Home » അട്ടപ്പാടി സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

അട്ടപ്പാടി സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

by Jayarajan C N

അട്ടപ്പാടി സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

 

അട്ടപ്പാടി ആദിവാസി മേഖലകളിൽ ആദിവാസികളുടെ പാരമ്പര്യാർജ്ജിത ഭൂമിയിൽ മാഫിയകളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭൂമി കയ്യേറ്റം വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് മേധാവികളുടെയും പിന്തുണയോടെയാണ് വ്യാപകമായ ഈ കയ്യേറ്റം നടന്നു കൊണ്ടിരിക്കുന്നതെന്ന് ആദിവാസി ഊരുകളിൽ നിന്നും ആദിവാസി സംഘടനകളുമായി ബന്ധപ്പെട്ടപ്പൊഴും ഞങ്ങൾക്ക് ബോധ്യപ്പെട്ടു. പൊലീസിന്റെ വൻ സാന്നിദ്ധ്യത്തിലാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടുകൾ നൽകി വ്യാജരേഖകൾ സൃഷ്ടിക്കാൻ മാഫിയകൾക്ക് കൂട്ട് നിൽക്കുകയാണന്നും ആദിവാസികൾക്ക് വ്യാപകമായ പരാതിയുണ്ട്.

വസ്തുതാന്വേഷണസംഘം ആദ്യമായി പോയത് ആനക്കട്ടി കാടമ്പാറ പഴയ ഷോളയാർ വില്ലേജിൽ പാപ്പൻ ഭാര്യ പപ്പ, പെരുമാൾ എന്നിവർ താമസിക്കുന്ന ഊരിലാണ്. ചിന്നൻ എന്ന ആദിവാസി യുടെ പാരമ്പര്യ അവകാശികളായ കുടുംബങ്ങളാണ് ഇവർ. തങ്ങൾ അമ്പത് വർഷത്തിൽ കൂടുതലായി ഇവിടെ താമസിക്കുകയാണന്ന് പപ്പ പറഞ്ഞു. പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ ഓർമ്മ വെച്ച കാലം മുതൽ കൃഷി ചെയ്തു ജീവിക്കുകയാണ്. ലാൻഡ് ബോർഡിൽ നിന്ന് 1210/1 സർവ്വേ ആയി ലഭിച്ച പട്ടയ ഭൂമിയാണിത്. പ്രിലിമിനറി സർവ്വേ രജിസ്റ്ററിൽ ആദിവാസിയായ ചിന്നന്റെ (S/o തമണ്ടൻ) പേരിലാണ് 2.41 ഹെക്റ്റർ ഭൂമിയുടെ രേഖയുള്ളത്. തൊട്ടടുത്ത് 1210/2ലും കുള്ളൻ
(S/o രാമൻ) എന്ന ആദിവാസിയുടെ പേരിലും 0.74 ഹെക്ടർ ഭൂമിക്ക് പട്ടയമുണ്ട്. സർവ്വേ രജിസ്റ്ററിൽ 1210/1 ൽ പെട്ട ഭൂമിയാണ് വൻ പൊലീസ് സന്നാഹത്തോടെ ഒറ്റപ്പാലം ആർ.ഡി.ഒ വിന്റെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

നിലവിൽ കോട്ടത്തറ വില്ലേജിൽ ഉൾപ്പെടുന്ന ഈ ഭൂമി 1974ൽ കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ഈ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ഹൈക്കോടതി സംരക്ഷണത്തിന്റെ മറവിലാണ് വൻ പൊലീസ് സംഘത്തെ സർക്കാർ നിയോഗിച്ചത്. സ്ഥലമുടമകളും താമസക്കാരുമായ ആദിവാസികളുടെ എതിർപ്പിനെ മറി കടന്നുകൊണ്ട് മൂന്നേക്കർ ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി കെട്ടുകയും അവശേഷിക്കുന്ന ഭൂമി ഒരാഴ്ച്ചക്കകം ഒഴിഞ്ഞു കൊടുക്കണ മെന്നുമാണ് ഉദ്യോസ്ഥന്മാർ ആദിവാസി കുടുംബത്തോട് പറഞ്ഞിരിക്കുന്നത്.

