നാഗ്പൂർ ഫാസിസ്റ്റ് വിരുദ്ധ പ്രഖ്യാപനം
[2024 മാർച്ച് 10-ന് നാഗ്പൂരിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തെ അടിസ്ഥാനമാക്കി മുന്നോട്ട് വെക്കുന്ന ഇന്ത്യയിലെ 18- ആം ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ എംഎൽ റെഡ് സ്റ്റാറിന്റെ സമീപനം]
1. 2023 മാർച്ച് 10 ന് നാഗ്പൂരിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ വിളിച്ചുചേർത്ത അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷൻ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിൽ പതിനെട്ടാം പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ സമ്പൂർണമായി പരാജയപ്പെടുത്തുവാനും ആർഎസ്എസ്-കോർപ്പറേറ്റ് ഫാസിസത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കുവാനായി മുന്നിട്ടിറങ്ങുവാനും ഇന്ത്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് അതിൻറെ രാഷ്ട്രീയ ഉപകരണമായ ബി ജെ പിയിലൂടെ ഏറ്റവും അഴിമതിക്കാരായ കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിമാരുടെ പിന്തുണയോടെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ നിയന്ത്രണം കൈവശപ്പെടുത്തിയിരിക്കുന്നു. തൽഫലമായി, സിവിൽ, മിലിട്ടറി അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ഭരണകൂടത്തിൻറെ എല്ലാ സ്ഥാപനങ്ങളും ജുഡീഷ്യറിയും കൂടാതെ രാജ്യത്തിൻ്റെ മുഴുവൻ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളും എൻഇപി വഴി കാവിവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ മേഖലകളും ഇപ്പോൾ ആർഎസ്എസിന്റെ ഉറച്ച പിടിയിലാണ്. ബഹുഭാഷാ, ബഹുസംസ്‌ക്കാരിക, ബഹു-വംശീയ, ബഹു-മത രാഷ്ട്രമായ ഇന്ത്യയ്‌ക്ക് മേൽ ഒരു ഭൂരിപക്ഷ ഹിന്ദുരാഷ്ട്രത്തെ അടിച്ചേൽപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ആർഎസ്എസ്.
2. ഇന്ത്യയിലുടനീളമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് പോലെ, മോഡി ഭരണത്തിൻ കീഴിൽ, മണിപ്പൂരിലും മറ്റു വിവിധ പ്രദേശങ്ങളിലും കണ്ടത് പോലെ ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുവിൽ അരക്ഷിതരും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവരുമായിരിക്കുമ്പോൾ, മുസ്ലീങ്ങൾ എറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ലാക്കാക്കപ്പെട്ടവരും ഏറ്റവും കടുത്ത അന്യവൽക്കരണത്തിന് വിധേയരായവരുമായ വിഭാഗമായി മാറിയിരിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ തന്നെ, ഇന്ത്യയുടെ മുഖ്യ ശത്രുവായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ലക്ഷ്യം വയ്ക്കുന്നതിനുപകരം, ആർഎസ്എസ് മേധാവി ഗോൾവാൾക്കർ, മുസ്ലീങ്ങളെയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായി പരിഗണിച്ചിരുന്നത്. ഇന്നാകട്ടെ, ഇസ്ലാം വിരുദ്ധത അഥവാ ഇസ്ലാമോഫോബിയ എന്നത് ആഗോള തലത്തിൽ തന്നെ അമേരിക്കയും മറ്റ് സാമ്രാജ്യത്വ ശക്തികളും ഉയർത്തിപ്പിടിക്കുന്ന നവഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായി മാറിയിരിക്കുന്നു. മൊത്തത്തിലുള്ള ഈ സാഹചര്യം ഫലപ്രദമായി മുതലെടുത്ത്, ആർഎസ്എസ് തിട്ടൂരങ്ങൾക്കനുസരിച്ച്, ബിജെപി ഭരണം മുസ്ലീങ്ങളെ അപമാനപ്പെടുത്തുകയും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവരോട് കടുത്ത വിദ്വേഷം വളർത്തുകയും ചെയ്യുന്നു. ഭരണകൂട അധികാരത്തിൻറെ എല്ലാ സ്ഥാപനങ്ങളും ഈ ആവശ്യത്തിനായി ചിട്ടയായി ഉപയോഗപ്പെടുത്തുന്നു. ഇസ്ലാമോഫോബിയയെ മുൻനിർത്തിയുള്ള ഭൂരിപക്ഷ ധ്രുവീകരണത്തിൻറെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിലും മതേതര സ്വഭാവത്തിലും മാറ്റം വരുത്തിയിരിക്കുന്നു.
