Home » ജാതി സെൻസസ് നടപ്പാക്കാതെ ഉപജാതി സംവരണം നടപ്പാക്കാൻ ശ്രമിക്കുന്നത് കുതിരയെ വണ്ടിക്ക് പിന്നിൽ കെട്ടുന്നതിന് തുല്ല്യമാണ്!

ജാതി സെൻസസ് നടപ്പാക്കാതെ ഉപജാതി സംവരണം നടപ്പാക്കാൻ ശ്രമിക്കുന്നത് കുതിരയെ വണ്ടിക്ക് പിന്നിൽ കെട്ടുന്നതിന് തുല്ല്യമാണ്!

by Jayarajan C N

ജാതി സെൻസസ് നടപ്പാക്കാതെ ഉപജാതി സംവരണം നടപ്പാക്കാൻ ശ്രമിക്കുന്നത് കുതിരയെ വണ്ടിക്ക് പിന്നിൽ കെട്ടുന്നതിന് തുല്ല്യമാണ്!

ഇന്ത്യയിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ജാതി സമൂഹങ്ങൾ അനുഭവിക്കുന്ന ചരിത്രപരമായ അനീതികൾ ഇല്ലാതാക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം സാക്ഷാത്കരിക്കുന്നതിനുള്ള വഴികൾ നിരവധി സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ വെല്ലുവിളികൾ നിറഞ്ഞതാണ്. അത്തരത്തിലുള്ള ഒരു നിർണ്ണായക വിഷയം മനുസ്മൃതിയിൽ മനുഷ്യരായി പ്പോലും കണക്കാക്കാത്ത, തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമായ പട്ടികജാതി (SC) അല്ലെങ്കിൽ “ദലിതർ” എന്നതിലെ ഉപജാതി വിഭാഗങ്ങൾക്കിടയിൽ സംവരണ ആനുകൂല്യങ്ങൾ ആനുപാതികമല്ലാതെ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ്. ഇതുമായി ബന്ധപ്പെട്ട്, ചില സംസ്ഥാന നിയമസഭകൾ ഉപജാതികളെ അടിസ്ഥാനമാക്കി സംവരണത്തിനായി നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, 2009 മുതൽ ഉപജാതി സംവരണം പ്രാബല്യത്തിൽ വരുന്ന ഈ കാര്യത്തിൽ തമിഴ്‌നാടാണ് ഏറ്റവും വിജയിച്ചിട്ടുള്ളത്. മറുവശത്ത്, സദാശിവൻ കമ്മീഷൻ 2012-ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കർണാടകയിലെ മാറിമാറി വരുന്ന സർക്കാരുകൾക്ക് പട്ടികജാതിക്കാർക്കുള്ള ആഭ്യന്തര ക്വാട്ട നടപ്പിലാക്കാൻ കഴിഞ്ഞില്ല.

എന്നിരുന്നാലും, അഖിലേന്ത്യാ തലത്തിൽ ഉപജാതി വിഭാഗങ്ങൾക്കിടയിലുള്ള സംവരണത്തിൻ്റെ അസമമായ വിതരണം ഉൾപ്പെടെയുള്ള അന്തർ-ജാതി വ്യത്യാസങ്ങളെയും അസമത്വങ്ങളെയും കുറിച്ചുള്ള സമഗ്രവും മൂർത്തവുമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ല. SC/ST ക്കുള്ളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും അവരുടെ ഫലപ്രദമായ ഉന്നമനത്തിനായുമുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും അത്തരമൊരു ഡാറ്റ സഹായകമാകും. പ്രബല ജാതികളെ ഉൾപ്പെടുത്തുന്നതിനോ അർഹരായ ജാതികളെ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനോ സംബന്ധിച്ച വിശദാംശങ്ങൾ പോലും കൃത്യമായ ഡാറ്റ ലഭ്യമാണെങ്കിൽ മാത്രമേ അറിയാൻ കഴിയൂ. ഈ പശ്ചാത്തലത്തിലാണ് ജാതി ഉന്മൂലന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും അഖിലേന്ത്യാ ജാതി സെൻസസ് നിശ്ചയദാർഢ്യത്തോടെ ആവശ്യപ്പെടുന്നത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള ജാതി- സെൻസസ് അടിസ്ഥാനമാക്കിയുള്ള സംവരണം വിപുലീകരിക്കാൻ പോലും ഇത് ഉപയോഗപ്രദമാകും. ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന മനുവാദി ബ്രാഹ്മണിക്, ഫാസിസ്റ്റ് ശക്തികൾ, പക്ഷെ ജാതി സെൻസസിനെ ഭയപ്പെടുന്നു. അതിനാൽ, അഖിലേന്ത്യാ ജാതി സെൻസസ് “സാമൂഹിക സൗഹാർദ്ദം” നശിപ്പിക്കുമെന്ന് പറഞ്ഞ് അവർ ശക്തമായി എതിർക്കുന്നു. മറുവശത്ത്, ജാതി ഉന്മൂലനത്തിൻ്റെ ദിശയിലേക്കുള്ള ആദ്യ ചുവട് ജാതി എന്ന മൂർത്തമായ യാഥാർത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ്. അതിന് ജാതി സെൻസസ് അനിവാര്യമാണ്.

