Home » സഖാവ് വി.എസ്. അച്യുതാനന്ദനു ആദരാഞ്ജലികൾ

സഖാവ് വി.എസ്. അച്യുതാനന്ദനു ആദരാഞ്ജലികൾ

by Jayarajan C N

സഖാവ് വി.എസ്. അച്യുതാനന്ദനു ആദരാഞ്ജലികൾ.

ബ്രിട്ടീഷ് ആധിപത്യത്തിൻ്റെയും രാജവാഴ്ചയുടെയും ഭീകരവാഴ്ചയിൽ ആലപ്പുഴയിലെ പരമ്പരാഗത മേഖലയിലെ തൊഴിലാളികളെയും കുട്ടനാട്ടിലെ കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ചു പ്രക്ഷോഭങ്ങൾ നയിച്ച് കൊടിയ മർദ്ദനങ്ങളെ അതിജീവിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളും കേരളത്തിൻ്റെ മുഖ്യമന്ത്രിയും ആയി ചുമതല വഹിക്കുമ്പോഴും പുലർത്തിയ സമീപനങ്ങളും ഇടപെടലുകളും വഴി ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ സ്നേഹാദരങ്ങളും പ്രീതിയും നേടിയ സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ആസ്പിൻവാൾ കയർ ഫാക്ടറിയിൽ കയർ മെഷ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ഫാക്ടറിയിലെ സഹ തൊഴിലാളികളെ സംഘടിപ്പിച്ചു . 1940 ൽ തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി പോരാടാനുള്ള കരുത്ത് നേടി, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു .തുടർന്നു കർഷകതൊഴിലാളി സമൂഹത്തെ സംഘടിപ്പിക്കുന്നതിൽ മുൻകൈ എടുത്തു.

സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉന്നത നേതാവുമായിരുന്ന അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യിൽ നിന്ന് വേർപിരിഞ്ഞ് നാഷനൽ കൗൺസിൽ നിന്ന് ഇറങ്ങി വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച ഗ്രൂപ്പിലെ അവസാനത്തെ അംഗമായിരുന്നു. എങ്കിലും
1960 കളുടെ അവസാനം വിപ്ലവ നിലപാടുകൾ കയ്യൊഴിയുന്ന അവസ്ഥയിലേക്ക് സിപിഐ (എം) എത്തിയപ്പോൾ അദ്ദേഹം സോഷ്യൽ ഡമോക്രാറ്റിക് നിലപാടുകളുടെ ഭാഗമായി നിൽക്കുകയായിരുന്നു. പക്ഷെ പലപ്പോഴും
സിപിഐ(എം)നുള്ളിലെ ഒരു വിമതൻ എന്ന നിലയിലും അച്യുതാനന്ദൻ അറിയപ്പെട്ടിരുന്നു, ഇക്കാരണത്താൽ പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ നിന്ന് രണ്ടുതവണ പുറത്താക്കപ്പെട്ടു.
2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജന നേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിൽ അച്യുതാനന്ദൻ വിവിധ നടപടികൾക്ക് തുടക്കം കുറിച്ചു. മൂന്നാറിലെ ടാറ്റ കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാൻ നടത്തിയ നീക്കങ്ങൾ ,കൊച്ചിയിലെ എം.ജി. റോഡിലെ ഉൾപ്പെടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലെ അനധികൃത നിർമ്മാണങ്ങളുടെ പൊളിച്ചുമാറ്റൽ, സംസ്ഥാനത്തെ ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സഖാവിൻ്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും അദ്ദേഹത്തോടു സ്നേഹബഹുമാനങ്ങൾ പുലർത്തിയ മുഴുവൻ പേരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സെക്രട്ടറി,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.

You may also like

Leave a Comment