3. 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത് 2019-ൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം (സിഎഎ), പൗരത്വത്തിനുള്ള മാനദണ്ഡമായി മതത്തെ ഉൾപ്പെടുത്തി. പൊതുതെരഞ്ഞെടു പ്പ് ആസന്നമായിരിക്കെ ധൃതി പിടിച്ച് സി എ എ യുടെ ചട്ടങ്ങൾ പ്രഖ്യാപിച്ചതും ഇതിന്റെ തുടർച്ചയായ നടപടിയാണ്. 3 അയൽ രാജ്യങ്ങളിൽ നിന്നുള്ള 6 അമുസ്‌ലിം സമുദായങ്ങൾക്ക് പൗരത്വം നൽകുകയും മുസ്‌ലിംകളെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുന്ന സിഎഎ, മുസ്‌ലിംകളോടുള്ള വിവേചനമാണെന്ന് യുഎൻ പോലും വിശേഷിപ്പിച്ചിരിക്കുന്നു. അതേ സമയം, ഏറ്റവുമധികം പീഡനമേറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങൾ എന്ന് യുഎൻ വിശേഷിപ്പിക്കുന്ന റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി പോലും മോദി സർക്കാർ നിഷേധിച്ചു. അതുപോലെ, വർഷങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളെയും സിഎഎ പ്രകാരം പൗരത്വ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫാസിസത്തിൽ പ്രകടമായ ഒരു സവിശേഷത, മുസ്ലീം ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ ഇടിച്ചു നിരപ്പാക്കപ്പെടുകയും, കാവിവൽക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പോലീസിന്റെയും സഹായത്തോടെ അവർക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യമാണ്. കാവി-ഫാസിസ്റ്റ് ഗുണ്ടകൾ മുസ്‌ലിംകൾക്ക് ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശം നിഷേധിക്കുന്നതും ദലിതരെ ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് വിധേയരാക്കുന്നതും ഇന്ത്യയിൽ ഇന്ന് പതിവായിരിക്കുന്നു.
4. മോഡി ഭരണം നടപ്പാക്കി വരുന്ന ഒട്ടനവധി നിയമപരവും ഭരണപരവുമായ നടപടികളിലും ഇതേ മുസ്ലീം വിരുദ്ധത ദൃശ്യമാണ്. 2019 ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കലും അതിന് 2023 ഡിസംബറിൽ സുപ്രീം കോടതിയുടെ അംഗീകാരവും, ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് തന്നെ രാമക്ഷേത്രം പണിയുകയും 2024 ജനുവരിയിൽ പ്രധാനമന്ത്രി തന്നെ അത് പ്രതിഷ്ഠിക്കുകയും അതുവഴി ഇന്ത്യൻ ഭരണഘടനയുടെ മതേതര ഘടനയെ തുരങ്കം വയ്ക്കുകയും, ഏകീകൃത സിവിൽ കോഡ് പ്രഖ്യാപിക്കുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ അത് നടപ്പിലാക്കിയതുമെല്ലാം മുസ്ലീങ്ങളെ നേരിട്ട് ലക്‌ഷ്യം വെച്ചുള്ള നടപടികളാണ്. ഇവ അടക്കമുള്ള നീക്കങ്ങളിലൂടെ, ആർഎസ്എസ്/ബിജെപി തങ്ങളുടെ ആത്യന്തിക ലക്ഷ്യമായ ഭൂരിപക്ഷ മതാധിപത്യ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അടിത്തറ പാകിക്കഴിഞ്ഞു. ഹിന്ദുരാഷ്ട്ര സ്ഥാപനത്തെ ഔപചാരികമായി പ്രഖ്യാപിക്കാനാണ്, ഇതിനകം സൃഷ്ടിച്ച മുസ്ലീം വിരുദ്ധ ഭൂരിപക്ഷ ധ്രുവീകരണം ഫലപ്രദമായി ഉപയോഗപ്പെടുത്തി, തിരഞ്ഞെടുപ്പ് കമ്മീഷനിലെ തങ്ങളുടെ നിയന്ത്രണത്തോടെ ബിജെപി ഇപ്പോൾ തങ്ങളുടെ ‘മിഷൻ 400’ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർലമെൻറിൽ 400 സീറ്റുകൾ നേടുക എന്നതാണ് അവരുടെ ലക്‌ഷ്യം.