ആദിവാസി ഭൂ പ്രശ്നവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ ഉയർന്നു വന്നിരിക്കുന്ന തർക്കങ്ങളിൽ1999 ലെ നിയമമനുസരിച്ചുള്ള അവകാശങ്ങൾ പോലും ആദിവാസികൾക്ക് നിഷേധിക്കുകയും കയ്യേറ്റക്കാർക്കും മാഫിയകൾക്കും അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഈ സമീപനം ആദിവാസികളുടെ ഭൂമി വൻതോതിൽ നഷ്ടപ്പെടുന്നതിലേക്കാണ് എത്തിക്കുക. വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് റെവന്യൂ അധികാരികൾ കൂട്ടു നിൽക്കുകയാണ്. വ്യാജമായ നികുതി റസീറ്റുകൾ പോലും വ്യപകമായി കോടതിയിൽ കയ്യേറ്റക്കാർ എത്തിക്കുന്നത് റവന്യൂ അധികാരികളുടെ സഹായം ലഭിക്കുന്നത് കൊണ്ടാണ്. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടികൾ എടുക്കാൻ റവന്യൂ വകുപ്പ് മേധാവികൾ തയാറാകുന്നില്ല.

ചിന്നന്റെ പേരിൽ പട്ടയവും അടിസ്ഥാന ഭൂ രജിസ്റ്ററിൽ ആദിവാസി ഭൂമിയാണെന്നു തെളിഞ്ഞതുമായ ഭൂമിയിൽ 1974 ലെ കൈമാറ്റത്തിന്റെ പേരിൽ മാഫിയകൾ കോടതിയെ സമീപിക്കുമ്പോൾ ആദിവാസി ഭൂസംരക്ഷണ നിയമങ്ങൾ ബാധകമായ ഭൂമിയാണതെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് അധികൃതരുടെ ഉത്തരവാദിത്വം ഇവിടെ പാലിക്കപ്പെടാതെ പോകുന്നത് മാഫിയകളെ സഹായിക്കുന്നതിനാണ്.

1960 മുതൽ ആദിവാസി ഭൂമിയിലുള്ള കൈമാറ്റങ്ങൾ, (കയ്യേറ്റങ്ങൾ ഉൾപ്പെടെ) 1999 ലെ കേരള പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണവും, പൂർവ്വസ്ഥിതിയിലാക്കലും നിയമമനുസരിച്ചുള്ള പരിരക്ഷ കിട്ടേണ്ടതാണ്. ഉദ്യോഗസ്ഥന്മാർ ബോധപൂർവ്വം മാഫിയകൾക്ക് കൂട്ട് നിൽക്കുമ്പോൾ കോടതി വിധികൾ പോലും ആദിവാസികൾക്ക് എതിരായി വരുന്നു. നിയമത്തിന്റെ നൂലാമാലകളിലേക്ക് വലിച്ചിഴക്കപ്പെടുന്ന ആദിവാസികൾക്ക് നിരന്തരം കോടതികളെ സമീപിക്കുന്നതിനോ മേൽ കോടതികളെ ആശ്രയിക്കാനോ പറ്റാതെ നിസ്സഹായരാകുന്നു. പലപ്പോഴും നിയമ സഹായ വേദികൾ പോലും കേസുകളുമായി വസ്തുതകൾ കോടതികളിലെത്തിച്ച് ആദിവാസി പരിരക്ഷ ഉറപ്പു വരുത്തുന്നതിൽ പരാജയപ്പെടുന്നതും യാദൃശ്‌ചികമാണെന്ന് കാണാൻ സാധ്യമല്ല.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മാഫിയകൾ അനുകൂല വിധി സമ്പാദിക്കുമ്പോൾ അത് നടപ്പിലാക്കി എടുക്കുന്നതിനായി സർക്കാർ ഏജൻസികൾ കാണിക്കുന്ന വ്യഗ്രത ആദിവാസികൾക്കനുകൂലമായ വിധികൾ നടപ്പിലാക്കുന്നതിൽ ഒട്ടും കാണുക്കുന്നില്ല എന്ന കാര്യവും വസ്തുതാന്വേഷണ സമിതിക്ക് ബോധ്യപ്പെട്ടു.

