Home » ആഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുക !!

ആഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുക !!

by Jayarajan C N

ആഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുക !!

ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുകയാണല്ലൊ. എന്നാൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഒരിക്കലും ശത്രുവായി കാണാതിരിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത അതേ ഫാസിസ്റ്റ് ശക്തികൾ തന്നെയാണ് ഇന്ന് ഇന്ത്യൻ ഭരണത്തിൻ്റെ കടിഞ്ഞാൺ നിയന്ത്രിക്കുന്നത് എന്നത് കൊണ്ട്തന്നെ സ്വാതന്ത്ര്യ ദിനാഘോഷം കേവലം ഔപചാരികമായ ഒന്നായി മാറുന്നു. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ RSS ൻ്റെ രാഷ്ട്രീയ ഉപകരണമായ ബിജെപിക്ക് പാർലമെൻ്റിൽ ഭൂരിപക്ഷം നേടാനായില്ല എന്നിരിക്കിലും തീവ്ര വലതുപക്ഷ, നവഫാസിസ്റ്റ് ആക്രമണം മോദി 3.0 യുടെ കാർമ്മികത്വത്തിൽ തുടരുകയാണ്. അതായത്, പാർലമെൻ്ററി തലത്തിൽ താരതമ്യേന ദുർബ്ബലമായെങ്കിലും, ആഴത്തിൽ വേരൂന്നിയ RSS ഫാസിസ്റ്റ് നീരാളിപ്പിടുത്തം, മുഴുവൻ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം മുതലായവയിൽ വ്യാപിച്ചുകിടക്കുന്ന സിവിൽ, മിലിട്ടറി ഭരണത്തിലും ജുഡീഷ്യറിയിലും അതിൻ്റെ തുടർച്ചയായ സ്വാധീനത്തിലൂടെയും നൂറുകണക്കിന് രഹസ്യവും പരസ്യവുമായ സംഘടനകളിലൂടെയും, എല്ലാറ്റിനുമുപരിയായി, മോഡിയുടെ തുടർ ഭരണത്തിന് കീഴിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള നിയമപരവും ഭരണപരവുമായ അടിത്തറകൾ തങ്ങൾക്കനുകൂലമായി ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ, RSS ൻ്റെ ആജ്ഞകൾ നടപ്പിലാക്കാൻ ഇപ്പോഴും മോദി ഭരണത്തിന് സാധിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ, പാർലമെൻ്റിൽ ബി.ജെ.പി. ദുർബ്ബലമാണെങ്കിലും, ആഗോള തലത്തിൽ ഉയർന്നുവരുന്ന നവഫാസിസത്തിന് അനുസൃതമായി, മോദി ഭരണത്തിൻ്റെ തീവ്ര വലതുപക്ഷ, നവഫാസിസ്റ്റ്, ചങ്ങാത്ത-മുതലാളിത്ത, ബ്രാഹ്മണിക്കൽ, ഇസ്‌ലാമോഫോബിക് നയങ്ങൾ ഇപ്പോഴും തീവ്രമായിക്കൊണ്ടിരിക്കുകയാണ്.

ഈ പിന്തിരിപ്പൻ, നവഫാസിസ്റ്റ് ആക്രമണത്തിൻ്റെ ഏറ്റവും പുതിയ പതിപ്പാണ് കൊളോണിയൽ കാലഘട്ടത്തിൽ ജാതിയെക്കുറിച്ച് ഗോൾവാൾക്കർ പറഞ്ഞത് ആവർത്തിച്ച് കൊണ്ട്, ജാതിയെ വാഴ്ത്തുന്ന RSS-ഉമായി ബന്ധമുള്ള പാഞ്ചജന്യയുടെ സമീപകാല എഡിറ്റോറിയലിൽ നിന്ന് സ്വയം വ്യക്തമാകുന്നത്. ഗോൾവാൾക്കർ,
തൻ്റെ ‘വിചാരധാര’ എന്ന ഗ്രന്ഥത്തിൽ ഇന്ത്യൻ ദേശീയതയെ ജാതിവാദവുമായി സമീകരിച്ചിരുന്നു. ഇതിനോട് യോജിച്ച്, പ്രസ്തുത എഡിറ്റോറിയൽ ‘ജാതി വഞ്ചനയെ രാജ്യദ്രോഹമായി’ വ്യാഖ്യാനിച്ചു. ജാതി സെൻസസ് സാമൂഹിക ഐക്യത്തിനും ദേശീയ ഐക്യത്തിനും ഹാനികരമാകുമെന്ന RSS നിലപാടും എഡിറ്റോറിയൽ ആവർത്തിച്ചു. ഹിന്ദുത്വ ഫാസിസ്റ്റുകൾ ഉയർത്തിപ്പിടിക്കുന്ന ജാതിവ്യവസ്ഥയെന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മനുഷ്യത്വരഹിതവുമായ സാമൂഹിക വർഗ്ഗീകരണവും, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തോടുള്ള അവരുടെ എതിർപ്പും ഇന്നത്തെ ഭൂരിഭാഗം അധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ഇന്ത്യക്കാരുടെ വിമോചന പോരട്ടങ്ങൾക്ക് മുന്നിൽ ഏറ്റവും വലിയ വെല്ലുവിളിയാണ്.