5. മനുസ്മൃതിയെ ഇന്ത്യൻ ഭരണഘടനയായി ഉയർത്തിക്കാട്ടാനുള്ള ആർഎസ്എസിന്റെ പൂർത്തീകരിക്കപ്പെടാത്ത മുൻകാല ശ്രമങ്ങൾ വിഖ്യാതമാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി അന്തിമരൂപം നൽകിയ ശേഷം 1949 നവംബറിൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചപ്പോൾ, ആർഎസ്എസ് അതിന്റെ മുഖപത്രമായ ഓർഗനൈസർ മുഖേന, ദളിതരും സ്ത്രീകളും ഉൾപ്പെടെയുള്ള മർദ്ദിത വിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതി പകരം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ, സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ്) ഉൾപ്പെടുത്തിയ 103- ആം ഭരണഘടനാ ഭേദഗതിയിലൂടെ മോദി സർക്കാർ, ജാതി സംവരണം അടിസ്ഥാന സവിശേഷതയായി തുടക്കം മുതലേ പുലർത്തിപ്പോന്നിരുന്ന ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ത്യയുടെ സമ്പത്തിന്റെ സിംഹഭാഗവും, സിവിൽ, മിലിട്ടറി അഡ്മിനിസ്‌ട്രേഷനിലെയും ജുഡീഷ്യറിയിലെയും മുതിർന്ന തസ്തികകളും ഇതിനകം തന്നെ ഒരു ചെറു ന്യൂനപക്ഷമായ ബ്രാഹ്മണ സവർണ്ണ ജാതിക്കാർ കൈവശപ്പെടുത്തിയിരിക്കുമ്പോൾ, മനുസ്മൃതിയുടെ തത്വങ്ങൾക്കനുസൃതമായി സാമ്പത്തിക സംവരണം (EWS) വരേണ്യ വിഭാഗമായ ഉന്നത ജാതിക്കാർക്ക് 10 ശതമാനം അധിക തസ്തികകൾ നൽകുന്നു. അതേസമയം, രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ അധികാരത്തിന് മേലുള്ള സവർണ്ണ-ബ്രാഹ്മണ ആധിപത്യത്തെ തുറന്നുകാട്ടുമെന്നതിനാൽ, മർദ്ദിത ജാതി വിഭാഗങ്ങളുടേയും ജനാധിപത്യ ശക്തികളുടെയും ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടുള്ള അഖിലേന്ത്യാ ജാതി സെൻസസ് വേണമെന്ന ആവശ്യത്തെ ആർഎസ്എസ്/ബിജെപി ശക്തമായി എതിർക്കുന്നു. ഈ സാഹചര്യത്തിൽ, 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപിയുടെ ഹാട്രിക് വിജയം ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി സ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് പുരോഗമന ജനാധിപത്യ ശക്തികളും എല്ലാ സുമനസ്സുകളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം നാം ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്.
6. ഈ കാവി ഫാസിസ്റ്റ് അജണ്ടയുടെ അവിഭാജ്യ ഘടകമായും, മോഡി സർക്കാരിന്റെ തീവ്ര വലതുപക്ഷ, കോർപ്പറേറ്റ് അനുകൂല ആഭിമുഖ്യത്തിന് അനുസൃതമായും, ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, പൊതുസേവനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അദാനി-അംബാനിമാരെപ്പോലുള്ള ചങ്ങാത്ത മുതലാളിവർഗം ഒന്നൊന്നായി കവർന്നെടുത്തുകൊണ്ടിരിക്കുന്നു. തൊഴിൽ, പരിസ്ഥിതി, നികുതി ഉദാരവൽക്കരണം എന്നിവയുടെ നിയന്ത്രണവും അനൗപചാരികവൽക്കരണവും സംബന്ധിച്ച മോദി ഭരണത്തിന്റെ കഴിഞ്ഞ 10 വർഷത്തെ കോർപ്പറേറ്റ് അനുകൂല, നവലിബറൽ നിയങ്ങളുടെ പരമ്പര, അഴിമതിക്കാരായ കോർപ്പറേറ്റ് ശതകോടീശ്വരന്മാർക്ക് അളവറ്റ സമ്പത്ത് കൈവശപ്പെടുത്താൻ അവസരമൊരുക്കി. നിലവിലുള്ള 44 തൊഴിൽ നിയമങ്ങൾ എടുത്തുകളഞ്ഞ് 4 ലേബർ കോഡുകളാക്കി മാറ്റാനുള്ള നീക്കം ഇന്ത്യൻ തൊഴിലാളി വർഗ്ഗം മുൻകാലങ്ങളിൽ പൊരുതി നേടിയ എല്ലാ ജനാധിപത്യ അവകാശങ്ങളും കവർന്നെടുത്തു, അവരിൽ ഭൂരിഭാഗത്തേയും