്റിന് നിയമം നിർമ്മിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നഷ്ടപരിഹാര പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം നൽകിയതാണ്. എന്നാൽ 7 വർഷമായിട്ടും അക്കാര്യത്തിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ബിൽ അവതരിപ്പിച്ച് പ്രസിഡണ്ടിൻ്റെ അനുമതിക്കയക്കാൻ സംസ്ഥാന നിയമസഭക്ക് ഇപ്പോഴും സാധിക്കും. ട്രൈബ്യൂണൽ സ്ഥാപിച്ച് നഷ്ടപരിഹാരം നൽകാനുള്ള ബില്ലിന് വീണ്ടും കേന്ദ്രം അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന കേന്ദ്ര ഗവ.നെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സ്വന്തം നിലയിൽ സംസ്ഥാനത്ത് നിയമം നിർമ്മിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം.നിയമ നിർമ്മാണത്തിനു സംസ്ഥാന സർക്കാർ തയ്യാറല്ലെങ്കിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ അധ്യക്ഷനായി സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമുള്ള 216.26 കോടി രൂപയുടെ നഷ്ടപരിഹാരം പ്ലാച്ചിമടക്കാർക്ക് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഈ കൺവെൻഷൻ ആവശ്യപ്പെടുന്നു.
പ്ലാച്ചിമട പ്രശ്നത്തിൽ പരിഹരിക്കാൻ അവശേഷിച്ചിരിക്കുന്ന വിഷയങ്ങളിൽ അടിയന്തര പരിഹാരമുണ്ടാക്കുന്നതിനായി നടക്കുന്ന പ്ലാച്ചിമട സത്യഗ്രഹസമരത്തെ ദൃഢ ചിത്തതയോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കൺവെൻഷൻ തീരുമാനിക്കുന്നു.
മുഴുവൻ ജനാധിപത്യ ശക്തികളും ഈ സമരത്തെ പിന്തുണക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു