Home » CPI ML RED STAR പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്

CPI ML RED STAR പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്

സപ്തംബർ 24 മുതൽ 29 വരെ കോഴിക്കോട് (സഖാക്കൾ ശിവറാം ഷർമ്മിഷ്ഠ നഗർ) 24 ന് റാലി , പൊതുസമ്മേളനം, കോഴിക്കോട് ,കടപ്പുറം.

by admin

സഖാക്കളെ,
സുഹൃത്തുക്കളെ ,

CPI(ML) RED STAR ന്റെ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്‌ ഈ വർഷം സപ്തംബർ 24 മുതൽ 29 വരെ കോഴിക്കോട്‌ വെച്ച്‌ നടക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലുതും സംഘടിതവുമായ മത ഫാസിസ്റ്റ്‌ സംഘടനയായ RSS, അതിന്റെ രൂപീകരണത്തിന്റെ നൂറാം വർഷത്തിലേക്ക്‌ നീങ്ങവേ, അവരുടെ പ്രഖ്യാപിതലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തിലേക്ക്‌ ഇന്ത്യയെ മാറ്റാനുള്ള ഫാസിസ്റ്റ് നയങ്ങളുടെ വേഗത വർദ്ധിപ്പിച്ചിരിക്കയാണ്.

ഒരു ഭാഗത്ത് പൊതുമേഖലയിൽ അവശേഷിക്കുന്ന സ്ഥാപനങ്ങൾ വരെ സ്വകാര്യവൽക്കരിച്ചുകൊണ്ട്‌ കോർപ്പറേറ്റ്‌ കൊള്ളക്കായി രാജ്യത്തെ ഒന്നടങ്കം വിട്ടുകൊടുക്കുന്നു.
മറുഭാഗത്ത്‌ ഈ കോർപ്പറേറ്റ്‌ കൊള്ളയ്ക്ക്‌ തടസ്സമില്ലാതിരിക്കാനും അതിനെ ശാശ്വതീകരിക്കാനുമായി,
തികഞ്ഞ വർഗ്ഗീയ സംഘർഷങ്ങളിലേക്ക് ഇന്ത്യൻ ജനതയെ തിരി ച്ചു വിടുന്നു.

സാമ്രാജ്യത്വത്തിൻ്റെ നവലിബറൽ നയങ്ങൾക്ക് കീഴിൽ കോർപ്പറേറ്റ്‌വൽക്കരണം ശക്തിപ്പെടുത്തി,തൊഴിലാളി വർഗ്ഗത്തിന്റേയും കർഷകരുടേയും അവകാശങ്ങൾ കവർന്നെടുക്കുകയും,
ബഹുജനങ്ങളെ ദാരിദ്ര്യത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.
പാചക വാതകം, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ, എന്നിവയുടെ വില നിയന്ത്രിക്കാൻ പറ്റാത്ത സർക്കാർ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, മൗനം പാലിക്കുകയാണ്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും ജനജീവിതം ദു:സ്സഹമായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തിൽ തങ്ങളുടെ മത ഫാസിസ്റ്റ്‌ അജണ്ടകൾ നടപ്പാക്കിക്കൊണ്ട് അതിനെ മറികടക്കാൻ ശ്രമിക്കുന്നു.
വ്യവസ്ഥാപിത ഇടതു പക്ഷമാകട്ടെ,അതിന്റെ അധ:പതനത്തിന്റെ അങ്ങേയറ്റം എത്തിയിരിക്കുന്നു.
ചരിത്രത്തിൽ നിന്നും പാഠങ്ങൾ പഠിക്കാനല്ല അവർ ശ്രമിക്കുന്നത്. വ്യവസ്ഥയുടെ നിലനിൽപിനു വേണ്ടി വലതുപക്ഷത്തോടൊപ്പം നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി
ഈ ദുരന്തകാലത്തിന്റെ മാപ്പുസാക്ഷികളായി മാറുകയാണ് ചെയ്യുന്നത്. കേരളത്തിൽ നടപ്പിലാക്കുന്ന സിൽവർ ലൈനടക്കമുള്ള വികസന പദ്ധതികൾ ഇതിൻ്റെ തുടർച്ചയാണ്.
നവോത്ഥാനത്തിന്റെ മഹത്തായ മൂല്യങ്ങളെയും കമ്യൂണിസത്തിൻ്റെ മഹത്തായ ചരിത്രത്തെയും വ്യവസ്ഥാപിത ഇടതു പക്ഷപാർടികൾ തള്ളിക്കളയുന്നു. സംഘ പരിവാറിൻ്റെ സാംസ്കാരിക പരിസരങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണ് കേരളത്തിലടക്കം അവർ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം ഇതിനുദാഹരണമാണ്.

മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌
തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് മുമ്പിൽ ഈ സംഭവവികാസങ്ങൾ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ഒരു ബദൽ രാഷ്ട്രീയ ത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ നടത്തേണ്ട അടിയന്തിര പ്രാധാന്യത്തെ അത് ബോധ്യപ്പെടുത്തുന്നു. ഇന്ത്യൻ ജനതയുടെ സമരവീര്യത്തെപ്രതിഫലിപ്പിച്ച ഐതിഹാസിക കർഷകസമരത്തിൻ്റെ അനുഭവങ്ങൾ ഐക്യപ്പെട്ട പ്രവർത്തനത്തിന് മാതൃകയായി നമ്മുടെ മുമ്പിലുണ്ട്.
സഖാക്കളെ, ഒരു നിർണ്ണായക ചരിത്ര ഘട്ടത്തിലാണ്‌
CPI(ML) RED STAR ന്റെ പന്ത്രണ്ടാം കോൺഗ്രസ്സ് കോഴിക്കോട് നടക്കുന്നത് .
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നമ്മൾ മാറുന്ന പ്രക്രിയയിൽ ഈ പാർട്ടി കോൺഗ്രസ്സിനു സവിശേഷ പ്രാധാന്യമുണ്ട്.
ഭൂമിയിലെ മനുഷ്യ രാശിയുടെ നിലനിൽപ്പിനേപ്പോലും അപകടത്തിലാക്കുന്ന സാമ്രാജ്യത്വത്തിൻ്റെ നവലിബറൽ നയങ്ങൾസൃഷ്ടിക്കുന്ന പാരിസ്ഥിതിക വിപത്തിനെ പാർടി കോൺഗ്രസ്സ് അഭിസംബോധന ചെയ്യുന്നു.
ഇപ്പോഴില്ലെങ്കിൽ പിന്നെ ഒരിക്കലും കഴിയില്ല, എന്ന തീവ്രതയോടെ പരിസ്ഥിതി സംരക്ഷണത്തിനായും ബദൽ വികസനത്തിനായും പോരാടാൻ അത്‌ ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന സമീപനങ്ങളും സാർവ്വ ദേശീയ നിലപാടും ലോകത്തെമ്പാടും നടക്കുന്ന വിമോചന പോരാട്ടങ്ങളോട്‌ ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്ന സമീപനവും അത്‌ ഉയർത്തിപ്പിടിക്കുന്നു.

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എല്ലാ മർദ്ദിത ജനവിഭാഗങ്ങൾക്കുമെതിരായ നവ ഫാസിസ്റ്റ്‌ അക്രമങ്ങൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്‌ എല്ലാ വഴികളും പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തെ തുരത്താൻ ജനകീയ മുന്നണി സംവിധാനങ്ങൾ വിപുലീകരിക്കാൻ ഈ പാർടികോൺഗ്രസ്സ് പ്രതിജ്ഞാ ബദ്ധമാണ് .

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 350 ൽ പരം പ്രതിനിധികളെയും, വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിതാക്കളെയും, അന്താരാഷ്ട്ര സാഹോദര്യ പ്രതിനിധികളേയും പ്രതീക്ഷിക്കുന്ന പാർട്ടി കോൺഗ്രസ്സ്‌ വിജയിപ്പിക്കുന്നതിനായുള്ള ഒരു വിപുലമായ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സപ്തംബർ 10 ന് ആരംഭിക്കുന്ന രാഷ്ട്രീയ – സാസ്കാരിക എക്സിബിഷൻ, സെമിനാറുകൾ , റാലി , പൊതുസമ്മേളനം, ഗസൽ, കവിയരങ്ങ്, നാടകങ്ങൾ, മറ്റ് കലാ സാസ്കാരിക പരിപാടികൾ ,പുസതക പ്രദർശനം, തുടങ്ങി നിരവധി പരിപാടികൾപാർട്ടി കോൺഗ്രസ്സിന് അനുബന്ധമായി സ്വാഗതസംഘം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്.

പാർട്ടി കോൺഗ്രസ്സിന്റെ വിജയകരമായ നടത്തിപ്പിനായി സാധ്യമായ മുഴുവൻ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ജില്ലയിലെ ദലിത്-ആദിവാസി, വനിത, യുവജന, പരിസ്ഥിതി, സാസ്കാരിക, ട്രേഡ് യൂനിയൻ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ പുരോഗമന ജനാധിപത്യ ശക്തികളോടും അഭ്യർത്ഥിക്കുന്നു. Aug.14, ഞായർ 2 മണിക്ക് കൽപ്പറ്റ MGT ഹാളിൽ വച്ച് ചേരുന്ന ജില്ലാ സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

അഭിവാദനങ്ങളോടെ,

കെ.വി.പ്രകാശ്
സെക്രട്ടറി
CPI (ML ) റെഡ് സ്റ്റാർ ,
വയനാട് ജില്ലാ കമ്മിറ്റി.
Phone: 9400560605

You may also like

Leave a Comment