അടിമത്തൊഴിലാളികളാക്കി മാറ്റി അസംഘടിത/അനൗപചാരിക മേഖലകളിലെ കടുത്ത ചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയുടെ അനിയന്ത്രിതമായ കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്നതാണ് മോദി ഭരണം കൊണ്ടുവന്ന പരിസ്ഥിതി നിയമ ഭേദഗതി. ഇന്ത്യൻ കോർപ്പറേറ്റ് നികുതി നിരക്കുകൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, നിയോലിബറൽ, പിന്തിരിപ്പൻ ജിഎസ്ടി അടിച്ചേൽപ്പിക്കലിലൂടെ നികുതിഭാരം ഭൂരിഭാഗം തൊഴിലാളികളുടെയും മർദ്ദിത ജനവിഭാഗങ്ങളുടേയും ചുമലിലേക്ക്ചാർത്തി.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർത്തുകൊണ്ട്
സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഒറ്റയടിക്ക് എടുത്തുകളഞ്ഞു. ലോകവ്യാപാര സംഘടനയുടെ ഉത്തരവുകൾ പ്രകാരം മോദി സർക്കാർ നടപ്പിലാക്കിയ 3 കാർഷിക മാരണ നിയമങ്ങൾ, കർഷകരുടെ ചെറുത്തുനിൽപ്പ് കാരണം ഇപ്പോൾ മരവിപ്പിച്ചിരിക്കയാണെങ്കിലും, അവ ഇന്ത്യയിലെ കാർഷിക മേഖലയെ കോർപ്പറേറ്റ്‌വൽക്കരണത്തിനും ആഗോള കാർഷിക ബിസിനസ് താൽപ്പര്യങ്ങൾക്കും പൂർണ്ണമായും വിധേയമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
7. അഴിമതി വിരുദ്ധ വാചകക്കസർത്ത് നടത്തി 2014 ൽ അധികാരത്തിൽ വന്ന മോദി സർക്കാർ,
കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ “മിന്നലാക്രമണം” ആണെന്നു നടിച്ചുകൊണ്ട് തീവ്രവാദ ഫണ്ടിംഗ് ഉന്മൂലനം ചെയ്യുമെന്നും പണരഹിത ഇടപാടുകളിലേക്ക് നീങ്ങുമെന്നും അവകാശപ്പെട്ടുകൊണ്ട് 2016 നവംബറിൽ നടപ്പാക്കിയ വിനാശകരമായ നോട്ട് നിരോധനം, വാസ്തവത്തിൽ, അധ്വാനിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് അസംഘടിത മേഖലകളിലുള്ളവരുടെ ധമനികളിൽ അവശേഷിക്കുന്നതെല്ലാം ഊറ്റിയെടുക്കുന്ന ഒരു കോർപ്പറേറ്റ്-ഫാസിസ്റ്റ് ആക്രമണമായിരുന്നു, മറുവശത്ത് അഭൂതപൂർവമായ ‘കള്ളപ്പണം വെളുപ്പിക്കലിന്’ അത് വഴിയൊരുക്കുകയും ചെയ്തു.
നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ഉപജീവനമാർഗത്തിനും നികത്താനാവാത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കി. എന്നാൽ ഈ നടപടിയിലൂടെ രാജ്യത്ത് പ്രചാരത്തിലുള്ള കള്ളപ്പണത്തിൽ നിന്ന് ഒരു രൂപ പോലും സ്വരൂപിക്കാൻ കഴിഞ്ഞില്ല. നോട്ട് നിരോധനത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ, അസാധുവാക്കിയ മുഴുവൻ പണവും പ്രചാരത്തിലേക്ക് തിരിച്ചെത്തി. അതേ സമയം ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യയിന്നും തുടരുകയാണ്. കോർപറേറ്റുകളും ഭരണ സംവിധാനങ്ങളും തമ്മിൽ ഒരു അവിശുദ്ധ ബന്ധം നില നിർത്തുന്ന, നിയമനിർമാണ സഭകളെ വെറും കാഴ്ചക്കാരാക്കി മാറ്റി, ജനങ്ങളെ കബളിപ്പിച്ചു കൊണ്ട്, നയപരമായ കാര്യങ്ങളെല്ലാം കോർപ്പറേറ്റ് ബോർഡ് റൂമുകളിൽ തീരുമാനിക്കപ്പെടുന്ന സംവിധാനമാണ് ചങ്ങാത്ത മുതലാളിത്തം. അതിന്റെ ഒന്നംതരം മാതൃകയാണ് ഇന്ന് നമ്മുടെ രാജ്യം. ഭരണഘടനാ വിരുദ്ധവും സുതാര്യമല്ലാത്തതെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരോധിച്ച കുപ്രസിദ്ധമായ ‘ഇലക്ടോറൽ ബോണ്ട്’ പദ്ധതിയിലൂടെ അഴിമതിവീരന്മാരായ കോർപ്പറേറ്റ് കമ്പനികൾ കണക്കില്ലാതെ സംഭാവന നൽകിയതിൽ സിംഹ ഭാഗവും കൈപ്പറ്റിയത് ബിജെപിയാണ്.
