PRESS RELEASE
പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിന്റെ അനുമതി റദ്ദ് ചെയ്യുക. – CPI (ML) റെഡ് സ്റ്റാർ
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാൻ ഒയാസീസ് കമ്പനിക്ക് നൽകിയ അനുമതി റദ്ദ് ചെയ്യണമെന്ന് സി.പി.ഐ (എം.എൽ.) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനാവശ്യമായ മദ്യം ഉല്പാദിപ്പിക്കാനാവാത്തതിനാൽ ഉപഭോഗത്തിനാവശ്യമായ മദ്യം ഉല്പാദിപ്പിക്കാൻ ബ്രൂവറി പ്ലാന്റിന് അനുമതി നൽകുന്നു എന്ന സർക്കാർ വാദം കേരളത്തെ ഒരു മദ്യ സ്വയം പര്യാപ്ത സംസ്ഥാനമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ വാദത്തിൽ നിന്ന് തന്നെ വ്യക്തമാണ്. 600 പേർക്ക് നേരിട്ടും രണ്ടായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മദ്യവും മയക്കുമരുന്നും കേരളത്തെ നാശോന്മുഖമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ കേരളീയരെ മദ്യത്തിൽ കുളിപ്പിക്കാനുള്ള CPM ന്റെ തീരുമാനത്തെ കേരള ജനത ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിലാണു് ചിറ്റൂരിലെ കഞ്ചിക്കോട്ട് വ്യവസായത്തിന്റെ പേരിൽ അമേരിക്കൻ കോളക്കമ്പനിക്ക് അനുമതി നൽകിയത്. ഭൂഗർഭ ജലസ്രോതസ്സുകൾ വരെ വറ്റിവരണ്ടപ്പോഴാണ് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സമരരംഗത്തിറങ്ങി കൊക്കോ കോളയെ കെട്ടുകെട്ടിച്ചത്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട്ടെ കുടിവെള്ളം ഊറ്റിയെടുത്ത് മദ്യനിർമ്മാണക്കമ്പനി ആരംഭിക്കാൻ അനുവദിക്കാനാവില്ല. മഴവെളളം സംഭരിച്ചാവും പ്ലാന്റ് പ്രവർത്തിക്കുക എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്.
മഴനിഴൽ പ്രദേശമായ എലപ്പുള്ളിയിൽ പ്ലാന്റ് സ്ഥാപിക്കും എന്നതിനർത്ഥം കുടിവെള്ള സ്റ്രോതസ്സുകൾ ഒയാസിസ്സിന്റെ നിയന്ത്രണത്തിലാകും എന്ന് തന്നെയാണ്.പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്താണ് എന്ന ഒയാസിസിന്റെ വാദവും കേരളത്തിലെ അരിക്ഷാമവും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയും പരിഗണിക്കാതെ മനുഷ്യന്റെ ആഹാരത്തേക്കാൾ മദ്യ ഉൽപ്പാദനത്തിനു് പ്രഥമ പരിഗണന നൽകുന്ന കമ്പനിക്കൊപ്പം നിൽക്കുന്ന CPM നയം അങ്ങേയറ്റം ജനവിരുദ്ധമാണ്.
പഞ്ചാബിൽ പ്രവർത്തനമാരംഭിച്ച കമ്പനി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നതും കുടിവെള്ള ദൗർലഭ്യത്തെ തുടർന്നായിരുന്നു.
പ്രതിദിനം 8 MLD ശുദ്ധജലം ഊറ്റി പ്രവർത്തിക്കുന്ന കമ്പനിക്ക് നൽകുന്ന ഇത്രയും ജലം മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളമായി ഉപയോഗിക്കാനും കാർഷിക മേഖലയെ പുഷ്ടിപ്പെടുത്താനും കഴിയുമെന്നിരിക്കെ മദ്യോൽപാദനത്തിൽ നിന്ന് ലഭിക്കുന്ന റവന്യൂ വരുമാനത്തിനും കൊള്ളലാഭത്തിനും വേണ്ടി പാലക്കാട്ടെ കുടിവെള്ളം ഊറ്റാനുള്ള ഒയാസിസ് കമ്പനിയുടെ
ബ്രൂവറിക്കെതിരെ കേരളീയ സമൂഹം പ്രക്ഷോഭപാതയിൽ ഇറങ്ങണമെന്ന് സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽപങ്കെടുക്കുന്നവർ
പി.എൻ പ്രോവിന്റ്
കേന്ദ്ര കമ്മിറ്റി അംഗം
ടി.സി. സുബ്രഹ്മണ്യൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.
കെ.ശിവരാമൻ
സംസ്ഥാനകമ്മിറ്റി അംഗം.
പാലക്കാട്
24/1/2025