ഈ സാഹചര്യത്തിലാണ് SC, ST ഉപജാതി സംവരണം സംബന്ധിച്ച ഏഴംഗ സുപ്രീം കോടതിയുടെ 2024 ഓഗസ്റ്റ് 2, ലെ വിധി പ്രാധാന്യമർഹിക്കുന്നത്. ജാതികൾക്കിടയിലുള്ള അസമത്വങ്ങൾ തീരുമാനിക്കുന്നതിനുള്ള ആദ്യപടിയായിരിക്കേണ്ട, ഒഴിച്ചുകൂടാനാവാത്തതും വിശ്വസനീയവുമായ ജാതി സെൻസസിൻ്റെ ആവശ്യകതയെക്കുറിച്ച് അതിൽ ഒന്നും പരാമർശിക്കുന്നില്ല. യാതൊരു ആവശ്യമില്ലാതിരുന്നിട്ട് കൂടി, ഈ ‘ഉപജാതി’ വിധിയുടെ ഭാഗമായ ജഡ്ജിമാർ, തങ്ങളുടെ നിരീക്ഷണങ്ങളിൽ “ക്രീമി ലെയർ” എന്ന അജണ്ട SC വിഭാഗത്തിലേക്ക് നീട്ടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു !! സംവരണാനുകൂല്യങ്ങളിൽ നിന്ന് SC, ST കൾക്കിടയിലെ ക്രീമിലെയറിനെ പൂർണ്ണമായും ഒഴിവാക്കുന്നതിന്, അവരെ തിരിച്ചറിയാൻ സംസ്ഥാന സർക്കാരുകൾ ഒരു നയം ഉണ്ടാക്കണമെന്ന് വിധിയുടെ ഭാഗമായി ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം തൊട്ടുകൂടായ്മയും ജാതി അടിച്ചമർത്തലും മാറ്റാൻ പോകുന്നില്ലെന്ന ധാരണയുടെ നഗ്നമായ ലംഘനമാണിത്.
ഒരു വശത്ത് “ക്രീമി ലെയറും” EWS സംവരണവും ഉയർത്തിപ്പിടിക്കുന്ന, അതേ സമയം, SC യിലെ ഉപജാതി സംവരണത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കൊപ്പം നിൽക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ ഇതേ കാഴ്ച്ചപ്പാട് പങ്കിടുന്നു. മറുവശത്ത് എസ്.ടി. ഉപജാതി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ യാതൊരു അമാന്തവും കൂടാതെ പിന്തുണച്ചതിൽ നിന്നും കമ്മ്യൂണിസ്റ്റുകൾ എന്ന് സ്വയം അവകാശപ്പെടുന്ന സിപിഐ (എം) പോലുള്ള പാർട്ടികൾ പിന്തുടരുന്ന ജാതിയോടുള്ള യാന്ത്രിക സമീപനവും വ്യക്തമാണ്.

അതിനാൽ, ഒരു വശത്ത് സുപ്രീം കോടതിയുടെ ഉപജാതി വിധിയെ അനുകൂലിക്കുകയും എന്നാൽ ജാതി സെൻസസിലൂടെ ജാതിയെക്കുറിച്ചുള്ള മൂർത്തവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും പരസ്യമായി പുറത്തുവിടുകയും ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്ന ബ്രാഹ്മണിക ശക്തികളുടെയും അവരുടെ കൂട്ടാളികളുടെയും ഇരട്ടത്താപ്പ് എല്ലാ ജാതി വിരുദ്ധ ജനാധിപത്യ ശക്തികളും തിരിച്ചറിയേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഈ നീക്കത്തിലൂടെ, ബ്രാഹ്മണിക് ഭരണവർഗ്ഗങ്ങളുടെ ഉദ്ദേശം SC/ST സംവരണം നേർപ്പിച്ച് ആശയക്കുഴപ്പം വിതച്ച് തൊട്ടുകൂടാത്ത, അടിച്ചമർത്തപ്പെട്ട ജാതികൾക്കിടയിൽ അനൈക്യം ശക്തിപ്പെടുത്തുക എന്നതാണ്. അത് ഏറ്റവും അടിച്ചമർത്തപ്പെട്ട ഈ വിഭാഗങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ളതാണ്.

ഉദാഹരണത്തിന്, കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്ന ഉപജാതി സംവരണത്തിൻ്റെ വക്താക്കൾ 2011-ലെ സാമൂഹിക സാമ്പത്തിക-ജാതി സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ പാർശ്വവത്കരിക്കപ്പെട്ടതും പിന്നാക്കം നിൽക്കുന്നതുമായ സമുദായങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ടുകൾ വഴിതിരിച്ചുവിടാൻ ഇപ്പോഴും തടഞ്ഞുവയ്ക്കുകയാണ്.

അതിനാൽ, പുരോഗമന-ജനാധിപത്യ ശക്തികൾ എസ്‌സി/എസ്‌ടിയിലെ ഉപജാതി സംവരണം സംബന്ധിച്ച വിധിയുമായി ബന്ധപ്പെട്ട് സമഗ്രമായ നിലപാട് സ്വീകരിക്കുന്നതിന് വിവിധ വശങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ സങ്കീർണ്ണവും ബഹുമുഖവുമാണ്. ഈ സാഹചര്യത്തിൽ, ജാതി ഉന്മൂലനം എന്ന കാഴ്ച്ചപ്പാട് ശക്തമായി ഉയർത്തിപ്പിടിച്ച്, അഖിലേന്ത്യാ ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി മുന്നോട്ട് വയ്ക്കുകയും, പട്ടികജാതി വിഭാഗത്തിലെ ഏറ്റവും പീഡിതരും അവശത അനുഭവിക്കുന്നവരുമായ വിഭാഗങ്ങളോട് ഐക്യദാർഢ്യത്തോടെ, അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ, ജാതിയുടെ ഉപവർഗ്ഗീകരണ വിഷയത്തിൽ ജനകീയ കമ്മിറ്റി 2024 ഓഗസ്റ്റ് 21 ന് പ്രഖ്യാപിച്ച ഭാരത് ബന്ദിനെ പിന്തുണയ്ക്കാൻ സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ തീരുമാനിച്ചു.

പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ

ന്യൂ ഡെൽഹി
06.08.2924

You may also like

Leave a Comment