8. ഇന്ന് മോദി ഭരണത്തിൻ കീഴിൽ, ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു, കപട സൗജന്യങ്ങളും
പ്രധാനമന്ത്രിയുടെ ഗ്യാരൻറികളും പോലുള്ള വാചകമടികൾ കൊണ്ട് മറച്ചുപിടിക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യമാണിത്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നത്തേക്കാളും വർദ്ധിച്ചിരിക്കുമ്പോൾ, അതിസമ്പന്നരായ 1% ഇന്ത്യക്കാരുടെ വരുമാന വിഹിതം ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തേതിനേക്കാൾ കൂടുതലാണ്, കൂടാതെ മോഡിനോമിക്സിൽ അടിത്തട്ടിലുള്ള 50% ന്റെ ഇപ്പോഴത്തെ വരുമാന വിഹിതം 1951-ൽ ഉണ്ടായിരുന്നതിനേക്കാൾ കുറവാണ്. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന യഥാർത്ഥ ഉൽപ്പാദനത്തിൽ താൽപ്പര്യമില്ല, പകരം സ്റ്റോക്ക് മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് പണമിടപാട് ഊഹക്കച്ചവടങ്ങൾ തുടങ്ങിയവയിലാണ് അവർക്ക് താൽപ്പര്യം. തൽഫലമായി, ഓരോ വർഷവും 2 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത മോദിയുടെ ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മ മുമ്പെന്നത്തേക്കാളും വർദ്ധിച്ചിരിക്കുന്നു. വിലകൾ, പ്രത്യേകിച്ച് ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയരുകയാണ്, അതേസമയം തൊഴിലാളികളും മർദ്ദിതരുമായ വിശാലമായ ബഹുജനങ്ങളുടെ യഥാർത്ഥ വരുമാനവും വാങ്ങൽ ശേഷിയും കുത്തനെ കുറഞ്ഞിരിക്കുന്നു.
9. ആറര പതിറ്റാണ്ട് പഴക്കമുള്ള ആസൂത്രണ കമ്മീഷനു പകരമായി ഈയിടെ നിലവിൽ വന്ന നിതി ആയോഗ്, കോർപ്പറേറ്റ്‌വൽക്കരണത്തെ സുഗമമാക്കുന്ന ഒരു നയ രൂപീകരണ സംവിധാനമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഇന്ന് ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്നവർ 5% മാത്രമേയുള്ളു എന്നൊരു അവകാശവാദം നീതി ആയോഗ് മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ, ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ) ദക്ഷിണേഷ്യൻ ജനതയ്ക്ക് നിർദ്ദേശിക്കുന്ന ഏറ്റവും കുറഞ്ഞ പോഷകാഹാരം 74 % ഇന്ത്യൻ ജനതയ്ക്കും ലഭ്യമാകുന്നില്ല എന്ന ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് കൂടി പരിഗണിച്ചു കൊണ്ട് വേണം മോദി ഭരണത്തിന്റെ ഈ അവകാശവാദം വിലയിരുത്തേണ്ടത്. അതുപോലെ, ഭരണകൂടം ആഗ്രഹിക്കുന്നതുപോലെ ദാരിദ്ര്യം കണക്കാക്കാൻ മോഡി സർക്കാർ അതിന്റെ പക്കലുള്ള എന്തിനും വഴങ്ങുന്ന സ്ഥിതിവിവരക്കണക്ക് വിദഗ്ധരെ വിന്യസിച്ച് ഉപയോഗിക്കുന്ന രീതി വികലമാണ്, പോഷകാഹാരം പ്രധാന മാനദണ്ഡമായി കണക്കാക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ല. 2023-ലെ ആഗോള ദാരിദ്ര്യ സൂചിക അനുസരിച്ച്, മൊത്തം 125 രാജ്യങ്ങളിൽ 111 ആം സ്ഥാനത്താണ് ഇന്ത്യ, ലോകത്തിലെ “അതി ദരിദ്രരിൽ” 53 ശതമാനവും ഇന്ന് ഇന്ത്യയിലാണുള്ളത്. നമ്മുടെ രാജ്യമിന്ന് അറിയപ്പെടുന്നത് ‘ആഗോള ദാരിദ്ര്യത്തിന്റെ കോട്ട’ എന്നാണ്. കൃത്യമായി പറഞ്ഞാൽ, വർദ്ധിച്ചുവരുന്ന അസമത്വം, അഭൂതപൂർവമായ തൊഴിലില്ലായ്മ, ഉപജീവന നഷ്ടം, ആവാസവ്യവസ്ഥയിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ, വ്യാപകമായ പട്ടിണി എന്നിവയിൽ പ്രകടമാകുന്നതുപോലെ, തൊഴിലാളിവർഗം, കർഷകർ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ മർദ്ദിത വിഭാഗങ്ങളുമടങ്ങുന്ന ബഹുഭൂരിപക്ഷം ഇന്ത്യൻ ജനതയും സമ്പൂർണ്ണ ദാരിദ്ര്യത്തിലേക്കു വഴുതി വീണു കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ഏജൻസികൾ ഈ വസ്തുത കൗശലപൂർവം മറച്ചു വെക്കുന്നു.
