Home » യു.പി.യിലേക്ക് മാർച്ച് ചെയ്യുന്ന കേരളം

യു.പി.യിലേക്ക് മാർച്ച് ചെയ്യുന്ന കേരളം

by Jayarajan C N

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു കൊണ്ടിരിക്കുന്ന അതി ഭയങ്കരമായ ജാതി വിവേചനത്തിനെതിരെയും, സംവരണാടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്ന സർക്കാർ ഉത്തരവിനെയും അട്ടിമറിച്ചു കൊണ്ട് നടക്കുന്ന സവർണ്ണ പിന്തിരിപ്പൻ ഭരണത്തിനെതിരെ പൊതുജനങ്ങൾ പ്രതികരിക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കേരള സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതി ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. പൗരബാേധമുള്ള സാധാരണ ജനങ്ങളുൾപ്പെടെ ഇടത് പുരോഗമന ധാരയെ ഒന്നടങ്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപ്പെടുത്തലുകൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു കഴിഞ്ഞു. എന്നാൽ ഭരണാനുകൂല സാംസ്കാരിക സാഹിത്യ ബുദ്ധിജീവി വിഭാഗങ്ങളെല്ലാം വളരെ ഉത്തരവാദിത്തത്തോടു കൂടി അവരുടെ നീണ്ട മൗനം ആചരിച്ചു കൊണ്ടിരിക്കുകയാണ്.

ഡയറക്ടർ പദവി വഹിക്കുന്ന ശങ്കർ മോഹന്റെ പ്രവർത്തന കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെക്കൊണ്ട് വർഷങ്ങളോളമായി നിർബന്ധിത വീട്ടുജോലിയെടുപ്പിച്ചു കൊണ്ടിരിക്കുന്നു. അയിത്തം, തൊട്ടുകൂടായ്‌മ പോലുള്ള ജാതീയ വിവേചനങ്ങൾ അവർക്കവിടെ അനുഭവിക്കേണ്ടി വന്നു. ഇതിനെതിരെ പരാതിപ്പെടുകയാണെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്നും പുറത്താക്കപ്പെടുമെന്ന് അവരെ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തിയിരിക്കുകയാണ്.

ദളിത് വിഭാഗത്തിൽപ്പെട്ട, ഇൻസ്റ്റിട്യൂട്ടിലെ ജീവനക്കാർക്കും ജാതീയമായ ഇത്തരം വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിവേചനങ്ങൾക്കും മാനസിക പീഡനങ്ങൾക്കും എതിരെ മുഖ്യമന്ത്രിക്കടക്കം അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

2022 ലെ ബാച്ചിന്റെ അഡ്മിഷൻ സമയത്ത്, സംവരണം അട്ടിമറിച്ചു കൊണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ ആകെയുള്ള പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞു കിടന്നിട്ടും (സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കെ), ഒരു ദളിത് വിദ്യാർത്ഥിക്ക് സീറ്റ് നിഷേധിച്ചു.

ഇ-ഗ്രാന്റിന്റെ ലഭ്യതക്ക് വേണ്ടി സമരം ചെയ്തവരെ, ഒ.ഇ.സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ എല്ലാം അർഹിക്കുന്ന അവസരങ്ങൾ നിഷേധിച്ചു കൊണ്ട് പീഡിപ്പിക്കുന്നു.

കൃത്യമായ നോട്ടിഫിക്കേഷൻ ഇല്ലാതെ ഡീൻ, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ എന്നീ തസ്‌തികയിലേക്കുള്ള നിയമനങ്ങൾ നടത്തി. അധ്യാപന രംഗത്ത് യാതൊരുവിധ മുൻപരിചയവും ഇല്ലാത്ത വ്യക്തികളെ അധ്യാപകരായി നിയമിച്ചു. ക്ലാസുകളുടെ ഗുണനിലാവരത്തെപ്പറ്റി വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നടപടിയാണ് ഡയറക്ടർ സ്വീകരിച്ചത്.

