ആഗസ്റ്റ് 19
സഖാവ് പി കൃഷ്ണപ്പിള്ളയെ അനുസ്മരിക്കുമ്പോൾ .
1937 ജൂലൈ മാസത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകം കോഴിക്കോട് വെച്ച് രൂപം കൊടുത്തപ്പോഴും ,തുടർന്നു 1939 ൽ നടന്ന പാറപ്രം സമ്മേളനത്തിലും വീണ്ടും നാലു വർഷങ്ങൾക്കുശേഷം 1943 ൽ ബോമ്പേ യിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായി കോഴിക്കോട്ട് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖില കേരള സമ്മേളനത്തിലും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടത് സഖാവ് കൃഷ്ണപ്പിള്ളയായിരുന്നു. 1934 മുതൽ തന്നെ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അമരക്കാരനായും സഖാവ് പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളീയ സമൂഹത്തിന്റെ ചരിത്ര ഗതി നിർണ്ണയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം അസാധാരണമായ സ്വാധീനമാണ് കേരള രാഷ്ട്രീയത്തിൽ ചെലുത്തിയത്. കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും വർഗ്ഗ സമര സന്ദേശമെത്തിച്ചു കൊണ്ട് ,
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ,ജൻമി-നാടു വാഴിത്ത വ്യവസ്ഥയോട് പോരടിച്ചും , നാടിനെ കീഴ്പ്പെടുത്തിയ ബ്രട്ടീഷ് അധിനിവേശത്തിനും എതിരെ സമര നിര വളർത്തിയും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ സഖാവ് കൃഷ്ണപിള്ളയും സഖാക്കളും പ്രതിജ്ഞാ ബദ്ധരായി. ത്യാഗോജ്ജ്വലമായ പോരാട്ടമായിരുന്നു ഇത്.
ജാതീയ അടിച്ചമർത്തലുകൾ ക്കെതിരെ ,സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലും ജനാധിപത്യ പ്രക്ഷോഭങ്ങളിലും അവർ നേരിട്ട് പങ്കാളികളായി.
ഉൾനാടുകളിൽ നില നിന്ന ജന്മി – മാടമ്പി ഭരണത്തിനെതിരെ പ്രതിരോധമുയർത്താൻ പാർട്ടി സഖാക്കൾക്ക് ഒപ്പം നിന്ന് പ്രചോദനം നൽകിയും , കൈത്തറി-തുണി മിൽ തൊഴിലാളികളെ , ഓട്ടു തൊഴിലാളികളെ . കയർ തൊഴിലാളികളെ നേരിട്ട് സംഘടിപ്പിച്ചും അവകാശ സമരങ്ങളിൽ അണി നിരത്തിയും അതുല്യനായ സംഘാടകനെന്ന നിലയിൽ, കരുത്തുറ്റ പ്രക്ഷോഭ കാരിയെന്ന നിലയിൽ സഖാവ് കൃഷ്ണപ്പിള്ള നേതൃത്വപരമായ തന്റെ പങ്ക് നിർവഹിച്ചു.
നവോന്ഥാന പ്രസ്ഥാനങ്ങൾ കേരളീയ സാമൂഹ്യ മണ്ഡലങ്ങളിൽ സൃഷ്ടിച്ച അനുകൂലമായ അനുഭവങ്ങളെ സ്വാംശീകരിച്ചു മുന്നോട്ട് പോവാൻ , തുടർച്ച നിലനിർത്താൻ സഖാവിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് കഴിഞ്ഞതു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഉറപ്പിക്കുന്നതിൽ മുപ്പതുകളും നാൽപ്പതുകളും ചരിത്ര പ്രധാനമായ രണ്ടു പതിറ്റാണ്ടുകളായി മാറി. ഇക്കാലത്തെ കേരളത്തിലെ തൊഴിലാളി – കർഷക പ്രസ്ഥാനങ്ങളുടെ അഭൂതപൂർവ്വമായ വളർച്ച ഇത് വിളിച്ചോതുന്നു.