10. ഈ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കോർപ്പറേറ്റ്-കാവി, ഗോദി മാധ്യമങ്ങളുടെ പിന്തുണയോടെ, ഇക്കഴിഞ്ഞ മാസങ്ങളിൽ, മോദി സർക്കാർ തീവ്ര വലതുപക്ഷ, കോർപ്പറേറ്റ് അനുകൂല, ഭൂരിപക്ഷ, ഫെഡറൽ വിരുദ്ധ ആക്രമണം അഴിച്ചുവിടുകയാണ്. ജൈവ വൈവിധ്യം, വനസംരക്ഷണം, ഖനികളും ധാതുക്കളും, കടൽത്തീര പ്രദേശങ്ങളിലെ ധാതുവികസനം, തീരദേശ മത്സ്യകൃഷി എന്നിവയുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ചിട്ടുള്ള നിയമ ഭേദഗതികളുടെ പരമ്പര, രാജ്യത്തെ ഭൂമി, വനം, ജലം, ജൈവ, പ്രകൃതി, ധാതുക്കൾ, തീരദേശ വിഭവങ്ങൾ എന്നിവയുടെ അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള ഉറപ്പാക്കുന്നതിന് ശേഷിക്കുന്ന തടസ്സങ്ങൾ നീക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള പരിസ്ഥിതിക്ക് പരിഹരിക്കാനാകാത്ത നാശവും ജൈവ വൈവിധ്യത്തിന്റെ നഷ്ടവും, വനനശീകരണവും, രാജ്യത്തിന്റെ പർവ്വത പ്രദേശങ്ങളിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും, തദ്ദേശീയരേയും
ഗോത്രവർഗക്കാരേയും ആവാസവ്യവസ്ഥയിൽ നിന്നും വൻതോതിലുള്ള കുടിയൊഴിപ്പിക്കലും അടക്കമുള്ള ദുരന്തങ്ങൾക്ക് ഇടയാക്കും.
11. ഇതോടൊപ്പം, ഭരണഘടനയുടെ ഏഴാം പട്ടികയിലെ സംസ്ഥാന തല ലിസ്റ്റിലെ വ്യവസ്ഥകൾ ലംഘിച്ച് ഒരു വിശാല ഇന്ത്യൻ പോലീസ് സംവിധാനം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 2024 ൽ തന്നെ മുഴുവൻ സംസ്ഥാനങ്ങളിലും എൻഐഎ ഓഫീസ് തുറക്കാനുള്ള പദ്ധതി ഉൾപ്പെടെ നടപ്പാക്കികൊണ്ട് എൻഐഎ – യുഎപിഎ ഭീകരത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുഴുവൻ ക്രിമിനൽ നിയമ ഘടനയും അട്ടിമറിക്കുന്ന തരത്തിലുള്ള ക്രിമിനൽ നിയമങ്ങളിലെ ഭേദഗതികൾക്കൊപ്പം, ഡിജിറ്റൽ മാധ്യമ മേഖലയിൽ ഫാസിസ്റ്റ് നിയന്ത്രണം ഉറപ്പാക്കുന്ന ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം, ജനങ്ങളുടെ സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം കവർന്നെടുക്കൽ തുടങ്ങിയവ നടപ്പാക്കാൻ തീവ്ര ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ഭീകരവാദത്തെ നേരിടുന്നതിന്റെ പേര് പറഞ്ഞ്, “ഒരു ഡാറ്റ, ഒരു എൻട്രി”, “ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം” തുടങ്ങി നിരവധി ആശയങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥകൾ പിന്തുടരുന്ന മിക്കവാറും എല്ലാ രാജ്യങ്ങളും ഇപ്പോഴും ബാലറ്റ് സമ്പ്രദായം ഉപയോഗിക്കുകയും മാൽവെയർ തിരുകിക്കയറ്റുന്നതിനുള്ള സാധ്യത കണക്കിലെടുത്ത്, പ്രത്യേകിച്ചും AI യുടെ വരവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ പശ്ചാത്തലത്തിൽ, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, മോദി സർക്കാർ നിർബന്ധപൂർവം ഇവിഎമ്മുകൾ മുറുകെപ്പിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള 3 അംഗ കമ്മിറ്റിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും അതുവഴി തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള തീരുമാനവും ആത്യന്തികമായി പ്രധാനമന്ത്രിക്ക് നൽകുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാമമാത്രമായ സ്വയംഭരണാധികാരം പോലും എടുത്തുകളഞ്ഞിരിക്കുന്നു.
