കേരളത്തെ തകർക്കുന്ന കേന്ദ്ര ബജറ്റിനെതിരെ അണിനിരക്കുക.
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി.
ഇടത്തരക്കാരെ പ്രീണിപ്പിക്കുന്നതും ആഗോള മൂലധന കേന്ദ്രങ്ങളുമായുള്ള ഉദ്ഗ്രഥനം എളുപ്പത്തിൽ സാധിച്ചെടുക്കുന്നതുമായ, പതിവുപോലെ, നികുതിഭാരം മുഴുവൻ സാധാരണക്കാരുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്ന 2025ലെ കേന്ദ്ര ബജറ്റ് മോഡീ സർക്കാരിന് വേണ്ടി ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പാർലിമെൻ്റിൽ അവതരിപ്പിച്ചിരിക്കയാണ്.
കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കുന്നതും പാർശ്വവൽകൃത സമൂഹങ്ങൾ ഉൾപ്പെടെ രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളെ പൂർണ്ണമായി അവഗണിക്കുന്നതുമാണ് ഈ ബജറ്റ് എന്ന് നിസംശയം പറയാവുന്നതാണ്.
കാർഷിക-വ്യാവസായിക മേഖലകളിൽ ഉൾപ്പെടെ സമ്പത്തുൽപാദനത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും കോർപ്പറേറ്റ് മൂലധനത്തെ സേവിക്കുന്ന നടപടി നിർദ്ദേശങ്ങൾ നിറഞ്ഞിരിക്കുന്ന ബജറ്റ്
സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ, തൊഴിലാളി, കർഷക ജനവിഭാഗങ്ങളെ തകർക്കുന്നതു പോലെ ലോകത്തിലെ തന്നെ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരിൽ പകുതിയോളം അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് ദരിദ്ര ജനവിഭാഗങ്ങളുടെ എണ്ണവും അതിഭീമമായി വർദ്ധിപ്പിക്കുകയും ,അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് അവരെ വലിച്ചെറിയുകയും ചെയ്യും.
നവ ഉദാരവൽക്കരണത്തേയും കോർപ്പറേറ്റ് വൽക്കരണത്തെയും ത്വരിതപ്പെടുത്തുന്ന നിർമ്മല സീതാരാമൻ്റെ ഈ ബജറ്റും, ഇറക്കുമതി തീരുവകൾ ലഘൂകരിച്ചും, FDI (Forgin direct investment ) ഉദാരമാക്കിയും സമ്പന്നവർഗ്ഗത്തിൻ്റെ താത്പര്യങ്ങളെ സാധാരണ പോലെ തന്നെ അതിയായി സേവിക്കുന്നതാണന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി ഇറക്കിയ കുറിപ്പിൽ വളരെ വിശദമായ വിലയിരുത്തൽ നടത്തിയിട്ടുണ്ട്.
മൂന്നാം മോഡി സർക്കാറിൻ്റെ ഈ പ്രഥമ ബജറ്റ് അതീവ ഗൗരവമുള്ള മറ്റു ചില വിഷയങ്ങൾ കൂടി മുന്നോട്ട് വെക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്.
കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ അവതരിപ്പിക്കുന്ന ബജറ്റുകളിൽ തങ്ങളുടെ ഭരണം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലെ ജനതയോട് കാണിക്കുന്ന അവഗണന ഒരു സ്ഥിരം സമീപനമാണെങ്കിലും മുമ്പെങ്ങുമില്ലാത്ത തരത്തിൽ ഈ അവഗണനയെ ശത്രുതാപരമാക്കി മാറ്റിയിരിക്കയാണ് മോഡീ സർക്കാർ ഈ ബജറ്റിലൂടെ.
കേരളത്തെ മാത്രമല്ല തമിഴ്നാട്, കർണ്ണാടക തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ
ക്കൂടി അവഗണിച്ചു കൊണ്ടാണ് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നത്. ഫെഡറൽ സംവിധാനത്തിൻ്റെ അടിസ്ഥാന തത്വങ്ങളെ തകർത്തു കൊണ്ടുള്ള പകപോക്കൽ സമീപനമാണ് ഇവിടെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇങ്ങനെ ബി.ജെ.പി. വിരുദ്ധ സർക്കാറുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളെ അവഗണിച്ചതിനൊപ്പം ബിജെപി ഭരിക്കുന്ന “ഇരട്ട എഞ്ചിൻ” സർക്കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നിർലോഭം ബജറ്റ് പണം ഒഴുക്കുന്നതും ഇതിൻ്റെ മറുവശമാണ്. രാജ്യത്തിൻ്റെ മൊത്തം വരുന്ന ചെലവിൻ്റെ മൂന്നിൽ രണ്ടും നിർവ്വഹിക്കുന്നത് സംസ്ഥാനങ്ങളാണങ്കിലും മൊത്തം വരുമാനത്തിൻ്റെ മൂന്നിൽ ഒരു ഭാഗം പോലും സംസ്ഥന വിഹിതങ്ങളായി ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനങ്ങളുടെ വിഭവ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവർത്തിച്ചുള്ള ധനകാര്യ കമ്മീഷനുകളുടെ ആവശ്യവും ഇതേ പോലെ ഈ ബജറ്റും നിരാകരിക്കുകയാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങളെ അതീവ ഗുരതരമായി ഇത് ബാധിക്കും
കേരള സമ്പദ്ഘടന നേരിടുന്ന തകർച്ചയെ കൂടുതൽ പ്രതിസന്ധികളിലേക്ക് വലിച്ചിഴക്കും വിധം കേരളത്തിൻ്റെ കാർഷിക -വ്യാവസായിക ഉദ്പാദന മേഖലക്ക് സഹായകരമാകുന്ന ഒരു നടപടിയും കേന്ദ്ര ബജറ്റിൽ മുന്നോട്ട് വെച്ചിട്ടില്ല.
