ശ്രീലങ്കൻ പ്രസിഡണ്ടായുള്ള അനുരകുമാര ദിസനായകെയുടെ വിജയം, ശ്രീലങ്കയുടെ നാളിതുവരേയുള്ള ചരിത്രത്തിലെ ഒരു മാർക്സിസ്റ്റ് നേതാവിന്റെ ആദ്യ വിജയമായി ആഘോഷിക്കപ്പെടുകയാണ്.വ്യക്തമായും,ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധിതന്നെയാണ് ഈ വിജയത്തിനാധാരം.ആദ്യ റൗണ്ടിൽ നിർബന്ധമായും ലഭിക്കേണ്ടതായ 50 ശതമാനം വോട്ട് നേടാൻ ദിസനായകെയ്ക്ക് കഴിഞ്ഞില്ലെങ്കിലും രണ്ടാം റൗണ്ടിലെ മുൻഗണനാ വോട്ടുകൾ കൂടി എണ്ണിയതിന്റെ ഫലമായി അദ്ദേഹത്തിന് വിജയം കൈവരിക്കാനായി.
തീർച്ചയായും,പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥികളായിരുന്ന റനിൽ വിക്രമസിംഗെയ്ക്കും രാജപക്സയ്ക്കും ലഭിച്ച യഥാക്രമം 17%, 2.5% വോട്ട് വിഹിതത്തിൽ പ്രകടമായതുപോലെ, പരമ്പരാഗത വലതുപക്ഷ, നവലിബറൽ പാർട്ടികളോടുള്ള ശ്രീലങ്കൻ ജനതയുടെ വെറുപ്പിന്റെ ഫലമാണ് ദിസനായകെയുടെ വിജയം.തീവ്ര വലതുപക്ഷ നവലിബറൽ നയങ്ങളിൽ നിന്നും, കുതിച്ചുയരുന്ന വിദേശ കടങ്ങളിൽ നിന്നും, ഉടലെടുത്ത സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ, 2022 മുതൽ, “അരഗാലയ”(സമരം) എന്നറിയപ്പെടുന്ന ശ്രദ്ധേയവും പ്രശംസനീയവുമായ ജനകീയ മുന്നേറ്റത്തിന് ശ്രീലങ്ക സാക്ഷ്യം വഹിക്കുകയുണ്ടായി. ഭരണ വ്യവസ്ഥക്കെതിരായ അദ്വിതീയമായ ഒരു രാഷ്ട്രീയ – സാംസ്‌കാരിക മുന്നേറ്റമായിരുന്നു അത്. അരഗാലയയിൽ കണിശമായ കോർപ്പറേറ്റ് വിരുദ്ധവും ജനോന്മുഖവുമായ രാഷ്ട്രീയ പരിപാടി മുന്നോട്ടു വെക്കുന്ന വിപ്ലവ ശക്തികളും ഒരു പ്രധാന പങ്ക് വഹിക്കുകയുണ്ടായി. ദേശീയ രാഷ്ട്രീയത്തിൽ അള്ളിപ്പിടിച്ചിരുന്ന കുപ്രസിദ്ധമായ രാജപക്‌സെ കുടുംബത്തിന്റെ പതനവും പരമ്പരാഗത ഭരണവർഗ പാർട്ടികളുടെ തകർച്ചയും അരഗാലയയുടെ ഫലമായിരുന്നു.
പഴയ JVP (ജനതാ വിമുക്തി പെരുമന)യുടെ തിരഞ്ഞെടുപ്പ് മുന്നണിയായി, നാഷണൽ പീപ്പിൾസ് പവറിന്റെ (NPP), ദിസനായകയുടെ നേതൃത്വത്തിലുള്ള ആവിർഭാവവും, ഇടതുപക്ഷ ചായ്‌വുള്ള സ്വന്തം പ്രഖ്യാപിത സാമ്പത്തിക നിലപാടുകളിൽ വെള്ളം ചേർത്തുകൊണ്ട് അധികാരക്കസേരയിലേക്കുള്ള പ്രധാന മത്സരാർത്ഥിയായി അത് രംഗപ്രവേശം ചെയ്തതും അരഗാലയയുടെ മറ്റൊരു ഫലമാണ്. വ്യക്തമായും,പരമ്പരാഗത നവലിബറൽ പാർട്ടികൾക്കുള്ള ജനപിന്തുണയിലുണ്ടായ ശോഷണം ജനപിന്തുണ നേടാൻ NPP യെ പ്രാപ്തമാക്കി. എന്നിരുന്നാലും, ശ്രീലങ്കയിലെ നിർണായകമായ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങളിൽ പലതിലുമുള്ള ദിസനായകെയുടെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള അഭിപ്രായങ്ങൾ വളരെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളെയാണ് വെളിപ്പെടുത്തുന്നത്. മാത്രമല്ല അവ അരഗാലയ പ്രസരിപ്പിച്ച ഉയർന്ന പുരോഗമന-ജനാധിപത്യ ബോധത്തിനും ആവേശത്തിനും ഒട്ടും അനുഗുണവുമല്ല.
