Home » ജനവിരുദ്ധമായ കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ അണിനിരക്കുക.

ജനവിരുദ്ധമായ കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ അണിനിരക്കുക.

by Jayarajan C N

ജനവിരുദ്ധമായ കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ അണിനിരക്കുക.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.

കേരള സംസ്ഥാന കമ്മിറ്റി.

സാധാരണക്കാരുടെ മുതുകിൽ നികുതിഭാരം അടിച്ചേൽപ്പിച്ചും സേവന മേഖലകളിൽ ഒന്നാകെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചും സാമൂഹിക പെൻഷൻ വാഗ്ദാനങ്ങളെ കാറ്റിൽ പറത്തിയും, രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന ബജറ്റ് മോഡീ സർക്കാറിൻ്റെ ബജറ്റു പോലെ കോർപ്പറേറ്റ് ദാസ്യ വേലക്കപ്പുറം സാധാരണ ജനങ്ങളിൽ ഒരു പ്രതീക്ഷയും ഉണർത്തുന്നില്ല.
കഴിഞ്ഞയാഴ്ച കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പാർലിമെൻ്റിൽ അവതരിപ്പിച്ച ബജറ്റിൻ്റെ പാതയിൽ നിന്നു നയ വ്യതിയാനത്തിൻ്റെ ഒരു സൂചന പോലും പിണറായി സർക്കാറിൻ്റെ കേരള ബജറ്റിലും കാണാൻ കഴിയില്ല. “ഇടതുപക്ഷ ” സർക്കാറിൻ്റെ ബദൽ കഴ്ചപ്പാടുകൾ എന്നത് പൊള്ളയായ വാചകമടി മാത്രമാണന്നു ഒരിക്കൽ കൂടി ചൂണ്ടി കാട്ടുന്നത് കൂടിയാണു ഈ ബജറ്റ് . കേരളം സാമ്പത്തിക മുരടിപ്പുകളിൽ നിന്നും മുക്തമാകുന്നു എന്ന് ഒരു ഭാഗത്ത് പ്രഖ്യാപിക്കുകയും എന്നാൽ നികുതി വരുമാനം കുത്തനെ വർദ്ധിച്ചിച്ച് കമ്മി ഒഴിവാക്കി ഖജനാവ് നിറക്കാമെന്നുമാണ് ധനമന്ത്രി ബാലഗോപാലൻ കാണുന്നത്.
വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷത്തെയും പിഴിഞ്ഞെടുത്തു കൊണ്ട് നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്ന നിർദ്ദേശങ്ങളാണ് ബജറ്റിലുടനീളം മുന്നോട്ട് വെച്ചിട്ടുള്ളത്.
എക്സിക്യുട്ടീവ് ഉത്തരവുകളിലൂടെ വൈദ്യുതി ചാർജ്ജ് വെള്ളക്കരം ,യാത്രാ നിരക്ക് എല്ലാം തന്നെ നിരന്തരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സർക്കാർ ഈ ബജറ്റിലൂടെയും ജനങ്ങളെ പിഴിഞ്ഞുറ്റുന്ന നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

ഭൂ നികുതി 50 ശതമാനം വർദ്ധിപ്പിച്ചു കൊണ്ട് ഖജനാവിലേക്കു 100 കോടിയുടെ അധികവരുമാനം ലക്ഷ്യം വെക്കുന്നു.ഭൂമിയുടെ ബേസിക് ടാക്സ് ഉയർത്തി നികുതി എല്ലാ സ്റ്റേജുകളിലേക്കും ആനുപാതികമായി വർദ്ധിപ്പിക്കും. വിദേശതോട്ടം കമ്പനി നടത്തിപ്പ്കാരായ കോർപ്പറേറ്റുകൾ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കുന്നതു പോകട്ടെ പിരിഞ്ഞു കിട്ടാൻ ഉള്ള ആയിരക്കണക്കിന് കോടികളെ കുറിച്ച് ,നിശ്ശബ്ദത പാലിക്കുന്നവരാണ് സാധാരണക്കാരൻ്റെ നാമമാത്ര ഭൂമിക്കു പോലും ഭീമമായ നികുതി പിരിച്ചെടുക്കാൻ പോകുന്നത്.
കെട്ടിടങ്ങൾക്ക് ഭീമമായ അധിക നികുതി മന്ത്രിസഭാ തീരുമാനത്തിലുടെ നടപ്പാക്കിയിട്ട് അധികകാലമായിട്ടില്ല.

ജനാധിപത്യത്തിൻ്റെ നാലു തൂണുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന കോടതിയുടെ എല്ലാ വ്യവഹാരങ്ങൾക്കുള്ള നിരക്കുകളും കുത്തനെ വർദ്ധിപ്പിച്ചു കൊണ്ട് കോടതിയുടെ മറവിൽ നിന്ന് ജനങ്ങളുടെ പോക്കറ്റടിച്ച് 150 കോടി അധിക വരുമാനമാണ് ഈ ബജറ്റ് കണ്ടെത്തുന്നത്.

