നെറികെട്ട കൊളോണിയൽ സംസ്കാരം ആവർത്തിക്കുന്ന ഹാരിസൺസ്.
എം.പി കുഞ്ഞിക്കണാരൻ .
ഹാരിസൺസിനെ നെറികെട്ട രാജ്യദ്രോഹ പ്രവർത്തനം തുടരാൻ ഇനിയും അനുവദിച്ചു കൂട.
മുണ്ടക്കൈ -ചൂരൽമല ദുരന്തത്തെ തുടർന്ന് ദുരന്ത ബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന
തിനായി ദുരന്തനിവാരണ നിയമം ഉപയോഗിച്ച് അരപ്പറ്റ എസ്റ്റേറ്റ് നെടുമ്പാല ഡിവിഷനിലെ 65.2 1 ഹെക്ടർ ഭൂമിയും എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ 78.73 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ
ഈ രണ്ട് തോട്ടം മാനേജ്മെൻറുകളും ഹൈക്കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തടസ്സവാദം ഉന്നയിച്ചിരിക്കയാണ്.
ദുരന്തത്തിൽപ്പെട്ട സ്വന്തം തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുൾപ്പെടെയുള്ള ദുരന്തബാധിത സമൂഹത്തോട് ഹാരിസൺ കമ്പനി ചെയ്യുന്ന ഈ ക്രൂരതക്കെതിരെ മനുഷ്യ മനസ്സാക്ഷി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
തോട്ടം തൊഴിലാളികളും ബഹുജനങ്ങളും അടിയന്തിരമായും സമര രംഗത്തിറങ്ങേണ്ടതുണ്ട്.
പലപ്പോഴായി ചുണ്ടികാണിച്ചിട്ടുള്ളത് പോലെ പിണറായി സർക്കാറും തോട്ടം മാഫിയകളും തമ്മിലുള്ള ഒത്തുകളിയുടെ പ്രകടമായ ദൃഷ്ടാന്തം കൂടിയാണ് ഇത്. കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന അവിശുദ്ധ ബാന്ധവത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
ഈ ഭൂമി മാത്രമല്ല ഹാരിസൺ കൈവശം വെച്ചിരിക്കുന്ന ഒരു ലക്ഷത്തിൽ പരം ഏക്കർ ഭൂമി കോടതിയിൽ പോലും ചോദ്യം ചെയ്യാനാവാത്ത വിധം കേരള നിയമസഭയിലെ നിയമനിർമ്മാണം വഴി ഏറ്റടുക്കാമെന്നിരിക്കെ എന്തുകൊണ്ടു പിണറായിസർക്കാർ അതിന് തയാറാവുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്.
ഹാരിസൺസ് മലയാളം നിയമവിരുദ്ധമായി കൈവശം വെച്ച് കൊണ്ടിരിക്കുന്നത് കേരളത്തിൻ്റെ ഒരു ലക്ഷത്തിൽ പരം ഏക്കർ റവന്യൂ ഭൂമിയാണ് . വെറും 38863 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള കേരളത്തിൽ ,54.07 ശതമാനം മാത്രമാണ് കൃഷിക്കു ഉപയുക്തമായിട്ടുള്ളത്. ഈ ഭൂമിയുടെ വലിയൊരു പങ്കും ഒരു പിടി തോട്ടമുടമകളുടെ കൈവശത്തിലാണ് . കണക്കുകൾ വ്യക്തമാക്കുന്നത് മൊത്തം കൃഷിയോഗ്യമായ ഭൂമിയുടെ 5.55% കയ്യടക്കിയിരിക്കുന്നത് രണ്ടു കുപ്രസിദ്ധമായ കമ്പനികളാണ് എന്നാണ്. കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യുസസ് കമ്പനി ലിമിറ്റഡും ,ഹാരിസൺസ് മലയാളം ലിമിറ്റഡും .