ഭൂ ബന്ധങ്ങളുടെ ജനാധിപത്യ വൽക്കരണം മുഖ്യ അജണ്ടയായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നിലേക്ക് വന്നു. ജാതി വ്യവസ്ഥയുമായി ഇഴചേർന്നു കിടന്ന ജന്മിത്ത – വ്യവസ്ഥയുടെ അടിവേരറുക്കുന്ന രാഷ്ട്രീയം തൊഴിലാളിവർഗ്ഗ പ്രസ്ഥാനം മുറുകെപ്പിടിച്ചു. കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം അന്നത്തെ കേരളീയ സാഹചര്യത്തിൽ ഒരു ജീർണ്ണ വ്യവസ്ഥക്കെതിരെയുള്ള സാമൂഹികവും,രാഷ്ട്രീയവുമായ,സാമ്പത്തികവും സാസ്കാരികവുമായ നിരവധി സമര മുഖങ്ങൾ സൃഷ്ടിച്ചു. ചൂഷണത്തിൽ നിന്നുള്ള വിമോചന സങ്കൽപ്പങ്ങൾ വികസിച്ചു.
കേരളീയ സമൂഹത്തിൽ അതേവരെ ഇല്ലാത്ത രീതിയിൽ തൊഴിലാളികൾ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ച് വ്യവസ്ഥ ക്കെതിരായ സംഘടിത മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയും സ്വയം പ്രതിരോധത്തിനുള്ള ആയുധമായി തൊഴിലാളികൾ യൂനിയനുകളെ നിർമ്മിച്ചെടുക്കുകയും ചെയ്തു .ഒപ്പം ദേശീയ പ്രസ്ഥാനം ഇളക്കി വിട്ട സാമ്രാജ്യത്വ വിരുദ്ധത കാത്തു സൂക്ഷിക്കാനും തുടർച്ചയെന്ന നിലയിൽ അത് കൂടുതൽ ഉറച്ച സാർവ്വദേശീയ അടിത്തറയിൽ ഉന്നയിക്കാനും കഴിഞ്ഞു.
1948 ആഗസ്റ്റ് 19 ന് പാമ്പുകടിയേറ്റ് അന്ത്യശ്വാസം വലിക്കുന്നതുവരെ വളര ഹൃസ്വമായ ഒരു കാലമാണങ്കിൽ പോലും മാതൃക പരമായ നേതൃത്വ പാടവം കാഴ്ച വെച്ചു കൊണ്ടു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് എന്ന സ്ഥായിയായ അംഗീകാരവും സഖാവ് നേടിയെടുത്തു.
സഖാവിന്റെ 76മത്തെ ഓർമ്മ ദിനമാണ് 2024
ആഗസ്റ്റ് 19 . മറ്റൊരു ചരിത്ര പ്രധാനമായ
ദശാ സന്ധിയിലാണ് സഖാവിന്റെ ഓർമ്മ ഇന്നു നാം പുതുക്കുന്നത്.
നമ്മുടെ രാജ്യത്തെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഫാസിസ്റ്റ് ശക്തികൾ രഥയാത്രയിലാണ്. ആർ.എസ്സ്.എസ്സ് അതിന്റെ രൂപീകരണത്തിന്റെ നൂറ് വർഷമാകു മ്പോഴേക്കും ഭീബൽസമായ അതിന്റെ മുഖം പുറത്തെടുത്തിരിക്കുന്നു.
