Home » എ വാസുവിനെ വിട്ടയക്കുക – മുഖ്യമന്ത്രിക്ക് സഖാവ് കെ എൻ രാമചന്ദ്രന്റെ അഭ്യർത്ഥന

എ വാസുവിനെ വിട്ടയക്കുക – മുഖ്യമന്ത്രിക്ക് സഖാവ് കെ എൻ രാമചന്ദ്രന്റെ അഭ്യർത്ഥന

by Jayarajan C N

ശ്രീ പിണറായി വിജയൻ,
കേരള മുഖ്യമന്ത്രി.
തിരുവനന്തപുരം.

സർ,
1950-കളുടെ തുടക്കം മുതൽ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ അഭ്യർത്ഥന താങ്കൾക്ക് അയക്കുന്നത്. 1956ൽ എനിക്ക് സിപിഐ കാൻഡിഡേറ്റ് അംഗത്വം ലഭിക്കുകയുണ്ടായി. ഞാൻ ഇപ്പോഴും പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് 86 വയസ്സായി, സഖാവ് എ വാസുവിനെതിരായ കുറ്റപത്രം പിൻവലിക്കണമെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനയാണ് ഞാൻ സമർപ്പിക്കുന്നത്.

താങ്കൾ ഇപ്പോഴും വിളിക്കുന്ന ഇൻക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതിന്റെ പേരിൽ താങ്കളുടെ പോലീസ് സേന അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതി എന്നെ വളരെയേറെ അസ്വസ്ഥനാക്കുന്നുണ്ട്. സഖാവ് വാസുവിന്റെ വായടച്ച് പോലീസ് വാനിലേക്ക് വലിച്ചിഴച്ച രീതി, വാസുവേട്ടൻ ചെയ്ത അതേ കുറ്റം ചെയ്തതിന് ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിൽ നിന്ന് എത്രയോ തവണ ഉണ്ടായ അനുഭവത്തെ ഓർമ്മിപ്പിച്ചു കസ്റ്റഡിയിലിരിക്കെ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്ന് വിധിക്കുന്ന ഉയർന്ന കോടതികളിൽ നിന്നുള്ള ഉത്തരവുകൾ താങ്കളുടെ നിയമ വകുപ്പിന് എളുപ്പത്തിൽ കണ്ടെത്താനാകും.

95 വയസ്സുള്ള ഈ വയോധികനെ താങ്കളുടെ പോലീസ് ജയിലിലടച്ചത് എങ്ങനെ, എന്തിന് എന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ താങ്കൾ അന്വേഷിച്ചിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇത് ലോകത്ത് സമാനതകളില്ലാത്ത ഒരു കേസായിരിക്കും. സഖാവ് എ. വാസു ഒരു തൊഴിലാളി എന്ന നിലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്, സഖാവ് കുന്നിക്കൽ നാരായണനൊപ്പം നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ ചേരുന്നതിന് മുമ്പ് സിപിഐയിലും തുടർന്ന് സിപിഐ എമ്മിലും അംഗമായിരുന്നു. CPI(ML) പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അദ്ദേഹം ഗ്വാളിയർ റയോൺസ് തൊഴിലാളി സമരമുൾപ്പെടെ നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, അതിനാൽ GROW വാസു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇപ്പോൾ നിരവധി വർഷങ്ങളായി അദ്ദേഹം ജനാധിപത്യ അവകാശ പ്രസ്ഥാനനങ്ങളിൽ സജീവമാണ്.
2016ൽ താങ്കൾ കേരള മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി അധികാരമേറ്റപ്പോൾ, താങ്കളുടെ പോലീസ് സേനയുടെ തണ്ടർ ബോൾട്ട്, നിലമ്പൂർ വനമേഖലയിൽ വ്യാജ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിക്കുകയുണ്ടായി. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള പലരും ഇത് വ്യാജ ഏറ്റുമുട്ടൽ കേസാണെന്ന് വ്യക്തമാക്കിയിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്‌മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധി പേർ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയുണ്ടായി. ജനാധിപത്യ സംഘടനകളും ബന്ധുക്കളും രാഷ്ട്രീയ പ്രവർത്തകരും നടത്തുന്ന ഈ പ്രവൃത്തികളൊന്നും മേൽക്കോടതിയുടെ ഉത്തരവുകൾ പ്രകാരം ക്രിമിനൽ കുറ്റമല്ല. എന്നാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ താങ്കളുടെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല, പക്ഷേ താങ്കളുടെ പോലീസ് വാസുവേട്ടൻ അടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുകയും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുകയുമാണ് ഉണ്ടായത്. പിന്നീട് ജഡ്ജി എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചപ്പോൾ മറ്റുള്ളവരെല്ലാം ജാമ്യമെടുത്തു. എന്നാൽ കേസ് വ്യാജമാണെന്നും ഇത് പിൻവലിക്കണമെന്നും വ്യാജ ഏറ്റുമുട്ടലിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഖാവ് വാസു ജാമ്യമെടുക്കാൻ വിസമ്മതിച്ചു. ഇന്നലെ മൂന്നാം തവണയും കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹംതന്റെ ന്യായമായ ആവശ്യം ആവർത്തിച്ച് ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് സർക്കാർ പ്രോസിക്യൂട്ടറുടെ ശുപാർശ പ്രകാരം അദ്ദേഹത്തെ വീണ്ടും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകചെയ്യുകയുണ്ടായി.

വർഗീസ് വധക്കേസിലെ പ്രതികളായ മുൻ ഡി.വൈ.എസ്.പി ലക്ഷ്മണയുടെയും ഇടമലയാർ അഴിമതിക്കേസിലെ ആർ.ബാലകൃഷ്ണ പിള്ളയുടെയും ജയിൽ ശിക്ഷ താങ്കളുടെ സർക്കാർ പിൻവലിക്കുകയും 75 വയസ്സിലേറെ പ്രായമുള്ളതിനാൽ അവരെ അനുകമ്പാ പൂർവം വിട്ടയക്കുകയും ചെയ്തു.

സഖാവ് എ വാസുവിനെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ഞാൻ താങ്കളോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ഒരു മാസത്തിലേറെയായി കോഴിക്കോട് ജില്ലാ ജയിലിൽ അനധികൃതമായി റിമാൻഡിൽ കഴിയുന്ന 95 കാരനായ സഖാവ് എ വാസുവിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി താങ്കളും താങ്കളുടെ സർക്കാരും മാത്രമായിരിക്കും.
ഈ കേസിൽ നീതിപൂർവ്വം പ്രവർത്തിക്കാൻ ഞാൻ ഒരിക്കൽ കൂടി താങ്കളോട് അപേക്ഷിക്കുന്നു.

കെ എൻ രാമചന്ദ്രൻ,
വെള്ളാപ്പള്ളിൽ, പൊൻകുന്നം പി.ഒ., കോട്ടയം ജില്ല

[സിപിഐ(എംഎൽ) റെഡ് സ്റ്റാർ മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ പിബി അംഗവുമാണ്. സഖാവ് കെ.എൻ.
1952 മുതൽ എഐഎസ്എഫിൽ സജീവവും 1956 മുതൽ 1964 വരെ സിപിഐ അംഗവും 1968 വരെ സിപിഐ(എം)ന്റെയും തുടർന്ന് സിപിഐ(എംഎൽ)ന്റെയും പ്രവർത്തനങ്ങളിൽ നേതൃത്വ പരമായ പങ്ക് – വിവർത്തകൻ]

You may also like

Leave a Comment