കൊളോണിയൽ ഭരണകാലത്ത് അഞ്ച് ബ്രട്ടീഷ് കമ്പനികൾ സംയുക്തമായി ചേർന്ന് ഒറ്റ കമ്പനിയായി 1921 ൽ ലണ്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ്. തിരുവിതാംകൂറിലും തിരുകൊച്ചിയിലും മലബാറിലുമായി തോട്ട കൃഷിക്ക് ആവശ്യമായ ഭൂമി എന്ന നിലയിൽ ബ്രിട്ടീഷ് ഭരണത്തിൽ പാട്ടത്തിനെടുത്ത ഭൂമിയാണ് ഇന്ന് നിയമവിരുദ്ധമായി RP ഗോയങ്കെയുടെയും കൂട്ടാളികളുടെയും നിയന്ത്രണത്തിലായിരി
ക്കുന്നത്.
സംസ്ഥാനത്തെ 8 ജില്ലകളിലെ 39 വില്ലേജുകളിലായി ഹാരിസൺസ് കമ്പനി കയ്യടക്കിയ ഭൂമി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യൻ ഇൻ്റിപെൻഡഡ് നിയമത്തെയും, ഫെറ ഉൾപെടെയുള്ള നിരവധി നിയമങ്ങളെയും മറികടന്നുകൊണ്ടാണ് ബ്രട്ടീഷ് ഭരണകാലത്ത് 17 തോട്ടങ്ങളിലായി കിടക്കുന്ന കണ്ണൻ ദേവൻ കമ്പനിയുടെ 1,86,000 ഏക്കർ ഭൂമി നിയമവിരുദ്ധമായി ടാറ്റാ നിയന്ത്രണത്തിലാക്കിയത്.
ഹാരിസൺസ് ഉൾപ്പെടെ ബ്രട്ടീഷ് ഭരണകാലത്തെ മുഴുവൻ പാട്ടഭൂമിയും ഇന്ന് നിയമ വിരുദ്ധമായാണ് ഏതാനും കമ്പനികൾ കൈവശം വെച്ച് കൊണ്ടിരിക്കുന്നതെന്നും ഏതാണ്ട് അഞ്ചരലക്ഷം ഏക്കർ ഭൂമി ഇങ്ങനെ അന്യാധീനപ്പെട്ടു കിടക്കുന്നു എന്നും സർക്കാർ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളും അന്വഷണ ഏജൻ്റ്സികളും നിരവധി റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
അധിനിവേശത്തിലൂടെ കടന്നുവന്നു ആദിവാസികൾ ഉൾപ്പെടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ എതിർപ്പുകളെ മറികടന്ന് ലക്ഷക്കണക്കിന് ഏക്കർ ഭൂമിയിൽ നിയമവിരുദ്ധമായ ഇപ്പോഴും ആധിപത്യം തുടരുന്ന ഹാരിസണെയും കൂട്ടാളികളെയും കെട്ടുകെട്ടിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നേ മതിയാകൂ. അധിനിവേശത്തിലുടെ ആധിപത്യം ഉറപ്പിച്ച
ബ്രട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ചെങ്കിലും നവ അധിനിവേശക്കാലത്ത്, ഈ ശക്തികൾ ഇപ്പൊഴും നമ്മുടെ സമ്പത്തിൽ പിടിമുറുക്കി കൊള്ളയടിക്കുകയാണ്.
ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് നിരാലംബരായത് ആയിരത്തോളം കുടുംബങ്ങളാണ്.ജീവിക്കാനാവശ്യമായ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ഉറപ്പുവരുത്തി ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഇവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അത് ഒരു ജനാധിപത്യസമൂഹത്തിൻ്റെ കടമയാണ് , ഉത്തരവാദിത്തമാണ്
കലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി വരാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ചു പഠിച്ചിട്ടുള്ള വിദഗ്ദരും,ശാസ്ത്ര സമിതികളും ചൂണ്ടിക്കാട്ടിയതുപോലെ വയനാട്
ജില്ലയിലെ 13 വില്ലേജുകളിലായി 120 ഓളം സ്ഥലങ്ങൾ അതിവ പാരിസ്ഥിതിക ദുരന്ത സാധ്യതാ മേഖലകളാണ്. ഏതു സമയത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ ആവർ ച്ചേക്കാവുന്ന പ്രദേശങ്ങളാണ്. 5000 മേൽ കുടുംബങ്ങൾ അങ്ങേയറ്റം അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിൽ താമസിക്കുന്നു. തോട്ടംമേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർ. ദലിത് – ആദിവാസി ജനവിഭാഗങ്ങൾ, കർഷക തൊഴിലാളി കുടുംബങ്ങൾ ആണ് ഇവർ. അടിയന്തിര പ്രാധാന്യത്തോടെ ഈ കുടുംബങ്ങളെയും പുനരധിവസിപ്പിച്ചില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങൾക്ക് നാം ദൃക്സാക്ഷികളാകേണ്ടിവരും.
