സഖാവ് എം.കെ.കുഞ്ഞപ്പന്
അന്ത്യാഭിവാദ്യങ്ങൾ .
സി പി.ഐ (എം എൽ ) റെഡ് സ്റ്റാർ .
സംസ്ഥാന കമ്മിറ്റി .
കമ്മ്യൂണിസ്റ്റ് വിപ്ലവകാരി സഖാവ് കുഞ്ഞപ്പൻ വിപ്ലവസ്വപ്നങ്ങൾ അവശേഷിപ്പിച്ച് ഓർമ്മകളിലേക്ക് പിൻവാങ്ങി.ഒരു കാലഘട്ടത്തെ വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ കൊണ്ട് ത്രസിപ്പിച്ച മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭേദ്യമായ ഭാഗമായിരുന്നു സഖാവ്. ഇന്ത്യൻ വിമോചനമെന്ന മഹത്തായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉജ്വല പോരാട്ടങ്ങൾക്ക് ആഹ്വാനം ചെയ്ത ഐതിഹാസികമായ നക്സൽബാരി സമരത്തിന്റെ സന്ദേശം ഏറ്റുവാങ്ങി കൊണ്ട് നടന്ന സായുധ മുന്നറ്റങ്ങളിലും ആക്ഷനുകളിലും സഖാവും പങ്കാളിയായിരുന്നു.തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളെ ലക്ഷ്യം വെച്ചുള്ള സായുധ സമര പാതയിൽ സ്വയം സമർപ്പിച്ച വിപ്ലവകാരി കൂടിയായിരുന്നു സഖാവ്.
നിരവധി വർഷം കുമ്പളം സമരവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ച സഖാവ് കുറ്റവാളിയല്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തമാക്കുകയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് സ്വതന്ത്രനായി. വിഭാഗീയ നിലപാടുകൾതിരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ (മാർക്സിസ്റ് – ലെനിനി സ്റ്റ് പ്രസ്ഥാനത്തെ ) പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനും ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതിലും സഖാവ് പാർട്ടിയോടൊപ്പം ഉറച്ചു നിന്നു.പാർട്ടിയുടെ ജനകീയലൈൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പെരിയാർ മലിനീകരണത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും മത്സ്യ തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നേതൃത്വം നൽകിയത്.
ജനകീയാടിത്തറയിൽ ജനപ്രാതിനിധ്യ പ്രക്രിയയിൽ ഇടപെട്ട് ഏലൂർ പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ടിച്ചു.
ദീർഘകാലമായി അസുഖബാധിതനായ സഖാവ് കുഞ്ഞപ്പന് രാഷ്ട്രീയപ്രവർത്തനം ജീവശ്വാസമായിക്കുന്നു.
ഉശിരനായ ഒരു കമ്മ്യൂണിസ്റ്റ് പോരാളിയാണ് സമൂഹത്തിന് നഷ്ടമായതു്.
സഖാവ് കുഞ്ഞപ്പന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഖാവിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിലും ദുഖത്തിലും ഒപ്പം ചേരുന്നു.
CPI (ML) Red star
സംസ്ഥാന കമ്മിറ്റി