കോൺഗ്രസ്സിനെ പിന്തള്ളി അത് അധികാരത്തിന്റെ സർവ്വ മണ്ഡലങ്ങളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഹിന്ദുത്വത്തെ പ്രത്യയ ശാസ്ത്രമായി കൊണ്ടാടുന്ന ഫാസിസ്റ്റുകൾ
ജനങ്ങളെ തമ്മിലടിപ്പിച്ചു കൊണ്ടു , മത ന്യൂനപക്ഷ -ഗോത്ര ജന വിഭാഗങ്ങൾക്കും ദേശീയ ജന വിഭാഗങ്ങൾക്കും എതിരെ നിലയുറപ്പിച്ചിരിക്കുന്നു.സ്ത്രീകൾക്കും , ദലിത് – ആദിവാസി ജനവിഭാഗൾക്കും എതിരെ കടന്നാക്രമണത്തിന്റെ ഹീനമായ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നു. ജനങ്ങൾക്ക് എതിരായ കടന്നാക്രമണങ്ങൾ നാടിന്റെ നാനാഭാഗത്തും അഴിച്ചു വിടുന്നു.
ലോകത്ത് എല്ലായിടത്തും കണ്ടതുപോലെ സമാന്തരമായി ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിത്തറയായും വികാസഗതികൾക്ക് അനുസൃതമായും മൂലധനത്തിന്റെ വേട്ട ത്വരിത ഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.
സമ്പദ്ഘടനയുടെ സമ്പൂർണ്ണമായ നിയന്ത്രണം കൈക്കലാക്കിയ പുതിയ കോർപ്പറേറ്റ് മൂലധന ശക്തികളുടെ താൽപര്യങ്ങളിലാണ് ഭരണകൂടത്തിന്റെ ശ്രദ്ധ..വിലക്കയറ്റവും ദാരിദ്ര്യവും ജനജീവിതത്തെ ദുസ്സഹമാക്കുന്നു. ഗ്രാമീണ മേഖലകളിൽ ഭൂരാഹിത്യത്തിന്റേയും ഭവനരാഹിത്യത്തിന്റെ തോത് ഉയർന്നു കൊണ്ടേയിരിക്കുന്നു. തൊഴിലവകാശങ്ങൾ കവർന്നെടുത്തു മൂലധനത്തിന്റെ നിഷ്ഠൂരമായ വേട്ടക്ക് രാജ്യത്തെ തൊഴിലാളികളെ വലിച്ചെറിയുന്നു.കർഷക ജനവിഭാഗങ്ങളാവട്ടെ , നിലനിൽപ്പിനുവേണ്ടിയുള്ള അന്തിമ സമരങ്ങളിലാണ്.
കേരളം അന്നും ഇന്നും .
കേരളത്തിൽ മറ്റൊരു ദിശയിൽ മൂന്നേറുന്ന മൂലധന സേവ അതിന്റെ ഏറ്റവും കൊടിയ ജീർണ്ണതയിലും പാരമ്യത്തിലുമാണ്.
സഖാവ് കൃഷ്ണപ്പിള്ള ഉൾപ്പെടെയുള്ള പതിനായിര കണക്കിന് ധീര യോദ്ധാക്കൾ പതിറ്റാണ്ടുകൾ നീണ്ട ത്യാഗപൂർണ്ണമായ സമരങ്ങളിലൂടെ പടുത്തുയർത്തിയ പ്രസ്ഥാനം ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്തത്രയും ജീർണ്ണതയിലേക്കും ശിഥിലീകരണത്തിലേക്കും എത്തിക്കഴിഞ്ഞു. അധികാര കേന്ദ്രങ്ങളുടെ ഇടനാഴികൾ അഴിമതി കേന്ദ്രങ്ങളായി മാറി.
അമ്പതുകളുടെ രണ്ടാം പാതി മുതൽ പതുക്കെ പതുക്കെ പ്രത്യയ ശാസത്ര – രാഷ്ട്രീയ മണ്ഡലങ്ങളിൽ ആരംഭിച്ച ഈ മാറ്റങ്ങളാണ് കേരളത്തെ പിന്നോക്കം നടക്കുന്ന സമൂഹമാക്കി പരിവർത്തനപ്പെടുത്തിയിരിക്കുന്നത്.