മനുഷ്യ മനസ്സാക്ഷിയെ ഞട്ടിപ്പിക്കുന്ന ദുരന്തത്തിന് ഇരയായ കേരളത്തിന് ദുരന്ത നിവാരണ പാക്കേജിൽ കേരളത്തെ പരാമർശിക്കുക പോലും ചെയ്തിട്ടില്ല എന്നത് എത്ര മാത്രം വൈരാഗ്യം ബുദ്ധിയാണ് കേരളത്തോട് കാണിക്കുന്നതെന്ന് വ്യക്തമാണ്. ആയിരകണക്കിന് ആളുകൾ ദുരന്തത്തിൻ്റെ ഇരകളായി ദുരിതത്തിൽ നിന്നും കരകയറാനാകാതെ ഇപ്പൊഴും നില്കുമ്പോഴാണ് യുദ്ധ സാഹപര്യത്തിൽ ശത്രു രാജ്യത്തോട് പോലും കാണിക്കാത്ത ക്രൂരത കേരളത്തോട് കാട്ടിയിരിക്കുന്നത്.
കേരളം പരിമിതമായെങ്കിലും നേടിയെടുത്തു എന്നു പറയുന്ന ആരോഗ്യ-വിദ്യഭ്യാസ മേഖലകളിലെ നേട്ടങ്ങളെയും, പാർശ്വവൽകൃത സമൂഹങ്ങളെയും ബജറ്റു നിർദ്ദേശങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്ക് എത്തിക്കും.
മോഡി സർക്കാറിൻ്റെ കോർപ്പറേറ്റ് ആശ്രിത നയങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തതയില്ലാത്ത സർക്കാരാണ് പിണറായി സർക്കാർ എന്നിരിക്കിലും കേരളത്തോട് കാണിക്കുന്ന ഈ അവഗണന കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി തന്നെ കാണേണ്ടതുണ്ട്.
എന്നിട്ടും ബിജെ.പി നേതാക്കളുടെ അവകാശവാദം കേരളത്തിന് ഏറ്റവും നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിയുന്ന ബജറ്റ് ആണിത് എന്നതാണ്. ആദായ നികുതി പരിധി യിലെ ഇളവ് ചൂണ്ടിക്കാട്ടി, നടത്തുന്ന ഈ വാദത്തിൻ്റെ പൊള്ളത്തരവും തുറന്നു കാട്ടേണ്ടതുണ്ട്. ഒരു ഉപഭോഗസംസ്ഥാനമായി അതിവേഗം മാറിക്കഴിഞ്ഞ കേരളത്തിൽ ഈ രീതിയിൽ ലഭിക്കുന്ന ഇളവുകൾ അത്രയും ഗുണം ചെയ്യുക മാർക്കറ്റിനേയും അതുവഴി പരോക്ഷനികുതി സമാഹരിക്കുന്ന GST സംവിധാനത്തിലൂടെ കേന്ദ്ര സർക്കാറിനെയുമാണ്. മുഴുവൻ സാധരണക്കാരുടേതും ഉൾപ്പെടെ ഏതാണ്ട് രണ്ടര ലക്ഷം കോടിയിലധികം GST വഴി പരോക്ഷ നികുതിയായി സമാഹരിക്കാനും ഇതിലൂടെ കഴിയുന്നു എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ ഈ ബജറ്റ് കേരള സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതങ്ങളെ മറച്ചുവെച്ച് കൊണ്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവർ കേന്ദ അവഗണനയുടെ മറവിൽ , ഉന്നയിക്കുന്നത് വിഴിഞ്ഞം, കെ. റെയിൽ പോലുള്ള കോർപ്പറേറ്റു പദ്ധതികൾക്ക് പണം ലഭിച്ചില്ല എന്ന തരത്തിലാണ്. കേരള സമ്പദ്ഘടനയെ തകർക്കുന്ന, സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കേരള ജനതയക്ക് ഒന്നടങ്കം എതിരായ ഈ കോർപ്പറേറ്റ് ബജറ്റിനെതിരെ കേരള ജനത സമരത്തിൻ്റെ പാതിയിൽ അണിചേരേണ്ടതുണ്ട്.
സെക്രട്ടറി,
കേരള സംസ്ഥാന കമ്മിറ്റി.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
2.02.2025
എറണാകുളം.