12. ഭരണകൂടത്തിന്റെ ഭൂരിപക്ഷ, ബ്രാഹ്മണ, കോർപ്പറേറ്റ്-ഫാസിസ്റ്റ് അജണ്ടകൾ തുറന്നുകാട്ടുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ ദേശവിരുദ്ധരും രാജ്യദ്രോഹികളുമായി മുദ്രകുത്തുകയും യുഎപിഎയും കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമങ്ങളടക്കമുള്ള കടുത്ത ഭീകര നടപടികൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. മോദി ഭരണത്തിന്റെ നയങ്ങളെയും അതിനോട് അടുപ്പമുള്ള ചങ്ങാത്ത മുതലാളിമാരെയും കുറിച്ച് വിമർശനവും വിയോജിപ്പും അഭിപ്രായവ്യത്യാസവും പ്രകടിപ്പിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും വരെ ആക്രമിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. പൻസാരെ, ദാഭോൽക്കർ, കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയ പ്രമുഖ സാംസ്‌കാരിക പ്രവർത്തകരെയും പണ്ഡിതന്മാരെയും വധിക്കാൻ പോലും ഹിന്ദുത്വ ഫാസിസ്റ്റ് ഗുണ്ടകൾക്ക് മടിയില്ല. പണമെറിഞ്ഞു വീഴ്ത്താനാവാത്ത പ്രതിപക്ഷകക്ഷി നേതാക്കൾക്ക് നേരെ ഇ ഡിയും സി ബി ഐ യുമടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ പറഞ്ഞു വിടുകയാണ്. അഴിമതിക്കുറ്റം ചാർത്തപ്പെട്ടവരെല്ലാം ബി ജെ പി യിൽ ചേരുകയോ അവരുടെ സഖ്യ കക്ഷിയാവുകയോ ചെയ്യുന്ന നിമിഷം അവർക്കെതിരായ കുറ്റപത്രങ്ങൾ പിൻവലിക്കപ്പെടുന്നു. ഫാസിസ്റ്റ് ഭരണം കൂടുതൽ തുറന്നുകാട്ടപ്പെടുമ്പോൾ, പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കെതിരെ പോലും കേസുകൾ ചുമത്തുന്നു. ആർഎസ്എസ്/ബിജെപിയുടെ കീഴിലുള്ള ഇന്ത്യ, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും വിയോജിക്കാനുമുള്ള അടിസ്ഥാന ജനാധിപത്യാവകാശം പോലും ഇല്ലാത്ത ഒരു മാതൃകാ നവഫാസിസ്റ്റ് ഭരണകൂടമായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല.
13. ഈ ഫാസിസ്റ്റ് സാഹചര്യത്തിൽ, അദ്ധ്വാനിക്കുന്നവരുടേയു മർദ്ദിതരുടേയും
നിലനിൽപ്പും ഉപജീവനവും സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് അത്യന്താപേക്ഷിതമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനോ സംഘടിക്കുന്നതിനോ ഉള്ള മിനിമം സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. അതിനാൽ ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യുക എന്നതാണ് ജനങ്ങളുടെ അത്യാവശ്യവും അടിയന്തിരവുമായ ദൗത്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തൊഴിലാളിവർഗത്തിന്റേയും മർദ്ദിതരുടേയും രാഷ്ട്രീയ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പോരാട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പോലും ഫാസിസത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയുടെ സ്ഥൂല-സൂക്ഷ്മ മണ്ഡലങ്ങളിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന ആർഎസ്എസ് ഫാസിസത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, ഭരണകൂടത്തിലും തെരുവിലും അവർ അമിതാധികാരം ചെലുത്തുന്ന സാഹചര്യത്തിൽ, ഈ ദൗത്യം കഠിനവും സങ്കീർണ്ണവുമാണ്, പ്രത്യേകിച്ചും ബിജെപിയും ആർഎസ്എസും അതിന്റെ അജണ്ടകൾ നടപ്പാക്കാനായി മറ്റു രാഷ്ട്രീയ പാർട്ടികളെയടക്കം ഉപയോഗപ്പെടുത്തുന്നതിൽ വിജയിക്കുമ്പോൾ. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ, പ്രത്യേകിച്ച് ആർഎസ്എസ്-ബിജെപി ഫാസിസ്റ്റുകളെ പരാജയപ്പെടുത്താനുള്ള സംഘടനാ ശക്തി വിപ്ലവ ഇടതുപക്ഷത്തിന് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ എല്ലാ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുമായും ചേർന്ന് ബിജെപിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുക, അതിൻ്റെ സഖ്യകക്ഷികളെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുക, അങ്ങനെ ആർഎസ്എസ് ഫാസിസത്തെ അധികാരത്തിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യുക എന്നതാണ് വിപ്ലവ ഇടതുപക്ഷത്തിന്റെ കടമ.