ആദിവാസികൾക്ക് അനുകൂലമായി വന്ന സുപ്രീം കോടതി വിധികളും ഉത്തരവുകളും നടപ്പാക്കാൻ അമാന്തിക്കുന്നവരാണ് സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ ഭൂരിഭാഗവും. പ്രത്യേകിച്ചും റവന്യൂ വകുപ്പ്. അഗളി താഴെ സാമ്പാർകോട് ഊരിൽ ആദിവാസി പൊന്നിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി, മാഫിയകൾ കയ്യേറിയപ്പോൾ പൊന്നിയും അനന്തരാവകാശികളും സമർപ്പിച്ച പരാതിയിൽ ഒറ്റപ്പാലം ആർ.ഡി.ഒ. 1987 ൽ തന്നെ കയ്യേറ്റക്കാരിൽ നിന്ന് ഭൂമി ഒഴിപ്പിച്ച് പൊന്നിയുടെ അവകാശികൾക്ക് ഭൂമി തിരിച്ചു നൽ കണമെന്ന് വിധി പ്രസ്താവിച്ചു. കയ്യേറ്റക്കാർ കലക്ടർക്ക് അപ്പീൽ സമർപ്പിച്ചെങ്കിലും അപ്പീലിൽ തീർപ്പുകൽപ്പിക്കാൻ നിയമപരമായി അധികാരപ്പെട്ട കലക്ടറും അപ്പീൽ തള്ളി പൊന്നിക്കും കുടുംബത്തിനും അനുകൂലമായ വിധി ഉറപ്പിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് (08/87 നമ്പർ TLA ) 2012 ൽ സുപ്രീം കോടതിയുടെ അന്തിമ വിധി ആദിവാസികൾക്ക് അനുകൂലമാമായി ഉണ്ടായെങ്കിലും 11 വർഷമായിട്ടും ഇന്നുവരെ ഈ വിധി നടപ്പിലാക്കി അവകാശികളായ ആദിവാസികൾക്ക് പ്രസ്തുത ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂനികുതി സ്വീകരിച്ച് കൈവശരേഖകൾ നൽകുവാൻ അധികാരികൾ തയാറായിട്ടില്ല. ഇത്തരം നിരവധി ഉദാഹരണങ്ങൾ അട്ടപ്പാടിയിൽ ചൂണ്ടികാണിക്കാൻ കഴിയും.

മാറി മാറി വരുന്ന സർക്കാറുകളുടെ ഇങ്ങനെയുള്ള ആദിവാസി വിരുദ്ധ നിലപാടുകളാണ് അട്ടപ്പാടിയിൽ വൻ രീതിയിൽ ആദിവാസി ഭൂമികൾ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചിട്ടുള്ളത്… 1960 – 80 കാലത്ത് ICAS (International Centre For Anthropological Studies) പഠനമനുസരിച്ച് അട്ടപ്പാടിയിൽ മാത്രമായി 10796.19 ഏക്കർ കൃഷി ഭൂമി ആദിവാസികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. 1980 ന്‌ശേഷമാകട്ടെ ആദിവാസി ഭൂസംരക്ഷണ നിയമം അട്ടിമറിക്കപ്പെടുകയും പകരം കൊണ്ടുവന്ന 1999 ലെ നിയമം ഇന്നു കാണുന്നത്‌പോലെ നോക്കുകുത്തിയായി മാറിയതിന് ശേഷം നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് ഹെക്ടർ ആദിവാസി ഭൂമിയാണ്.

ആദിവാസി ഭൂമി സംരക്ഷിക്കുന്നതിൽ സർക്കാറിനുള്ള ബാധ്യത നിറവേറ്റാൻ സർക്കാർതയാറാകുന്നില്ല. മാഫിയകൾക്ക് തുണയേകുന്ന സർക്കാർ നിലപാട് തിരുത്തിക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ ആദിവാസി മേഖലയിൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ സംഘടിത ശക്തി ഒന്നു കൊണ്ടു മാത്രമെ അവരുടെ ഭൂമിയടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. ഇതിനായി ആദിവാസികളുടെ ഐക്യം ഉറപ്പിക്കുകയും പുരോഗമന ജനാധിപത്യ ശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുകയും വേണം.
അട്ടപ്പാടിയിൽ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആദിവാസി നേതാക്കളായ ABM സംസ്ഥാന കൺവീനർ ടി.ആർ ചന്ദ്രൻ, AIKKS സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ എന്നിവരുമായും ഞങ്ങൾ ചർച്ച ചെയ്യുകയും അവർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അവർ നിരവധി വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും നിയമപരമായ പോരാട്ടങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ചു. ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദിവാസി ഭൂമി നഷ്ടപ്പെടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് വരുന്ന വീഴ്ച്ചകൾ ചൂണ്ടിക്കാട്ടാൻ ആദിവാസി ഭാരത് മഹാസഭയുടെ കൺവീനർ ടി.ആർ ചന്ദ്രന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾ, സപ്തംബർ 30 ന് റവന്യൂ മന്ത്രിയുടെ വസതിയിലേക്ക് പോകുകയാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികളും പുരോഗമന ശക്തികളും പിന്തുണ ഇതിന് പിന്തുണ നൽകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങൾ: എം.പി. കുഞ്ഞിക്കണാരൻ, ടി സി സുബ്രഹ്മണ്യൻ, എ.എം. അഖിൽ കുമാർ, കെ.വി. പ്രകാശ്, എ. എം. സ്മിത, സിന്ധു കെ. ശിവൻ

അഭിവാദ്യങ്ങളോടെ,

വസ്തുതാന്വേഷണ സമിതിക്കു വേണ്ടി,

എം.പി. കുഞ്ഞിക്കണാരൻ
2023 സപ്തംബർ 12

You may also like

Leave a Comment