Home » ജാതീയ അടിച്ചമർത്തലുകളുടെ ഭാഗമായ കുറ്റകൃത്യങ്ങളിൽ പട്ടികജാതി / വർഗ്ഗ (അതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്ത് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം

ജാതീയ അടിച്ചമർത്തലുകളുടെ ഭാഗമായ കുറ്റകൃത്യങ്ങളിൽ പട്ടികജാതി / വർഗ്ഗ (അതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്ത് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം

by Jayarajan C N

ജാതീയ അടിച്ചമർത്തലുകളുടെ ഭാഗമായ കുറ്റകൃത്യങ്ങളിൽ പട്ടികജാതി / വർഗ്ഗ (അതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്ത് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം:

ജാതി ഉന്മൂലന പ്രസ്ഥാനം (CAM).

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചതും ആദിവാസി വയോധികയുടെ മൃതദേഹം ആംബുലൻസ് നിഷേധിച്ചതിനാൽ ഒട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നതും കേരളത്തിൽ ശക്തമായി തുടരുന്ന ജാതിവ്യവസ്ഥയുടെ കാഠിന്യവും മനുഷ്യവിരുദ്ധതയുമാണ് വെളിവാക്കുന്നത്. കഴിഞ്ഞ മാസമാണ് ഇടുക്കി ജില്ലയിൽ ഒരു എയ്ഡഡ് സ്കൂളിലെ അദ്ധ്യാപിക രണ്ടാം ക്ലാസുകാരനായ ദലിത് വിദ്യാർത്ഥിയെക്കൊണ്ട് സഹപാഠിയുടെ വിസർജ്യം വാരിച്ചത്.

സമാനമായ കാര്യങ്ങൾ മറ്റിടങ്ങളിൽ ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ശക്തമാകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളത്തിൽ ഇത്തരം പീഡനങ്ങൾ നടക്കുമ്പോൾ പ്രതിഷേധങ്ങൾ ഉയരാത്തതും നിയമപരമായി കർശന നടപടികൾ സ്വീകരിക്കാൻ ഇവിടുത്തെ സർക്കാർ തയ്യാറാകാത്തതും ജാതിയെ സംബന്ധിച്ച് കേരളത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പ് സമീപനത്തെയാണ് വ്യക്തമാക്കുന്നത്.

നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും തുടർന്ന് ഇടതുപക്ഷ അവകാശപ്പോരാട്ടങ്ങളിലൂടെയും ജന്മിത്തവും തൽഫലമായി ജാതി മേൽക്കോയ്മയും കേരളത്തിൽ പൂർണ്ണമായും ഇല്ലാതായെന്നുമുള്ള അവകാശവാദങ്ങൾ ശക്തമായ സ്ഥലം കൂടിയാണ് കേരളം. അതേ സമയം സാമൂഹ്യ- രാഷ്ടീയ – വിഭവാധികാരങ്ങളിലും ഉദ്യോഗ, വിഭ്യാഭ്യാസ മണ്ഡലങ്ങളിലും ഇപ്പോഴും ആധിപത്യം പുലർത്തുന്ന ജാതി ഘടനയേയും ജാതീയമായ അടിച്ചമർത്തലുകളെയും കണ്ടില്ലന്നു നടിക്കുകയും അവ ചൂണ്ടിക്കാണിക്കുന്നവരെ ജാതിവാദികളായി ആക്ഷേപിക്കുകയും ചെയ്യുന്ന കപടമായ പുരോഗമന പൊതുബോധമാണ് കേരളത്തിലുള്ളത്.

ഇതുവഴി എല്ലാത്തരത്തിലുള്ള ജാതീയ അതിക്രമങ്ങളെയും ദുരഭിമാന കൊലകളെയും വരെ ജാത്യാതീതമായ കുറ്റകൃത്യങ്ങൾ മാത്രമായി അവതരിപ്പിച്ച് ജാതിവ്യവസ്ഥക്ക് രക്ഷപെടാൻ അവസരമൊരുക്കുകയാണ്.
അതുകൊണ്ടുതന്നെ ജാതീയ കുറ്റകൃത്യങ്ങളിൽ അട്രോസിറ്റി വകുപ്പുകൾ ചേർക്കാൻ തയ്യാറാകാതിരിക്കുന്നു.

യുവാവിനെ റോഡിലൂടെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസ് എടുത്ത് അറസ്റ്റുണ്ടായെങ്കിലും പട്ടിക ജാതി/വർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരമടക്കമുള്ളതടക്കം ഗൗരവമുള്ള വകുപ്പുകൾ ചേർത്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
സഹപാഠിയുടെ വിസർജ്യം കോരിച്ച സംഭവത്തിൽ മാതാപിതാക്കൾ ശക്തമായ നിലപാട് സ്വീകരിച്ചതിനാൽ അട്രോസിറ്റി വകുപ്പുകൾ ഉൾക്കൊള്ളിക്കേണ്ടി വന്നെങ്കിലും ആവശ്യമായ തെളിവുകൾ സമാഹരിച്ച് ശിക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് അലംഭാവം തുടരുകയാണ്.

ഓട്ടോറിക്ഷയിൽ മൃതശരീരം കൊണ്ടുപോകേണ്ടി വന്ന കാര്യത്തിൽ ഉദ്യോഗസ്ഥന്മാരെയൊക്കെ ഒഴിവാക്കി തുച്ഛമായ ഹോണറേറിയം മാത്രം കൈപ്പറ്റുന്ന പട്ടികവർഗ വിഭാഗത്തിൽ പെടുന്ന പ്രൊമോട്ടറേ സസ്പെന്റ് ചെയ്യുകയാണുണ്ടായിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് ജാതീയമായ അടിച്ചമർത്തലുകളുടെ ഭാഗമായ എല്ലാ കുറ്റകൃത്യങ്ങളിലും പട്ടികജാതി / വർഗ്ഗ (അതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്ത് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ജാതി ഉന്മൂലന പ്രസ്ഥാനം ആവശ്യപ്പെടുന്നത്.

ജാതീയമായ അടിച്ചമർത്തലുകളിൽ പ്രതിഷേധമുയർത്താനും ജാതിവ്യവസ്ഥക്കെതിരെ രംഗത്തിറങ്ങാനും എല്ലാ ജനാധിപത്യ ശക്തികളോടും അഭ്യർത്ഥിക്കുന്നു.

ജാതി ഉന്മൂലന പ്രസ്ഥാനം,
സംസ്ഥാന കോർഡിനേഷൻ സമിതിക്കു വേണ്ടി,
എം.കെ. ദാസൻ ,
കോർഡിനേറ്റർ.
Mob.94478091 49

17/12/24,
കോട്ടയം.

You may also like

Leave a Comment