വ്യക്തമായും, RSS/BJP യുടെ ഭൂരിപക്ഷ ഹിന്ദുരാഷ്ട്ര ആക്രമണം അതിൻ്റെ തീവ്ര വലതുപക്ഷ, നവലിബറൽ അജണ്ടയുമായി ഇഴചേർന്നതാണ്. ഏറ്റവും അഴിമതി നിറഞ്ഞ ആഗോള- ഇന്ത്യൻ കോർപ്പറേറ്റ് മൂലധനത്തെ സേവിക്കുക എന്ന കാര്യമാണ് അതിപ്പോൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. മോദി ഭരണത്തിൽ, കോർപ്പറേറ്റ് ബോർഡ് റൂമുകളിൽ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർലമെൻ്റ് വെറും നോക്കുകുത്തിക്ക് സമാനമായ ഒരു കെട്ടിടമായി, വെറും ഒരു കാഴ്ച്ചക്കാരനെപ്പോലെയാണ് നിലകൊള്ളുന്നത്. ഇന്ന്, ‘ബിസിനസ്-പൊളിറ്റീഷ്യൻ-ബ്യൂറോക്രാറ്റ് ബാന്ധവം’ എന്ന് നിർവചിക്കപ്പെടുന്ന ചങ്ങാത്ത മുതലാളിത്തത്തിൻ്റെ ഒരു ഉത്തമ ഉദാഹരണമായി ഇന്ത്യ മാറിയിരിക്കുന്നു. ഹിൻഡൻബർഗിൻ്റെ വെളിപ്പെടുത്തൽ ആരോപണങ്ങളെത്തുടർന്ന് അദാനിയെ മാത്രമല്ല സെബിയുടെ CEO യെയും പ്രതിരോധിക്കാൻ ഭരണകക്ഷിയായ ബിജെപി പരസ്യമായി രംഗത്തുവന്നതിൻ്റെ വിചിത്രമായ കാഴ്ച്ചയാണ് ഈ ചങ്ങാത്ത മുതലാളിത്തത്തിൻ്റെ ഏറ്റവും പുതിയ വെളിപ്പെടൽ.

ഈ ഓഗസ്റ്റ് 15 ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളിൽ നിന്നുള്ള അധികാര കൈമാറ്റത്തിൻ്റെ 78-ാം വാർഷികമാണെങ്കിലും, അതിസമ്പന്നരായ ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ കൈവശമുള്ള ദേശീയ സമ്പത്തിൻ്റെ വിഹിതവും 1947 നെ അപേക്ഷിച്ച് ഭയാനകമായ അനുപാതത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ അസമത്വം അത്രകണ്ട് വർദ്ധിച്ചിരിക്കുന്നു. ‘ആഗോള ദാരിദ്ര്യത്തിൻ്റെ കോട്ട’, തൊഴിലില്ലായ്മയുടെ തരിശുഭൂമി, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്ന് എന്നിങ്ങനെയായി നമ്മുടെ ഇന്ത്യ അധ:പതിച്ചിരിക്കുന്നു. കഷ്ടപ്പെട്ട് അധ്വാനിക്കുന്നവരും വിയർപ്പൊഴുക്കുന്നവരുമായ ജനങ്ങളുടെ മേലുള്ള തീവ്രതരമായ ചൂഷണത്തിനും പ്രകൃതിക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന അനന്തമായ കോർപ്പറേറ്റ് കൊള്ളയ്ക്കും ഈ രാജ്യത്ത് യാതൊരു തടസ്സവുമില്ല. ഇന്ത്യയുടെ തൊഴിൽ നിയമങ്ങളും നികുതി നിയമങ്ങളും വ്യാവസായിക-കാർഷിക നയങ്ങളും പാരിസ്ഥിതിക നിയന്ത്രണങ്ങളും സാമ്രാജ്യത്വ മൂലധനത്തിനും ഇന്ത്യൻ പിന്തിരിപ്പൻ കോർപ്പറേറ്റ് മൂലധനത്തിനും സൗകര്യമൊരുക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നയങ്ങളെ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരെന്ന് മുദ്രയടിക്കപ്പെട്ട് ക്രൂരമായ നിയമ നടപടികൾക്ക് വിധേയരാകുകയും ചെയ്യുന്നു.

ഈ വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ കൃത്യമായി വിലയിരുത്തിക്കൊണ്ട്, 2024 ഓഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കാൻ സിപിഐ (എംഎൽ) റെഡ് സ്റ്റാറിൻ്റെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. തൊഴിലാളിവർഗ്ഗത്തിൻ്റെയും എല്ലാ അടിച്ചമർത്തപ്പെട്ടവരുടെയും താൽപര്യങ്ങൾ മുൻനിർത്തി സംസ്ഥാനങ്ങളുടെ സമൂർത്ത സാഹചര്യത്തിനനുസരിച്ച് എല്ലാ സംസ്ഥാന കമ്മിറ്റികളും, കീഴ്ഘടകങ്ങളും ഇത് ഉചിതമായി ആചരിക്കാൻ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളോടും സുമനസ്സുകളോടും പാർട്ടി ഇക്കാര്യത്തിൽ അവരുടെ പൂർണ്ണഹൃദയത്തോടെയുള്ള സഹകരണത്തിനും ഐക്യദാർഢ്യത്തിനും അഭ്യർത്ഥിക്കുന്നു.

പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ

ന്യൂഡൽഹി
2024 ഓഗസ്റ്റ് 14

You may also like

Leave a Comment