ഹാരിസൺസ് മലയാളത്തെ കൂടാതെ എൽസ്റ്റൺ പോലുള്ള 39 തോട്ടങ്ങൾ (60000 ഏക്കർ ഭൂമി) യാതൊരു ഭൂ ഉടമസ്ഥതാ രേഖകളുമില്ലാതെ തികച്ചും അനധികൃതമായി വയനാട് ജില്ലയിൽ മാത്രം കൈവശം വെച്ച് കൊണ്ടിരിക്കുന്നുണ്ട്.
വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിൽ വിവിധ സർവ്വേ നമ്പറുകളിൽപ്പെട്ട താഴെ പറയുന്ന തോട്ട ഭൂമികൾ ഇതിൽ ഉൾപ്പെടുന്നതായി കേരള സർക്കാറിന് വയനാട് ജില്ലാ കലക്ടർ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എൽസ്റ്റൺ എസ്റ്റേറ്റ്,
കുറിച്യർ മല എസ്റ്റേറ്റ്
ചുളുക്ക ടീ എസ്റ്റേറ്റ്,
ചെമ്പ്ര എസ്റ്റേറ്റ്,
പെല്ലോട്ട് എസ്റ്റേറ്റ്,
തട്ടാമല എസ്റ്റേറ്റ്,
തലപ്പായ ടീ എസ്റ്റേറ്റ്,
ജെസ്സി ടീ എസ്റ്റേറ്റ്
ചിറക്കര എസ്റ്റേറ്റ്
എൻ.എസ്സ് എസ്സ് എസ്റ്റേറ്റ്
ബ്രഹ്മഗിരി എസ്റ്റേറ്റ്
ബ്രഹ്മഗിരി (എ.ബി. ആന്റ് സി )എസ്റ്റേറ്റ്
എ.വി.ടി പ്ലാന്റേഷൻ,
പാമ്പ്ര കോഫി പ്ലാന്റേഷൻ,
ചോയി മല എസ്റ്റേറ്റ്,
പുന്നപ്പുഴ ,
വെള്ളരിമല എസ്റ്റേറ്റ്,
എൽഫിസ്റ്റൺ എസ്റ്റേറ്റ് ,
പോഡാർ പ്ലാന്റേഷൻ ,
(റിപ്പൺ ടീ ),
ഇംഗ്ലീഷ് – സ്കോട്ടിഷ് ജോയിന്റ് കമ്പനി എസ്റ്റേറ്റ്
തുടങ്ങിയ ഈഎസ്റ്റേറ്റ് ഭൂമി മുഴുവനും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ നിക്ഷിപ്തമായിരിക്കേണ്ട ഭൂമിയാണ്.
നിയമനിർമ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുത്താൽ പുത്തുമല , മുണ്ടക്കൈ , ചൂരൽമല ദുരന്തത്തിൽ പെട്ടവരെയും, പതിമൂന്നു വില്ലേജുകളിലെ ദുരന്ത സാധ്യത മേഖലകളിൽ ജീവൻ പണയപ്പെടുത്തി ജീവിക്കുന്ന 5000 ത്തോളം വരുന്ന കുടുംബങ്ങളെയും മാത്രമല്ല, വയനാട്ടിലെ മുഴുവൻ ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ എല്ലാ ആദിവാസി- കർഷക – കർഷക തൊഴിലാളി കുടുംബങ്ങൾക്കും കൃഷി ചെയ്യാനാവശ്യമായ ഭൂമി നൽകാൻ പറ്റും. തോട്ടം മാഫിയകളുടെ എറാൻ മൂളികളല്ലാത്ത , ബദൽ വികസന കാഴ്ചപ്പാടുകൾ ഉള്ള,ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന ഒരു ഗവർമ്മെണ്ട് ഉണ്ടായിരിക്കണമെന്നു മാത്രം.
എം.പി. കുഞ്ഞിക്കണാരൻ
30/10/2024.