ഐക്യ കേരളത്തിൽ അധികാരമേറ്റെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്യത്തിൽ
ഭൂ പരിഷ്കരണത്തിന്റെയും കാർഷിക പരിഷ്കരണങ്ങളുടേതുമായ ദശകങ്ങൾ പിന്നിട്ടപ്പോഴേക്കും
ഭൂ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം എന്ന ആശയം തന്നെ അർത്ഥരഹിതമായി. അധിനിവേശ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി കണ്ണൻ ദേവനും .ഹാരിസണും ഉൾപ്പെടെ വിദേശ തോട്ടം കമ്പനികൾ കൊളോണിയൽ ശക്തികളുടെ പിന്തുണയോടെ തട്ടിയെടുത്ത 10 ലക്ഷത്തിൽ പരം ഏക്കർ ഭൂമി കയ്യാളാൻ കുത്തകകൾക്ക് സൗകര്യപ്രദമായ ബന്ധങ്ങളായി ഇത് മാറി.
സഖാവ് കൃഷ്ണപ്പിള്ളയുടെ പാർട്ടി അതിന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിച്ച കേരളത്തിലെ കൃഷി ഭൂമിയിൽ നിന്ന് വിദേശ മൂലധന ശക്തികളെ എന്നന്നേക്കുമായി കെട്ടു കെട്ടിക്കാനും വിദേശ തോട്ടങ്ങൾ ദേശ സാൽക്കരിക്കാനുമുള്ള ആവശ്യം ആര് ആർക്കുവേണ്ടിയാണ് ഉപേക്ഷിച്ചത് ?
ജാതിമേധാവിത്തത്തിനും സവർണ്ണാധിപത്യത്തിനു മെതിരായ പോരാട്ടം ഔപചാരികമായി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതിനുമെത്രയോ മുമ്പു തന്നെ കേരളീയ സമൂഹത്തിൽ ഇടം പിടിച്ചിരുന്നു . രാഷ്ട്രീയമായ അർത്ഥതലങ്ങൾ വികസിപ്പിച്ചു ഈ പോരാട്ടങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടി പുതിയ ദിശ നൽകി.
പ്രത്യയ ശാസ്ത്ര മണ്ഡലത്തിൽ നിന്ന് അകറ്റി നിർത്തി ജാതി പ്രശ്നമെന്നതിനെ ഇന്നു മായച്ചു കളഞ്ഞു. ജാതി പ്രശ്നം അജണ്ടയിൽ വരുന്നതേയില്ല.
മുണ്ടശ്ശേരിയിൽ നിന്നും വിദ്യാഭ്യാസം എത്രമാത്രം പിന്നോട്ട് പോയി. പതിന്മടങ്ങ് ശക്തമായി പുതിയ രൂപത്തിൽ തിരിച്ചു വന്ന കോർപ്പറേറ്റ് മൂലധന ദൗത്യത്തെ തിരിച്ചറിയാൻ കഴിയാതെ അതിന്റെ വക്താക്കളും പങ്ക് പറ്റുന്ന വരുമായി പാർട്ടി നേതൃത്വങ്ങളും പരിവാരങ്ങളും മാറി.പള്ളിയും പട്ടക്കാരും കൂട്ടാളികളായി. 57ലെ വിമോചന സമരത്തിന്റെ വക്താക്കളുമായി കൃത്യം 10 വർഷം പിന്നിട്ട് 67 ആകുമ്പോഴേക്കും ചങ്ങാത്തിലാവാനും രണ്ടാമൂഴവും കസേര ഉറപ്പിക്കുന്നതിനുള്ള പ്രത്യയ ശാസ്ത്ര അഭ്യാസങ്ങൾ വിജയിപ്പിക്കുകയും ചെയ്തു.