ശാസ്ത്രീയമായ പഠനങ്ങൾ ഇല്ലാതെ, മുൻപ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി പരാജയപ്പെട്ട രണ്ട് വർഷ പി ജി ഡിപ്ലോമയിലേക്ക് നിലവിലുണ്ടായിരുന്ന 3 വർഷ കോഴ്സിനെ വെട്ടിച്ചുരുക്കി പ്രാബല്യത്തിൽ വരുത്തി. പുതിയ രണ്ട് വർഷ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങി ഏതാണ്ട് ഒരു മാസം ആയിട്ടും കൃത്യമായ സിലബസോ, അക്കാദമിക് കലണ്ടറോ നൽകുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

വിദ്യാർത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ക്ലോസുകൾ ഉൾപ്പെടുത്തി ഒരു നഷ്ടപരിഹാര കരാർ അഡ്മിഷൻ സമയത്ത് നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങി. ഡയറക്ടറുടെ ഇഷ്ടത്തിനനുസരിച്ച് , അതതു സമയങ്ങളിൽ കൊണ്ടുവരുന്ന നിയമങ്ങൾ അനുസരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്നും, അല്ലാത്ത പക്ഷം അവരെ പുറത്താക്കാൻ ഉള്ള സർവ്വാധികാരം ഡയറക്ടർക്ക് ഉണ്ട് എന്നതുമുൾപ്പെടെയുള്ള അപകടകരമായ നിബന്ധനകളാണ് ഇതിൽ ഉള്ളത്.

ചുരുക്കത്തിൽ ദളിത് വിവേചനം മാത്രമല്ല, എല്ലാത്തരത്തിലുമുള്ള വലിയ പീഡനങ്ങളും അവിടെ നടക്കുന്നുണ്ട്.

ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഇപ്പോൾ ഈ കുട്ടികളെ പുച്ഛത്തോടെ അവഗണിക്കുന്നു! അദ്ദേഹം പറയുന്നത് ഈ കുട്ടികളെ ഇത്ര മാത്രം ദ്രോഹിക്കുന്ന
‘ഡയറക്ടർ ശങ്കർ മോഹൻ നല്ല കുടുംബത്തിൽ ജനിച്ചയാളാണ്, അയാൾ അങ്ങനെയൊന്നും ചെയ്യില്ലെ’ന്നുമാണ്. സമരക്കാർ ‘ജാതിയിരവാദം’ ഉണ്ടാക്കുകയാണ് എന്നും അടൂർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ചീത്ത കുടുംബത്തിൽ പിറന്ന വരാരെന്നും ഈ ‘ആചാര്യൻ’ വ്യക്തമാക്കേണ്ടതുണ്ട്.

നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കേണ്ടുന്ന ഇത്തരം സ്ഥാപനങ്ങളിൽ പക്ഷെ നടക്കുന്നത് ഗൗരവതരമായ നിയമ ലംഘനങ്ങളാണ്. സംവരണാടിസ്ഥാനത്തിൽ മാത്രമെ നിയമനങ്ങൾ നടത്താവു എന്നും, 65 വയസ് കഴിഞ്ഞവർ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരായി ഇരിക്കരുതെന്നതുമടക്കമുള്ള സർക്കാർ ഉത്തരവുകളെ കാറ്റിൽ പറത്തിക്കൊണ്ടാണ് കെ.ആർ നാരായണൻ്റെ പേരിലുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ അതിഭീകരമായ ജാതിവിവേചനവും ധിക്കാരപരമായ നിയമലംഘനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിലാണ് കേരളം യു.പി.യിലേക്ക് മാർച്ച് ചെയ്യുകയാണ് എന്ന് വിലയിരുത്തേണ്ടി വരുന്നത്. ഇതിനെതിരെ മുഴുവൻ പുരോഗമന ജനാധിപത്യ ശക്തികളും രംഗത്തിറങ്ങേണ്ടതുണ്ട്.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി

You may also like

Leave a Comment