പൗരത്വ നിയമം നടപ്പാക്കൽ ഫാസിസ്റ്റുകളുടെ യുദ്ധപ്രഖ്യാപനം.
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
ജനാധിപത്യവും മതേതരത്വവും നോക്കുകുത്തിയാക്കി മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വനിയമചട്ടങ്ങൾ നിലവിൽ വന്നതായുള്ള വിജ്ഞാപനത്തിൽ സി പി ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മറ്റി ഉൽകണ്ഠ രേഖപ്പെടുത്തുകയും അത്യപകടകരമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. ലോക സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിലുള്ള പൗരത്വ ചട്ട പ്രഖ്യാപനം ജനാധിപത്യത്തിനെതിരായിട്ടുള്ള യുദ്ധ പ്രഖ്യാപനമാണ്. ചട്ടങ്ങൾ നിലവിൽ വന്നതായുള്ള വിജ്ഞാപനത്തിനു പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പോർട്ടലും മൊബൈൽ ആപ്പും ഡൽഹിയിലെ പോലീസ് അർദ്ധ സൈനീക ഫ്ലാഗ് മാർച്ചും വെളിപ്പെടുത്തുന്നത് രാജ്യത്തിനും ജനങ്ങൾക്കുമെതിരായിട്ടുള്ള ഫാസിസ്റ്റുകളുടെ ഗൂഢാലോചനയാണ്. 2019 ൽ പൗരത്വനിയമം പാസ്സാക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ പോലീസുംആർ എസ്സ് എസ്സ് ഗുണ്ടകളും അഴിച്ചു വിട്ട ആക്രമണങ്ങളെയാണ് ഇതെല്ലാം ഓർമ്മപ്പെടുത്തുന്നത്.
ഇലക്ടറൽ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധിയും അന്ത്യശാസനങ്ങളും നിലനിൽക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനിശ്ചിതത്വം തുടരവെ നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് അസാദ്ധ്യമാക്കുന്ന നടപടിയായി മാത്രമെ പൗരത്വ നിയമ ചട്ടങ്ങൾ നിലവിൽ വന്നതും നടപ്പിലാക്കാനാരംഭിച്ചതും കാണാനാവൂ. പിന്നിട്ട പതിറ്റാണ്ടിൽ ഭരണകൂട സ്ഥാപനങ്ങൾ ഒന്നൊന്നായി വർഗ്ഗീയവൽകരിച്ച മോദി ഭരണം ആത്യന്തികമായി മതരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് നീങ്ങുതായിട്ടാണ് കാണുന്നത്. പൗരാവകാശങ്ങൾ ഒന്നൊന്നായി റദ്ദു ചെയ്തു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നടത്തിയ പ്രാണപ്രതിഷ്ഠയും ജനാധിപത്യത്തിൻ്റെ പ്രാണഹത്യയായിരുന്നു.
ഓരോ പൗരനും ഓരോ പ്രസ്ഥാനവും ആലസ്യം വെടിഞ്ഞ് RSS നവ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യവും മതേതരത്വവും റിപ്പബ്ലിക്കും വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഒന്നിക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
എറണാകുളം.
12.03 2024