ഏറ്റവും കടുത്ത ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ വ്യവസ്ഥകളോടെയുള്ള ശ്രീലങ്കയുടെ 2.9 ബില്യൺ ഡോളറിന്റെ ഐഎംഎഫ് ബെയ്‌ലൗട്ട് പാക്കേജ് റദ്ദാക്കാൻ സ്വയം പ്രഖ്യാപിത “മാർക്സിസ്റ്റായ” ദിസനായകെയുടെ ഭാഗത്തുനിന്നുണ്ടായ പ്രകടമായ വിമുഖതയാണ് ഇക്കൂട്ടതിൽ ഏറ്റവും പ്രധാനം.ഐഎംഎഫ് ഇടപാടിനെ ഒരു “ഒഴിവാക്കാനാകാത്ത കരാർ” (“ബൈൻഡിംഗ് ഡോക്യുമെന്റ്”) എന്ന നിലയിൽ കാണുന്ന NPP യുടെ വീക്ഷണം ഇവിടെ വ്യക്തമാകുന്നു. “ഐഎംഎഫ് ഇടപാട് കുപ്പത്തൊട്ടിയിൽ” എന്ന അരഗാലയയുടെ വീക്ഷണത്തിന്റെ ഉള്ളടക്കത്തിനു തന്നെ വിരുദ്ധമാണിത്. പകരം, ദിസനായകെ ഇപ്പോൾ നിർദ്ദേശിക്കുന്നത് ഐഎംഎഫുമായുള്ള ഒരു “സംവാദവും” ഇടപഴകലുമാണ്.ഇതാകട്ടെ,അദ്ദേഹം നവലിബറൽ നയങ്ങളെ പൂർണ്ണമായും ആശ്ലേഷിക്കുന്നതിന്റേയും യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ തിട്ടൂരങ്ങൾക്ക് കീഴടങ്ങുന്നതിന്റേയും ലക്ഷണമാണ്. സാമ്രാജ്യത്വ താൽപ്പര്യം പേറുന്ന ചൈനയിലെയും വിപുലീകരണ മോഹങ്ങളുള്ള ഇന്ത്യയിലെയും ഭരണസംവിധാനങ്ങളിൽ നിന്ന് ഇദ്ദേഹത്തിനു ലഭിച്ച ധ്രുതഗതിയിലുള്ള അനുമോദനങ്ങൾ വരും നാളുകൾ ശ്രീലങ്കൻ ജനതയെ സംബന്ധിച്ചിടത്തോളം ശുഭകരമായിരിക്കില്ല എന്നതും സൂചിപ്പിക്കുന്നുണ്ട്.
കൂടാതെ,തമിഴർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ദേശീയതകൾ കേന്ദ്രീകരിച്ചിരിക്കുന്ന ലങ്കയുടെ വടക്ക്, കിഴക്ക്, മധ്യ പ്രവിശ്യകളിൽ നിന്ന് NPP ക്ക് പിന്തുണ നേടാനായില്ല എന്നത് ഒരു വസ്തുതയാണ്. തമിഴ് ന്യൂനപക്ഷ പ്രശ്നവുമായുള്ള JVP യുടെ പ്രത്യയശാസ്ത്രപരമായ എതിർപ്പും ചരിത്രപരമായി സങ്കീർണ്ണമായ ബന്ധവും കണക്കിലെടുത്ത്, ഇപ്പോൾ അനുരഞ്ജന വാചാടോപങ്ങൾക്ക് കുറവില്ലെങ്കിലും,വരും ദിവസങ്ങളിൽ ഈ വിഷയത്തെ ഉചിതമായി അഭിസംബോധന ചെയ്യുക എന്നത് ദിസനായകെയ്ക്ക് എളുപ്പമുള്ള കാര്യമല്ല.
കൃത്യമായി പറഞ്ഞാൽ,ലഭ്യമായ തെളിവുകളിൽ നിന്ന് വ്യക്തമാകുന്നത്, ശ്രീലങ്കയുടെ കയറ്റുമതി-അധിഷ്ഠിത വളർച്ചയ്ക്കുള്ള നിർദ്ദേശം ഉൾപ്പെടെയുള്ള നിർണായക രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളിൽ, വ്യവസ്ഥാപിതത്വ വിരുദ്ധവും വ്യവസ്ഥാവിരുദ്ധവുമായ നിലപാട് കയ്യൊഴിച്ചുകൊണ്ട് തന്റെ മുൻഗണനകളിൽ “പ്രായോഗിക” സമീപനം സ്വീകരിക്കാൻ ദിസനായകെ നിർബന്ധിതനാകുമെന്നു തന്നെയാണ്.ഇന്നത്തെ അവസ്ഥയിൽ, ശ്രീലങ്ക അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ ദിസനായകെ ഭരണകൂടം ജനപക്ഷ നിലപാടിലൂടെ പരിഹരിക്കുമെന്ന ഏതൊരു പ്രതീക്ഷയും ഒരു ദിവാസ്വപ്നം മാത്രമായിരിക്കും.
പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി സിപിഐ (എംഎൽ) റെഡ് സ്റ്റാർ
ന്യൂഡൽഹി 24.09.2024