മൂലധനം അതിന്റെ അപരിഹാര്യമായ പ്രതി സന്ധിയെ ഒളിപ്പിച്ചുവെക്കുകയും മനുഷ്യാ ദ്ധ്വാനത്തിൽ നിന്നു മാത്രമല്ല സാങ്കേതിക വിദ്യങ്ങളിൽ നിന്നും പ്രകൃതിവിഭവങ്ങളിൽ നിന്നും കൊള്ള പതിന്മടങ്ങ് ശക്തമായി തുടരുമ്പോഴും പാരിസ്ഥിക തകർച്ചകളിൽ ഉത്കണ്ഠ പോലും ഉയരുന്നില്ല. സമ്പദ്ഘടനയുടെ തകർച്ച ചർച്ച പോലും ആകുന്നില്ല.
ഭരണകൂട നയങ്ങൾ
സമ്പുത്തുൽപാദന മേഖലകളെ തകർത്ത് സംഘടിത തൊഴിലാളിവിഭാഗങ്ങളെ ഫാക്ടറികളിൽ നിന്നും തെരുവുകളിലേക്ക് വലിച്ചെറിയുന്നു. , ഗ്രാമീണ ഇന്ത്യൻ മേഖലകളിൽ അസംഘടിത തൊഴിൽ മേഖലകളിലേക്ക് ദിനംപ്രതി യെന്നോണം എത്തിച്ചേരുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.
തൊഴിലാളി വർഗ്ഗത്തിന്റെ അണികളിലേക്ക് കടന്നുവരുന്ന പുതിയ ശക്തികളെ സംഘടിതരാക്കി മൂലധനത്തിനെതിരായ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മറന്നു പോയി.
ഇതിനെല്ലാം ഉപരിയായി സഖാവ് കൃഷ്ണപ്പിള്ളയുടെ ഓർമ്മകൾ ഓരോ ജനാധിപത്യവാദിയോടും , ഓരോ പുരോഗമനേച്ഛുക്കളോടും , ഓരോ കമ്യൂണിസ്റ്റ് കാരോടും ആവശ്യപ്പെടുന്നത് ആസന്നമായ പോരാട്ടത്തിൽ, ഫാസിസത്തിനെതിരായി രാജ്യമാസകലം പടർന്നു പിടിക്കേണ്ട പോരാട്ടത്തിന് ,കൈകോർക്കുക എന്നതാണ്.
ഫാസിസത്തിനെതിരായ പോരാട്ടം എന്നാൽ അയ്യായിരത്തിലധികം വർഷമായി ആധിപത്യത്തിലുള്ള ഒരു പ്രതിലോമ പ്രത്യയ ശാസ്ത്രത്തിന്റെ അടിവേര് അറുത്തു മാറ്റുക എന്നതാണ്. നൂറ്റിമുപ്പത്തി അഞ്ചു കോടി ജനങ്ങളെ അണി നിരത്തി നേടിയെടുക്കേണ്ട വിജയമാണിത്.
ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങൾ ഉൾക്കൊള്ളണം.പുരോഗമനോന്മുകമായ സമൂഹത്തെ കൂട്ടിയിണക്കണം. വർഗ്ഗ സമരത്തെ മുറുകെ പിടിക്കണം. വർത്തമാന
ലോകത്തിന്റെ വികാസ പരിണാമങ്ങളെയും ചരിതത്തിന്റെ ഗതി വിഗതികളെയും തിരിച്ചറിയണം. ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമെ ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ കഴിയു . പാർട്ടിക്ക് വേണ്ടി കൃഷ്ണപ്പിള്ള ഏറ്റെടുത്ത ദൗത്യം പുതിയ ലോകത്ത് പുതിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുക. അതിന് പ്രാപ്തമായ
ഒരു പാർട്ടി കെട്ടിപ്പടുക്കുക .ഇതു മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. ആസന്നമായ മരണത്തെ മുന്നിൽ കണ്ട അവസാന നിമിഷത്തിലും സഖാവ് പറഞ്ഞു , ”വിമർശനങ്ങൾ മാത്രമെ ഉള്ളു; സ്വയം വിമർശനങ്ങൾ ഇല്ല ” .
എം.പി. കുഞ്ഞിക്കണാരൻ
ആഗസ്റ്റ് 19,