സ. കെ. കെ. എസ്. ദാസ് അന്തരിച്ചു.
കവിയും ചിന്തകനും എഴുത്തുകാരനും സംഘടനാ നേതാവുമായിരുന്ന കെ.കെ.എസ്. ദാസ് മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പ്രസ്ഥാനവുമായി എക്കാലവും അടുത്ത ബന്ധം പുലർത്തിയിരുന്നു.
വർഗ്ഗ-ജാതി വിഭജിതമായ ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഉന്മൂലത്തിനും സാമൂഹ്യ മാറ്റത്തിനുമായി പ്രത്യയശാസ്ത്രപരമായി ഇന്ത്യൻ ജാതിവ്യവസ്ഥയെ അഭിസംബോധന ചെയ്യാൻ കഴിയുന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനവും അംബേദ്ക്കറിസ്റ്റു മൂവ്മെൻ്റുകളുമായി ഐക്യപ്പെട്ട മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമുൾപ്പെടെ നേതൃത്വം നൽകിയിരുന്ന സീഡിയൻ, CPI(ML) പ്രസ്ഥാനവുമായി യോജിച്ച് ജാതി വിരുദ്ധ മതേതര വേദിക്കും പിന്നീട് ജാതി ഉന്മൂലന പ്രസ്ഥാനത്തിനും രൂപം നൽകിയത്. സീഡിയൻ്റെ മുൻ കയ്യിൽ രൂപീകരിച്ച ദേശീയ ദലിത് വിമോചന മുന്നണി (NDLF ) യുടെ ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ഭൂസമരത്തിലടക്കം പാർട്ടിയുമായി ഐക്യപ്പെട്ട പ്രക്ഷോഭങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
ദലിത് പ്രത്യയശാസ്ത സംബന്ധമായും ഫാസിസത്തെ സംബന്ധിച്ചും ബുദ്ധൻ, അയ്യൻകാളി തുടങ്ങിയവരുടെ സാമൂഹ്യ വിപ്ലവ ദർശനങ്ങളെ കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് അദ്ദേഹത്തിൻ്റെ കരുമാടിനൃത്തം എന്ന കവിത കേരളത്തിലെ തെരുവുകളിൽ ഏറെ അവതരിപ്പിക്കപ്പെട്ടിരുന്നു.
പാർട്ടിയുടെ അടുത്ത സുഹൃത്തും സഖാവുമായ കെ.കെ.എസ് ൻ്റെ വേർപാടിൽ അനുശോചിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
എം.പി. കുഞ്ഞിക്കണാരൻ,
സംസ്ഥാന സെക്രട്ടറി,
CPI(ML) റെഡ്സ്റ്റാർ.
26/04/24
എറണാകുളം