14. അതനുസരിച്ച്, ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുടെ നിർണായക ദൗത്യം, ഫാസിസ്റ്റ് വിരുദ്ധ വോട്ടുകളുടെ വിഭജനം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ശ്രദ്ധാപൂർവം സ്വീകരിച്ച് ആർഎസ്എസ്/ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകീകരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഉചിതമായ നടപടികളും സ്വീകരിക്കുക എന്നതാണ്. ഫാസിസ്റ്റുകളെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും വോട്ടവകാശം വിനിയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന, വിശാലമായ അഖിലേന്ത്യാ തലം മുതൽ പാർലമെന്റ് മണ്ഡലങ്ങളുടെ സൂക്ഷ്മതലം വരെയുള്ള ദൃഢമായ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം എല്ലാ പുരോഗമന-ജനാധിപത്യ, സമാന ചിന്താഗതിക്കാരായ ശക്തികളും ആരംഭിക്കേണ്ടതുണ്ട്. കോർപ്പറേറ്റ് മൂലധനത്തിൽ വേരുകളുള്ള ഇന്ത്യാ സഖ്യത്തിൽ പെട്ട ഫാസിസ്റ്റ് ഇതര പാർട്ടികൾ അടിസ്ഥാനപരമായി നവഉദാരവാദികളാണെങ്കിലും,
അവർ അധികാരത്തിലിരിക്കുന്നിടത്തെല്ലാം നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അത്തരം സഖ്യത്തിൻ്റെ ഭാഗമാകാതെ തന്നെ, സ്വന്തം സ്വതന്ത്ര പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട്, തൊഴിലാളികളുടെയും എല്ലാ
മർദ്ദിത വിഭാഗങ്ങളുടേയും പക്ഷത്തു നിലയുറപ്പിച്ചുകൊണ്ട്, ഫാസിസ്റ്റ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുതകും വിധം ഇടതുപക്ഷ-ജനാധിപത്യ ശക്തികൾക്ക് അവരുടെ വോട്ടുകൾ അടവുപരമായി വിനിയോഗിക്കാനാകും.
15. എന്നിരുന്നാലും, ‘ഇന്ത്യ’
സഖ്യത്തിലെ ഘടകകക്ഷികളുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ദൗർബല്യം കാരണം, ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാലും, ഏറ്റവും അഴിമതിക്കാരായ കോർപ്പറേറ്റ് മൂലധനത്തിന്റേയും സവർണ്ണ – ബ്രാഹ്മണിക്
– പിന്തിരിപ്പൻ ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും പിന്തുണയോടെ ഫാസിസ്റ്റ് തിരിച്ചുവരവിന്റെ ഭീഷണിയെ തള്ളിക്കളയാനാവില്ല. അതിനാൽ, ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തുകൊണ്ട് ഫാസിസത്തെ പരാജയപ്പെടുത്തുക എന്ന അടവുപരമായ ചുവടുവെപ്പിലേക്ക് കടക്കുമ്പോൾ തന്നെ, ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ സ്വതന്ത്രമായി തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചും എല്ലാ വിഭാഗം മർദ്ദിത ജനങ്ങളുടേയും പ്രസ്ഥാനങ്ങളെ വളർത്തിയെടുത്തു കൊണ്ടും ഇന്ത്യൻ ഫാസിസത്തിന്റെ
ഭൗതികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയായി നില കൊള്ളുന്ന നവലിബറൽ കോർപ്പറേറ്റ് വൽക്കരണത്തിനും മനുവാദി ജാതി വ്യവസ്ഥയ്‌ക്കുമെതിരായ ജനകീയ ബദൽ വികസിപ്പിച്ചെടുക്കുകയെന്ന ദീർഘകാല വീക്ഷണത്തോടെ പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്.
16. ചുരുക്കത്തിൽ, ആർഎസ്എസ് /ബിജെപി ഫാസിസത്തെ തൂത്തെറിയുക എന്ന അടിയന്തര ദൗത്യവുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുകയും ജനാധിപത്യം, മതേതരത്വം, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജാതി അധിഷ്ഠിത സംവരണം എന്നിവ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവരോടും എല്ലാ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഓരോ സംസ്ഥാനത്തെയും മൂർത്ത സാഹചര്യത്തിനനുസരിച്ച് എല്ലാ ശ്രമങ്ങളും നടത്താനും പൊതുതെരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപിയെ പരാജയപ്പെടുത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാനും സിപിഐ (എംഎൽ) റെഡ് സ്റ്റാർ അഭ്യർത്ഥിക്കുന്നു..
ഫാസിസ്റ്റ് ആർഎസ്എസ്/ബിജെപിയെ പരാജയപ്പെടുത്തുക!
ഭരണഘടന, ജനാധിപത്യം, മതേതരത്വം, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം എന്നിവ സംരക്ഷിക്കുക!
നവലിബറൽ കോർപ്പറേറ്റ്‌വൽകരണത്തിനെതിരെ ജനകീയ ബദൽ ആവിഷ്കരിക്കുക!
ജാതി വ്യവസ്ഥയുടെ ഉന്മൂലനത്തിനായി പരിശ്രമിക്കുക!
ഇസ്ലാമോഫോബിയക്കെതിരെ പോരാടുക!
സിപിഐ (എംഎൽ) റെഡ് സ്റ്റാർ