15 വർഷം കഴിഞ്ഞ വാഹനത്തിന് പോലും അധിക ടാക്സ് അടിച്ചേൽപ്പിച്ച് 55 കോടി രൂപയുടെ അധികവരുമാനം ഈ ബജറ്റ് പ്രതീക്ഷിക്കുന്നു. പ്രകൃതി ഇന്ധനങ്ങളിൽ നിന്ന് വിടുതൽ നേടിക്കൊണ്ടിരിക്കുന്ന കാലത്ത് എല്ലാ സ്ഥലങ്ങളിലും ഇലക്ട്രിക്കൽ വാഹനങ്ങ
ളുടെ നികുതി ഇളവ് അനുവദിക്കുമ്പോഴും നമ്മുടെ സംസ്ഥാനത്ത് അതിനും നികുതി വർദ്ധിപ്പിച്ചു കഴിഞ്ഞു.

ജനക്ഷേമകരമായ പദ്ധതികൾ ഒന്നു പോലും ഇല്ല എന്നതും സേവന മേഖലകളിൽ ഇന്നലെ വരെ ജനങ്ങൾക്ക് ലഭ്യമായിരുന്ന സഹായങ്ങൾ വെട്ടി കുറച്ചിരിക്കുന്നതും സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ ഈ ബജറ്റ് എങ്ങിനെ നോക്കിക്കാണുന്നു എന്നതിൻ്റെ സൂചനയാണ്. സാമൂഹിക പെൻഷൻ 2500 രൂപയാക്കും എന്ന തെരഞ്ഞടുപ്പ് വാഗ്ദാനം പാലിക്കാൻ, കഴിഞ്ഞ 4 ബജറ്റുകളിൽ എന്നപോലെ ഈ ബജറ്റും മൗനം പാലിക്കുകയാണ്. സാധാരണ ജനവിഭാഗങ്ങൾ പ്രത്യേകിച്ചും ദലിത്-ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന മർദ്ദിത ജനവിഭാഗങ്ങൾക്ക് ഇന്നലെ വരെ ക്ഷേമ പദ്ധതികൾക്ക് അനുവദിച്ചിരുന്ന തുകകളിൽ ഭീമമായ വെട്ടിക്കുറവാണ് ഈ ബജറ്റ് വരുത്തിയിരിക്കുന്നത് .

കിഫ്ബിക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ടോൾ പിരിവ് ഉൾപ്പെടെ നടപടികൾ വരാനിരിക്കുന്നതേയുള്ളൂ. ചെലവു വസൂലാക്കൽ പദ്ധതിയിലൂടെ
‘ടോൾ ‘പിരിവ് എന്ന പകൽ കൊള്ളക്ക് രൂപം കൊടുക്കുന്നതേയുള്ളൂ.

മുണ്ടക്കൈ ചൂരൽമല ദുരന്ത പുനരധിവാസത്തിന് കേവലം 750 കോടി രൂപയാണ് ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. 2200 കോടിയിൽപ്പരം രൂപ ദുരന്ത പുനരധിവാസ പദ്ധതികൾക്ക് ചെലവഴിക്കേണ്ട സ്ഥാനത്ത് 750 കോടി രൂപ മാത്രമാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. ദുരന്ത പുനരധിവാസത്തെ സർക്കാർ എത്രമാത്രം ലാഘവത്തോടു കൂടിയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കയ്യേറിയി രിക്കുന്ന ഹാരിസൺ ഉൾപ്പെടെയുള്ള വിദേശതോട്ടം കോർപ്പറേറ്റുകൾക്കുവേണ്ടി പിണറായി സർക്കാർ ചെയ്യുന്ന ഏജൻസി പണിമൂലമാണ്, സർക്കാർ ഭൂമിക്ക് വില കെട്ടി സർക്കാറിന് തന്നെ പുനരധിവാസത്തിന് ഭൂമി ഏറ്റടുക്കേണ്ടി വന്നത്. അതാകട്ടെ 1000 കോടിക്കും 1200 കോടിക്കും ഇടയിൽ വരാൻ സാധ്യതയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ കേവലം 750 കോടി രൂപ പുനരധിവാസത്തിനു നീക്കിവെക്കുമ്പോൾ ദുരന്ത പുനരധിവാസം പെട്ടിമുടി ദുരന്ത പുനരധിവാസം പോലെ ഒരു പ്രഹസനം മാത്രമായി മാറുമെന്നാണ് പിണറായി സർക്കാറിൻ്റെ അവസാന ബജറ്റ് നൽകുന്ന സൂചനകൾ. സംസ്ഥാനത്തെ ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന ജനവിരുദ്ധ ബജറ്റിനെ ചെറുക്കാൻ രംഗത്തിറങ്ങണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

കേരള സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.

എറണാകുളം.
06/02/2025.

You may also like

Leave a Comment