പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു.
സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ .
സംസ്ഥാന കമ്മിറ്റി.
ആധുനിക സമൂഹത്തിൽ ജനങ്ങൾക്കു വേണ്ടിയുള്ള സേവന പ്രവർത്തനങ്ങൾ എത്രമാത്രം മെച്ചപ്പെട്ടതും സൗജന്യവുമാണ് എന്നതാണ് ഒരു സർക്കാറിന്റെ ജനകീയ താത്പര്യങ്ങൾ വിലയിരുത്താനുള്ള അളവുകോൽ. നവലിബറൽ നയങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇടത് – വലതു മുന്നണികൾ ഒരേ പോലെ നടപ്പാക്കാൻ ആരംഭിച്ചതു മുതൽ ജനങ്ങളുടെ താത്പര്യങ്ങൾ പിന്തള്ളപ്പെടുകയും
ഐഎംഎഫ്, ലോക ബാങ്ക് തീട്ടൂരങ്ങൾക്കസരിച്ച് ഘടനാപരമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ട് ദശകങ്ങൾ പിന്നിട്ടു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിൽ “യൂസേർസ് ഫീ ” എന്ന ഓമനപ്പേരിൽ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സർക്കാറിന്റെ എല്ലാ ബാധ്യതകളും കയ്യൊഴിയുകയായിരുന്നു.
സ്വകാര്യവൽക്കരണ ഉദാരവൽക്കരണ നയങ്ങളിലൂടെ കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം ലക്ഷ്യം വെക്കുന്ന സർക്കാർ സാമ്പത്തിക പ്രതിസന്ധികളുടെ മുഴുവൻ ഭാരവും ജനങ്ങളുടെ തലയിൽ വെച്ചു കൊടുക്കുയാണ് ഇന്ന് ചെയ്യുന്നത്. നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു. സൗജന്യ സേവനങ്ങൾ കയ്യൊഴിയുന്നു. പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്നു. യാത്രാ സൗജന്യങ്ങൾ ഇല്ലാതാക്കുന്നു. ഇങ്ങനെ സർവ്വ മേഖലകളിലും ജനവിരുദ്ധ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു.
ഗ്രാമ പഞ്ചായത്ത് തലങ്ങൾ വരെ ഈ നയങ്ങൾ ഇന്ന് സാർവ്വത്രികമായിക്കഴിഞ്ഞു. ബസ് സ്റ്റാന്റുകളിലെ മൂത്രപ്പുരകളിൽ പോലും നാണം കെട്ട സർക്കാർ, പിരിവുകാരെ നിർത്തിയിരിക്കുന്നു.
മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നതിൽ നിന്നാരംഭിച്ച് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ വിലാസം ആഘോഷങ്ങൾ പൊടിപൊടിക്കുന്നതു പോലും ജനങ്ങളുടെ പിച്ച ചട്ടിയയിൽ കയ്യിട്ട് വാരിയാണ്.
എല്ലാ വിധത്തിലുമുള്ള പൊതു ആവശ്യങ്ങൾക്ക് മുഴുവൻ ചാർജ്ജ് ഈടാക്കാൻ പിണറായി വിജയൻ സർക്കാർ എടുത്ത തീരുമാനം യാതൊരു എതിർപ്പുകൾ പോലും ഇല്ലാതെ നടപ്പാക്കാൻ പോവുകയാണ്.
ആക്സിഡൻ്റ് കേസുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തൊട്ട് പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്ക് വരെ വിലയിട്ടിരിക്കുന്നു. പഴയ കാലത്തെ നാടുവാഴി പ്രമാണിത്തം മുലക്കരവും ഏണിക്കരവും, മീശക്കരവും പിരിച്ചതു പോലെ. പ്രകടനത്തിന് 2000 മുതൽ 10,000-ായിരം രൂപ വരെ ചാർജ്ജ് ഈടാക്കാനാണ് തീരുമാനം.
ഏതൊരു ചെറിയ പ്രതിഷേധ സമരത്തിനെതിരെ പ്പോലും കേസ്സ് ചാർജ്ജ് ചെയ്തു 2000 മുതൽ 10000 വരെ പിഴയടപ്പിക്കുന്നതിലൂടെ ഖജനാവിൽ വരുമാനം കൂട്ടൽ മാത്രമല്ല ജനങ്ങളുടെ ഏതൊരു തരത്തിലുള്ള വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യലും ലക്ഷ്യം വെക്കുന്നു.
സംഘപരിവാർ ഫാസിസ്റ്റുകൾ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധങ്ങൾക്ക് നേരെ പ്രയോഗിക്കുന്ന കരിനിയമങ്ങളും, തുറുങ്കിലടക്കലുകളും വള്ളിപുള്ളി വ്യത്യാസമില്ലാതെ കേരളത്തിലും നടപ്പാക്കാനാണ് പിണറായി സർക്കാർ ഇവിടെ ശ്രമിക്കുന്നത്. ഒരു ഭാഗത്ത്
ജനങ്ങളെ നിശ്ശബ്ദരാക്കുകയും അരാഷ്ട്രീയത പ്രോത്സാഹിപ്പിച്ച് വർഗ്ഗീയ – പ്രതിലോമ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേരുകൾ ഉറപ്പിക്കാൻ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുക എന്നലക്ഷ്യവും ഇവിടെ നിറവേറ്റുകയാണ്.
ജനങ്ങളെ കൊള്ളയടിക്കുകയും രാഷ്ട്രീയമായി നിരായുധരാക്കി മാറ്റുകയും ചെയ്യുന്ന കപട ഇടത് പക്ഷത്തിന്റെ പൊയ്മുഖം വലിച്ചെറിയാൻ പുരോഗമനശക്തികൾ മുന്നോട്ട് വരേണ്ടതുണ്ട്. സർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധ രംഗത്ത് വരാൻ മുഴുവൻ പുരോഗമന ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
സംസ്ഥാന കമ്മിറ്റി.
സി പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
കേരള.
16.09.2023.
എറണാകുളം.